Culture
ജയരാജനെതിരെ സിപിഐ മുഖപത്രം രംഗത്ത്

തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സ്വജന പക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനിക്കാനാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി.
ഒട്ടേറെ ചെറുപ്പക്കാര്‍ തൊഴിലില്ലാതെ നട്ടം തിരിയുന്ന നാട്ടില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ബന്ധുക്കളെ തിരുകിക്കയറ്റുന്നത് അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. പാളിച്ചകള്‍ തിരുത്തുക തന്നെ വേണം. എതിരാളികളും അഴിമതിക്കഥകള്‍ നിരത്തി സ്വന്തം തെറ്റുകളെ ന്യായീകരിക്കാനാവില്ലെന്നും എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിച്ചു.
മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:
അഞ്ച് വർഷക്കാലത്തെ അഴിമതി വാഴ്ചയ്ക്ക് അറുതിവരുത്തി അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മേൽ നിഴൽവീഴ്ത്തിയ വിവാദങ്ങളാണ് മുഖ്യധാരാ ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നത്. വിവാദങ്ങളിൽ ഉൾപ്പെട്ട മന്ത്രിയും നേതാക്കളും വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ വീഴ്ചകൾ തിരുത്താനും അവരെ അത് ബോധ്യപ്പെടുത്താനും തിരുത്തിക്കാനും മുഖ്യമന്ത്രിയടക്കം ഉന്നത നേതൃത്വത്തിനും സത്വരം കഴിഞ്ഞു എന്നത് ആശ്വാസകരമാണ്. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് നടന്ന വിവാദനിയമനം റദ്ദാക്കിയെങ്കിലും അതിന്റെയും മറ്റുചില നിയമനങ്ങളുടെയും പേരിൽ കോൺഗ്രസും ബിജെപിയുമടക്കം പ്രതിപക്ഷം വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയും നിയമനടപടികളിലേയ്ക്ക് നീങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയും സിപിഐ(എം) നേതൃത്വവും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയുമാണ് വിവാദപ്രശ്നങ്ങളെ സമീപിക്കുന്നതെന്ന് അവരുടെ കാര്യമാത്ര പ്രസക്തങ്ങളായ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. വീഴ്ചകൾ തിരിച്ചറിയാനും തെറ്റുകൾ തിരുത്താനും ബന്ധപ്പെട്ടവർ തയാറാകുന്നതോടെ അതിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങുമെന്ന് കരുതാം. പ്രശ്നത്തിൽ അതിന് അപ്പുറത്ത് എന്തെങ്കിലുമുണ്ടെങ്കിൽ അവയ്ക്ക് പ്രതിവിധിയായി നിയമത്തിന്റെ വഴികൾ ആരായാൻ വിമർശകർക്ക് സ്വാതന്ത്ര്യമുണ്ട്. അധികാരത്തിലേറി നാല് മാസം പിന്നിടുമ്പോഴേയ്ക്കും എൽഡിഎഫ് മന്ത്രിസഭയും മുന്നണിയും നേരിടേണ്ടി വന്ന ഈ വിവാദങ്ങൾ നിതാന്ത ജാഗ്രത എല്ലാ രംഗത്തും എല്ലായിപ്പോഴും കൂടിയേ തീരൂ എന്ന പാഠവും മൂന്നാര്റിയിപ്പുമാണ് നൽകുന്നത്. പ്രതിപക്ഷം ഉയർത്തുന്ന വിവാദങ്ങളെക്കാൾ ഏറെ എൽഡിഎഫിനെ ആത്മാർഥമായി പിന്തുണയ്ക്കുകയും അതിൽ വിശ്വാസവും പ്രതീക്ഷയും അർപ്പിക്കുന്ന ജനങ്ങളോടുള്ള ആദരവും പ്രതിബദ്ധതയുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മന്ത്രിസഭയുടെയും വിലപ്പെട്ട മൂലധനമെന്നത് ബന്ധപ്പെട്ടവർ ഒരിക്കലും വിസ്മരിച്ചുകൂട.
ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഇന്നത്തെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളും അതിന്റെ പ്രവർത്തകരും നേതാക്കളും ഇതര പാർട്ടികളിലേതിൽനിന്നും വിഭിന്നരല്ലെന്ന് വരുത്തിതീർക്കാൻ ബോധപൂർവമായ ശ്രമമാണ് ലോകമെങ്ങും നടന്നുവരുന്നത്. മൂലധനശക്തികളും അതിന്റെ യുക്തിയും ആധിപത്യം പുലർത്തുന്ന ആധുനിക സമൂഹങ്ങളിൽ ആ ധാരണ തെറ്റാണെന്ന് ബോധ്യപ്പെടുത്തുക ശ്രമകരമാണ്. എന്നിട്ടും കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷയും ജനങ്ങൾ പൂർണമായി കൈവിട്ടിട്ടില്ല. അതുതന്നെയാണ് അഴിമതിയുടെ കുത്തൊഴുക്കിന് അഞ്ച് വർഷം സാക്ഷ്യം വഹിച്ച കേരള ജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതാൻ തയാറായതിന്റെ കാരണവും. ആർക്കും ഒന്നും സ്വകാര്യമായി രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ചുവയ്ക്കാൻ കഴിയാത്തത്ര സുതാര്യമായ ലോകത്താണ് നാം ജീവിക്കുന്നത്.
വിവരസാങ്കേതിക വിദ്യാ വിസ്ഫോടനം സാമൂഹിക ജീവിതത്തെ സുതാര്യമാക്കുക മാത്രമല്ല വിശ്വാസങ്ങൾക്കും പ്രതിബദ്ധതയ്ക്കും അവ ശക്തമായ അടിത്തറയായി മാറുകയും ചെയ്തിരിക്കുന്നു. വിവരസാങ്കേതിക വിദ്യ സ്വകാര്യതകളുടെയും രഹസ്യങ്ങളുടെയും ഉരുക്കുമതിലുകളെ തകർക്കുകയും തത്സമയ പ്രതികരണം സാർവത്രികമാക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ നിയമനവിവാദം ഇടതുപക്ഷ അനുഭാവികളിൽ സൃഷ്ടിച്ച വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും ആർക്കാണ് അവഗണിക്കാനാവുക? അതിനെ അവഗണിക്കാനും പുച്ഛിച്ച് തള്ളാനും മുതിരുന്നവരുടെ സ്ഥാനം ചരിത്രത്തിലാവില്ലെന്ന് കരുതലോടെ ഓർക്കുക.
അഴിമതിക്കെതിരായ എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ് മുന്നണിയെ അധികാരത്തിലെത്തിച്ചത്. മുന്നണിയുടെ വിജയം അഭിമാനകരമെന്ന് വിലയിരുത്തുമ്പോഴും അതിന്റെ താരതമ്യകരുത്ത് വില കുറച്ചു കണ്ടുകൂട. സ്വജനപക്ഷപാതം നിസംശയം അഴിമതിയാണ്. ഒരു വ്യാഖ്യാനംകൊണ്ടും അതിന്റെ മുഖം മിനുക്കാനാവില്ല. ഉന്നത യോഗ്യത നേടിയവരും തൊഴിൽരഹിതരുമായ വൻപടയുടെ മുന്നിൽ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. എതിരാളികളുടെ അഴിമതിക്കഥകളും അവർ നേരിടുന്ന നടപടികളും നിരത്തിവച്ച് സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ജനത്തിന്റെ മുമ്പിലും നിമയത്തിന്റെ മുമ്പിലും വിലപ്പോവില്ല. ബൂർഷ്വാ ജനാധിപത്യത്തിന്റെ സങ്കീർണതകളിൽ ഇടതുപക്ഷത്തെ വേറിട്ട് നിർത്തുന്നത് അതിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും ഉന്നതവും സുതാര്യവുമായ ധാർമികസ്ഥിരതയാണ്.
അതിന് കളങ്കം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കാനോ വച്ചുപൊറുപ്പിക്കാനോ പാടില്ല. അത് താങ്ങാനുള്ള കരുത്ത് കേരളത്തിലെ ഇടതുപക്ഷത്തിനില്ല. അതിനുള്ള സഹിഷ്ണുത ഇടതുപക്ഷ പാർട്ടികൾക്കും അതിന്റെ പ്രവർത്തകർക്കും അണികൾക്കുമില്ല. സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണം. അത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കാൻ മുന്നണി മുൻകരുതൽ നടപടി സ്വീകരിക്കണം. അത് എൽഡിഎഫിനുമേൽ നിഴൽ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കുന്നതാവണം. അതാവട്ടെ മുന്നണിയിലേയും ഘടകക്ഷികളിലെയും ആഭ്യന്തര ജനാധിപത്യ പ്രക്രിയ കൂടുതൽ ആഴവും വ്യാപ്തിയുമുള്ളതും അർഥപൂർണവുമാക്കി മാറ്റുന്നതിലൂടെയേ കൈവരിക്കാനാവൂ. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ആ ദിശയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും എൽഡിഎഫിന് പ്രചോദനമാകണം.
Film
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india2 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
film3 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
kerala2 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala2 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
india3 days ago
തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ഡീസല്‍ കയറ്റി വന്ന ട്രെയിനിന് തീപിടിച്ചു
-
kerala2 days ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു
-
tech2 days ago
ഗൂഗിള്‍ ക്രോമിന് വെല്ലുവിളി; എഐ പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