Connect with us

world

ഫലസ്തീന്‍ പ്രവര്‍ത്തകരെ ഇസ്രാഈല്‍ അറസ്റ്റ്‌ചെയ്തു

Published

on

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ ഷെയ്ഖ് ജര്‍റയില്‍നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഫലസ്തീന്‍ പ്രവര്‍ത്തകരെ ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ട സഹോദരങ്ങളായ മുന അല്‍ കുര്‍ദും മുഹമ്മദ് അല്‍ കുര്‍ദുമാണ് അറസ്റ്റിലായത്. ഷെയ്ഖ് ജര്‍റയിലെ പ്രതിഷേധ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ജസീറയുടെ അറബി റിപ്പോര്‍ട്ടര്‍ ഗിവാര ബുദയ്‌രിയെയും ഇസ്രാഈല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്താരാഷ്ട്ര പ്രതിഷേധത്തെ തുടര്‍ന്ന് ബുദയ്‌രിയെ പിന്നീട് വിട്ടയച്ചു.

ഷെയ്ഖ് ജര്‍റയിലെ വീട് റെയ്ഡ് ചെയ്താണ് മുനയെ അറസ്റ്റ് ചെയ്തത്. ശേഷം മുഹമ്മദിനെയും കസ്റ്റഡിയിലെടുത്തു. പൊതുസുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചെന്നും കലാപങ്ങളില്‍ പങ്കെടുത്തുവെന്നുമാണ് കേസ്. ഇസ്രാഈല്‍ പൊലീസ് മുനയെ കൈകള്‍ ബന്ധിച്ച് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ മുന കുടുംബാംഗങ്ങളോട് പേടിക്കരുതെന്ന് പറയുന്നതും കേള്‍ക്കാം.

കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന ഫലസ്തീനികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നല്‍കി മുന ചുരുങ്ങിയ കാലം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഷെയ്ഖ് ജര്‍റയില്‍ ഇരച്ചുകയറി ഇസ്രാഈല്‍ പൊലീസ് ഫലസ്തീനികളെ മര്‍ദ്ദിക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നാല് പുരുഷന്മാരെയും ഒരു പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. ഇവരെ തൊട്ടടുത്ത ദിവസം വിട്ടയച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘1967 മുതൽ ഒരു യുദ്ധവും വിജയിക്കാനായിട്ടില്ല’; ഇസ്രാഈലി നേതൃത്വത്തെ കുറ്റപ്പെടുത്തി മുൻ സൈനിക ജനറൽ

ഹമാസുമായുള്ള യുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചുവെന്ന് പറയുകയാണ് ഇസ്രാഈലിലെ മുന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍.

Published

on

ഗസ്സയില്‍ ഇസ്രാഈല്‍ തുടരുന്ന ആസൂത്രിത വംശഹത്യ എട്ടാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രാഈലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാനാകാതെ യുദ്ധഭൂമിയില്‍ വിയര്‍ക്കുകയാണ് സൈന്യം. ഹമാസുമായുള്ള യുദ്ധത്തില്‍ തോല്‍വി ഉറപ്പിച്ചുവെന്ന് പറയുകയാണ് ഇസ്രാഈലിലെ മുന്‍ സൈനിക ഉന്നത ഉദ്യോഗസ്ഥര്‍.

ഇസ്രാഈലിന് 1967 മുതല്‍ ഒരു യുദ്ധവും ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുന്‍ ഇസ്രാഈലി ജനറല്‍ ഡോവ് തമാരി പറഞ്ഞു. ഇസ്രാഈലി പത്രമായ ഹാരെറ്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരാട്രൂപ്പര്‍മാരുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കമാന്‍ഡര്‍, സയറെറ്റ് മത്കലിന്റെ കമാന്‍ഡര്‍, പാരാട്രൂപ്പേഴ്സ് ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് തമാരി.

ഇസ്രാഈല്‍ യുദ്ധക്കളത്തില്‍ എപ്പോഴും വിജയിക്കും. എന്നാല്‍, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ എല്ലായ്‌പ്പോഴും തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പോരാട്ടത്തില്‍ മികച്ചതാണ്. എന്നാല്‍, യുദ്ധത്തില്‍ അവര്‍ ഒന്നുമല്ല. 1967 മുതല്‍ ഒരു യുദ്ധവും ജയിക്കാന്‍ ഇസ്രാഈലിന് കഴിഞ്ഞിട്ടില്ല. ഇത് സൈനിക നേതൃത്വത്തിന്റെ മാത്രം പ്രശ്‌നമല്ല. മറിച്ച് നയതന്ത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നമാണെന്നും തമാരി പറഞ്ഞു.

ഹമാസിനെതിരെ ഇസ്രാഈലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. ഹമാസ് നിലനില്‍പ്പിന് വേണ്ടിയാണ് പോരാടുന്നത്. ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്നു. സൈന്യത്തിന്റെ നടപടികളും നയങ്ങളും തീര്‍ത്തും തെറ്റാണ്.

ഇത് എവിടേക്ക് നയിക്കുമെന്ന് തനിക്കറിയില്ല. എന്നാല്‍, മുമ്പ് ലോകം അംഗീകരിച്ച ഹോളോകോസ്റ്റ് മുതല്‍ പുനരുജ്ജീവനം വരെയുള്ള ഇസ്രാഈലി ആഖ്യാനം നഷ്ടപ്പെട്ടുവെന്ന് തനിക്ക് വ്യക്തമാണ്. ഇന്നത്തെ ലോകത്ത് ഇസ്രായേല്‍ ആഖ്യാനത്തേക്കാള്‍ ഫലസ്തീനിയന്‍/അറബ്/മുസ്ലിം ആഖ്യാനം അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇസ്രാഈലി കുടിയേറ്റക്കാരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും ഡോവ് തമാരി കൂട്ടിച്ചേര്‍ത്തു.

ഗസ്സയില്‍ നമ്മള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രാഈല്‍ റിസര്‍വ് ആര്‍മിയിലെ മേജര്‍ ജനറല്‍ യിത്സാക് ബ്രിക്ക് വ്യക്തമാക്കുന്നു. യുദ്ധം നീണ്ടുപോകുന്നത് സൈന്യത്തിന്റെയും ഇസ്രാഈലി സമ്പദ്‌വ്യവസ്ഥയുടെയും തകര്‍ച്ചയിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇസ്രാഈല്‍ സൈന്യത്തിന് അടിയന്തര പുനരധിവാസം ആവശ്യമാണ്. കരസേനയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഹമാസിനെ ഇല്ലാതാക്കുന്നതില്‍ സൈന്യം പരാജയപ്പെട്ടിരിക്കുന്നു. ദിവസവും ആയിരക്കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിക്കുക എന്നത് മാത്രമല്ല യുദ്ധം. സൈനികരുടെയും തൊഴിലാളികളുടെയും അഭാവം രാജ്യത്തിന് വലിയ പ്രതിസന്ധിയാണ്. കൂടാതെ അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ ഇസ്രാഈല്‍ ഒറ്റപ്പെട്ട് കഴിഞ്ഞുവെന്നും യിത്സാക് ബ്രിക്ക് കൂട്ടിച്ചേര്‍ത്തു.

ഗസ്സയിലെ യുദ്ധം ലക്ഷ്യമില്ലാത്തതാണെന്നും അവിടെ പരാജയപ്പെടുകയാണെന്നും മൊസാദിന്റെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്‍ ബരാക്ക് പറഞ്ഞു. ഇസ്രായേല്‍ ആര്‍മി റേഡിയോയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധം അവസാനിപ്പിച്ച ഇടങ്ങളിലേക്ക് വീണ്ടും സൈന്യത്തിന് മടങ്ങിവരേണ്ടി വരുന്നു. കൂടുതല്‍ സൈനികര്‍ കൊല്ലപ്പെടുന്നു. അന്താരാഷ്ട്ര വേദികളില്‍ ഒറ്റപ്പെടുന്നു. അമേരിക്കയുമായുള്ള ബന്ധം വഷളായി. സമ്പദ് വ്യവസ്ഥ തകര്‍ന്നു. നമ്മള്‍ നേടിയ ഒരു ലക്ഷ്യമെങ്കിലും നിങ്ങള്‍ കാണിച്ചു തരൂവെന്നും ബെന്‍ ബരാക്ക് പറഞ്ഞു.

അതേസമയം, ഗസ്സയിലെ യുദ്ധം നീണ്ടുപോകുന്നതിനിടെ ഇസ്രാഈലിലെ യുദ്ധ മന്ത്രിസഭയിലും വലിയ ഭിന്നതയാണ് രൂപപ്പെടുന്നത്. അടുത്ത മാസത്തോടെ തന്റെ ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് മന്ത്രി ബെന്നി ഗാന്റ്‌സ് പ്രധാനമന്ത്രി നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാനാകുന്നില്ല.

വിജയം ഉറപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നടത്തുന്നില്ലെന്നും ബെന്നി ഗാന്റ്‌സ് കുറ്റപ്പെടുത്തി. ഇതിന് പുറമെ മന്ത്രിസഭാ സമ്മേളനത്തിനിടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വീറും തമ്മില്‍ ഏറ്റുമുട്ടിയെന്നും ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Continue Reading

Health

സിംഗപ്പൂരില്‍ വീണ്ടും കൊവിഡ്‌ തരംഗം ; ഒരാഴ്ചയ്ക്കിടെ 25,900 കേസുകള്‍, മാസ്ക് ധരിക്കണമെന്ന് നിര്‍ദേശം

അടുത്ത രണ്ടോ നാലോ ആഴ്‌ചയ്‌ക്കുള്ളിൽ കൊവിഡ് വ്യാപനം അതിന്‍റെ മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും മുന്നറിയിപ്പ്

Published

on

സിംഗപ്പൂരിൽ കൊവിഡ്‌ വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ട്. മെയ് 5 മുതൽ 11 വരെ 25,900-ലധികം കേസുകൾ രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. കൊവിഡ്‌ 19 ന്റെ ഒരു പുതിയ തരംഗമാണ് സിംഗപ്പൂരിൽ പടർന്നുപിടിക്കുന്നത്. രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കൊവിഡ്‌ വ്യാപന തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് തങ്ങളെന്നും അടുത്ത രണ്ടോ നാലോ ആഴ്ചക്കുള്ളിൽ തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കുമെന്നും ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് ദി സ്ട്രെയിറ്റ്സ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു.

ദിവസേന കൊവിഡ്‌ ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 181 ൽ നിന്ന് 250 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഉയർന്നതിനാൽ ആശുപത്രികളിൽ ആവശ്യമായ കിടക്കകളും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കുറക്കണമെന്നും ഗുരുതരമല്ലാത്ത രോഗികളെ വീട്ടിലേക്ക് തിരിച്ചയക്കണമെന്നും അല്ലെങ്കിൽ മൊബൈൽ ഇൻപേഷ്യന്റ് കെയർ ഡെലിവറി മോഡൽ വഴി ചികിത്സ തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

60 വയസിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളാൽ വലയുന്നവർ, വയോജന പരിചരണ കേന്ദ്രങ്ങളിലെ താമസക്കാർ എന്നിവരുൾപ്പെടെ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ കൊവിഡ്‌ വാക്‌സിൽ എടുക്കാത്തവർ സുരക്ഷയുടെ ഭാഗമായി ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

Football

യൂറോ കപ്പ്:ഫ്രാന്‍സ് ടീം പ്രഖ്യാപിച്ചു, കാന്റെ തിരിച്ചെത്തി

മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.

Published

on

പാരീസ്: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിനുള്ള ഫ്രാന്‍സ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരീശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ച 25 അംഗ ടീമില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്ഥാനം പിടിച്ചു. മുന്നേറ്റനിരനിര നയിക്കാന്‍ എംബാപ്പെയ്‌ക്കൊപ്പം അന്റോയിന്‍ ഗ്രീസ്മാനും ടീമിലുണ്ട്.

മധ്യനിര താരം എന്‍ഗോളോ കാന്റെയ്ക്കും ടീമില്‍ സ്ഥാനം ലഭിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാന്റെ ഫ്രാന്‍സ് ദേശീയ ടീമിലെത്തുന്നത്. സീസണ്‍ അവസാനത്തില്‍ ടീം വിടാന്‍ ഒരുങ്ങുന്ന എസി മിലാന്‍ താരം ഒളിവര്‍ ജിറൂദും ഫ്രഞ്ചുപടയുടെ മുന്നേറ്റനിരയിലുണ്ട്.

ഗോള്‍കീപ്പര്‍മാര്‍: ബ്രൈസ് സാംബ, മൈക്ക് മൈഗ്നന്‍, അല്‍ഫോണ്‍സ് അരിയോള

ഡിഫന്‍ഡര്‍മാര്‍: ജൊനാഥന്‍ ക്ലോസ്, ജൂള്‍സ് കൗണ്ടെ, ബെഞ്ചമിന്‍ പവാര്‍ഡ്, ഇബ്രാഹിമ കൊണാറ്റെ, ദയോത് ഉപമെക്കാനോ, വില്യം സാലിബ, തിയോ ഹെര്‍ണാണ്ടസ്, ഫെര്‍ലാന്‍ഡ് മെന്‍ഡി

മിഡ്ഫീല്‍ഡര്‍മാര്‍: ഔറേലിയന്‍ ചൗമേനി, എഡ്വേര്‍ഡോ കാമവിംഗ, എന്‍ഗോളോ കാന്റെ, വെസ്ലി ഫൊഫാന, അഡ്രിയാന്‍ റാബിയോട്ട്, വാറന്‍ സയര്‍-എമറി

ഫോര്‍വേഡ്: കിലിയന്‍ എംബാപ്പെ, ഒളിവര്‍ ജിറൂഡ്, അന്റോയിന്‍ ഗ്രീസ്മാന്‍, ഔസ്മാന്‍ ഡെംബെലെ, മാര്‍ക്കസ് തുറാം, ബ്രാഡ്‌ലി ബാര്‍കോള, റാന്‍ഡല്‍ കോലോ മുവാനി, കിംഗ്സ്ലി കോമന്‍.

Continue Reading

Trending