columns
ലിംഗ നീതിയും ലിംഗ സമത്വവും
പൊതുവെ ചര്‍ച്ചകളില്‍ പുതിയ സമൂഹത്തിന് താല്പര്യം കുറവാണ്. കാരണം അത് പലപ്പോഴും പ്രഹസനമായിമാറുകയാണ്. ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നതോടൊപ്പം ഭരണകക്ഷി ഉദ്ദേശിച്ച കാര്യങ്ങള്‍ ഉദ്ദേശിച്ചതു പോലെ നടത്തുകയാണ് ഇപ്പോള്‍ പതിവ്.
ടി.എച്ച് ദാരിമി
ദേശീയ വിദ്യാഭ്യാസ നയം ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്കരണത്തിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നടക്കുകകയാണ്. കുടുംബശ്രീ പ്രവര്‍ത്തകരുടെയും സ്കൂള്‍ രക്ഷാകര്‍ത്താക്കളുടെയും ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് ഇപ്പോള്‍ ചര്‍ച്ച ഗ്രാമ പഞ്ചായത്തിലെത്തിയിരിക്കുന്നു. പൊതുവെ ചര്‍ച്ചകളില്‍ പുതിയ സമൂഹത്തിന് താല്പര്യം കുറവാണ്. കാരണം അത് പലപ്പോഴും പ്രഹസനമായിമാറുകയാണ്. ചര്‍ച്ച ഒരു ഭാഗത്ത് നടക്കുന്നതോടൊപ്പം ഭരണകക്ഷി ഉദ്ദേശിച്ച കാര്യങ്ങള്‍ ഉദ്ദേശിച്ചതു പോലെ നടത്തുകയാണ് ഇപ്പോള്‍ പതിവ്. കാലത്തിനും ലോകത്തിനും അനുസൃതമായ പരിഷ്കരണങ്ങള്‍ പൊതുവെ സ്വാഗതാര്‍ഹമാണ്. കാരണം മനുഷ്യന്റെ ഏത് ജീവിത ഒഴുക്കും കുറേ ഒഴുകുമ്പോള്‍ മാത്രമാണ് അതിന്റെ കുറവു ബോധ്യമാവുക. അപ്പോള്‍ അതുവരെയുള്ള എല്ലാ പ്രശ്നങ്ങളും സ്വരുക്കൂട്ടി പരിഹരിച്ച് പരിഷ്കരിച്ച് മുന്നോട്ടുപോകുകതന്നെയായിരിക്കും അഭികാമ്യം. മാത്രമല്ല, ലോകം അതിവേഗം മാറുകയാണ്. അതിനനുസരിച്ച് പരിഷ്കരിച്ച് വികസിച്ചില്ലെങ്കില്‍ നാം മാത്രമല്ല, നമ്മുടെ രാജ്യവും പിന്തള്ളപ്പെടും. പക്ഷേ, ചര്‍ച്ചക്കു വേണ്ടി ഗവണ്മെന്റ് അടിച്ചിറക്കി വിതരണം ചെയ്ത ചര്ച്ചാകുറിപ്പുകളടങ്ങിയ പുസ്തകത്തിന്റെ ഉള്ളടക്കം കാണുമ്പോള്‍ ഗുരുതരമായ ചില ആശങ്കകളുണ്ട് എന്നു പറയാതെ വയ്യ. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ലിംഗ സമത്വം എന്ന പ്രയോഗം ഫോക്കസ് ഏരിയ വിഷയങ്ങളില്‍ വ്യാപകമായി കാണുന്നത്. അതു മാറ്റി ലിംഗ നീതി എന്നാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു എങ്കിലും ഇതുവരെ അത് വേണ്ടവിധം തിരുത്തപ്പെട്ടിട്ടില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആരുടെയൊക്കെയോ ലക്ഷ്യവും ഉദ്ദേശവും അതായതു കൊണ്ടായിരിക്കുമോ അത് തേച്ചിട്ടും മായ്ച്ചിട്ടും പോകാത്തത് എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.
