വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അട്ടമറിയാരോപിച്ച് ട്രംപിന്റെ അനുയായികള്‍ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളി. നാല് പ്രധാന സംസ്ഥാനങ്ങളിലെ ഫലം അസാധുവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജോര്‍ജിയ, മിഷിഗന്‍, പെന്‍സില്‍വേനിയ, വിസ്‌കോന്‍സെന്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം അസാധുവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ഈ നാല് സംസ്ഥാനങ്ങളിലും നിയുക്ത പ്രസിഡന്റ് ജോ ബൈഡനാണു ജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 126 കോണ്‍ഗ്രസ് അംഗങ്ങളും 18 സംസ്ഥാനങ്ങളും കേസില്‍ കക്ഷി ചേര്‍ന്നു.
നിയമസാധുത ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു ടെക്‌സസ് സംസ്ഥാനം ഫയല്‍ ചെയ്ത കേസ് കോടതി തള്ളിയത്. നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയം ചോദ്യം ചെയ്തു ട്രംപിന്റെ അനുയായികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നല്‍കിയ ഡസനിലേറെ കേസുകളും തള്ളിയിരുന്നു. കോടതി വിധിയെ വിമര്‍ശിച്ചു ട്രംപ് ട്വീറ്റ് ചെയ്തു.