Connect with us

kerala

ജോസഫൈന്റെ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങള്‍ തന്നെയാണ് ശൈലജ ടീച്ചറും ഉന്നയിച്ചത്: കെ.കെ രമ

കടന്നാക്രമണങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികള്‍ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അര്‍ത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നു.- കെ.കെ രമ പറഞ്ഞു.

Published

on

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ യുടെ വേദിയില്‍ കെ.കെ.ശൈലജ നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി കെ.കെ രമ എം.എല്‍.എ. പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിരാശ ജനകവുമാണെന്ന് രമ പറഞ്ഞു. എന്തിനാണ് വര്‍ഷങ്ങളോളം സഹിച്ചിരിക്കുന്നത് ? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോ പറയണം ഇവിടെ നിര്‍ത്തണമെന്ന്. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം’, എന്നായിരുന്നു ശൈലജ ടീച്ചര്‍ പറഞ്ഞത്.

ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാള്‍ക്കും ഈ വാചകങ്ങള്‍ കേട്ടു നില്‍ക്കാനാവില്ല. തങ്ങള്‍ക്ക് നേരെ നടക്കുന്ന നീതി നിഷേധങ്ങളും കടന്നാക്രമണങ്ങളും ഇങ്ങനെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും പറ്റുമായിരുന്നെങ്കില്‍ എന്തിനാണ് മനുഷ്യര്‍ സംഘടിക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്യുന്നതെന്നും കെ.കെ രമ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ യുടെ വേദിയില്‍ കെ.കെ.ശൈലജ ടീച്ചര്‍ MLA നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും, നിരാശ ജനകവുമാണ്.

‘എന്തിനാണ് വര്‍ഷങ്ങളോളം സഹിച്ചിരിക്കുന്നത് ? ഒരു തവണ അഹിതമായി ഒരു നോട്ടമോ ഒരു വാക്കോ ഒരു സ്പര്‍ശമോ ഉണ്ടായാല്‍ അപ്പോ പറയണം ഇവിടെ നിര്‍ത്തണമെന്ന്. ആ ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കണം. ‘
ഞെട്ടലോടെയല്ലാതെ സാമൂഹ്യനീതിയെപ്പറ്റി സാമാന്യ ബോധമുള്ള ഒരാള്‍ക്കും ഈ വാചകങ്ങള്‍ കേട്ടു നില്‍ക്കാനാവില്ല. തങ്ങള്‍ക്ക് നേരെ നടക്കുന്ന നീതി നിഷേധങ്ങളും കടന്നാക്രമണങ്ങളും ഇങ്ങനെ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും പറ്റുമായിരുന്നെങ്കില്‍ എന്തിനാണ് മനുഷ്യര്‍ സംഘടിക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്യുന്നത് ?
എന്തിനാണ് നമുക്ക് നിയമങ്ങളും നീതി നിര്‍വ്വഹണ സംവിധാനങ്ങളും ?
കടന്നാക്രമണങ്ങള്‍ക്ക് വിധേയരാവുന്ന സ്ത്രീകള്‍ തന്നെയാണ് തങ്ങളനുഭവിക്കുന്ന ദുരന്തങ്ങളുടെയും ദുരിതങ്ങളുടേയും ഉത്തരവാദികള്‍ എന്നതാണ് ഈ വാക്കുകളുടെ ശരിയായ അര്‍ത്ഥം. എത്രയോ കാലമായി ആണധികാര പൊതുബോധം ഇതുതന്നെ ഇവിടെ പലതരത്തില്‍ പറഞ്ഞു കൊണ്ടിരിക്കുന്നു.