ലിംഗനീതിയും ലിംഗസമത്വവും രണ്ടാണ്. പുരുഷന് പുരുഷനായതിന്റെ പേരിലോ സ്ത്രീ സത്രീയായതിന്റെ പേരിലോ അവരര്‍ഹിക്കുന്ന ഒരു അവകാശവും നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ് ലിംഗനീതിയില്‍ പുലര്‍ത്തുന്നത്. അതേ സമയം ലിംഗ സമത്വം എന്നത് ലിംഗ വൈവിദ്ധ്യത്തെ പാടെ നിരാകരിക്കുകയും ലിംഗ വ്യത്യാസമില്ലാതെ രണ്ട് പേര്‍ക്കും എല്ലാം തുറന്നിടുകയാണ്. ഇതുപക്ഷേ ചിലര്‍ക്കൊന്നും മനസ്സിലാകുന്നില്ല. അവര്‍ എങ്ങനെയെങ്കിലും എവിടെയെങ്കിലും രംഗത്തെത്തുമ്പോള്‍ തങ്ങളുടെ വിഢിത്തം പരസ്യമായി വിളിച്ചുപറയുകയും അതിലേക്ക് ആളെകൂട്ടാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. എത്ര മനസ്സിലായാലും അവര്‍ തങ്ങളുടെ വാദത്തില്‍ നിന്ന് പിന്നോട്ട് പോരില്ല. അങ്ങനെയാണ് അപ്രായോഗികമായ ഇത്തരം സാമൂഹ്യ ബാലിശങ്ങള്‍ സമൂഹത്തില്‍ നിലനിന്നതും പലപ്പോഴും ചിന്താ ശല്യങ്ങള് ഉയര്‍ത്തുന്നതും. കഴിഞ്ഞ നൂറ്റാണ്ടില്‍ അത്തരം ചില വ്യക്തിത്വങ്ങള്‍ വരികയുണ്ടായി. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ അവരാണ് ഇന്ന് നിലനില്‍ക്കുന്ന ഇത്തരം വാദങ്ങളുടെ പിന്നില്‍. ഇവരുടെ ഈ ബാലിശ വാദങ്ങളെ സിദ്ധാന്തങ്ങള്‍ എന്നാണ് വിളിക്കപ്പെട്ടു വരുന്നത്. ഇതുതന്നെ വലിയ തെറ്റാണ്. കാരണം ആ പ്രയോഗം അവര്‍ക്കും അവരുടെ കാഴ്ചപ്പാടുകള്‍ക്കും ആവശ്യമില്ലാത്ത പ്രാധാന്യം നല്കി. ചാള്‍സ് ഡാര്‍വിന്റെ (1809-1882) പരിണാമവാദങ്ങളും കാള്‍ മാര്‍ക്സിന്റെ (1818-1883) സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകളും സിഗ്മണ്ട് ഫ്രോയിഡിന്റെ (1856-1939) ലൈംഗിക വീക്ഷണങ്ങളുമാണ് അവ. ഒന്നാമത്തേത് എല്ലാം നിരാകരിക്കുന്ന യുക്തിവാദവും രണ്ടാമത്തേത് അപ്രായോഗിക രാഷ്ട്രീയ സോഷ്യലിസവും മൂന്നാമത്തേത് കുത്തഴിഞ്ഞ ലൈംഗികതയുമാണ് നല്‍കിയത്.
ലിംഗഭേതത്തിന്റെ രഹസ്യവും സാംഗത്യവും മനസ്സിലാക്കിയിടത്ത് വരുന്ന പിശകാണ് സത്യത്തില്‍ ഇത്തരം ആശയ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. ഇവിടെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ രണ്ട് ആമുഖങ്ങള്‍ ആദ്യം ഗ്രഹിക്കേണ്ടതുണ്ട്. ഒന്നാമതായി, ദ്വന്ദത എന്നത് പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ സൃഷ്ടി രഹസ്യമാണ്. അതായത് എല്ലാം ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതായത് ഋണധന ശക്തികള്‍ ഉള്ള രണ്ട് ഘടകങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് എല്ലാം നിലനില്‍ക്കുന്നത്. അതില്ലാതെ ഒരു വസ്തുവും പ്രപഞ്ചത്തില്‍ നിലനില്‍ക്കില്ല. ആണിന്റെയും പെണ്ണിന്റെയും ബീജം കൂടിച്ചേരാതെ കുഞ്ഞ് ജനിക്കില്ല. ആണ് പരാഗവും പെണ് പരാഗവും ചേരാതെ പൂ വിരിയില്ല. ഈ വസ്തുത മനുഷ്യന് ശാസ്ത്രത്തിന്റെ മേശപ്പുറത്ത് എത്തുന്നതിന്റെ എത്രയോ മുമ്പ് തന്നെ അല്ലാഹുവിന്റെ ഖുര്‍ആന്‍ പറഞ്ഞതാണ്. അല്ലാഹു പറയുന്നു: ‘എല്ലാ വസ്തുക്കളില്‍ നിന്നും ഈ രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി’ (51:49). എല്ലാ വസ്തുക്കളിലും ഇണകളുണ്ട് എന്ന വചനത്തെ ബാഹ്യമായി അപഗ്രഥിച്ചാല്‍ ജീവിവര്‍ഗങ്ങളിലും സസ്യജാലങ്ങളിലുംപെട്ട ഇണകളെ കുറിച്ചാകാം ഇതെന്ന് ആര്‍ക്കും മനസ്സിലാവും. മനുഷ്യരിലും സസ്യവര്‍ഗങ്ങളിലും എല്ലാം പെട്ട ഇണകളെകുറിച്ച് ഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറയുന്നുമുണ്ട്. വീണ്ടും അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത്നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്. അങ്ങനെ അതുവഴി വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ഇണകള്‍ നാം (അല്ലാഹു) ഉത്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു’ (20:53). മറ്റൊരു സൂക്തം ഇങ്ങനെയാണ്. ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്നിന്ന്തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (30:21).
