Connect with us

kerala

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ടുകള്‍ -മഹോന്നതമായ മാതൃക

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.
മുസ്‌ലിംലീഗിനെ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത് ബാഫഖി തങ്ങളുടെ നേതൃശേഷിയാണ്. ചന്ദ്രിക പത്രത്തിന്റെ വളര്‍ച്ച സ്വപ്‌നംകണ്ട തങ്ങള്‍ ചന്ദ്രികയുടെ കാര്യത്തില്‍ എപ്പോഴും അതീവ താല്‍പര്യം പുലര്‍ത്തി. സമസ്തയുടെ സജീവ നേതൃത്വത്തിന്റെ ഭാഗമായപ്പോള്‍തന്നെ സമുദായ ഐക്യത്തിന്റെ വാതിലുകളെല്ലാം അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു.

Published

on

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനവുമായി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് വജ്രജൂബിലി ആഘോഷിക്കുന്ന വേളയിലാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ടുകള്‍ പൂര്‍ത്തിയാകുന്നത്. ബാഫഖി തങ്ങള്‍ ഇല്ലാതെ അര നൂറ്റാണ്ട് കഴിഞ്ഞുപോയിരിക്കുന്നു. ഖാഇദുല്‍ ഖൗമിനെ ഓര്‍ക്കുമ്പോള്‍ എത്രയെത്ര സംഭവങ്ങളാണ് നമ്മെ വന്നുപൊതിയുന്നത്! അനാഥത്വത്തിന്റെ അമ്പരപ്പില്‍ അകപ്പെട്ടുപോയ ഒരു ജനതയെ ഹൃദയത്തോട് ചേര്‍ത്തുവെച്ച് പ്രാര്‍ത്ഥനകളോടെ തങ്ങള്‍ മുന്നില്‍ നടന്നു. കേരളീയ മുസ്‌ലിം ഉമ്മത്ത് ആ പാദചലനങ്ങളിലൂടെ ഉയരങ്ങളിലേക്ക് ഗമിച്ചു. കളങ്കരഹിതവും നിസ്വാര്‍ത്ഥവുമായ ആ ജീവിതത്തെ വരച്ചുകാട്ടാന്‍ വാക്കുകള്‍ മതിയാകില്ല. ന്യൂനപക്ഷ രാഷ്ട്രീയ സംഘടനയുടെ നേതാവായും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത പദവികളിലും അദ്ദേഹം ഒരുപോലെ ശോഭിച്ചു. ആത്മീയമായും രാഷ്ട്രീയമായും ഒരു ജനതക്ക് നേതൃത്വം നല്‍കി. രാജ്യത്തിന്റെ വിശാല താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഉത്തമ വിശ്വാസി എന്ന പോലെ ഉത്തമ പൗരനായും പ്രവര്‍ത്തിക്കണമെന്ന് അനുയായികളോട് ആഹ്വാനം ചെയ്തു. സാമുദായിക സ്പര്‍ധയുടെ ചെറു തീപ്പൊരികള്‍ പോലും സൗഹാര്‍ദ്ദത്തിന്റെ സന്ദേശമുയര്‍ത്തി ഊതിക്കെടുത്തി. പയ്യോളിയിലും നടുവട്ടത്തും മണത്തലയിലും അങ്ങാടിപ്പുറത്തും തലശ്ശേരിയിലും വിവിധ കാലങ്ങളില്‍ സാമുദായിക സംഘര്‍ഷങ്ങളുണ്ടായപ്പോഴെല്ലാം സമാധാനദൂതുമായി ബാഫഖി തങ്ങള്‍ ഓടിയെത്തി.
സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംലീഗിന്റെ അസ്തിത്വത്തെ ചോദ്യംചെയ്യാന്‍ വന്നവരെല്ലാം ബാഫഖി തങ്ങള്‍ എന്ന മഹാ പ്രതിഭാസത്തിനു മുന്നില്‍ നിഷ്പ്രഭരായി. അനുഭവസമ്പത്തും പക്വതയും മധുരോദാരമായ പെരുമാറ്റവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. രാഷ്ട്രീയ പ്രതിസന്ധികളില്‍നിന്ന് കേരളത്തെ രക്ഷിക്കാനും ചില ഘട്ടങ്ങളില്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കാനും ബാഫഖി തങ്ങള്‍ക്ക് സാധിച്ചു. ‘മറ്റുള്ളവരുടെ വികാരങ്ങള്‍ കണക്കിലെടുത്ത് പ്രശ്‌നങ്ങള്‍ കാണാനും മനസ്സിലാക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് കലങ്ങിമറിഞ്ഞ കേരള രാഷ്ട്രീയത്തിന്റെ കെട്ടുറപ്പിന് താങ്ങും തണലുമായിട്ടുണ്ടെ’ന്ന് ബേബിജോണ്‍ ബാഫഖി തങ്ങള്‍ സ്മരണികയില്‍ എഴുതുന്നുണ്ട്. ആദര്‍ശധീരനും ദൃഢചിത്തനുമായിരുന്നു അദ്ദേഹം. ശാന്തമായും വിശാലമായും ചിന്തിച്ച്‌കൊണ്ടാണ് ബാഫഖി തങ്ങള്‍ ഓരോ തീരുമാനവും എടുത്തിരുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും സ്വന്തം തീരുമാനങ്ങളില്‍ പാറ പോലെ ഉറച്ച്‌നില്‍ക്കുകയും ചെയ്തു.


