Connect with us

News

എന്ത് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായി…?

പക്ഷേ പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുമ്പോള്‍ ടീമിനെ കാത്തിരിക്കുന്നത് തിരക്കേറിയ മല്‍സര ഷെഡ്യൂളാണ്.

Published

on

എന്ത് കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായി…? സ്ഥാനമൊഴിയുന്ന മുഖ്യ കോച്ച് രവിശാസ്ത്രിയോടുള്ള ഈ ചോദ്യത്തിന്റെ മറുപടി വ്യക്തമായിരുന്നു-താരങ്ങള്‍ക്കും ടീമിനും വിശ്രമമുണ്ടായിരുന്നില്ല. നിരന്തര മല്‍സരങ്ങളായിരുന്നു. ഒന്നിന് പിറകെ ഒന്നായി പരമ്പരകളും ചാമ്പ്യന്‍ഷിപ്പുകളും. ഇത് കാരണം ശാരീരികമായും മാനസികമായും എല്ലാവരും തളര്‍ന്നുപോയി. ആ തളര്‍ച്ചയുടെ പ്രതിഫലനമാണ് ലോകകപ്പില്‍ കണ്ടെതെന്ന് രവിശാസ്ത്രി പറയുന്നു.

കഴിഞ്ഞ പതിനൊന്ന് മാസമായി ഇന്ത്യന്‍ ടീമിന് നിരന്തര മല്‍സരങ്ങളായിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര നേട്ടം. ഇംഗ്ലണ്ടിനെതിരെ എട്ട് ടെസ്റ്റ് മല്‍സരങ്ങള്‍. ന്യൂസിലാന്‍ഡിനെതിരെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. അതിന് ശേഷം ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരെ ഏകദിന പരമ്പര. ആറ് മാസത്തോളമായി ബയോ ബബിള്‍ സിസ്റ്റത്തിലായിരുന്നു കളിക്കാര്‍. ആര്‍ക്കും പുറത്ത് പോവാന്‍ കഴിയാത്ത അവസ്ഥ. അതിനിടെ തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍. ഒക്ടോബര്‍ 15 വരെ ഐ.പി.എല്‍ തിരക്കിലായിരുന്നു എല്ലാവരും. ഒക്ടോബര്‍ 24 നായിരുന്നു ലോകകപ്പിലെ ആദ്യ മല്‍സരം. ഇത്തരത്തില്‍ നിരന്തരം കളിച്ചത് കൊണ്ടുള്ള മാനസിക-ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. എന്റെ കാര്യത്തില്‍ പ്രായം തളര്‍ത്തുന്നു എന്ന് പറയാം.

പക്ഷേ കളിക്കാരെല്ലാം യുവാക്കളാണ്. എന്നിട്ടും അവര്‍ മാനസികമായും ശാരീരികമായും തളര്‍ന്നു എന്ന് പറയുമ്പോള്‍ എത്ര മാത്രമാണ് ടെന്‍ഷന്‍ എന്ന് മനസിലാക്കാം. ബയോ ബബിള്‍ സംവിധാനത്തില്‍ ആറ് മാസത്തോളം തുടരുമ്പോള്‍ നിങ്ങള്‍ക്ക് പുറം ലോകവുമായി ഒരു ബന്ധവുമില്ല എന്ന് മനസിലാക്കാം. വലിയ മല്‍സരങ്ങളിലെ സമ്മര്‍ദ്ദം നിങ്ങളെ വേട്ടയാടുമ്പോള്‍ അതിനെ അതിജയിക്കാന്‍ മാനസിക കരുത്താണ് വേണ്ടത്. ഇത് പരാജയത്തിനുള്ള ന്യായീകരണമല്ല. തോല്‍വിയെ പേടിക്കാറില്ല. ജയത്തിനൊപ്പം തോല്‍വികളും മല്‍സരങ്ങളുടെ ഭാഗമാണ്. അത് എല്ലാവര്‍ക്കും നന്നായി തന്നെ അറിയാം. ജയത്തിന് വേണ്ടത് മാനസിക കരുത്താണ്. അത് നഷ്ടമാവുമ്പോഴാണ് തോല്‍ക്കുന്നത്-ശാസ്ത്രി പറഞ്ഞു.

ലോകകപ്പിലെ ആദ്യ രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ടതോടെ ടീമിലെ സമ്മര്‍ദ്ദം ഇരട്ടിയായി. അവസാന മൂന്ന് മല്‍സരങ്ങള്‍ ജയിച്ചെങ്കിലും ആദ്യ രണ്ട് തോല്‍വികളിലുടെ ടീമിന്റെ സാധ്യതകള്‍ നഷ്ടമയിരുന്നു. ലോകകപ്പില്‍ നിന്നും നേരത്തെ പുറത്തായെങ്കിലും ഇന്ത്യന്‍ ടീമിന്റെ കരുത്ത് ചെറുതല്ല- നാല് വര്‍ഷത്തോളമായി ടീമിനൊപ്പമുള്ള ശാസ്ത്രി പറഞ്ഞു. ഇന്ത്യന്‍ തോല്‍വിക്ക് ന്യായീകരണം കണ്ടെത്തുന്നില്ലെന്ന് ടി-20 സംഘത്തിന്റെ നായക സ്സ്ഥാനമൊഴിഞ്ഞ വിരാത് കോലി പറഞ്ഞു.

