columns
ഹരിദ്വാറില്‍ മണി മുഴങ്ങുമ്പോള്‍-ഉബൈദ് കോട്ടുമല
മസ്ജിദ്കളുടെ മിനാരങ്ങള്‍ അവര്‍ തകര്‍ക്കുന്നു, ചര്‍ച്ചുകളും യേശുവിന്റെ പ്രതിമകളും നിലംപരിശാക്കുന്നു. ക്രിസ്തുമസ് ദിനത്തിലെ ആരാധനകളും മുസ്ലിം പള്ളികളിലും പൊതു ഇടങ്ങളിലുമുള്ള ജുമുഅ, ഈദ് പ്രാര്‍ത്ഥനകളും അവര്‍ തടസപ്പെടുത്തുന്നു. അക്രമം ഭയന്ന് ചെറിയ പെരുന്നാള്‍ നിസ്കാരത്തിന് ഹരിയാനയിലെ മുസ്ലിംകള് ഡല്‍ഹിലേക്ക് പോകേണ്ട സ്ഥിതി വന്നിരിക്കുന്നു. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് കച്ചവടം ചെയ്യാനുള്ള സ്വാതന്ത്രം അഹിന്ദുക്കള്‍ക്ക് നിഷേധിക്കപ്പെടുന്നു. ജയ് ശ്രീറാം വിളിക്കാത്തവര്‍ക്ക് നേരെ ഫാഷിസത്തിന്റെ ബുള്‍ഡോസറുകള്‍ നിരത്തപ്പെടുന്നു.
ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ നിന്നുള്ള പ്രാര്‍ത്ഥനാഗീതവും മുസ്ലിം പള്ളികളിലെ ബാങ്കൊലിയും ഹൈന്ദവ ക്ഷേത്രത്തിലെ ശംഖൊലി നാദവും ഒരേ സമയം മുഴങ്ങുന്നതിനെ ഭാരതത്തിന്റെ സുന്ദരമായ ഭൂതകാല പ്രഭാതത്തെയാണ് കവി വര്‍ണിച്ചിട്ടുള്ളത്. ഇന്ന് പള്ളികളില്‍ നിന്നുള്ള ബാങ്കൊലിയും ചര്‍ച്ചുകളിലെ പ്രാര്‍ത്ഥനാ ഗീതങ്ങളും ചിലരെ അസ്വസ്തമാക്കുന്നുണ്ട്. മസ്ജിദ്കളുടെ മിനാരങ്ങള്‍ അവര്‍ തകര്‍ക്കുന്നു, ചര്‍ച്ചുകളും യേശുവിന്റെ പ്രതിമകളും നിലംപരിശാക്കുന്നു. ക്രിസ്തുമസ് ദിനത്തിലെ ആരാധനകളും മുസ്ലിം പള്ളികളിലും പൊതു ഇടങ്ങളിലുമുള്ള ജുമുഅ, ഈദ് പ്രാര്‍ത്ഥനകളും അവര്‍ തടസപ്പെടുത്തുന്നു. അക്രമം ഭയന്ന് ചെറിയ പെരുന്നാള്‍ നിസ്കാരത്തിന് ഹരിയാനയിലെ മുസ്ലിംകള് ഡല്‍ഹിലേക്ക് പോകേണ്ട സ്ഥിതി വന്നിരിക്കുന്നു. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് കച്ചവടം ചെയ്യാനുള്ള സ്വാതന്ത്രം അഹിന്ദുക്കള്‍ക്ക് നിഷേധിക്കപ്പെടുന്നു. ജയ് ശ്രീറാം വിളിക്കാത്തവര്‍ക്ക് നേരെ ഫാഷിസത്തിന്റെ ബുള്‍ഡോസറുകള്‍ നിരത്തപ്പെടുന്നു. രാമനവമി ദിനത്തോടും ഹനുമാന് ജയന്തിയോടും അനുബന്ധിച്ച് നടന്ന അതിക്രമങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. മുസ്ലിം സമുദായത്തെ മാത്രം ലക്ഷ്യം വെച്ച് ഉന്മൂലന പ്രക്രിയകള്‍ ഊര്‍ജിതമാകുന്നു.
