Connect with us

kerala

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് ആറു മരണം; 27 വീടുകള്‍ തകര്‍ന്നു

കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്.

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് (02 ഓഗസ്റ്റ്) ആറു പേര്‍ മരിച്ചു. 27 വീടുകള്‍ പൂര്‍ണമായും 71 വീടുകള്‍ക്കു ഭാഗീകമായും തകര്‍ന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2291 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ ജില്ലകളിലായി 95 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.

കണ്ണൂരില്‍ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി. കണ്ണൂര്‍ ഇരിട്ടി താലൂക്കിലെ കണിച്ചാര്‍ വില്ലേജിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിഞ്ചുകുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചു. കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. കണിച്ചാല്‍ വെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകള്‍ നൂമ തസ്മീന്‍, കണിച്ചാര്‍ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന്‍ (55) എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചന്ദ്രന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലാണ്. ഇന്ത്യന്‍ ആര്‍മിയുടെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്സിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.

തിരുവനന്തപുരത്ത് തമിഴ്‌നാട് സ്വദേശി കന്യാകുമാരി പുത്തന്‍തുറ കിങ്‌സറ്റണ്‍ (27) കടലില്‍ തിരയില്‍പ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു കൂട്ടിക്കല്‍ കന്നുപറമ്പില്‍ റിയാസ് (45) മരിച്ചു. എറണാകുളം കുട്ടമ്പുഴയില്‍ ഇന്നലെ (തിങ്കളാഴ്ച) കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാവനാകുടിയില്‍ പൗലോസിനെയാണ് വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് 27 വീടുകള്‍ പൂര്‍ണമായും 126 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇന്നു(02 ഓഗസ്റ്റ്) മാത്രം 23 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 71 വീടുകള്‍ക്കു ഭാഗീക നാശനഷ്ടമുണ്ടായി. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത്. ഇവിടെ 18 വീടുകള്‍ പൂര്‍ണമായും എട്ടു വീടുകള്‍ ഭാഗീകമായും തകര്‍ന്നു. ഇന്നുണ്ടായ കനത്ത മഴയിലാണ് ഈ നാശനഷ്ടം. കൊല്ലം 2, ഇടുക്കി 5, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ പൂര്‍ണമായി തകര്‍ന്ന വീടുകളുടെ എണ്ണം. തിരുവനന്തപുരത്ത് ഇതുവരെ 12 വീടുകള്‍ക്കു ഭാഗീക നാശനഷ്ടമുണ്ടായി. കൊല്ലം 15, പത്തനംതിട്ട 6, ആലപ്പുഴ 10, കോട്ടയം 50, ഇടുക്കി 7, എറണാകുളം 2, തൃശൂര്‍ 6, വയനാട് 10, കണ്ണൂര്‍ 8 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ ഭാഗീകമായി തകര്‍ന്ന വീടുകളുടെ എണ്ണം.

കോട്ടയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നത്. 21 ക്യാംപുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ ഏഴു ക്യാംപുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാംപുകളിലായി 467 പേരും കഴിയുന്നു. തൃശൂരിലാണ് ഏറ്റവും കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്. 657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. 15 ദുരിതാശ്വാസ ക്യാംപുകളാണ് ഇതിനായി തുറന്നത്. പാലക്കാട് ഒരു ക്യാംപില്‍ 25 പേരും മലപ്പുറത്ത് രണ്ടു ക്യാംപുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യാംപുകളിലായി 38 പേരും കണ്ണൂരില്‍ മൂന്നു ക്യാംപുകളിലായി 52 പേരും കഴിയുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യാംപുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യാംപുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാംപുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.

10 ജില്ലകളില്‍ നാളെയും റെഡ് അലേര്‍ട്ട്

അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നാളെ (03 ഓഗസ്റ്റ്) ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഓഗസ്റ്റ് നാലിന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴഎന്നതുകൊണ്ടു കാലാവസ്ഥാ വകുപ്പ് അര്‍ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകളില്‍ നാളെയും (ഓഗസ്റ്റ് 03) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓഗസ്റ്റ് നാലിനും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓഗസ്റ്റ് അഞ്ചിനും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ടു കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓഗസ്റ്റ് നാലിനും കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓഗസ്റ്റ് അഞ്ചിനും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓഗസ്റ്റ് ആറിനും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഞ്ഞ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിനു സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു (02 ഓഗസ്റ്റ്) മുതല്‍ ഓഗസ്റ്റ് നാലു വരെയും കര്‍ണാടക തീരങ്ങളില്‍ ഇന്നു (02 ഓഗസ്റ്റ്) മുതല്‍ ഓഗസ്റ്റ് ആറു വരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യയുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ കേരള-ലക്ഷദ്വീപ് തീരങ്ങളിലും കര്‍ണാടക തീരത്തും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (03 ഓഗസ്റ്റ്) അവധി

ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. മഴ ശക്തമായി തുടരുന്നതിനാലും ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഓറഞ്ച് അലെര്‍ട് നിലനില്‍ക്കുന്നതിനാലും അങ്കണവാടികള്‍ മുതല്‍ പ്രൊഫെഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

പത്തനംതിട്ട ജില്ലയില്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശൂര്‍ ജില്ലകളിലും യൂണിവേഴ്‌സിറ്റി പരീക്ഷകളും ഇന്റര്‍വ്യൂകളും മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.
പമ്പയാര്‍, മണിമലയാര്‍, അച്ചന്‌കോവിലാര്‍ എന്നിവയുടെയുടെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയരുന്നതിനാല്‍ നദീ തടങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. അട്ടപ്പാടി മേഖലയിലേക്ക് വൈകീട്ട് ആറ് മണി മുതല്‍ പിറ്റേന്ന് ആറ് വരെയുള്ള സമയത്ത് ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചു.ഓഗസ്റ്റ് അഞ്ച് വരെ നെല്ലിയാമ്പതി ഭാഗങ്ങളിലേക്കും വിനോദ യാത്ര പൂര്‍ണ്ണമായും നിരോധിച്ചു. പറമ്പിക്കുളത്തേക്കും വിനോദയാത്രയ്ക്കു നിരോധനമുണ്ട്.

തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ നാളെ (03 ഓഗസ്റ്റ്) രാത്രി 11.30 വരെ മൂന്നു മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിനു മുന്‍നിര്‍ത്തി മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നതു കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending