Connect with us

Video Stories

മുസ്‌ലിം വേട്ടയുടെ കരിനിയമങ്ങള്‍

Published

on

മൗലാനാ വേഷം കെട്ടി മുസ്‌ലിം യുവാക്കളെ വശീകരിക്കാന്‍ ഐ.ബി (ഇന്റലിജന്‍സ് ബ്യൂറോ) ശമ്പളവും ഫോണും നല്‍കിയെന്ന്, തീവ്രവാദ കേസില്‍ കോടതി വെറുതെ വിട്ട ഇര്‍ഷാദ് അലി എന്ന ബീഹാറുകാന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. സി.ബി.ഐ ഇടപെടലിനെ തുടര്‍ന്ന്, ഐ.ബിക്ക് വിവരം നല്‍കുന്ന ‘ഇന്‍ഫോര്‍മര്‍’ആണെന്നു വ്യക്തമായതിനാലാണത്രെ 10 വര്‍ഷത്തെ വിചാരണത്തടവിനു ശേഷം കോടതി ഇര്‍ഷാദ് അലിയെ വിട്ടയച്ചത്. തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതിനും ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍ 5000 രൂപ പ്രതിമാസ ശമ്പളവും ഫോണും നല്‍കി സമ്മര്‍ദം ചെലുത്തിയെന്ന വാദം തെളിവുകളടെ അടിസ്ഥാനത്തില്‍ കോടതി മുഖവിലക്കെടുക്കുമ്പോള്‍, സമാനമായ ഇത്തരം നിരവധി റിപ്പോര്‍ട്ടുകുടെ അനുബന്ധം മാത്രമാണത്.

2005ല്‍ പിടിയിലായ ശേഷം പലതരം പീഡനങ്ങള്‍ക്ക് വിധേയനായി ഇര്‍ഷാദ് പുറത്തുവരുമ്പോള്‍ മാതാവും പിതാവും മകളും നഷ്ടമായ ആ ജന്മത്തോട് നമ്മുടെ വ്യവസ്ഥിതി എന്തു പകരം നല്‍കും എന്ന പതിവ് വിലാപത്തിനപ്പുറം ഉയരുന്ന മറ്റൊരു സുപ്രധാന ചോദ്യമുണ്ട്. രാജ്യത്തെ പൗരന്മാരായ മുസ്‌ലിം ചെറുപ്പക്കാരില്‍ തീവ്രവാദം വിതറി പ്രതികളെ സൃഷ്ടിക്കണമെന്ന് ഐ.ബിക്ക് എന്താണ് നിര്‍ബന്ധം എന്ന സംശയം പക്ഷെ, ആരും ചോദിക്കാന്‍ ധൈര്യപ്പെടുന്നില്ല. എന്നാല്‍, അത്തരം യാഥാര്‍ത്ഥ്യങ്ങളോട് കണ്ണടക്കാന്‍ എത്രകാലം ഭരണകൂടങ്ങള്‍ക്കും പൗര സമഹത്തിനുമാവും. തീവ്രവാദവും ഭീകരവാദവും ഉണ്ടാക്കാന്‍ രാജ്യത്തെ അന്വേഷണ ഏജന്‍സി ചെല്ലും ചെലവും കൊടുത്ത് ആളെ പോറ്റുകയും ഭരണ തലവന്മാര്‍ ഭീകരത മുഖ്യഭീഷണിയെന്ന് തൊണ്ടപൊട്ടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ പ്രതിസന്ധി.

അടിസ്ഥാന സമൂഹത്തെ ചൂഷണം ചെയ്യാനും കൊള്ളയടിക്കാനും വര്‍ഗീയ കാര്‍ഡിറക്കുന്നവര്‍ക്ക് അതിനുവേണ്ട അന്തരീക്ഷം കൃത്രിമമായെങ്കിലും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങള്‍ പോലും നിഷേധിച്ച് ന്യൂനപക്ഷ-ദലിത്-ആദിവാസി സമൂഹങ്ങളെ വേട്ടയാടുന്നതും പ്രാന്തവത്കരിക്കുന്നതുമായ ഈ പ്രവണത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തിലേറിയതോടെ അതിന്റെ എല്ലാ സീമകളും ലംഘിക്കപ്പെടുന്നുവെന്ന് മാത്രം.

ഗുജറാത്ത് ഭരണ തലപ്പത്തേക്ക് മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ വരവോടെ തന്നെ മുസ്‌ലിം വിരുദ്ധതയുടെ ആധുനിക പരീക്ഷണങ്ങള്‍ ആരംഭിച്ചതായി സാമാന്യ ബോധമുള്ളവര്‍ക്കൊക്കെ അറിയാം. ഭരണഘടനയെ അപ്രസക്തമാക്കുന്ന നിയമനിര്‍മ്മാണങ്ങളും കരിനിയമങ്ങളുടെ മൂര്‍ച്ചകൂട്ടലും വ്യാജ ഏറ്റുമുട്ടലുമായി ‘ഇര’യെ വേട്ടയാടുമ്പോഴും രക്ഷകനായ വേട്ടക്കാരനെന്നോ സൂപ്പര്‍ ഇരയെന്നോ സ്ഥാപിച്ചെടുകയും ചെയ്യുന്നു. ഫാഷിസത്തിന്റെ ലക്ഷണമൊത്ത പ്രചാരണ തന്ത്രമാണിത്. രാജ്യസഭയില്‍ സംഘ്പരിവാറിന് ഇപ്പോള്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ കുറുക്കുവഴികളാണ് ആശ്രയം. ഭീകരത മുഖ്യ അജണ്ടയും മുസ്‌ലിംകള്‍ മുഖ്യ വില്ലന്മാരുമാവുന്നത് അങ്ങിനെയാണ്.

ഭീകര പ്രവര്‍ത്തനങ്ങളെ നേരിടല്‍ കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ വരുന്ന വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് അക്കാര്യത്തില്‍ പ്രത്യേക നിയമം സ്വയം നിര്‍മിക്കാന്‍ അധികാരമില്ല. എന്നിട്ടും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയുമൊക്കെ ബി.ജെ.പി സര്‍ക്കാറുകള്‍ പുതിയ നിയമം നിര്‍മ്മിക്കാന്‍ തത്രപ്പെടുന്നത് പൂച്ച് കൂടുതല്‍ വ്യക്തമാവും മുമ്പ് ഇരുട്ട് വിതക്കല്‍ ലക്ഷ്യമിട്ടാണ്. ഗുജറാത്ത് നിയമസഭ പാസാക്കിയ വിവാദ ഭീകര വിരുദ്ധ ബില്‍ മൂന്നാം പ്രാവശ്യവും രാഷ്ട്രപതി പ്രണബ് മുഖര്‍ജി തിരിച്ചയച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. നേരത്തെ രാഷ്ട്രപതിമാരായിരുന്ന എ.പി.ജെ അബ്ദുല്‍കലാം 2004ലും പ്രതിഭാ പാട്ടീല്‍ 2008ലും തിരിച്ചയച്ച ‘ഭീകര’ബില്ലാണ് ഗുജറാത്ത് മുഖ്യമന്ത്രി വീണ്ടും രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചത്.