ഏകദേശം ആറ് മാസം മുമ്പാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മൂന്ന് ദിവസം നീണ്ടു നിന്ന സന്യാസി സമ്മേളനം നടന്നത്. മുസ്ലിം ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത് കൊണ്ടാണ് ആ സന്യാസി സമ്മേളനം സമാപിച്ചിട്ടുള്ളത്. ഒരു സമുദായത്തെ ഉന്മൂലനം ചെയ്യാനും അതേ സമുദായത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും ആഹ്വാനം ചെയ്യുന്നത് ഏത് സന്യാസി ധര്‍മമാണ്?.പാദരക്ഷ ധരിക്കാതെ നടന്നുപോയ സന്യാസിമാരെക്കുറിച്ചാണ് ഭാരത്തിന്റെ ചരിത്രം വാചാലമായിട്ടുള്ളത്. ചെറു പ്രാണികളുടെ ജീവന് പോലും വിലകല്‍പ്പിച്ചവരായിരുന്നു ഭാരതത്തിലെ സന്യാസിമാര്‍. ആ സൂക്ഷ്മതയാണ് ചെരുപ്പ് ധരിക്കാതെ വഴി നടക്കാന്‍ അവരെ പ്രേരിപ്പിച്ചത്.
ഈ സനാതന ധര്‍മം എങ്ങിനെയാണ് ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്?. നിലം ഉഴുത് വൃത്തിയാക്കുന്നത് പോലും കുറ്റകരമാണെന്നാണ് ബുദ്ധ മതത്തിന്റെ ദര്‍ശനം. അടുപ്പിലേക്ക് വിറക് വെക്കുമ്പോള്‍ മൂന്ന് തവണ നിലത്തടിക്കാന്‍ പഠിപ്പിച്ച പ്രവാചകന്റെ അനുയായികളായ സൂഫി വര്യന്മാരും ഭാരതത്തെ പഠിപ്പിച്ചത് ഇതേ ധര്‍മം തന്നെയാണ്. ‘ഒരു പീഢയുറുമ്പിനെപ്പോലും നോവിക്കരുതെന്നുള്ളനുകമ്പയും സതാ കരുണാകരാ.’ എന്ന് ആത്മോപദേശ ശതകത്തില്‍ ശ്രീ നാരായണ ഗുരു പറഞ്ഞുവെച്ചതും ഈ ഒരു ധര്‍മം തന്നെ. പിന്നെ എവിടെ നിന്നാണ് ഹരിദ്വാറിലെ സന്യാസിമാര്‍ക്ക് പുതിയ ബോധോദയം ഉണ്ടായത്. അത് സന്യാസത്തിന്റെ ധര്‍മമല്ലെന്നും മറിച്ച് ആര്.എസ്.എസ് ധര്മമാണെന്നുമുള്ള തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. ഇതേ ഉത്തരാഖണ്ഡില്‍ തന്നെയാണ് ഈദ് ഗാഹ് നടത്താന്‍ കോടികള്‍ വിലമതിപ്പുള്ള ഭൂമി ഇസ്ലാം മത വിശ്വാസികള്‍ക്ക് വിട്ട് കൊടുക്കാന്‍ ഹൈന്ദവ സഹോദരിമാരായ സരോജയും അനിതയും മുന്നോട്ട് വന്നിട്ടുള്ളത്. മഹാരാഷ്ട്രയിലെ കെല്‍വാഡ് ഗ്രാമം മുസ്ലിംകളില്ലാത്ത പ്രദേശമാണ്. അവിടെ നിന്ന് പണം സ്വരൂപിച്ചാണ് കിലോ മീറ്റര്‍ അകലെയുള്ള കിനോലയിലെ മസ്ജിദിലേക്ക് ചെറിയ പെരുന്നാള്‍ സമ്മാനമായി ഹിന്ദു സഹോദരന്മാര് ബാങ്ക് വിളിക്കായി ഉച്ചഭാഷിണി സമ്മാനിച്ചതും. പള്ളികളിലെ ഉച്ചഭാഷിണി നിരോധനത്തിന് കോടതികളും സര്‍ക്കാരുകളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഇത്തരം സൗഹൃദ സന്ദേശങ്ങള്‍ ഉയര്‍ന്ന് വരുന്നത് മതേതരത്വത്തിന് ധൈര്യം പകരുന്നുണ്ട്.
ഇന്ത്യയില്‍ ഇനി അഹിന്ദുക്കളില്ലെന്നും പകരം നാല് തരം ഹിന്ദു വിഭാഗങ്ങളായി മറ്റുള്ളവരെ തരംതിരിക്കുന്നുവെന്നുമാണ് ആര്.എസ്.എസ് ആചാര്യന് മോഹന്‍ ഭഗവത് പ്രഖ്യാപിച്ചിട്ടുള്ളത്. അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞനായ ഹിന്ദു, ഇതില്‍ സൗഹൃദമില്ലാത്ത ഹിന്ദുവിന്റെയും അജ്ഞനായ ഹിന്ദുവിന്റെയും കൂട്ടത്തിലാണ് മുസ്ലിം അടക്കമുള്ള മറ്റു മത വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യം ഹിന്ദു രാഷ്ട്രത്തിലേക്ക് നീങ്ങുകയാണ്. പൗരത്വവും മുത്വലാഖും കശ്മീര്‍ പ്രത്യേക പദവിയും രാമക്ഷേത്രവും ഇനി ഏക സിവില്‍ കോഡും എല്ലാം കൂടി ആകുമ്പോള്‍ അത് പൂര്‍ണത കൈവരിക്കുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ പാക്കിസ്ഥാനെപ്പോലെ ഒരു സ്വേഛാധിപത്യ രാജ്യമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് വീഡം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിലയിരുത്തല്‍. ലോക രാജ്യങ്ങളിലെ ജനാധിപത്യത്തിന്റെ സ്ഥിതി വിലയിരുത്തി റാങ്കിംഗ് പുറത്തിറക്കുന്ന ആഗോള ഏജന്‍സിയാണ് വീഡം ഇന്‍സ്റ്റിറ്റ്യൂട്ട്. ആഗോളതലത്തില്‍ രാജ്യങ്ങളുടെ സ്വാതന്തൃ നിലവാരം വിലയിരുത്തി സൂചിക പുറത്തിറക്കുന്ന ഫ്രീഡം ഹൗസ് എന്ന ഏജന്‍സി സൂചിപ്പിക്കുന്നത് ഇന്ത്യ അര്‍ദ്ധ സ്വാതന്ത്ര്യ രാജ്യമായി മാറിയിരിക്കുന്നുവെന്നാണ്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ സൂചികയിലും ഇന്ത്യയുടെ നിലവാരം താഴ്ന്ന് നൂറ്റി അന്‍പതില്‍ എത്തി നില്ക്കുന്നു. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ക്കുപോലും വിചാരണത്തടവുകാരനാക്കപ്പെടുന്നു!. മുഖ്യമന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും പങ്കെടുത്ത യോഗത്തില്‍ പ്രധാനമന്ത്രിയെ വേദിയിലിരുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിമര്‍ശിച്ചതും ജനാധിപത്യത്തില്‍ നിന്നുള്ള ഈ വ്യതിചലനത്തെയാണ്. എല്ലാം കണ്ടും കേട്ടും ജുഡീഷ്യറി ജാഗ്രതയോടെ ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു ആ വിമര്‍ശനം. വെറുപ്പിന്റെ രാഷ്ട്രീയം തുറന്ന് പറയാന്‍ ആര്‍ജ്ജവമുള്ള ന്യായാധിപര്‍ ഉണ്ടെന്നത് ജനാധിപത്യത്തിന് ശക്തി പകരുന്നുണ്ട്.
വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ രാജ്യത്തിന്റെ തലപ്പത്തിരുന്ന് ഭരണം നിര്‍വ്വഹിച്ച 108 റിട്ടയേഡ് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുമുണ്ട്. പാര്‍ലമെന്റിന്റെ കവാടത്തിങ്കല്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഒരു മഹത് വചനമുണ്ട്. ‘ ഏകം സത് വിപ്ര ; ബഹുതാ വതന്തി ‘ സത്യം ഒന്നാണ്. ജ്ഞാനികള്‍ അതിനെ പല രീതിയില്‍ വ്യാഖ്യാനിച്ചു എന്നര്‍ത്ഥം വരുന്ന ആപ്തവാക്യം. മതേതരത്വത്തിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ആപ്തവാക്യമാണിത്. ദൈവം ഒന്നാണ്. ആ ദൈവത്തിലേക്കുള്ള വിവിധ മാര്‍ഗങ്ങളാണ് ഓരോ മതങ്ങളും എന്ന് സൂചിപ്പിക്കുന്ന ആപ്തവാക്യം. ഈ ആപ്തവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് നെഹ്റു അടക്കമുള്ള പ്രധാനമന്ത്രിമാര്‍ രാജ്യം ഭരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നിലനില്‍ക്കുന്നിടത്തോളം ഈ മതേതര ധര്‍മം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധ്യതയുണ്ടെന്നത് തീര്‍ച്ചയാണ്. മതേതരത്വത്തെ പ്രോത്സാഹിപ്പിച്ചതിനാലാണ് ഗാന്ധിയും നെഹ്രുവും ബി.ജെ.പിയുടെ ശത്രുവായത്. ഭരണഘടനയില്‍ മതേതരത്വും എന്ന വാക്ക് ഉള്‍പ്പെടുത്തിയതാണ് അമ്പേദ്ക്കറെ അവരുടെ ശത്രുവാക്കി മാറ്റിയിട്ടുള്ളത്. പാര്‍ലമെന്റിനകത്ത് ഗാന്ധിയുടെ ചിത്രത്തിനൊപ്പം അനാഛാദനം ചെയ്യപ്പെട്ടിട്ടുള്ളത് ഗോഡ്സെയുടെ ചിത്രമാണ്. കേന്ദ്ര മന്ത്രിമാരുടെ തലക്ക് മീതെ തൂങ്ങിക്കൊണ്ടിരിക്കുന്നത് ഗോഡ്സെയുടെ പടമാണ്. ഗാന്ധി ആവശ്യപ്പെട്ടിട്ടാണ് സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തതെന്ന ചരിത്രം നിര്‍മ്മിക്കാനാണ് ശ്രമം നടക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുകയും ആ വ്യാജ നിര്‍മ്മിതിയെ രാഷ്ട്രീയ മൂലധനമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് ആധികാരികവും ഒദ്യോഗികവുമാക്കുന്നതിനുള്ള യജ്ഞമാണ് നടന്ന് കൊണ്ടിരിക്കുന്നത്.
നാനാത്വത്തില്‍ ഏകത്വം എന്നതിന് പകരം ഏകത്വത്തിന്റെ നിര്‍മ്മിതിയാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ബഹുസ്വരതയാണ് ഇന്ത്യയുടെ മുഖമുദ്ര. അത് നിലനില്‍ക്കേണ്ടതുണ്ട്. മതത്തിന്റെ പേരില്‍ പൗരന്മാരെ അക്രമിക്കുകയും ആട്ടിയോടിപ്പിക്കുകയും അവരുടെ വാസസ്ഥലങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ബംഗാളി കവിയുടെ വാക്കുകള്‍ പ്രശസ്തമാണ്. ‘ദേശ് മഠേ മഠീ കാദോയ് ; ദേശ് മഠേ മനുഷ് ലോയ് ‘ രാജ്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളിലുള്ള ഭൂപ്രദേശങ്ങളല്ല, മറിച്ച് ആ ഭൂ പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളാണ്. റൂസ്സോ പറഞ്ഞതും അതാണ്. ജനങ്ങളാണ് രാജ്യം . രാജ്യത്ത് അധിവസിക്കുന്ന ജനങ്ങളെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇരയാക്കി അവരെ പൗരത്വത്തിന്റെ പേരിലും മതത്തിന്റെ പേരിലും അന്യവല്‍ക്കരിച്ച് രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കപ്പെടുന്നതല്ല രാജ്യ സ്നേഹവും ജനാധിപത്യവും. മറിച്ച് രാജ്യ വാസികളുടെ സംരക്ഷണവും അവകാശവും ഉറപ്പ് വരുത്തുക എന്നതാണ് ജനാധിപത്യത്തിന്റെ ധര്‍മ്മം. അതിലേക്ക് വഴി നടക്കാന്‍ ഭാരതത്തിന് സാധിക്കുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india15 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala13 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
Sports11 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

