മാഡ്രിഡ്: പരിക്കുമായി ക്ലബ് തല, രാജ്യാന്തര മത്സരങ്ങള്‍ നഷ്ടമായ ലയണല്‍ മെസ്സി കളത്തിലേക്ക് തിരിച്ചെത്തുന്നു. ശനിയാഴ്ച ലാലീഗയില്‍ ബാര്‍സലോണക്കു വേണ്ടി മെസ്സി കളത്തിലിറങ്ങും. പരിക്കില്‍ നിന്ന് മോചിതനായിക്കൊണ്ടിരിക്കുന്ന മെസ്സി ലാലീഗയില്‍ ഡിപ്പോര്‍ട്ടീവോക്കെതിരായ മത്സരത്തില്‍ ബൂട്ടുകെട്ടും. ഇതോടെ, യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മെസ്സി കളിക്കുമെന്നുറപ്പായി. ഒക്ടോബര്‍ 19നാണ് ചാമ്പ്യന്‍സ് ലീഗിലെ ഈ സൂപ്പര്‍ പോരാട്ടം.
സെപ്തംബര്‍ 21ന് അത്‌ലറ്റിക്കോ മാഡ്രിഡുമായി 1-1ല്‍ പിരിഞ്ഞ മത്സരത്തിലാണ് മെസ്സിക്കു പരിക്കു പറ്റിയത്. അതിനു ശേഷം ബാര്‍സ കളിച്ച മൂന്നു മത്സരങ്ങളും മെസ്സിക്ക് നഷ്ടമായി. അവസാന മത്സരത്തില്‍ ടീം സെല്‍റ്റാവിഗോയോട് തോല്‍ക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പെറുവുമായി 2-2 സമനിലയില്‍ പിരിഞ്ഞ അര്‍ജന്റീനക്കും മെസ്സിയുടെ അഭാവം തിരിച്ചടിയായി.