എന്നാല്‍ ഈ പറഞ്ഞതിനോ നാം അനുഭവത്തിലൂടെ തിരിച്ചറിയുന്ന ഈ സത്യത്തിനോ രണ്ട് തുല്യമായ ഘടകങ്ങള്‍ തമ്മില്‍ ചേര്‍ന്നാണ് എല്ലാം ഉണ്ടാകുന്നത് എന്ന് അര്‍ഥമില്ല. അങ്ങനെയായാല്‍ അവ പരസ്പരം ചേരില്ല എന്നത് ഊര്ജതന്ത്രത്തിലെ പ്രാഥമിക അറിവുകളില്‍ പെട്ടതാണ്. ചെറിയ ഒരു ഉദാഹരണം വഴി ഇതു മനസ്സിലാക്കാം. ഒരു ബള്‍ബ് കത്താന്‍ രണ്ട് സര്‍ക്യൂട്ടുകള്‍ കൂടിയേ തീരൂ. രണ്ടും ഒരേ ശക്തിയിലുള്ളതായാല്‍ രണ്ടും തമ്മില്‍ ചേരില്ല, അല്ലെങ്കില്‍ ശക്തി ഉത്പാദിപ്പിക്കില്ല. അതറിയാന്‍ ബള്‍ബിലേക്ക് നീളുന്ന രണ്ട് വയറുകളില്‍ ഒന്ന് മുറിച്ച് തൊട്ടു നോക്കിയാല്‍ മാത്രം മതി. രണ്ടിലും ചാര്‍ജ്ജ് ഉണ്ടായിരിക്കും. പക്ഷേ, ഒന്നിലെ ചാര്‍ജ്ജ് പോസിറ്റീവും മറ്റേതിലേത് നെഗറ്റീവും ആയിരിക്കും. ഒന്നില്‍ തൊട്ടാല്‍ തെറിക്കും. മറ്റേതില്‍ അങ്ങനെ തെറിക്കില്ല. ഈ സരളമായ ഉദാഹരണം വ്യക്തമാക്കുന്നത് പ്രപഞ്ചത്തിലെ എല്ലാം ഉണ്ടാകുന്നത് ഇങ്ങനെ രണ്ട് ഘടകങ്ങള്‍ ചേര്‍ന്നാണ് എന്നാണ്. സമൂഹം, കുടുംബം, കുലം തുടങ്ങിയ അര്‍ഥങ്ങള്‍ സ്ഥാപിതമാകുവാന്‍ അവശ്യം വേണ്ട രണ്ട് ഘടകങ്ങളാണ് ആണും പെണ്ണും. ആണും പെണ്ണും ചേര്‍ന്ന് സമൂഹം ഉണ്ടാകാന്‍ അവര്‍ രണ്ടും സമജ്ജസമായി ചേരണം. അതിന് ചില ഏറ്റവ്യത്യാസങ്ങള്‍ അനിവര്യമാണ്. ഈ അനിവാര്യതകള്‍ പരിഗണിക്കുകയാണ് ലിംഗനീതി എന്ന പ്രയോഗത്തിലൂടെ. അതേസമയം അത് ലിംഗ സമത്വം എന്ന അര്‍ഥത്തിലേക്ക് വരുമ്പോള്‍ പലതരം ചേരായ്മകളും വരും. എന്നുവെച്ചാല്‍ അതിനര്‍ഥം പെണ്ണിനെ അടിച്ചമര്‍ത്തുന്നു എന്നോ തരംതാഴ്ത്തി നിറുത്തുന്നു എന്നോ അവളെ വെറും അടിമയായി കാണുന്നു എന്നോ ഒന്നും അര്‍ഥമില്ല. ഇത് പ്രത്യേക മതമോ രാഷ്ട്രീയ വിഭാഗമോ പറയുന്നതോ വാശിപിടിക്കുന്നതോ ഒന്നുമല്ല. മറിച്ച് ഇത് വെറും ജൈവപരമായ വസ്തുതയാണ്. ആണിന് കരുത്തുള്ള ശരീരവും മനസ്സും നല്കപ്പെട്ടിരിക്കുന്നു. അത് സ്ത്രീയെ അവള്‍ക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്ത് സംരക്ഷിക്കാനാണ്. അല്ലാഹു പറയുന്നു: പുരുഷന്മാര് സ്ത്രീകളുടെമേല്‍ നിയന്ത്രണാവകാശമുള്ളവരാണ്. ചിലരെ മറ്റുചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയതു കൊണ്ടും ആണുങ്ങള് സമ്പത്തു ചെലവഴിക്കുന്നതിനാലുമാണത് (4:34).
പ്രകൃതിയിലെ മറ്റു ജീവികളിലും സ്ത്രീപുരുഷ വ്യത്യാസങ്ങള്‍ പ്രകടമാണ്. പശുവിനേക്കാളേറെ കരുത്തും ശക്തിയും കാള പ്രകടിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്. കന്നുപൂട്ടിന് പശുവിനെ ഉപയോഗിക്കുന്നതിനുപകരം കാളയെയാണ് ഉപയോഗിക്കാറുള്ളത്. പ്രാണികളിലെ മിന്നാമിനുങ്ങളില്‍ കൂടുതല്‍ പ്രകാശം പൊഴിക്കുന്നത് പുരുഷനാണ്. അത് ഇണയെ ആകര്‍ഷിക്കാനാണ് ചെയ്യുന്നത് എന്ന് പറയാറുണ്ട്. പിന്‍ഭാഗം പരസ്പരം ഒട്ടിച്ച് മറ്റൊന്നിനെ വലിച്ച് കൊണ്ട് പോകുന്ന ഒട്ടി പ്രാണിയില്‍ സ്ത്രീയെ വഹിച്ചു കൊണ്ടു പോകുന്നത് പുരുഷനാണ്. പക്ഷികളിലെ വവ്വാലുകളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതും സ്വയപ്രാപ്തിയെത്തും വരെ ചിറകിനടിയില്‍ സംരക്ഷിക്കുന്നതും പെണ് വവ്വാലുകളാണ്. വിശ്രമ സമയത്ത് പെണ് വവ്വാലിനെയും കുഞ്ഞുങ്ങളെയും അക്രമിക്കാന്‍ വരുന്ന ശത്രുക്കള്‍ക്കെതിരെ കാവലിരിക്കുന്നതും അവരെ തുരത്തി ഓടിക്കുന്നതും ആണ് വവ്വാലുകളുമാണ്. ലോക പ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി തന്റെ വീട്ടുമുറ്റത്തെ തൊഴുത്തില്‍ പെണ്‍കുരുവി മുട്ടയിട്ട് അടയിരിക്കുന്നതും അവള്‍ക്കായി ഒരു ആണ്‍പക്ഷി കാവലിരിക്കുന്നതും കണ്ടെത്തുകയുണ്ടായി. അദ്ദേഹം ആ ആണ് കിളിയെ വെടിവെച്ചു. ഉടനെ പെണ്‍കുരുവി പറന്നുപോയി. തന്റെ നിരീക്ഷണത്തിന്റെ ഭാഗമായി മറ്റൊരു ആണ്‍പക്ഷിയെ തല്‍സ്ഥാനത്ത് പകരം നിര്‍ത്തി സാലിം അതിനേയും വെടിവെച്ചിട്ടു. ഇങ്ങനെ ഇത് ഒമ്പതു പ്രാവശ്യം തുടര്‍ന്നെങ്കിലും ഒമ്പതു തവണയും പെണ്‍കുരുവി കാവലിനായി കണ്ടെത്തിയത് ആണ് പക്ഷിയെ തന്നെയായിരുന്നു (ശാസ്ത്ര കേരളം 1996 ഒക്ടോബര്‍). പെണ് ഡോള്‍ഫിനുകള്‍ കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്നത് ധാരാളം ആണ് ഡോള്‍ഫിനുകളുടെ സംരക്ഷണത്തിലാണ് എന്നും നീലതിമിംഗലവും ഇതേ സ്വഭാവക്കാരാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ഇതെല്ലാം തെളിയിക്കുന്നത് ആണിന്റെ ആധിപത്യ സ്വഭാവവും പെണ്ണിന്റെ വിധേയത്വ സ്വഭാവവും തികച്ചും ജനിതകമാണ് എന്നതാണ്. പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം വസ്ത്രവുമായി ബന്ധപ്പെട്ടതല്ല, ഉടലുമായും ഉണ്മയുമായും ബന്ധപ്പെട്ടതാണ്. അവര്‍ക്കിടയില്‍ സമത്വവാദം ജന്തുശാസ്ത്രമോ നരവംശ ശാസ്ത്രമോ അംഗീകരിക്കുന്നില്ല. ശാസ്ത്രീയമായി തന്നെ കേവല യുക്തിക്കും അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും നിരക്കുന്നതല്ല ലിംഗസമത്വം എന്ന ആശയം. രാവും പകലും കരയും കടലും ഉദയവും അസ്തമയവും ഗിരിയും ഗര്‍ത്തവും ന്യൂട്രോണും പ്രോട്ടോണും പ്ലസും മൈനസും തുടങ്ങി ഒരു ബെനറി ചെയിന്‍ സത്യമാണ്. കംപ്യൂട്ടര്‍ ഇന്‍പുട്ടുകള്‍ പോലും പൂജ്യം ഒന്ന്, ഒന്ന് പൂജ്യം എന്ന തോതിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഏറ്റവും പരമമായ ഘടകമാണ് പൗരുഷവും സ്ത്രീത്വവും. ഇവ രണ്ടും സമമാവണമെന്ന ചിന്ത പ്രാപഞ്ചിക വിരുദ്ധമാണ്. രണ്ടിനും രണ്ടു ധര്‍മങ്ങളാണുള്ളത്. അവ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ശക്തിയാര്‍ക്ക് എന്ന അന്വേഷണം അര്‍ഥരഹിതമാണ്.
ശാരീരികമായി സ്ത്രീക്ക് പുരുഷന്റെ ഉയരമോ ഭാരമോ ഇല്ല. ഹീമോഗ്ലോബിന്‍ മുതല്‍ ശാരീരിക സ്രവങ്ങളിലെ ഹോര്‍മോണുകള്‍ വരെ അവര്‍ക്ക് കുറവാണ്. ഇതൊന്നും വെച്ച് സ്ത്രീ പുരുഷനോട് കലഹിക്കുന്നതില്‍ അര്‍ഥമില്ല. സത്യത്തില്‍ പെണ്ണിനാണ് ആണിന്റെ മനസ്സില്‍ ഏറ്റവും വില. ഒരു പെണ്ണിന് വേണ്ടി ആണ് എന്തും ചെയ്യും എന്നതാണ് അനുഭവം എന്നിരിക്കെ പുരുഷനെ കുറിച്ച് ഈ ഇല്ലാ വചനങ്ങള്‍ പറയുന്നതിനെ കള്ളം എന്നല്ലാതെ എന്താണ് പറയുക?. എന്തൊക്കെയോ തട്ടിക്കൂട്ടാനുള്ള ചട്ടക്കൂടുകള്‍ എന്ന കൈപ്പുസ്തകത്തില്‍ പ്രധാന വിഷയമായി പരിഗണിക്കുന്നത് തന്നെ ലിംഗനീതി, ജെന്‍ഡര്‍ ഓഡിറ്റിംഗ്, മിശ്ര ഇരുത്തം, യുക്തി ചിന്തയുടെ പരിപോഷണം തുടങ്ങിയ കാര്യങ്ങളാണ്. കുട്ടികളില്‍ നല്ല വിദ്യാഭ്യാസം എത്തിക്കാനുള്ളതിനേക്കാള്‍ ഏതോ ആശയങ്ങള്‍ പുരോഗമനമെന്ന പേരില്‍ ചുട്ടെടുക്കാനുള്ള നീക്കം വ്യക്തമാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
GULF16 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india3 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News5 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

