Connect with us

Culture

ജയരാജനെതിരെ സിപിഐ മുഖപത്രം രംഗത്ത്

Published

on

തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സ്വജന പക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനിക്കാനാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി.

ഒട്ടേറെ ചെറുപ്പക്കാര്‍ തൊഴിലില്ലാതെ നട്ടം തിരിയുന്ന നാട്ടില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ബന്ധുക്കളെ തിരുകിക്കയറ്റുന്നത് അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്. പാളിച്ചകള്‍ തിരുത്തുക തന്നെ വേണം. എതിരാളികളും അഴിമതിക്കഥകള്‍ നിരത്തി സ്വന്തം തെറ്റുകളെ ന്യായീകരിക്കാനാവില്ലെന്നും എഡിറ്റോറിയല്‍ ഓര്‍മ്മിപ്പിച്ചു.

മുഖപ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം:

അഞ്ച്‌ വർഷക്കാലത്തെ അഴിമതി വാഴ്ചയ്ക്ക്‌ അറുതിവരുത്തി അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മേൽ നിഴൽവീഴ്ത്തിയ വിവാദങ്ങളാണ്‌ മുഖ്യധാരാ ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട്‌ ദിവസങ്ങളായി നിറഞ്ഞുനിൽക്കുന്നത്‌. വിവാദങ്ങളിൽ ഉൾപ്പെട്ട മന്ത്രിയും നേതാക്കളും വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ വീഴ്ചകൾ തിരുത്താനും അവരെ അത്‌ ബോധ്യപ്പെടുത്താനും തിരുത്തിക്കാനും മുഖ്യമന്ത്രിയടക്കം ഉന്നത നേതൃത്വത്തിനും സത്വരം കഴിഞ്ഞു എന്നത്‌ ആശ്വാസകരമാണ്‌. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത്‌ നടന്ന വിവാദനിയമനം റദ്ദാക്കിയെങ്കിലും അതിന്റെയും മറ്റുചില നിയമനങ്ങളുടെയും പേരിൽ കോൺഗ്രസും ബിജെപിയുമടക്കം പ്രതിപക്ഷം വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെടുകയും നിയമനടപടികളിലേയ്ക്ക്‌ നീങ്ങുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌.

മുഖ്യമന്ത്രിയും സിപിഐ(എം) നേതൃത്വവും അതീവ ഗൗരവത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയുമാണ്‌ വിവാദപ്രശ്നങ്ങളെ സമീപിക്കുന്നതെന്ന്‌ അവരുടെ കാര്യമാത്ര പ്രസക്തങ്ങളായ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. വീഴ്ചകൾ തിരിച്ചറിയാനും തെറ്റുകൾ തിരുത്താനും ബന്ധപ്പെട്ടവർ തയാറാകുന്നതോടെ അതിന്റെ പേരിലുള്ള വിവാദം കെട്ടടങ്ങുമെന്ന്‌ കരുതാം. പ്രശ്നത്തിൽ അതിന്‌ അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടെങ്കിൽ അവയ്ക്ക്‌ പ്രതിവിധിയായി നിയമത്തിന്റെ വഴികൾ ആരായാൻ വിമർശകർക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. അധികാരത്തിലേറി നാല്‌ മാസം പിന്നിടുമ്പോഴേയ്ക്കും എൽഡിഎഫ്‌ മന്ത്രിസഭയും മുന്നണിയും നേരിടേണ്ടി വന്ന ഈ വിവാദങ്ങൾ നിതാന്ത ജാഗ്രത എല്ലാ രംഗത്തും എല്ലായിപ്പോഴും കൂടിയേ തീരൂ എന്ന പാഠവും മൂന്നാര്റിയിപ്പുമാണ്‌ നൽകുന്നത്‌. പ്രതിപക്ഷം ഉയർത്തുന്ന വിവാദങ്ങളെക്കാൾ ഏറെ എൽഡിഎഫിനെ ആത്മാർഥമായി പിന്തുണയ്ക്കുകയും അതിൽ വിശ്വാസവും പ്രതീക്ഷയും അർപ്പിക്കുന്ന ജനങ്ങളോടുള്ള ആദരവും പ്രതിബദ്ധതയുമാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മന്ത്രിസഭയുടെയും വിലപ്പെട്ട മൂലധനമെന്നത്‌ ബന്ധപ്പെട്ടവർ ഒരിക്കലും വിസ്മരിച്ചുകൂട.

ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഇന്നത്തെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടികളും അതിന്റെ പ്രവർത്തകരും നേതാക്കളും ഇതര പാർട്ടികളിലേതിൽനിന്നും വിഭിന്നരല്ലെന്ന്‌ വരുത്തിതീർക്കാൻ ബോധപൂർവമായ ശ്രമമാണ്‌ ലോകമെങ്ങും നടന്നുവരുന്നത്‌. മൂലധനശക്തികളും അതിന്റെ യുക്തിയും ആധിപത്യം പുലർത്തുന്ന ആധുനിക സമൂഹങ്ങളിൽ ആ ധാരണ തെറ്റാണെന്ന്‌ ബോധ്യപ്പെടുത്തുക ശ്രമകരമാണ്‌. എന്നിട്ടും കമ്മ്യൂണിസ്റ്റ്‌ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലുള്ള വിശ്വാസവും പ്രതീക്ഷയും ജനങ്ങൾ പൂർണമായി കൈവിട്ടിട്ടില്ല. അതുതന്നെയാണ്‌ അഴിമതിയുടെ കുത്തൊഴുക്കിന്‌ അഞ്ച്‌ വർഷം സാക്ഷ്യം വഹിച്ച കേരള ജനത ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ അനുകൂലമായി വിധിയെഴുതാൻ തയാറായതിന്റെ കാരണവും. ആർക്കും ഒന്നും സ്വകാര്യമായി രഹസ്യസ്വഭാവത്തോടെ സൂക്ഷിച്ചുവയ്ക്കാൻ കഴിയാത്തത്ര സുതാര്യമായ ലോകത്താണ്‌ നാം ജീവിക്കുന്നത്‌.

വിവരസാങ്കേതിക വിദ്യാ വിസ്ഫോടനം സാമൂഹിക ജീവിതത്തെ സുതാര്യമാക്കുക മാത്രമല്ല വിശ്വാസങ്ങൾക്കും പ്രതിബദ്ധതയ്ക്കും അവ ശക്തമായ അടിത്തറയായി മാറുകയും ചെയ്തിരിക്കുന്നു. വിവരസാങ്കേതിക വിദ്യ സ്വകാര്യതകളുടെയും രഹസ്യങ്ങളുടെയും ഉരുക്കുമതിലുകളെ തകർക്കുകയും തത്സമയ പ്രതികരണം സാർവത്രികമാക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോഴത്തെ നിയമനവിവാദം ഇടതുപക്ഷ അനുഭാവികളിൽ സൃഷ്ടിച്ച വ്യാപക പ്രതിഷേധവും അവയുടെ തത്സമയ പ്രതികരണവും ആർക്കാണ്‌ അവഗണിക്കാനാവുക? അതിനെ അവഗണിക്കാനും പുച്ഛിച്ച്‌ തള്ളാനും മുതിരുന്നവരുടെ സ്ഥാനം ചരിത്രത്തിലാവില്ലെന്ന്‌ കരുതലോടെ ഓർക്കുക.

അഴിമതിക്കെതിരായ എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്‌ മുന്നണിയെ അധികാരത്തിലെത്തിച്ചത്‌. മുന്നണിയുടെ വിജയം അഭിമാനകരമെന്ന്‌ വിലയിരുത്തുമ്പോഴും അതിന്റെ താരതമ്യകരുത്ത്‌ വില കുറച്ചു കണ്ടുകൂട. സ്വജനപക്ഷപാതം നിസംശയം അഴിമതിയാണ്‌. ഒരു വ്യാഖ്യാനംകൊണ്ടും അതിന്റെ മുഖം മിനുക്കാനാവില്ല. ഉന്നത യോഗ്യത നേടിയവരും തൊഴിൽരഹിതരുമായ വൻപടയുടെ മുന്നിൽ സ്വജനപക്ഷപാതവും അതുവഴി നടക്കുന്ന നിയമനവും അക്ഷന്തവ്യമായ കുറ്റവും അനീതിയുമാണ്‌. എതിരാളികളുടെ അഴിമതിക്കഥകളും അവർ നേരിടുന്ന നടപടികളും നിരത്തിവച്ച്‌ സ്വന്തം നടപടികളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ജനത്തിന്റെ മുമ്പിലും നിമയത്തിന്റെ മുമ്പിലും വിലപ്പോവില്ല. ബൂർഷ്വാ ജനാധിപത്യത്തിന്റെ സങ്കീർണതകളിൽ ഇടതുപക്ഷത്തെ വേറിട്ട്‌ നിർത്തുന്നത്‌ അതിന്റെ നേതാക്കളുടെയും പ്രവർത്തകരുടെയും ഉന്നതവും സുതാര്യവുമായ ധാർമികസ്ഥിരതയാണ്‌.

അതിന്‌ കളങ്കം വരുത്തുന്ന ഒരു നടപടിയും അംഗീകരിക്കാനോ വച്ചുപൊറുപ്പിക്കാനോ പാടില്ല. അത്‌ താങ്ങാനുള്ള കരുത്ത്‌ കേരളത്തിലെ ഇടതുപക്ഷത്തിനില്ല. അതിനുള്ള സഹിഷ്ണുത ഇടതുപക്ഷ പാർട്ടികൾക്കും അതിന്റെ പ്രവർത്തകർക്കും അണികൾക്കുമില്ല. സംഭവിച്ച പാളിച്ചകളും വീഴ്ചകളും തിരുത്തപ്പെടണം. അത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കാൻ മുന്നണി മുൻകരുതൽ നടപടി സ്വീകരിക്കണം. അത്‌ എൽഡിഎഫിനുമേൽ നിഴൽ വീഴ്ത്തിയ വിവാദങ്ങളുടെ വേരറുക്കുന്നതാവണം. അതാവട്ടെ മുന്നണിയിലേയും ഘടകക്ഷികളിലെയും ആഭ്യന്തര ജനാധിപത്യ പ്രക്രിയ കൂടുതൽ ആഴവും വ്യാപ്തിയുമുള്ളതും അർഥപൂർണവുമാക്കി മാറ്റുന്നതിലൂടെയേ കൈവരിക്കാനാവൂ. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ആ ദിശയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും എൽഡിഎഫിന്‌ പ്രചോദനമാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍

ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

Published

on

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.

അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.

Continue Reading

Film

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍

ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.

Published

on

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ പരാതി നല്‍കാനൊരുങ്ങി ഒരു വിഭാഗം വനിതാ താരങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലത്തില്‍, കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വനിതാതാരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണിതെന്നാരോപിച്ച് ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. കുക്കു പരമേശ്വരനൊപ്പം നടന്‍ ഇടവേള ബാബുവിനെതിരെയും പരാതി നല്‍കാനുള്ള ചര്‍ച്ചകള്‍ വനിതാ താരങ്ങള്‍ക്കിടയില്‍ നടക്കുന്നു.
മുന്‍പ് മുഖ്യമന്ത്രിക്കും, സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും, ആദ്യം അമ്മയില്‍ തന്നെ വിഷയമുയര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഭാരവാഹികള്‍ ഈ വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

Continue Reading

Film

‘ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്, ശ്വേതയും കുക്കുവും ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണം’: മാലാ പാര്‍വതി

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.

Published

on

ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ സൃഷ്ഠിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മാലാ പാര്‍വതി. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോള്‍ ശ്വേത മേനോനും ആക്രമണം നേരിടേണ്ടി വരുന്നെന്നും മാലാ പാര്‍വതി സൂചിപ്പിച്ചു. ശ്വേതയും കുക്കുവും ഇത്തരം ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണമെന്നും മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സി ജെ എം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

പണത്തിനായി അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുമെന്ന ശ്വേതയുടെ ഇന്റര്‍വ്യൂ ഭാഗം ഉള്‍പ്പെടെ ഹാജരാക്കിയാണ് പരാതി. അതേസമയം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും പരാതിയില്‍ തുടര്‍ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കെയാണ് നടിക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്മ സംഘടനയ്ക്ക് വേണ്ടി ശ്രീ മോഹന്‍ലാലും, മമ്മൂക്കയും നേതൃത്വം നല്‍കിയതിന്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും , ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്.

സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കും, ക്ഷേമ പ്രവര്‍ത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ ലാല്‍ സര്‍ മാറിയതോടെ ,ഈ സംഘടനയുടെ തലപ്പത്തിരിക്കാന്‍ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകള്‍ കൂടെ തെറ്റിയതോടെ ,കലി അടങ്ങാതെ ജയിക്കാന്‍ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികള്‍.

ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോള്‍ ശ്വേത മേനോനും ആക്രമണം നേരിടുന്നു.ഇത് ഒരു സംഘടനാ പ്രശ്‌നമായി കാണാതെ, പൊതു സമൂഹം കൂടെ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയില്‍ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്.

ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണം. ബാലിശ്ശമായ ഇലക്ഷന്‍ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്. ശ്വേതയ്‌ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.

Continue Reading

Trending