പാക്കിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ ധൈര്യം പ്രകടിപ്പിച്ചില്ല. അവിടെയാണ് തോറ്റത്. ചിലപ്പോള്‍ ഒന്നോ രണ്ടോ ഓവറുകള്‍ മാത്രമാണ് പ്രശ്‌നമായത്. അതൊന്നും പക്ഷേ തോല്‍വിയെ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടി-20 ലോകകപ്പില്‍ നിന്നും ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്താവാനുള്ള കാരണമായി സ്ഥാനമൊഴിഞ്ഞ മുഖ്യ പരിശീലകന്‍ രവിശാസ്ത്രി പറഞ്ഞത് മല്‍സരങ്ങളുടെ ആധിക്യമാണ്. പക്ഷേ പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ചുമതലയേല്‍ക്കുമ്പോള്‍ ടീമിനെ കാത്തിരിക്കുന്നത് തിരക്കേറിയ മല്‍സര ഷെഡ്യൂളാണ്. ഈ മാസം 17 മുതല്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നു. രണ്ട് ടെസ്റ്റുകളും മൂന്ന് ടി-20 മല്‍സരങ്ങളുമാണ് ഈ പരമ്പരയിലുള്ളത്.

പിറകെ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര. പിന്നെ വിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പര. ഇതെല്ലാം 2022 മാര്‍ച്ചിന് മുമ്പാണ്. ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് കഴിഞ്ഞ ദിവസം രവിശാസ്ത്രി സംസാരിച്ചത്. നിരന്തര മല്‍സരങ്ങളാണ് ടീമിന്റെ ലോകകപ്പ് തോല്‍വിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ കോവിഡ് കാലത്തും ക്രിക്കറ്റ് ബോര്‍ഡ് നിരന്തര മല്‍സരങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. ഇന്ത്യയെ പോലെ ഇത്രയുമധികം മല്‍സരങ്ങള്‍ കലണ്ടര്‍ വര്‍ഷത്തില്‍ കളിച്ച ടീമില്ല. എല്ലാ ഫോര്‍മാറ്റിലും സ്ഥിരക്കാരെ കളിപ്പിക്കുന്നതും പ്രശ്‌നമായി. ടെസ്റ്റിലും ഏകദിനങ്ങളിലും ടി-20 യിലുമെല്ലാം ഒരേ താരങ്ങളാണ് പലപ്പോഴും കളിക്കാറുള്ളത്.ലോകകപ്പിലേക്ക് തന്നെ ടീം പോയത് ഒരാഴ്ച്ച പോലും വിശ്രമം ലഭിക്കാതെയാണ്. ഐ.പി.എല്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി വളരെ പെട്ടെന്ന് ലോകകപ്പ് സന്നാഹ മല്‍സരങ്ങളുടെ തിരക്കിലായി. അതിന് ശേഷം പാക്കിസ്താനെതിരായ ലോകകപ്പ് മല്‍സരം.

പാക്കിസ്താന്‍ ഒരുങ്ങി വന്നപ്പോള്‍ ഇന്ത്യക്ക് തിരിച്ചടിക്കാനായില്ല. ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തിലും ഇത് തന്നെ സംഭവിച്ചു. തോല്‍വികള്‍ക്ക് ശേഷം ചില താരങ്ങള്‍ ബയോ ബബിള്‍ സംവിധാനത്തെ വിമര്‍ശിച്ചിരുന്നു. പക്ഷേ കിവീസിനെതിരായ പരമ്പര വരുന്നതോടെ തെല്ലും വിശ്രമം ലഭിക്കാതെയാണ് താരങ്ങള്‍ വീണ്ടും ഇറങ്ങാന്‍ പോവുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.

Published

on

തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.

സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.

Continue Reading

kerala

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ കേരളം

ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

Published

on

തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്‍ കെഎസിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്‍ ടീം കോച്ചി ബ്ലൂ ടൈഗേഴ്‌സ് നായകനുമായ സാലി വി. സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങുന്ന അപൂര്‍വ നിമിഷവുമാകും ഇത്.

വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനൊപ്പം സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, അങ്കിത് ശര്‍മ്മ എന്നിവര്‍ ടീമിന് ബഹുമുഖ കരുത്തേകും.

ബൗളിങ് നിരയില്‍ നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെ കൂടാതെ കെഎസിഎല്ലില്‍ മികവു തെളിയിച്ച സിബിന്‍ ഗിരീഷ്, കൃഷ്ണദേവന്‍, അബ്ദുല്‍ ബാസിദ് എന്നിവരും ടീമിലുണ്ട്.

വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്.

Continue Reading

india

പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.

Published

on

ഹൈദരാബാദ്: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്‍ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.

പോലീസ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്‍മാന്‍ ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തെലങ്കാനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Continue Reading

Trending