ഗുജറാത്ത് സംഘടിത കുറ്റകൃത്യം തടയല്‍ നിയമം (ഗുജ്‌കോക്ക്) മറ്റൊരു പേരില്‍ ഗുജറാത്ത് സര്‍ക്കാര്‍ വീണ്ടും കൊണ്ടുവന്നിട്ടും രാഷ്ട്രപതിക്ക് അതിന്റെ അപകടം മണത്തതും തടഞ്ഞതും നാടിന്റെ പൈതൃകം. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2001ല്‍ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ രൂപം കൊടുത്തതാണ് ‘ഗുജ്‌കോക്ക്’ ബില്ലിന്റെ പ്രഥമ രൂപം. അന്ന് അതിന്റെ പേര് ‘കണ്‍ട്രോള്‍ ഓഫ് ടെററിസം ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം’ (ജി.സി.ടി.ഒ.സി) എന്നായിരുന്നു. ഇപ്പോള്‍ പേര് മാറ്റി പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയപ്പോഴും ‘ഭീകര’ ഒട്ടും ചോരാതെയാണ് രാഷ്ട്രപതി ഭവനിലേക്ക് അയച്ചത്. ആഭ്യന്തര മന്ത്രാലയത്തോട് കൂടുതല്‍ വിശദീകരണം നല്‍കാന്‍ രാഷ്ട്രപതി ആവശ്യപ്പെട്ടുവെങ്കിലും അത് നല്‍കാന്‍ കഴിയാതെ വന്നതിനാല്‍ ബില്‍ പിന്‍വലിച്ച് തല്‍ക്കാലം ഉള്‍വലിഞ്ഞുവെന്ന് മാത്രം.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ‘മക്കോക’ നിയമത്തിന്റെ കടുപ്പിച്ച രൂപമാണ് ഗുജറാത്തിന്റെ ‘ഗുജ്‌കോക്ക്’. സംഘടിത കുറ്റകൃത്യം തടയല്‍ നിയമം എന്ന് സുന്ദര പേരില്‍ വിളിക്കുന്ന ഈ ബില്‍ നിയമമായാല്‍ മുസ്്‌ലിം യുവാക്കളെ സംഘടിതമായി പിടികൂടി വിചാരണ കൂടാതെ ജയിലിലടക്കലിന് നിയമ പരിരക്ഷയാവും. 2001ല്‍ ‘ഗുജ്‌കോക്ക്’ നിയമമാക്കാത്തതിന്റെ പ്രതികാരം 2002ല്‍ ഗുജറാത്ത് വംശഹത്യയുടെ രൂപത്തിലാണ് മുസ്‌ലിംകളെ കരിച്ചത്. പ്രതികളെന്ന് പൊലീസിന് സംശയമുള്ള ആരെയും പിടികൂടാനും വിചാരണ കൂടാതെ 30 ദിവസം (നിലവില്‍ ഇത് 15 ദിവസം) കസ്റ്റഡിയില്‍ വെക്കാനും ‘ഗുജ്‌കോക്ക’ മതി. പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ നടത്തുന്ന കുറ്റസമ്മതം കോടതിയില്‍ തെളിവായി സ്വീകരിക്കാനും വ്യവസ്ഥ ചെയ്യുന്നു. 90ല്‍ നിന്ന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി 180 ദിവസമാക്കി ഉയര്‍ത്തിയതുള്‍പ്പെടെ ഉള്‍ക്കൊള്ളിച്ച നിയമം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം ഉറപ്പായാല്‍ ഇനിയും പ്രതീക്ഷിക്കാവുന്നതാണ്. പേരില്‍ ഭീകരവിരുദ്ധതയും പ്രവൃത്തിയില്‍ മുസ്‌ലിം വേട്ടയും എന്ന ഭരണകൂട അജണ്ടയുടെ ഒരു ഉദാഹരണം മാത്രമാണിത്.
രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതിെ
യന്നതാണ് നമ്മുടെ ഭരണഘടന നല്‍കുന്ന ഉറപ്പ്. ജാതി-മതഭാഷ-വര്‍ഗ-വര്‍ണ വിവേചനത്തിനെതിരായ ലിഖിത രൂപത്തിലുള്ള മഹത്തായ സന്ദേശവും പ്രഖ്യാപനവുമാണ് ഇന്ത്യന്‍ ഭരണഘടനയെന്നതാണ് നമ്മുടെ ആത്മവിശ്വാസവും ആത്മബലവും. മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുച്ഛേദം ജീവിക്കാനുള്ള മൗലികാവകാശം ഓരോ പൗരനും ഉറപ്പുനല്‍കുന്നുണ്ട്. മൗലികമായ അവകാശം എന്നതിനപ്പുറം പൗരന്റെ ജീവിക്കാനുള്ള അവകാശം, വിശാലമായ മനുഷ്യാവകാശങ്ങള്‍ കൂടി ഉള്‍പ്പെട്ട മേഖലയാണ്. സ്വാതന്ത്ര്യം, സമത്വം, ചൂഷണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, മത സ്വാതന്ത്ര്യം, സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം, ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം തുടങ്ങിയവയെല്ലാം മൗലികാവകാശമാണ്.