സമുദായ ഐക്യത്തിനും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും വേണ്ടി ബാഫഖി തങ്ങള്‍ ഉറച്ച നിലപാട് സ്വീകരിച്ചു. മതപരമായി ആശയഭിന്നതകള്‍ പുലര്‍ത്തുന്ന കേരളീയ മുസ്‌ലിം സമുദായത്തെ രാഷ്ട്രീയ അവകാശങ്ങള്‍ ഉറപ്പാക്കാനായി മുസ്‌ലിംലീഗിന്റെ ചരടില്‍ കോര്‍ത്ത് കെട്ടുന്നതില്‍ ബാഫഖി തങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വരുംവരായ്കകളെക്കുറിച്ച് ചിന്തിച്ച് സമുദായത്തിനും സമൂഹത്തിനും ഗുണകരമായ തീരുമാനങ്ങളെടുക്കുന്നതില്‍ അസാമാന്യ വൈഭവമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.
ജീവിതത്തിലുടനീളം വ്യക്തിശുദ്ധി നിലനിര്‍ത്താന്‍ തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. മത, രാഷ്ട്രീയ മേഖലകളിലെന്ന പോലെ കച്ചവട രംഗത്തും ബാഫഖി തങ്ങള്‍ ശോഭിച്ചിരുന്നു. ജീവിതം മുഴുവന്‍ ജനസേവനത്തിനും ആരാധനകള്‍ക്കും വേണ്ടി അദ്ദേഹം ഉഴിഞ്ഞുവെച്ചു. അഗതികളെയും അനാഥരെയും ചേര്‍ത്തുനിര്‍ത്തി. മദ്രസാ പ്രസ്ഥാനം ഉള്‍പ്പെടെ സമസ്തയുടെ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. മുശാവറ അംഗമെന്ന നിലയിലും ആത്മീയ സാന്നിധ്യമായും നിസ്സീമമായ സേവനം സമര്‍പ്പിച്ചു.
1906ലാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ജനിച്ചത്. മൂന്നര ദശകക്കാലം കോഴിക്കോട് സിറ്റി മുസ്‌ലിംലീഗിന്റെ പ്രസിഡന്റായും പിന്നീട് മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രസിഡന്റായും കേരളപ്പിറവിക്ക് ശേഷം സംസ്ഥാന പ്രസിഡന്റായും ഒടുവില്‍ ദേശീയ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ഉന്നതിയിലേക്ക് പോകുന്ന തലമുറയെ അദ്ദേഹം സ്വപ്‌നം കണ്ടു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിനും സീതി സാഹിബിനുമൊപ്പം അടിയുറച്ച്‌നിന്ന് അഭിമാനകരമായ രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി.


മുസ്‌ലിംലീഗിനെ ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചത് ബാഫഖി തങ്ങളുടെ നേതൃശേഷിയാണ്. ചന്ദ്രിക പത്രത്തിന്റെ വളര്‍ച്ച സ്വപ്‌നംകണ്ട തങ്ങള്‍ ചന്ദ്രികയുടെ കാര്യത്തില്‍ എപ്പോഴും അതീവ താല്‍പര്യം പുലര്‍ത്തി. സമസ്തയുടെ സജീവ നേതൃത്വത്തിന്റെ ഭാഗമായപ്പോള്‍തന്നെ സമുദായ ഐക്യത്തിന്റെ വാതിലുകളെല്ലാം അദ്ദേഹം മലര്‍ക്കെ തുറന്നിട്ടു. സമുദായത്തിലെ എല്ലാ വിഭാഗം പണ്ഡിതരുമായും ആത്മബന്ധം പുലര്‍ത്തുകയും സമുദായത്തിന്റെ പൊതുവേദിയായി മുസ്‌ലിംലീഗിനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്തു. രാജ്യം സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോഴെല്ലാം സ്വതസിദ്ധമായ പുഞ്ചിരിയോടെയും സ്ഥൈര്യത്തോടെയും ആ വെല്ലുവിളികളെ നേരിടാന്‍ ബാഫഖി തങ്ങള്‍ക്ക് സാധിച്ചു. പ്രകോപനപരമായ ആക്ഷേപങ്ങളോടൊന്നും അതേ ഭാഷയില്‍ പ്രതികരിച്ചില്ല. എപ്പോഴും പക്വതയോടെയും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചും സംസാരിച്ചു.
ഹജ്ജ് കര്‍മ്മത്തിനായി മക്കയിലെത്തിയ അദ്ദേഹം 1973 ജനുവരി 19ന് വെള്ളിയാഴ്ച ദിവസമാണ് ഇഹലോകം വെടിഞ്ഞത്. പരിശുദ്ധ മക്കയിലെ ജന്നത്തുല്‍ മുഅല്ലയിലാണ് ബാഫഖി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. ജീവിതത്തിലുടനീളം സമുദായ ഐക്യത്തിനും മത സാഹോദര്യത്തിനുംവേണ്ടി നിലകൊണ്ട സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ മഹോന്നത മാതൃക കൂടുതല്‍ പ്രസക്തമായ കാലത്താണ് നാം ജീവിക്കുന്നത്. കേരളത്തില്‍ ഇന്ന് സമുദായവും പൊതുസമൂഹവും അനുഭവിക്കുന്ന എല്ലാ വളര്‍ച്ചയുടെയും പിന്നില്‍ ബാഫഖി തങ്ങളെ പോലെ ക്രാന്തദര്‍ശിത്വമുള്ള നേതാക്കളുടെ സ്വപ്‌നങ്ങളുണ്ട്. അവര്‍ വിത്തുപാകിയ നന്മകളാണ് നാം കൊയ്തുകൊണ്ടിരിക്കുന്നത്.

 

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending