columns
ഭാര്യയും ജീവിതപങ്കാളിയും
ഈ വിഷയത്തില്‍ ഏറ്റവും അനുയോജ്യമായ വാക്ക് ഇണ എന്നതാണ്. ഇസ്ലാമും ഖുര്‍ആനും സൗജ് എന്ന ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ദാമ്പത്യം രണ്ട് ജീവിതങ്ങളെ ഇണക്കിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്.
ടി.എച്ച് ദാരിമി
സര്‍ക്കാര്‍ അപേക്ഷാഫോമുകളില്‍ ഇനി ഭാര്യ എന്ന വാക്ക് പ്രയോഗിക്കരുത് എന്ന് സംസ്ഥാനത്തെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സര്‍ക്കുലര്‍ വഴി ആവശ്യപ്പെട്ടിരിക്കുന്നു. ഇത് കണ്ടപ്പോള്‍ പതിവിനു വിപരീതമായി ഇതൊരു നല്ല തീരുമാനമായാണ് തോന്നിയത്. കാരണം മലയാളത്തിലെ ഭാര്യ എന്ന പദം ഒരു തരം അടിമത്വത്തെയും ആധിപത്യ മനോഭാവത്തെയും ഭരണത്തെയുമെല്ലാം കുറിക്കുന്നതാണ്. ആ വാക്കിന്റെ നേരെ അര്‍ഥം തന്നെ ഭരിക്കപ്പെടുന്നവള്‍ എന്നാണല്ലോ. ഈ വാക്ക് എന്തില്‍നിന്ന് എപ്പോള്‍ നിഷ്പതിച്ച് ഉണ്ടായി എന്നതിനെകുറിച്ച് കാര്യമായ റഫറന്‍സുകളില്‍ എത്തിയില്ല എങ്കിലും ഇത് വിവാഹം കഴിച്ച് ജീവിതത്തിലേക്ക് കൂട്ടിയവളോടുണ്ടായിരുന്ന പൗരാണിക സമീപനത്തെ ശരിക്കും പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നത് ഉറപ്പാണ്. പ്രായം ചെന്നവര്‍ അയവിറക്കുന്ന ഓര്‍മകളില്‍നിന്നും പഴയ തറവാടുകളും നാലുകെട്ടുകളും പശ്ചാത്തലമൊരുക്കിയ നോവലുകളില്‍ നിന്നുമെല്ലാം അവക്കുള്ളില്‍ നിന്നുയരുന്ന ചൂടുള്ള നിശ്വാസങ്ങള്‍ ഒരുപാട് നാം അനുഭവിച്ചിട്ടുണ്ടല്ലോ. പറയാനും പ്രകടിപ്പിക്കാനും അഭിപ്രായപ്പെടാന്‍ പോലും കഴിയാതെ എത്രയോ ജീവിതങ്ങള്‍ അവക്കുള്ളില്‍ എട്ടുകാലി വലകളില്‍ കിടന്ന് കരിപിടിച്ച് തീര്‍ന്നു. ഇപ്പോള്‍ അതൊന്നും ഓര്‍മിപ്പിച്ചിട്ട് കാര്യമില്ല. ഓര്മിപ്പിച്ചാല് തന്നെ ആദ്യം നോക്കുക നാം ഉദാഹരിക്കുന്ന വ്യക്തിയുടെ മതത്തിലേക്കും സമുദായത്തിലേക്കുമായിരിക്കും. എന്നിട്ട് വ്യക്തിയെയും വിഷയത്തെയും വിട്ട് സമുദായത്തിന്റെ പിന്നാലെ കൂടും.
സാധാരണ ഇങ്ങനെ ഇത്തരം ഒരു നീക്കം പുറത്ത്വരുമ്പോള്‍ ഭരിക്കുന്ന കക്ഷിയുടെ എന്തെങ്കിലും താല്പര്യങ്ങള് അടിച്ചേല്‍പ്പിക്കാനുള്ള വല്ല കൗശലവും അതിലുണ്ടായിരിക്കും എന്നാണ് എല്ലാവരും കരുതുക. ഇപ്പോള്‍ ഭരണം എന്നാല്‍ അതായി മാറിയിട്ടുണ്ടല്ലോ. ഭരിക്കുന്നവരുടെ പ്രധാന ശ്രദ്ധ ഭരണീയരുടെ ഭക്ഷണം, വേഷം, ലൈംഗികത, വ്യക്തിനിയമങ്ങള്‍, വൈയക്തിക സ്വത്വങ്ങള്‍ എന്നിവയില്‍ ഇടപെട്ട് അതൊക്കെ തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്നതിലാണല്ലോ. അത്തരം നിരൂപണ ബുദ്ധിയോടെ നോക്കുമ്പോഴാണ് ഭാര്യ എന്നതിന്പകരം ഉപയോഗിക്കാന്‍ പറയുന്ന വാക്ക് ശ്രദ്ധിച്ചത്. ഭാര്യയെന്ന് എഴുതുന്നതിനുപകരം ജീവിത പങ്കാളി എന്നാണ് ഇനി എഴുതേണ്ടത് എന്ന് ഉത്തരവ് തുടര്‍ന്നു പറയുന്നു. ഇത് പക്ഷേ ചില ചിന്തകള്‍ക്ക് വഴി തുറക്കുന്നുണ്ട്. ഭാര്യ എന്നതിന് മലയാളത്തില്‍ തന്നെ വേറെയും പര്യായപദങ്ങള്‍ ഉണ്ട്. പത്നി, നല്ല പാതി, ഇണ തുടങ്ങിയ മനോഹരവും ഹൃദയസ്പൃക്കായതുമായ അര്‍ഥം വരുന്ന വാക്കുകള്‍. അവയൊന്നും എടുക്കാതെ ജീവിത പങ്കാളി എന്നത് മാത്രം എടുക്കുമ്പോള്‍ പ്രത്യേകിച്ചും ചിലത് ചിന്തിക്കാനുണ്ട്. ജീവിത പങ്കാളി എന്ന വാക്കിന് കുഴപ്പമുണ്ടായിട്ടല്ല. ആ വാക്കിന് നല്ല അര്‍ഥം തന്നെയാണുള്ളത്. പക്ഷേ, ഇന്നത്തെ ചില പ്രത്യേക സാഹചര്യത്തില്‍ അത് സത്യത്തില്‍ ഭാര്യയുടെ അതിര് ഭേദിക്കുമോ, ഭേദിക്കാനുള്ള ഉദ്ദേശം അതിലടങ്ങിയിട്ടുണ്ടാവുമോ എന്നൊക്കെയുള്ള ഭയമാണ് അതിന് കാരണം. പങ്കാളി എന്നതിന്റെ വിശാലതയില്‍ എല്ലാവിധ പങ്കാളികളുംപെടും. സ്വതന്ത്ര ലിബറല്‍ ലൈംഗികത വളര്‍ന്നുവരുന്ന കാലമാണ്. ലിവിംഗ് ടുഗെതര്‍ ഫാഷനായി മാറുകയും വ്യാപിക്കുകയും ചെയ്യുകയാണ്. ഭരിക്കുന്ന കക്ഷി അതിനോട് ചായ്വുള്ളവ രുമാണ്. അതിനാല്‍ അവരുടെ ആശയലോകം തലകുലുക്കുന്നതും എന്നാല്‍ സംസ്കാരം ശീലിച്ചിട്ടില്ലാത്തതുമായ ലൈംഗിക വൈകൃതങ്ങളിലെ പങ്കാളികളെകൂടി ഇതില്‍ കൂട്ടി നിയമവത്കരിക്കുള്ള ശ്രമമായിരിക്കുമോ എന്നതാണ് ഭയവും ആശങ്കയും.
അവരുടെ ആശയലോകം വാദിക്കുന്നത് സ്വതന്ത്രമായതും ഒരു ബാധ്യതയും വരുത്തിവെക്കാത്തതുമായ ലൈംഗികതക്കുവേണ്ടിയാണ്. അതിനാല്‍ ഭാര്യ, ഭര്‍ത്താവ്, മകന്, മകള്‍ തുടങ്ങിയ സംജ്ഞകളൊക്കെ കൂടെക്കൂടെ അപ്രത്യക്ഷമാവും. സ്ത്രീയെ പുരുഷന്റെ സഹായിയാക്കിയതും അവന്റെ താല്പര്യങ്ങളില് ജീവിക്കേണ്ടവളാണെന്ന് വരുത്തിയതും മതത്തെ കൂട്ടുപിടിച്ചുകൊണ്ടുള്ള പുരുഷ മേധാവിത്വമാണെന്നാണ് ഈ മൂലധന സാമൂഹ്യശാസ്ത്രത്തിന്റെ ആള്ക്കാര് കുറ്റപ്പെടുത്തുന്നത്. താല്‍ക്കാലിക വികാര പ്രകടനമെന്നല്ലാതെ ചിന്തിച്ചും പഠിച്ചും കണ്ടെത്തിയ തത്വമാണ് ഇത് എന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. കാരണം, പുരുഷന്റെ നിഴലിന് പുറത്തേക്ക് അവളെ അത്തരം ദര്‍ശനങ്ങള്‍ വലിച്ചിടുന്നതോടെ അവള് ശരിക്കും ഒറ്റപ്പെടുകയാണ്. അവള് അനാഥത്വത്തിന്റെ പെരുവഴിയിലേക്ക് എത്തിപ്പെടുകയാണ് ചെയ്യുന്നത്. കാരണവും ന്യായവും സരളമാണ്. പുരുഷനില്‍ നിന്ന് കുടഞ്ഞ് പുറത്ത്ചാടി സ്വയം ജീവിക്കാം എന്ന് മോഹിക്കുന്ന സ്ത്രീയെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്ന് ധാരാളം പേരുണ്ടാകും എന്നതില്‍ തര്‍ക്കമില്ല. അതുപക്ഷേ അവള് എതിര്‍ലിംഗത്തോട് തര്‍ക്കിക്കുകയും കലഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഉണ്ടാകൂ. അതേസമയം തുടര്‍ ജൈവപ്രക്രിയകളില്‍ ഏതിന് വിധേയയായാലും അവളുടെ മുമ്പില്‍ പുതിയ പുതിയ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. ഉദാഹരണമായി അവളുടെ ജൈവത്വരയാണ് ഇണ ചേരുക എന്നത്. ഇതിന് സമാന ചിന്താഗതിക്കാരെ ബാധ്യതയുമില്ലാതെ ലഭിക്കും എന്ന് കരുതാം. അതു കഴിഞ്ഞാല്‍ ഒന്നുകില്‍ അവള് ഗര്‍ഭിണിയായേക്കാം. ഗര്‍ഭം വളരുന്നതിനനുസരിച്ച് അവള്‍ക്ക് ബാഹ്യ സഹായം വേണ്ടിവരും. വാശിക്ക് കുറച്ചു കാലമൊക്കെ തനിക്കാരുടെയും സഹായം വേണ്ട എന്നു പറഞ്ഞാല്‍ തന്നെയും പിന്നീടത് വേണ്ടിവരും. അപ്പോള്‍ ആരെങ്കിലുമൊക്കെ എന്തെങ്കിലും സഹായം ചെയ്തേക്കാം. എന്നാല്‍ ഹൃദയപൂര്‍വമായ ഒരാശ്വാസ വചനത്തിന് ഒരു പെണ്ണ് എന്ന നിലക്ക് അവളുടെ അന്തരംഗം കൊതിക്കാതിരിക്കില്ല. അത്തരമൊന്ന് കിട്ടണമെങ്കില്‍ അതിന് സ്നേഹവും കാരുണ്യവും ഉള്ള ഭര്‍ത്താവ് തന്നെ വേണം.
ഇനി അവള് വര്‍ഗത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയും ഗര്‍ഭം വേണ്ടെന്ന് വെക്കുകയും ചെയ്തു എന്നിരിക്കട്ടെ, എങ്കില്‍ അവള്‍ക്ക്, അവള്‍ക്കിഷ്ടമില്ലെങ്കിലും പ്രായമാകുമല്ലോ. പ്രായമാകുമ്പോള്‍തന്നെ ആശ്വസിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നുഎങ്കില്‍ എന്ന് ആഗ്രഹിക്കുകതന്നെ ചെയ്യും. വൃദ്ധയെ പരിചരിക്കാന്‍ നാസ്തിക ഭാവമുള്ള ഒരു സംഘവും തയ്യാറാവില്ല. കാരണം അബലയെ സഹായിക്കാന്‍ ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം തനിക്കിത് നന്മയായിത്തീരും എന്ന വിശ്വാസമാണ്. അത്തരം വിശ്വാസമില്ലാത്ത ജനതക്കുവേണ്ടി സ്വന്തം ജീവിതം നീക്കിവെച്ച ഒരുത്തി, ജീവിതത്തില്‍ ഒരു സ്ത്രീക്ക് ഏറ്റവും വേണ്ടത് ഒട്ടും ലഭിക്കാതെ, എങ്ങനെയെങ്കിലും അടങ്ങേണ്ടിവരും. സ്ത്രീക്ക് ഏറ്റവും പ്രധാനമായി വേണ്ടത് എന്താണ് എന്ന് ആലോചിച്ചിട്ടേയില്ലാത്ത ആള്‍ക്കാരാണ് ഇത്തരം വിപ്ലവങ്ങള്‍ നയിക്കുന്നത്. സത്യത്തില്‍ കാരുണ്യമുള്ള സ്നേഹമാണ് ഏത് സ്ത്രീക്കും വേണ്ടത്. അത് കുട്ടിക്കാലത്ത് ആരില്‍ നിന്നും എവിടെ നിന്നും കിട്ടും. പക്ഷേ മുതിര്‍ന്നാല്‍ അത് കിട്ടണമെങ്കില്‍ മണിയറയില്‍ വെച്ച് സ്വന്തം ഭര്‍ത്താവില്‍ നിന്നു തന്നെ കിട്ടണം. ഇതു കിട്ടാന്‍ സ്രഷ്ടാവ് സംവിധാനിച്ചിരിക്കുന്ന മാര്‍ഗമാണ് പുരുഷന്മാര്. അവര്‍ക്ക് നല്കിയ ശാരീരിക മാനസിക ശേഷികള്‍, സ്ത്രീകളെ സ്നേഹവും കാരുണ്യവും നല്കി തരളിതയാക്കിയും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും നല്കി സമ്പന്നയാക്കിയും ശ്രദ്ധയും പരിചരണവും നല്കി സുരക്ഷിതയാക്കിയും നോക്കാനാണ്. അല്ലാതെ അവളെ അടിമയാക്കാനല്ല. സ്ത്രീവാദ പക്ഷത്തുള്ളവരെല്ലാം കുടുംബത്തിലെ പുരുഷ സാന്നിധ്യത്തെ അപലപിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അവരുടെയെല്ലാം ഈര്‍ഷ്യത മതത്തോടാണ്. എന്നാല്‍ പുരുഷനെ മതം ഏല്പിച്ചിരിക്കുന്ന ബാധ്യതകള്‍ മനസ്സിലാക്കാതെയാണ് ഇത്തരം ജല്പനങ്ങള് നടത്തുന്നത്. പുരുഷന്മാര് സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ അല്ലാഹു കഴിവ് നല്‍കിയത് കൊണ്ടും, അവരാണ് ധനം ചിലവഴിക്കേണ്ടത് എന്നത് കൊണ്ടുമാണ് ഇങ്ങനെ നിശ്ചയിച്ചിരിക്കുന്നത് (4:34) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. പുരുഷാധിപത്യ ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായി ഖുര്‍ആന്‍ നല്കുന്ന മറുപടിയാണിത്.
ഈ വിഷയത്തില്‍ ഏറ്റവും അനുയോജ്യമായ വാക്ക് ഇണ എന്നതാണ്. ഇസ്ലാമും ഖുര്‍ആനും സൗജ് എന്ന ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ദാമ്പത്യം രണ്ട് ജീവിതങ്ങളെ ഇണക്കിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഈ ഇണക്കം വെറുതെ വാചകക്കസര്‍ത്തു നടത്തുകയല്ല ഇസ്ലാമും അതിന്റെ പ്രമാണങ്ങളും. രണ്ട് ജീവിതങ്ങളെ ഫലപ്രദമായി കൂട്ടിയിണക്കാന്‍ വേണ്ട വഴിയും നിര്‍ദ്ദേശിക്കുന്നുണ്ട്. ദാമ്പത്യത്തിന്റെ മാന്യവും ഹൃദയപൂര്‍ണവുമായ നിലനില്‍പ്പിന് വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന രണ്ട് കാര്യങ്ങളാണ് മവദ്ദത്തും റഹ്മത്തും. അഥവാ സ്നേഹവും കാരുണ്യവും. അല്ലാഹു പറയുന്നു: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നതും പരസ്പര സ്നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രേ. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട് തീര്‍ച്ച (30: 21). പണം, ശേഷികള്‍, വിദ്യാഭ്യാസം, സാമൂഹ്യസ്ഥാനം തുടങ്ങിയവക്കൊന്നും നേടിത്തരാന്‍ കഴിയാത്ത ചിലത് സ്നേഹത്തിനും കാരുണ്യത്തിനും ദാമ്പത്യത്തിന് നേടിത്തരാന്‍ കഴിയും. ഭാര്യാഭര്ത്താക്കന്മാരായി ജീവിക്കുന്ന സ്ത്രീ പുരുഷന്മാര്ക്കിടയില് പാരസ്പര്യം നിലനിറുത്തുന്നത് ഈ രണ്ട് ഘടകങ്ങള്‍ വഴിയാണ്. കാരുണ്യ ചിന്ത എല്ലാവരിലുമുണ്ട്. സ്നേഹവും പങ്ക് വെക്കാറുണ്ട്. എന്നാല്‍ സ്നേഹ കാരുണ്യ വികാരങ്ങള്‍ ഒന്നു ചേര്‍ന്ന് തികച്ചും വ്യത്യസ്തമായ അനുഭവമായി മാറുമ്പോള്‍ അതിന്റെ ശക്തി വിവരണാതീതമായി മാറുന്നു.
ഇത് ബോധ്യമാകാന്‍ മറ്റു ചില ആമുഖങ്ങള്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അഥവാ, മനുഷ്യന് സൃഷ്ടിപ്പില്തന്നെ നൈസര്‍ഗികമായി ലഭിച്ച ചില പ്രത്യേകതകള്‍ ഉണ്ട്. പുരുഷന് പുരുഷത്വവും സ്ത്രീക്ക് സ്ത്രീത്വവുമാണത്. ഈ രണ്ട് സവിശേഷതകളും വെറും ജീവശാസ്ത്രപരമല്ല, മാനസികം കൂടിയാണ്. അവന്റെ ശരീരം താരതമ്യേന ബലിഷ്ഠമാണ്. അവന്റെ ശാരീരിക ശേഷികള്‍ കരുത്തുള്ളതാണ്. അത് അവന്റെ എല്ലാ ജീവിത വ്യാപാരങ്ങളിലും ശബ്ദത്തില്‍ പോലും അത് പ്രകടവുമാണ്. പ്രശ്നങ്ങളെ നേരിടാനും ഭാരങ്ങളെ വഹിക്കാനും അവന് കൂടുതല്‍ കഴിവുണ്ട്. ഇതെല്ലാം അവന് ആധിപത്യ സ്വഭാവം കല്പ്പിക്കുന്നു. ആധിപത്യ സ്വഭാവമുള്ളവര്‍ സ്വാഭാവികമായും ക്രൂരരും ശക്തരും തന്നിഷ്ടക്കാരും മറ്റുള്ളവരുടെ ഇടപെടലുകള്‍ മാനിക്കാത്തവരുമൊക്കെയായിരിക്കും. എന്നാല്‍ സ്ത്രീയുടേത് ഇതില്‍ നിന്ന് വിഭിന്നമാണ്. അവളുടെ ശരീരം ലോലവും ശേഷികള്‍ താരതമ്യേന ദുര്‍ബലവും ശബ്ദം പോലും ബലം കുറഞ്ഞതുമാണ്. ആ ദൗര്ബല്യതകളില് സ്രഷ്ടാവ് ഒളിപ്പിച്ചുവെച്ച ആകര്‍ഷണത്വവും ഭംഗിയുമെല്ലാമാണ് അവളുടെ യഥാര്‍ഥ ശക്തി. അതിനാല്‍ അവള്‍ക്ക് ചേരുന്നത് വിധേയത്വ സ്വഭാവമാണ്. ഇങ്ങനെ തികച്ചും വിരുദ്ധമായ രണ്ട് സ്വഭാവങ്ങള്‍ ഉളളവരായതിനാല്‍ അവര്‍ രണ്ട് പേരും വിവാഹത്തിലൂടെ ഒന്നാകാന്‍ തീരുമാനിക്കുമ്പോള്‍ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് വൈരുദ്ധ്യ സ്വഭാവങ്ങള്‍ തമ്മില്‍ സമജ്ജസമായി കൂടിച്ചേരുവാന്‍ അവര്‍ക്കിടയില്‍ മറ്റു ചില ഘടകങ്ങള്‍ ചേര്‍ത്തുകൊടുക്കേണ്ടതായി വരും. അതില്ലാതെ വന്നാല്‍ അവര്‍ തമ്മില്‍ ശരിയായി ചേരില്ല. പുരുഷന്റെ ആധിപത്യ സ്വഭാവത്തെ പാകപ്പെടുത്തിയെടുക്കാനും സ്ത്രീയുടെ വിധേയത്വത്തെ കുറച്ചു കൂടി ഗൗരവപ്പെടുത്താനും ഈ ഘടകം അനിവാര്യമാണ്. അവയാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ സ്നേഹവും കാരുണ്യവും. അവ ചേരുന്നതോടെ ആണിന്റെ മേധാവിത്വ സ്വഭാവത്തിന് ഒതുക്കവും മാര്‍ദ്ദവത്വവും കൈവരും. അപ്പോള്‍ അവന്റെ ആധിപത്യ മനസ്ഥിതി വെറും ഉത്തരവാദിത്തബോധമായി മാറും. സ്നേഹത്തിനും സഹാനുഭൂതിക്കും അവന്റെ മനസ്സില്‍ ഇടമുണ്ടാകും. അതേസമയം പെണ്ണിന്റെ വിധേയത്വ സ്വഭാവത്തിനാവട്ടെ, ഇവ ചേരുമ്പോള്‍ ഒരു തരം ഹൃദയതയും സുരക്ഷിതത്വബോധവും കൈവരും. അഥവാ സ്നേഹം, കാര്യണ്യം എന്നീ വികാരങ്ങളുടെ ഊഷ്മളതയില് പുരുഷന്റെ മേധാവിത്വം സഹാനുഭൂതിയായിമാറുന്നു. സ്ത്രീക്ക് അവ സുരക്ഷിതത്വബോധവും സനാഥത്വവും നല്കുന്നു. അതോടെ രണ്ട് പേരും ഇണകളായിമാറുന്നു.
ഇണയും പങ്കാളിയും ഒന്നു തന്നെയല്ലേ എന്നു ചോദിച്ചാല്‍ സൂക്ഷ്മമായ നിരീക്ഷണത്തില്‍ അല്ല എന്നു പറയേണ്ടിവരും. കാരണം പങ്കാളി പുറത്തുനില്‍ക്കുന്ന പങ്കുകാരനാണ്. അവന് വേറിട്ടുനില്‍ക്കുന്നതിനാല്‍ അവന് കലഹിക്കാനും അവകാശം ചോദിക്കാനും തെറ്റിപ്പിരിയാനും ഒക്കെ സാധ്യത കൂടുതലാണ്. അവന് അല്ലെങ്കില്‍ അവള് അകത്താണെങ്കിലും പുറത്ത്നില്‍ക്കുന്ന സമ്മര്‍ദ്ദ ശക്തിയായിരിക്കും. എന്നാല്‍ ഇണ അങ്ങനെയല്ല. അവിടെ രണ്ടാള് തമ്മില്‍ ലയനം സംഭവിക്കുന്നതിനാല്‍ വേറിട്ട് നില്ക്കുന്നില്ല. ശരിക്കും ദമ്പതികള്‍ സ്നേഹവും കാരുണ്യവും കൊണ്ട് ഇണകളായി ഇഴുകിച്ചേര്‍ന്നിട്ടുണ്ട് എങ്കില്‍ പിന്നെ വേര്‍പെടുമെന്ന ഭയമുണ്ടാവില്ല.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala21 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