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് എം സി ജോസഫൈന്‍ തന്നെ വിളിച്ച സ്ത്രീയോട് പരുഷമായി പറഞ്ഞ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ആശയങ്ങള്‍ തന്നെയാണ് ഫലിതമെന്ന ഭാവേന ശൈലജ ടീച്ചറും ഉന്നയിച്ചത്.
നമ്മുടെ സ്ത്രീകള്‍ ഭൂരിഭാഗവും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളേറെയും തങ്ങളുടെ ഏറ്റവും സമീപസ്ഥ പരിസരങ്ങളില്‍ നിന്നാണ് എന്ന് കാണാം. തങ്ങളേറ്റവും സുരക്ഷിതരായിരിക്കുമെന്ന് കരുതിയ , സ്‌നേഹവും വിശ്വാസവുമുള്ള ഇടങ്ങളില്‍ നിന്ന് നേരിടേണ്ടി വരുന്ന കടന്നാക്രമണങ്ങളില്‍ തകര്‍ന്നു പോകുമ്പോള്‍ എതിര്‍ക്കാനോ പിന്നീട് പരാതിപ്പെടാനോ ഉള്ള മനസാന്നിദ്ധ്യം പോലും പലര്‍ക്കുമുണ്ടാവില്ല. ഓരോരുത്തരുടെയും മനോബലമനുസരിച്ച് മിനിമം മന: സ്വാസ്ഥ്യത്തിലേക്ക് തിരിച്ചു വരാന്‍ തന്നെ ഏറെ സമയമെടുക്കും. ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിലായാലും വാളയാര്‍ സംഭവത്തിലായാലും ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവത്തിലായാലും ഇങ്ങനെയൊരു സമയമുണ്ട്. സൂര്യനെല്ലി മുതല്‍ ചലച്ചിത്രനടി വരെയുളള പരാതി നല്‍കാനും നീതി തേടാനും തയ്യാറായ സ്ത്രീകളോട് നീതിപീഠങ്ങളും പൊതുബോധവും പെരുമാറിയതെങ്ങനെയാണ് ? എത്ര നിരാശജനകമായാണ് ഫ്രാങ്കോ കേസിന് പര്യവസാനമായത് ? രാഷ്ട്രീയ പാര്‍ട്ടികള്‍ക്കകത്ത് നേതാക്കന്മാരുടെ ഭാഗത്തു നിന്നുള്ള കടന്നാക്രമണങ്ങളെപ്പറ്റി പരാതി പറഞ്ഞ എത്ര പൊതുപ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് നീതി കിട്ടിയിട്ടുണ്ട് ?

പരാതി ഉന്നയിക്കാനും നിയമ പോരാട്ടം നടത്താനുമുള്ള സാമ്പത്തിക, സാമൂഹ്യ പിന്‍ബലവും അവബോധവും ആര്‍ജ്ജിക്കാന്‍ സാധിച്ചിട്ടില്ലാത്തവരുടെ എണ്ണം തന്നെയാണ് ലോകത്താകെയും കൂടുതല്‍. നമ്മുടെതു പോലെ വര്‍ഗ്ഗ / ജാതി / മതാത്മക വിഭജനവും നാടുവാഴിത്ത മൂല്യങ്ങള്‍ നടമാടുന്നതുമായ ഒരു സമൂഹത്തില്‍ താന്‍ അനുഭവിക്കുന്നതു ഒരു ചൂഷണമെന്ന് പോലും തിരിച്ചറിയാത്ത നിരവധി നിശ്ശബ്ദ ജീവിതങ്ങളുള്ള ഒരു സാമൂഹ്യഘടനയെ ഫലിതവിഷയമായി തോന്നിക്കുന്നത് ഏത് മാര്‍ക്‌സിസ്റ്റ് പാഠശാലയാണ് ?
സ്ത്രീ പീഡകരെ കമ്മിറ്റികളില്‍ അരിയിട്ടു വാഴിക്കുന്ന, പരാതി ഉന്നയിച്ച വനിതാ സഖാക്കളെ നിശ്ശബ്ദരാക്കി പുറം തള്ളുന്ന, കൂടുതല്‍ സ്ത്രീകള്‍ കമ്മിറ്റിയില്‍ വന്നാല്‍ സംഘടന പൊളിയുമെന്ന് ഫലിതം പറയുന്ന ഒരു സംഘടനാ സംവിധാനത്തില്‍ തിരുത്തല്‍ ശക്തിയാവാന്‍ കഴിയില്ല എന്ന് മാത്രമല്ല, ആ ആണഹന്തയെ പിന്തുണക്കുന്നവര്‍ക്കേ നിലനില്പുളളൂ എന്നാണ് ഇത്തരം പ്രസ്താവനകള്‍ തെളിയിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമണക്കേസിലെ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ

ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.

Published

on

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ട ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാരായി കോടതി നേരത്തെ കണ്ടെത്തിയത്.

രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധി പ്രഖ്യാപിക്കാന്‍ കോടതിമുറിയില്‍ എത്തും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 10 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം തെളിഞ്ഞത്. കൂട്ടബലാത്സംഗം (IPC 376D), ഗൂഢാലോചന (120B), തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തല്‍, പ്രചരിപ്പിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ പല കുറ്റങ്ങള്‍ക്കും 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ട്.

നാളത്തെ നടപടിക്രമം പ്രകാരം ജഡ്ജി ഓരോ പ്രതിയെയും പ്രതിക്കൂട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഓരോ വകുപ്പുകളായുള്ള കുറ്റങ്ങളും അതിനുള്ള ശിക്ഷാ വ്യവസ്ഥകളും വ്യക്തമാക്കും. പ്രതികള്‍ക്ക് ശിക്ഷയ്ക്കെതിരെ പറയാനുള്ളതുണ്ടോയെന്ന് കോടതി കേള്‍ക്കും.

പ്രോസിക്യൂഷന്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കുറ്റകൃത്യങ്ങളായ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അപമാനിക്കല്‍, ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയവ മുഴുവന്‍ തന്നെ തെളിയിക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ വാദിക്കുന്നു. പ്രതികളോട് കുറ്റം ചുമത്താന്‍ പൂര്‍ത്തിയായ തെളിവുകളും സാക്ഷ്യങ്ങളും ലഭ്യമായെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ബാങ്കോക്കില്‍ നിന്ന് പറന്നെത്തി വോട്ട് രേഖപ്പെടുത്തി എം. എ. യൂസഫലി

ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.

Published

on

തൃശൂര്‍: തൊഴില്ബാധ്യതകളുടെ തിരക്കുകള്‍ക്കിടയിലും ജനാധിപത്യ അവകാശം വളരെയധികം മാനിച്ചുകൊണ്ടാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി തദ്ദേശതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.

ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യൂസഫലി, അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ജന്മനാടായ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ആദ്യ ബൂത്തായ എംഎല്‍പി സ്‌കൂളില്‍ വൈകീട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.

ബൂത്തിനുവേണ്ടി എത്തിയപ്പോഴേക്കും യുഡിഎഫ് സ്ഥാനാര്‍ഥി കെ. എ. ഷൗക്കതലി, ബിജെപി സ്ഥാനാര്‍ഥി പി. വി. സെന്തില്‍ കുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ. പി. മുരളി എന്നിവര്‍ അദ്ദേഹത്തെ വരവേറ്റു. സ്ഥാനാര്‍ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

”ഒരു പൗരനെന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തിയേറിയതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്,” വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. ”തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കണം. ഒരു വ്യാപാരിയും വാര്‍ഡ് മെംബറും ഒരുമിച്ച് നിന്നാല്‍, മുന്‍ഗണന വാര്‍ഡ് മെംബര്‍ക്കാണ്,” എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

താന്‍ പഠിച്ച സ്‌കൂളില്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് യൂസഫലി പറഞ്ഞു. ബാല്യകാല സുഹൃത്തിനെ കണ്ടും കുശലപ്രശ്‌നങ്ങള്‍ ചോദിച്ചും ശേഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് അദ്ദേഹം ബൂത്തില്‍ നിന്ന് മടങ്ങി.

 

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; സംസ്ഥാനത്ത് 75.38% പോളിംഗ്

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഉയര്‍ന്ന പങ്കാളിത്തത്തോടെ സമാപിച്ചു. ആകെ 75.38 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളില്‍ വോട്ടെടുപ്പ് നടന്നു.

വോട്ടെടുപ്പിനിടെ പ്രമുഖമായ അക്രമസംഭവങ്ങളോ പ്രതിസന്ധികളോ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പോളിംഗ് ശതമാനം കുറവാണ്. കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ നഗര വാര്‍ഡുകളില്‍ പ്രതീക്ഷിച്ചത്ര വോട്ടര്‍മാര്‍ എത്തിച്ചേരാനില്ല.

ജില്ലകള്‍ക്കിടയില്‍ വയനാട് ആണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കുറഞ്ഞ വോട്ടിംഗ് നടന്നത്.

 

Continue Reading

Trending