ലോകത്ത് എണ്ണത്തില്‍ രണ്ടാമതുള്ള രാജ്യത്തെ ജനസംഖ്യയില്‍ 13.4 ശതമാനം വരുന്ന മുസ്‌ലിംകളെ ശത്രു പക്ഷത്ത് മാറ്റിനിര്‍ത്തി രാഷ്ട്രീയ ഗിമ്മിക്ക് കളിച്ച് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഭരണകൂടങ്ങളുടെ മുസ്‌ലിം വേട്ട അവസാനിപ്പിച്ച് മുഖ്യധാരയില്‍ അവരെ സജീവമാക്കി നിര്‍ത്തുകയെന്ന അനിവാര്യതയിലേക്ക് എത്തുമെന്ന് മുസ്‌ലിംലീഗ് ഉറച്ചു വിശ്വസിക്കുന്നു. ഭീകരതയുടെ പേരിലുള്ള മുസ്‌ലിം വേട്ടക്കെതിരായ ജനജാഗരണം ലക്ഷ്യം കാണുമെന്ന് ഉറപ്പുണ്ട്. കപട ദേശീയവാദത്തിലൂടെ ഫാഷിസം വേരുറപ്പിക്കുമ്പോള്‍ അവര്‍ മുഖ്യ ശത്രുവായി കാണുന്നതും ഇന്ത്യന്‍ ഭരണഘടനയെയാണ്. രാഷ്ട്രപിതാവിനെ ഒരു വെടിയുണ്ടയില്‍ തീര്‍ത്തതുപോലെ ഭരണഘടനയെയും അതിന്റെ മൗലികതയെയും കരിനിയമങ്ങളാല്‍ മറിച്ചിടുകയെന്നത് ആദ്യപടി മാത്രമാണ്.

പോട്ടയും ടാഡയും അഫ്‌സ്പയും മുതല്‍ യു.എ.പി.എ വരെ എല്ലാ കരിനിയമങ്ങളും ന്യൂനപക്ഷ-ദലിത്-ആദിവാസി സമൂഹങ്ങളെ ഉന്നം വെച്ചാണ്. അത്തരം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്ന 95 ശതമാനവും ആ വിഭാഗങ്ങളിലുള്ളവരാണെന്ന വസ്തുതയാണ് ഭരണഘടനയുടെ പരിരക്ഷയിലേക്കും നിയമ വ്യവസ്ഥയിലേക്കും ജനാധിപത്യത്തെ അരിക് ചേര്‍ത്ത് നിര്‍ത്തണമെന്ന് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള മനുഷ്യപക്ഷത്തു നിലയുറപ്പിച്ചവര്‍ ആവര്‍ത്തിക്കാനുള്ള കാരണം. തീവ്രവാദത്തിന്റെ ചാപ്പകുത്തല്‍ മുതല്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമം വരെ സംഘ്പരിവാര്‍ മുസ്‌ലികളെ കൃത്യമായി ഉന്നംവെക്കുന്നുവെന്നത് വസ്തുതയാണ്. കേട്ടുകേള്‍വിയുടെയോ ഊമക്കത്തിന്റെയോ പേരില്‍ പോലും കരിനിയമങ്ങള്‍ ചുമത്തി അകത്താക്കിയ ശേഷമാണ് അന്വേഷണം പോലും ആരംഭിക്കുന്നത്. നേരത്തെ പറഞ്ഞ സംഭവം ഉള്‍പ്പെടെയുള്ള വിചാരണ തടവില്‍ എല്ലാം നഷ്ടപ്പെട്ട എത്രയെത്ര പേരാണുള്ളത്.
വിഖ്യാത സമാധാന പ്രബോധകനും ഇസ്‌ലാമിക പ്രഭാഷകനുമായ സാക്കിര്‍ നായികിനെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്യായമായി യു.എ.പി.എ ചുമത്തി പീഡിപ്പിക്കുമ്പോള്‍ പ്രതികരിക്കാന്‍ അധികമാരെയും കണ്ടില്ല. രാജ്യത്ത് ഇന്നേവരെ ഒരു പെറ്റിക്കേസില്‍ പോലും ഉള്‍പ്പെടാത്ത തുറന്ന പുസ്തകമായി വേദങ്ങളുടെയും ബൈബിളിന്റെയും ഖുര്‍ആന്റെയുമെല്ലാം പഠനത്തിലൂടെയും പ്രചാരണത്തിലൂടെയും രണ്ടു പതിറ്റാണ്ടോളമായി സമാധാന ദൗത്തിലേര്‍പ്പെട്ട വ്യക്തിക്കെതിരെ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് കരിനിയമം ചുമത്തിയതെന്നും ചോദിക്കാന്‍ പ്രതീക്ഷിക്കപ്പെട്ടവരുടെ പോലും സാന്നിധ്യം കണ്ടില്ല. സ്വന്തം പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പോലും പങ്കെടുക്കാനാവാതെ അദ്ദേഹം അകന്നു നില്‍ക്കേണ്ടി വരുന്നു.

ഡോ. സാക്കിര്‍ നായിക്കിന്റെ ആശയാദര്‍ശങ്ങളോടും പ്രവര്‍ത്തന രീതികളോടും പൂര്‍ണ്ണ യോജിപ്പില്ലെങ്കിലും അന്യായമായി അദ്ദേഹത്തെ വേട്ടയാടുന്നത് കണ്ടില്ലെന്ന് നടിക്കാനാവുമോ. കേന്ദ്ര മന്ത്രി സഭയില്‍ വരെ വര്‍ഗീയതയുടെ ആള്‍രൂപങ്ങള്‍ അരങ്ങ് വാഴുമ്പോള്‍ ഇതിലപ്പുറം പ്രതീക്ഷിക്കുന്നതെങ്ങിനെ. മതവും ജാതിയും തെഞ്ഞെടുപ്പില്‍ ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമെങ്കിലും ന്യൂനപക്ഷങ്ങളുടെ ആശങ്ക ഉയര്‍ത്തുന്നതുമാണ്. പതിവ് പല്ലവിയായി ഇരകളെ അരിയാനുള്ള ഇരുതല മൂര്‍ച്ചയുള്ള കത്തിയാണിതെന്നതാണ് ആ ഭീതി. എല്ലാ കരിനിയമങ്ങള്‍ക്കും എന്നും മുസ്‌ലിംലീഗ് എതിരാണ്. യു.ഡി.എഫ് ഭരണകാലത്ത് സി.പി.എം നേതാവ് പി ജയരാജനെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പോലും ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

പക്ഷെ, വാക്കുകള്‍കൊണ്ടെങ്കിലും ജനപക്ഷത്തോടൊപ്പം നിന്നിരുന്ന സി.പി.എമ്മിന്റെ നിലപാട് നിരാശയുളവാക്കുന്നതും ഇരട്ടത്താപ്പുമാണെന്ന് പറയാതിരിക്കുന്നതെങ്ങിനെ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വിഘാതമുണ്ടാക്കുകയും പരമാധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പ്രവണതകളെയും അതിനായുള്ള പ്രവര്‍ത്തനങ്ങളെയും തടയുന്നതിനാണ് യു.എ.പി.എ നിയമം ഉണ്ടായത്. 1969 ലുണ്ടായ നിയമത്തില്‍ അഞ്ചു തവണ ഭേദഗതികളുണ്ടായതും മനുഷ്യത്വ വിരുദ്ധതയുടെ പേരിലാണ്. പല സര്‍ക്കാരുകളും അതിന്റെ യഥാര്‍ഥ ഉദ്ദേശ്യത്തിന് പകരം എതിരാളികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന നിയമമായി ഇതിനെ ദുരുപയോഗിച്ചെങ്കിലും എല്ലാത്തിനെയും കടത്തിവെട്ടുകയാണ് കേരള പൊലീസ്.

ഹെദരാബാദ്, ഡല്‍ഹി, കര്‍ണാടക, ഉത്തര്‍പ്രദേശ്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് ഭീകരത ചുമത്തുന്ന പൊലീസ് നരനായാട്ട് കേരളത്തിലേക്കും അരിച്ചെത്തിയെന്നത് നിസ്സാരമല്ല. വിഷം ചീറ്റുന്ന സംഘികള്‍ക്കെതിരെ ചെറുവിരല്‍ അനക്കുന്നില്ലെന്നതുകൂടി ചേര്‍ത്തുപറയേണ്ടിവരും. ദേശീയ ഗാനത്തെ അവഹേളിച്ചോ എന്ന സംശയത്തിന്റെ പേരില്‍, സുപ്രീം കോടതി നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍ പറത്തി ദേശദ്രോഹ വകുപ്പായ ‘124 എ’ ചുമത്തുന്നത് സി.പി.എം ഭരിക്കുന്ന കേരളത്തിലാണെന്നത് ഏതര്‍ത്ഥത്തിലാണ് വ്യാഖ്യാനിക്കുക. എറണാകുളത്തെ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ പീസ് സ്‌കൂളിനെതിരെയും കാസര്‍കോട്ടെ മുസ്‌ലിംപ്രഭാഷകനെതിരെയും അമിതാവേശത്തോടെ ഇറങ്ങിത്തിരിക്കുകയും യു.എ.പി.എ മുസ്‌ലിം വേട്ടയുടെ പര്യായമാവുകയും ചെയ്തിട്ടും പ്രതികരിക്കാത്ത ഇടതു ‘ബുദ്ധി ജീവികളെ’ യും കേരളത്തിലെ കാവിയണിഞ്ഞ പൊലീസ് തേടിച്ചെന്നുവെന്നത് കാവ്യനീതിമാത്രമാണോ. പൊലീസ് വെടിവെപ്പില്‍ മരണപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ക്ക് താമസമൊരുക്കിയതിന് ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും എഴുത്തുകാരന്‍ കമല്‍ സി ചവറയും അദ്ദേഹത്തെ സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകന്‍ നദീറുമൊക്കെ കരിനിയമത്തിന്റെ നീരാളിപിടുത്തത്തിലായി.

നിയമവും ചട്ടവും ലംഘിച്ച പൊലീസിനെതിരെ ഒരു നടപടിക്കും സര്‍ക്കാര്‍ മുതിര്‍ന്നില്ലെന്നത് ന്യൂനപക്ഷ രക്ഷയുടെ വാചക കസര്‍ത്തിനപ്പുറം അവരുടെ തനിനിറം വ്യക്തമാക്കുന്നതാണ്. ഇടതു ബുദ്ധിജീവികള്‍ക്കെതിരായ യു.എ.പി.എക്ക് ഇടതു സര്‍ക്കാര്‍ ‘മൊറട്ടോറിയം’ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിം പ്രബോധകര്‍ക്കെതിരായ നീക്കത്തില്‍ നിന്ന് ഒരണു പിന്നോട്ട് പോവുകയോ അവ റദ്ദാക്കുന്നത് ആലോചിക്കുകയോ ചെയ്തിട്ടില്ല. സംഘ്പരിവാറിനെ പാലൂട്ടുന്ന പൊലീസ് നയമെന്നത് പ്രതിപക്ഷത്തിന്റെ മാത്രം ആരോപണമല്ല. മുസ്‌ലിം വേട്ടയുടെ ദേശീയ കാലാവസ്ഥ കേരളത്തിലേക്ക് പറിച്ചുനട്ടത് എത്ര വേഗത്തിലാണ്. ഇടതു മുന്നണി ഘടകകക്ഷിയായ സി.പി.ഐ പോലും ‘തുണിയുടുത്ത മോദി’യെന്ന് മുഖ്യമന്ത്രിയെ വിളിക്കുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം ബോധ്യപ്പെടുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending