Connect with us

Article

ഭൂതകാലത്തിന്റെ തടവുകാര്‍

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്‍കാന്‍ വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്‍ചൂണ്ടിയത്.

Published

on

ഷംസീര്‍ കേളോത്ത്

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സുപ്രീംകോടതിയില്‍ ഒരു ഹരജി പരിഗണനക്ക് വന്നു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് ആയിരുന്നു ഹരജിക്കാരന്‍. ചില്ലറക്കാരനല്ല കക്ഷി. മുസ്‌ലിംകളാദി പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിഷലിപ്തമായ പല ഹരജികള്‍ക്കും പിറകില്‍ ഇദ്ദേഹമായിരുന്നു. മതംമാറ്റം തടയല്‍, വഖഫ് നിയമം, കശ്മീര്‍ പ്രത്യേക പദവി, ദലിത് മതംമാറ്റം തുടങ്ങി നിരവധി വിഷയങ്ങളില്‍ നീതിയുടെ ഇടനാഴികളില്‍ അനീതിയുടെ ഒളിയജണ്ടകളുമായി ഇദ്ദേഹത്തെ കാണാം.

ഹരജികള്‍കൊണ്ട് മാത്രമല്ല, വിദ്വേഷ പ്രസംഗത്തിനും കുപ്രസിദ്ധനാണ്. ഈ അഭിഭാഷകന്‍ സമര്‍പ്പിച്ച പ്രധാന ഹരജിയോട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ മറുപടി ശ്രദ്ധ പതിയേണ്ട ഒന്നാണ്. ഒരുപക്ഷേ ഇന്ത്യ ഇന്ന് നേരിടുന്ന പരമപ്രധാനമായ പ്രശ്‌നത്തിലേക്ക് വെളിച്ചംവീശുന്ന പ്രതികരണമാണ് സുപ്രീംകോടതി ന്യായാധിപരില്‍ നിന്നുണ്ടായത്.

രോഗവും അതിനുള്ള ചികിത്സയുമെന്ന പോലെ ഹരജിയും പ്രതികരണവും മാറി. നൂറുകണക്കിന് പേജ് നീളുന്ന വിധിന്യായമൊന്നുമായിരുന്നില്ല അത്. ഹരജി തള്ളിക്കൊണ്ട് കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍കൊണ്ടാണത് ശ്രദ്ധേയമായത്. ആ വാക്കുകളില്‍ ഗൗരവതരവും രാജ്യനന്മയെ കാംക്ഷിക്കുന്നതുമായ ചില ആശയങ്ങളടങ്ങിയിരുന്നു. പ്രതിഷേധവും രോഷവും നിറഞ്ഞുനിന്നവയായിരുന്നു അവ. രാജ്യത്തെ ജനങ്ങള്‍ പറയാന്‍ ആഗ്രഹിച്ചതെന്തോ അത് കോടതി പറഞ്ഞു. അനുദിനം ഏറെ വഷളായികൊണ്ടിരിക്കുന്ന രോഗത്തിന് പ്രാഥമിക ചികിത്സയായി വേണമെങ്കില്‍ അതിനെ കാണാം. രോഗത്തിന് ചികിത്സ നല്‍കേണ്ട ഭരണകൂടം പ്രത്യേകിച്ച് രോഗവാഹകരായി മാറുന്ന സാഹചര്യത്തില്‍.

യഥാര്‍ത്ഥ ഇന്ത്യക്കാര്‍
ഇന്ത്യയിലെ പൊതു ഇടങ്ങള്‍ക്ക് പട്ടണങ്ങള്‍ക്ക് അധിനിവേശക്കാരുടെ നാമമാണ് നല്‍കപ്പെട്ടിരിക്കുന്നതെന്നും യഥാര്‍ത്ഥ ഇന്ത്യയെ അവ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം. ലോദി റോഡും ഫരീദാബാദുമൊക്കെ ക്രൂരന്മാരായ അധിനിവേശകരുടെ പേരുകളില്‍ നിന്നുണ്ടായാതാണെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. പരിവ്രാജകനായി മതഭേദമില്ലാതെ ജനങ്ങളെ സേവിച്ച ശൈഖ് ഷറഫുദ്ദീന്‍ യഹ്യാ ബിഹാരിയെ പോലുള്ള സൂഫിവര്യന്മാരെ മതപരിവര്‍ത്തന നേതാക്കളായാണ് ഹരജിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അവരുടെ മഹത്വം ഉള്‍കൊണ്ട് ജനത ആ പ്രദേശങ്ങള്‍ക്ക് നല്‍കിയ സ്ഥലനാമങ്ങളാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹരജിക്കാരനെയും കൂട്ടരേയും വിറളിപിടിപ്പിക്കുന്നത്. അഹമദാബാദും ബീഹാര്‍ ശരീഫുമടക്കം നിരവധി സ്ഥലനാമങ്ങളുടെ വിവരങ്ങളും അവയുടെ ‘യഥാര്‍ത്ഥ’ പേരും അദ്ദേഹം ഹരജിയില്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല, ഇതേ യുക്തിയില്‍ ലിസ്റ്റില്‍ ആദ്യം ഇടം പിടിക്കേണ്ടിയിരുന്ന ഹസ്രത് നിസാമുദ്ദീനും ചിറാഗ് ദില്ലിയുമൊന്നും കാണുന്നില്ല.

ഇത്തരം സ്ഥലനാമങ്ങളൊക്കെ തിരുത്തി പുതിയ പേരുകള്‍ നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കോടതിയോട് ഹരജിക്കാരന്‍ അഭ്യര്‍ഥിച്ചു. ഒരു കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷനും വനിതാകമ്മീഷനുമൊക്കെ പോലെ പേരുമാറ്റ കമ്മീഷന്‍!. രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഒരു ഭരണകൂടവും ഈ സ്ഥലങ്ങളുടെ പേരുമാറ്റത്തിന് തയ്യാറാവുന്നില്ലെന്നും ഹരജിക്കാരന്‍ പരാതിപ്പെട്ടു.

സ്വതന്ത്ര ഭാരതത്തില്‍ സ്ഥല ദേശ നാമ മാറ്റം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും പുതുപുലരിയെ സൂചിപ്പിക്കാന്‍ വേണ്ടിയായിരുന്നു അതൊക്കെ നടപ്പാക്കിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്നു ഡല്‍ഹിയിലെ ക്വീന്‍സ് വേ പോലുള്ള നിരത്തുകള്‍ ജന്‍പഥ് ആയി മാറിയതിന്പിന്നില്‍ നീതിയുടെയും സമത്വത്തിന്റെയും സന്ദേശമുണ്ടായിരുന്നു. വെറുപ്പിന്റെയും അനൈക്യത്തിന്റെയും അജണ്ടയായിരുന്നില്ല ആ നീക്കങ്ങള്‍ക്ക് പിറികിലുണ്ടായിരുന്നത്.

ചരിത്ര നഗരികളായിരുന്ന അലഹബാദിന്റെയും ഫൈസാബാദിന്റെയുമടക്കം പല പട്ടണങ്ങളുടെയും പേര് മാറ്റാനും പുതിയ ‘പുരാതന’ പേര് നല്‍കാനും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മഹാരാഷ്ട്രയിലെ വിമത ശിവസേന-ബി.ജെ.പി സഖ്യസര്‍ക്കാര്‍ ഔറംഗാബാദിന്റെ പേര് മാറ്റിയത് ഈയിടെയാണ്. വൈസ്രോയി ഹൗസിലെ (ഇന്നത്തെ രാഷ്ട്രപതി ഭവന്‍) പൂന്തോട്ടത്തിന് ഉദ്യാനങ്ങളെ ഏറെ സ്‌നേഹിച്ച മുഗളരുടെ പേര് നല്‍കിയത് വന്‍ അപരാധമായി കണ്ടാണ് ഈയിടെ പ്രശസ്തമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റിയത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന രാഷ്ട്രീയ സംഭവങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവര്‍ ഇന്നിന്റെ കാലത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ നേരിടാന്‍ ഭയമുള്ളവരോ താല്‍പര്യമില്ലാത്തവരോ ആണ്. ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന് കുതറിമാറുകയും എങ്ങോ കഴിഞ്ഞുപോയ കാലത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നവര്‍ ചരിത്ര വിരുദ്ധരും വര്‍ത്തമാന കാലത്തോട് നീതികാണിക്കാത്തവരുമാണ്.

ആരാണ് അധിനിവേശകര്‍? ആരാണ് അക്രമി എന്നത് നിര്‍വചിക്കപ്പെടേണ്ടത് വര്‍ഗീയ അജണ്ടയെ മുന്‍നിര്‍ത്തിയല്ല. ചരിത്രപരമായ ശത്രു ബിംബങ്ങള്‍ നിര്‍മിക്കുന്നത് വര്‍ത്തമാനകാലത്തെ മനുഷ്യന്റെ ശിരസ്സ് ലക്ഷ്യംവെച്ച് കൊണ്ടാവരുത്. ചരിത്ര വ്യക്തിത്വങ്ങളെ വര്‍ത്തമാനകാല യുക്തികൊണ്ട് വിധിക്കുന്നത്‌പോലെ മണ്ടത്തരം മറ്റൊന്നില്ലെന്ന് ചരിത്രകാരന്‍മാര്‍ പലവുരു വ്യക്തമാക്കിയിട്ടുണ്ട്.

ഉദാഹരണത്തിന് കര്‍ണാടകത്തിലെ പ്രധാന ഹിന്ദു ആരാധനാകേന്ദ്രമായ ശൃംഗേരി മഠത്തിന് സംരക്ഷണവും സഹായവും നല്‍കിയ ടിപ്പുസുല്‍ത്താന്‍ ഹിന്ദു വിരുദ്ധനും മഠത്തെ ആരുടെ അക്രമത്തില്‍നിന്നാണോ ടിപ്പുസുല്‍ത്താന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത് അവര്‍ ആരാധിക്കപ്പെടേണ്ട ഹിന്ദു പ്രതീകങ്ങളുമായാണ് ചിലര്‍ അവതരിപ്പിക്കുന്നത്. ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അതത് കാലത്തെ മുന്‍നിര്‍ത്തിയാണ്. അല്ലാതെ വര്‍ത്തമാനകാല രാഷ്ട്രീയ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്‍മാരുടെ ജോലിയാണത്.

സാഹോദര്യം മുഖ്യം
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്‍കാന്‍ വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്‍ചൂണ്ടിയത്. ജസ്റ്റിസ് കെ.എം ജോസഫും ബി.വി നാഗരത്‌നയുമടങ്ങുന്ന ബെഞ്ച് ഹരജിക്കാരന്റെ വര്‍ഗീയ അജണ്ട വ്യക്തമായി മനസ്സിലാക്കുകയുണ്ടായി. ഭൂതകാലത്തിന്റെ തടവുകാരായി ഒരു രാജ്യത്തിന് തുടരനാവില്ലെന്നും ഭരണഘടനാമൂല്യമായ സഹോദര്യമാണ് മറ്റെല്ലാകാര്യങ്ങളേക്കാളും മുഖ്യമെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍തന്നെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും കൂടെ രേഖപ്പെടുത്തപ്പെട്ട മഹത്തായ ആശയമാണ് സാഹോദര്യമെന്നത്. രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ സാഹോദര്യമില്ലാതെ രാഷ്ട്രത്തിന് നിലനില്‍പ്പില്ലന്ന തിരിച്ചറിവില്‍നിന്നാണ് രാഷ്ട്രനിര്‍മാതാക്കള്‍ സാഹോദര്യത്തിന് ഇത്ര പ്രാധാന്യം നല്‍കിയത്. മലയാളികൂടിയായ ജസ്റ്റിസ് കെ.എം ജോസഫ് സഹിഷ്ണുതയുടെ പര്യായങ്ങളായിരുന്ന കേരളത്തിലെ ഹിന്ദു രാജാക്കന്‍മാരെയും അവര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സ്ഥലം ദാനം നല്‍കിയതിനെയും പറ്റി ഉണര്‍ത്തിയപ്പോള്‍ അതുകൊണ്ടാണ് ഇന്ന് ഹിന്ദുക്കള്‍ പലയിടങ്ങളില്‍നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ടതെന്നായിരുന്നു ഹരജിക്കാരന്‍ മറുപടി നല്‍കിയത്. യു.എ.ഇയില്‍ ക്ഷേത്ര നിര്‍മിതിക്ക് അനുമതി നല്‍കിയ അറബ് ഭരണാധികരികളെ പുകഴ്ത്തുന്ന സംഘ്പരിവാറുകാരന്‍ പക്ഷേ ജസ്റ്റിസ് ജോസഫിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണത്തെ മറ്റൊരു രീതിയിലാണ് സമീപിക്കുന്നത്.തികച്ചും വക്രീകരിക്കപ്പെട്ടതും വര്‍ഗീയവത്കരിക്കപ്പെട്ടതുമായ ചരിത്രബോധം അപകടകരമാണെന്നതിന്റെ സങ്കടകരമായ ഉദാഹരണമാണ് നിലവില്‍ രാജ്യം.

വികല ചരിത്ര ബോധമാണ് ഹരജിക്കാരനെകൊണ്ട് ഈ ചോദ്യംചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതും രാജ്യത്തെ പരമോന്നത കോടതിയോട്. ആരാണ് ആദിമവാസികളായ ഇന്ത്യക്കാരെന്നും ആര്‍ക്കാണ് ഈ മണ്ണിനുമേലുള്ള അന്തിമമായ അവകാശമെന്നതും അസംബന്ധം നിറഞ്ഞ ചോദ്യമാണ്. കാരണം ലോകമനുഷ്യരാശിയുടെ ചരിത്രംതന്നെ കുടിയേറ്റങ്ങളുടെതാണ്. ആശയങ്ങളുടെയും ജനങ്ങളുടെ തന്നെയും പരസ്പര കൈമാറ്റങ്ങളുടേതുമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

ഹീറോ ടു സീറോ

EDITORIAL

Published

on

താര ആരാധന എല്ലായിടത്തും ഉണ്ട്. ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ എല്ലാവരേക്കാളും ഒരുപടി മുന്നിലാണ് തമിഴകം. തിരശ്ശീലയില്‍ അനീതിക്കെതിരെ പൊട്ടിത്തെറിക്കുന്ന നായകന്‍മാര്‍ രാഷ്ട്രീയ ഗോദയിലേക്കിറങ്ങുമ്പോള്‍ അല്‍പമൊരു പ്രതീക്ഷയും ചിലരൊക്കെ വെച്ചു പുലര്‍ത്തും. എന്നാല്‍ രാഷ്ട്രീയവും വെള്ളിത്തിരയും രണ്ടാണെന്ന് ഇവര്‍ തന്നെ താമസിയാതെ മനസിലാക്കി തരികയും ചെയ്യും. ഇതില്‍ ഏറ്റവും പുതിയത് വിജയിയുടെ വരവാണ്. അതിരുവിട്ട വൈകാരിക അടുപ്പവും നായകന്റെ ഉത്തരവാദിത്ത മില്ലായ്മയും ഒന്ന് ചേര്‍ന്നപ്പോള്‍ കരൂരില്‍ അത് നഷ്ടമാക്കിയത് 41 ജീവനുകളാണ്. വിജയ് സിനിമയെ പോലെ തന്നെയാണ് രാഷ്ട്രീയവും കാണുന്നതെന്ന് കരൂര്‍ വ്യക്തമാക്കിത്തരുന്നു. ജനസേവനത്തിനിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ കരിങ്കുപ്പായക്കാരായ അംഗരക്ഷകരുടെ സുരക്ഷയില്‍ സേഫ് സോ ണില്‍ വിരാജിക്കുമ്പോള്‍ നായകനെ ഒന്ന് തൊടാനായി എത്തുന്ന ആരാധകരെ പോലും എടുത്തെറിഞ്ഞാണ് സുരക്ഷക്കിറങ്ങിയ ബൗണ്‍സര്‍മാര്‍ കുറ് കാണിക്കുന്നത്. കുപ്രസിദ്ധരായ അധോലോക നായകരെ പോലെ ആരാധകര്‍ക്ക് നേരെ പോലും തോക്ക് ചൂണ്ടുന്ന കുപ്രസിദ്ധ വിഭാഗമായി ഇതിനോടകം തന്നെ വിജയിയുടെ കൂലിപ്പട മാറിക്കഴിഞ്ഞു.

തമിഴക വെട്രി കഴകം പാര്‍ട്ടി പ്രഖ്യാപിച്ചതു മുതല്‍ വിജയ്‌യെ പിന്തുടരുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കരൂര്‍ സംഭവം. പക്ഷേ ഇതിലേറെ പ്രസക്തമായ കാര്യം രക്ഷകനാവുമെന്ന് പ്രഖ്യാപിച്ച് കരാവന്‍ ടൂറിനിറങ്ങിയ വിജയ് ആള്‍ക്കൂട്ടം തിക്കിലും തിരക്കിലും പെട്ട് മരിച്ചുവീഴുമ്പോള്‍ സേഫായി മുങ്ങുന്നു എന്നതാണ്. മരിച്ചവരേയും പരിക്കേറ്റവരേയും കൊണ്ട് ആംബുലന്‍സു കള്‍ തുരുതുരെ ഓടുമ്പോള്‍ നായകന്‍ നാട്ടിലേക്ക് വെച്ചു പിടിക്കാന്‍ വിമാനത്താവളത്തിലേക്ക് പായുകയായിരുന്നു. രണ്ട് കാഴ്ചകളാണ് മധുരൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ആഴ്ച കരൂര്‍ അപകട സമയത്ത് കണ്ടത്. കോണ്‍ഗ്രസ് എം.പി ജ്യോതിമണി സെന്തില്‍ മണി അപകടമറിഞ്ഞ് എത്തി വിമാനമിറങ്ങി ആശുപത്രിയിലെത്താന്‍ വ്യഗ്രത കാണിച്ച് ഓടുന്നതായിരുന്നു ഒരു കാഴ്ച. അതേസമയം അപകട വിവരമറിഞ്ഞ് അംഗരക്ഷകര്‍ക്കൊപ്പം ചെന്നൈയിലേക്ക് മുങ്ങാന്‍ ഓടുന്ന വിജയിയായിരുന്നു മറു കാഴ്ച. പതിനായിരം പേര്‍ക്ക് ഒത്തുകൂടാന്‍ മാത്രം അനുമതി നല്‍കിയ സ്ഥലത്ത് ലക്ഷത്തിലേറെ പേര്‍ വന്നെങ്കില്‍ അതിന് ഉത്തരവാദി ആരാണ് എന്നത് പ്രസക്തമായ ചോദ്യമാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലും കെല്‍പില്ലാത്ത പാര്‍ട്ടിയും നേതാവും എങ്ങിനെ നാടിനെ രക്ഷിക്കും.

സ്വന്തം പരിപാടിക്ക് ആളെക്കൂട്ടാന്‍ പ്രഖ്യാപിച്ചതിനേക്കാളും മണിക്കൂറുകള്‍ കഴിഞ്ഞ് എത്തുന്ന നായകന്‍. എത്തിയ ഉടന്‍ സിനിമാ ഡയലോഗ് പോലെ ഭരണ കക്ഷിക്കെതിരെ ചറ പറ ഡയലോഗ് താന്‍ മുഖ്യമന്ത്രിയാവുന്നതോടെ എല്ലാം ശരിയാകുമെന്ന പ്രഖ്യാപനം. ഇതോടെ തന്റെ റോള്‍ തീര്‍ന്നെന്നാണ് നായകന്‍ കരുതുന്നത്. തന്റെ പ്രത്യേക പ്രചാരണ വാഹനത്തില്‍നിന്ന് ജനക്കൂട്ടത്തിലേക്ക് കുടിവെള്ള കുപ്പികള്‍ എറിഞ്ഞുകൊടുത്തതാണ് ഹീറോയുടെ ഹീറോയിസം എന്നാണ് ടി.വി.കെ നായകന്‍ കരുതുന്നത്. സെപ്തംബര്‍ 13ന് തിരുച്ചിറപ്പള്ളിയില്‍ നിന്നാണ് വിജയ് നടത്തുന്ന പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം തുടങ്ങുന്നത്. ഇതിന് തുടക്കം കുറിക്കുന്നതിനു മുന്‍പുതന്നെ 23 പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പൊലീസ് മുന്നോട്ടുവെച്ചിരുന്നു. ഒരു സിനിമാ താരമെന്ന നിലയില്‍ വിജയയെ കാണാന്‍ ധാരാ ളം പേര്‍ എത്തുമെന്നും ഇത്തരം ആള്‍ക്കൂട്ടം അപകടമുണ്ടാക്കുമെന്നും ബോധ്യമുള്ളതുകൊണ്ടുതന്നെയാണ് പൊലീസിനോട് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് എന്നാണ് സര്‍ക്കാരിന്റെ പക്ഷം. അതിന്റെ ഭാഗമായാണ് വിജയ്ക്ക് റോഡ് ഷോ നടത്തുന്നതിന് അനുമതി നിഷേധിച്ചത്. പകരം പ്രത്യേക ഒരുക്കിയ ബസിലായിരുന്നു വിജയ് ജനങ്ങള്‍ക്കിടയില്‍ എത്തിയത്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, കരൂരില്‍ മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടത് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നതിനു തെളിവാണ്. വന്നവരില്‍ കുട്ടികള്‍ മാത്രം ആയിരത്തിലേറെ വരുമെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരിലുമുണ്ട് ഏഴ് കുട്ടികള്‍. വേദികളില്‍ അടിസ്ഥാന വൈദ്യസഹായവും കുടിവെള്ളവും സംഘാട കര്‍ ഉറപ്പാക്കണമെന്നായിരുന്നു മറ്റൊരു വ്യവസ്ഥ. വേദിക്ക് സമീപം ആംബുലന്‍സുകള്‍ക്ക് യാത്ര ചെയ്യാന്‍ തടസമുണ്ടാകരുതെന്നും നിര്‍ദേശിച്ചിരുന്നു. എല്ലാംകാറ്റില്‍ പറത്തി.

രാഷ്ട്രീയ മോഹവുമായി 2009 ലാണ് വിജയ് തന്റെ ഫാന്‍ ക്ലബ് ആയ വിജയ് മക്കള്‍ ഇയക്കം ആരംഭിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടന അണ്ണാ ഡി.എം.കെസഖ്യത്തെ പിന്തുണച്ചു. 2021 ഒക്ടോബറില്‍ തമിഴ്‌നാട്ടില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഫാന്‍ ക്ലബ് മത്സരിച്ചു. മത്സരിച്ച 169 സീറ്റുകളില്‍ 115 സീറ്റിലും വിജയിക്കുകയും ചെയ്തു. ശേഷം 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിയായി തമിഴക വെട്രി കഴകം പ്രഖ്യാപിക്കുന്നത്. ഒരു വര്‍ഷത്തോളം വലിയ ഓളമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ലെങ്കിലും പിന്നീട് സ്ഥിതി മാറി. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് കളമറിഞ്ഞ് പണിതുടങ്ങി. അടുത്തിടെ അദ്ദേഹം നടത്തിയ വിവാദപ്രസംഗങ്ങളും അതിനു പിന്നാലെ പര്യടനത്തിനു തുടക്കം കുറിച്ചതും. സിനിമ പോലെത്തന്നെ ജനവിധിയും ഭാ ഗ്യവും തുണച്ചാല്‍ മാത്രമേ രാഷ്ട്രീയയാത്ര നൂറുകോടി ക്ലബ്ബിലെത്തൂ എന്നുള്ള തിരിച്ചറിവു കൂടി വിജയ്ക്ക് ഉണ്ടാകേണ്ടതുണ്ട്. ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തി കോടതിയുടെ പഴി പോലും കേള്‍ക്കേണ്ടി വന്ന വിജയ്ക്ക് പ്രത്യയ ശാസ്ത്രമോ കൃത്യമായ കാഴ്ചപ്പാടോ ഇല്ല. ഇപ്പോഴും താരങ്ങളുടെ രസികര്‍ മണ്‍ട്രം പോലൊരു തട്ടിക്കൂട്ട് സെറ്റപ്പിലാണ് പാര്‍ട്ടിയെ ഓടിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങളെ നിയന്ത്രിക്കാനൊ മറ്റോ ശേഷിയുള്ള രണ്ടാം നിര നേതാക്കള്‍ പാര്‍ട്ടിയില്‍ തുലോം കുറവാണ്. കരൂര്‍ ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം കണ്ണീര്‍ വീഡിയോ പുറത്തിറക്കിയതു കൊണ്ട് മാത്രം ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും അദ്ദേഹത്തിന് ഒഴിയാനാവില്ല. രാഷ്ട്രീയപരമായ മാനങ്ങള്‍ എത്ര ചമച്ചാലും ഈ മരണങ്ങള്‍ക്ക് വിജയ് ഉത്തരവാദിത്തം പറയേണ്ടിവരും.

Continue Reading

Article

വിളിച്ചുവരുത്തിയ വിന

EDITORIAL

Published

on

തമിഴ്‌നാട്ടിലെ കരൂരില്‍ നടന്‍ വിജയ്‌യുടെ പര്യടനത്തിനിടെ പിഞ്ചുകുട്ടികളുള്‍പ്പെടെ നാല്‍പ്പത് പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തെ വിളിച്ചുവരുത്തിയ വിന എന്നുമാത്രമേ വിശേഷിപ്പിക്കാനാകൂ. ജനക്കൂട്ടം ഒഴുകിയെത്തുമെന്ന കൃത്യമായ ധാരണയുണ്ടായിട്ടും ഒരു മുന്‍കരുതലുമെടുത്തില്ലെന്നു മാത്രമല്ല, അധികൃതരുടെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍പറത്തുകയും ചെയ്ത പരിപാടിയുടെ സംഘാടകരായ വെട്രി കഴകം പാര്‍ട്ടിക്കോ അതിന്റെ സംസ്ഥാന അധ്യക്ഷനായ നടന്‍ വിജയിക്കോ ഈ ദുരന്തത്തിന്റെ ഉ ത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരിക്കലും സാധ്യമല്ല. എം.ജി.ആറിന്റെയും ജയലളിതയുടെയും ചുവടു പിടിച്ച്, അഭ്രപാളിയില്‍ കത്തിനില്‍ക്കുമ്പോള്‍ തന്നെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിപദം ലക്ഷ്യംവെക്കുകയും അത് ഉറക്കെ പറയുകയും ചെയ്ത് രാഷ്ട്രീയ പ്രവേശം നടത്തിയ ഇളയദളപതി പക്ഷേ അതിനുവേണ്ടത്ര ഗൃഹപാഠങ്ങളൊന്നും ചെയ്തിട്ടില്ലെന്നതാണ് ശനിയാഴ്ച്ചയുണ്ടായ ധാരുണ സംഭവങ്ങള്‍ തെളിയിക്കുന്നത്. രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളും ആള്‍ക്കൂട്ടത്തിന്റെ മനശാസത്രവുമൊ ന്നും മനസ്സിലാക്കാതെയുള്ള വിജയ്‌യുടെ യാത്രയില്‍ ഇങ്ങനയൊരു ദുരന്തം ഒളിഞ്ഞിരിപ്പുണ്ടെന്നതിനുള്ള സൂചനകള്‍ നേരത്തെതന്നെ പ്രകടമായതാണ്. അത് എപ്പോള്‍ എവിടെ വെച്ച് എന്നുള്ളതിനുള്ള ഉത്തരമാണ് ശനിയാഴ്ച്ച കരൂരിലെ വേലുച്ചാമിപുരത്തുനിന്നുണ്ടായിരിക്കുന്നത്.

ഈ മാസം 13 നാണ് വിജയ്‌യുടെ സംസ്ഥാന പര്യടനം ആരംഭിച്ചത്. ശനിയാഴ്ച നാമക്കലിലും കരൂരിലുമായിരുന്നു റാലി. അരലക്ഷത്തോളം പേരാണ് കരൂര്‍ വേലുച്ചാമി പുരത്ത് വിജയെ കാണാനായി തടിച്ചുകൂടിയത്. പകല്‍ 1.45 ഓടെ വിജയ് കരൂരില്‍ എത്തുമെന്നാണ് അറിയിച്ചത് എന്നാല്‍ അഞ്ചുമണിക്കൂറോളം വൈകി രാത്രി 7.20 ഓടെയാണ് വിജയ് എത്തിയത്. വിജയയെ കാത്ത് രാവിലെ മുതല്‍ സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ള ജനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. പരിപാടിക്ക് 10,000 പേര്‍ മാത്രമേ എത്തിച്ചേരുള്ളൂ എന്നാണ് ടിവികെ നേതൃത്വം കരുതിയിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് അനിയന്ത്രിതമായി പ്രദേശത്തേക്ക് ജനമൊഴുകിയെത്തി. രാവിലെ മുതല്‍ കാത്തിരുന്ന പലരും തിരക്ക് അനിയന്ത്രിതമായതോടെ തളര്‍ന്നുവീണു. പ്രദേശത്ത് പന്തലോ മറ്റ് സൗകര്യങ്ങളോ ഒരുക്കിയിരുന്നില്ല. കുടിവെള്ളവും ലഭ്യമാക്കിയിരുന്നില്ല. കനത്ത ചൂടും മണിക്കൂറുകളുടെ കാത്തിരിപ്പും തിരക്കും ആയതോടെ ആളുകള്‍ തളര്‍ന്നുവീണുതുടങ്ങി. പ്രചരണവാഹനത്തിനു മുകളില്‍ നിന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്തത്. വാഹന ത്തിനടുത്തേക്ക് ആളുകള്‍ എത്താന്‍ ശ്രമിച്ചതോടെ തിര ക്കില്‍പ്പെട്ട് പലരും ശ്വാസം മുട്ടി വീണു. വാഹനത്തിനു മുകളില്‍ നിന്ന് വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞു നല്‍കുകയുമുണ്ടായി. ഈ വെള്ളക്കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതും ദുരന്തത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അപകടമുണ്ടായതിന് പിന്നാലെ കാരവനില്‍ കയറി ദുരന്തമുഖത്ത് നിന്നും സ്ഥലം വിട്ട വിജയയെ പിന്നീട് കാണുന്നത് എസ്.യുവി വാഹനത്തില്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ്. ഇവിടെവെച്ചുപോലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ അദ്ദേഹം ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഇതിനൊക്കെ ശേഷമാണ് എക്‌സില്‍ താരത്തിന്റെതായ ഒരു കുറിപ്പ് ദുരന്തം സംബന്ധിച്ച് ആദ്യമായി പുറത്തുവരുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ നേതാവ്, അടുത്ത മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞ, ആറ് മാസത്തിനകം അധികാരം മാറുമെന്ന് പൊലീസിനെ താക്കീത് ചെയ്ത വിജയ് ആളുകള്‍ കുഴഞ്ഞുവീഴുന്നത് കണ്ടിട്ടും തന്റെ പ്രസംഗം തുടര്‍ന്ന് പിന്നീട് അപകടം വലിയ ദുരന്തത്തിലേക്കെത്തിയപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ചോദ്യം തമിഴ്‌നാട്ടില്‍ വ്യാപകമായി ഉയരുകയാണ്.

രാജ്യത്ത് ആള്‍ക്കൂട്ട ദുരന്തങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ജൂണ്‍ നാലിന് ബെംഗളൂരു നഗരവും സമാനമായ ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയുണ്ടായി. 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയതിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആഘോഷമായിരുന്നു അന്ന് ദുരന്തത്തില്‍ കലാശിച്ചത്. ടീമിന്റെ വിക്ടറി പരേഡിനിടെ 11 പേരാണ് തിക്കിലും തിരക്കിലും ജീവന്‍ വെടിഞ്ഞത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലുണ്ടായ തിരക്കില്‍ 18 പേരുടെയും മഹാകുംഭമേളക്കിടെ 25 ഓളം പോരുടെയും ജീവന്‍ നഷ്ടമായതിന് രാജ്യം സാക്ഷ്യംവഹിച്ചിട്ട് അധിക കാലമായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങള്‍ തരങ്കംതീര്‍ക്കുന്ന പുതിയ കാലത്ത് രാഷ്ട്രീയം, കല, സാംസ്‌കാരി കം എന്നിങ്ങനെ എന്തിന്റെ പേരിലും ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തര ത്തിലുള്ള ഏതു കൂടിച്ചേരലുകളും യുവാക്കളുടെയും കു ട്ടികളുടെയുമെല്ലാം അനസ്യൂതമായ ഒഴുക്കിന് വേദിയായി ക്കൊണ്ടിരിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തു കയെന്നത് വളരെ എളുപ്പമാണെങ്കിലും അതിനെ നിയന്ത്രി ക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഈ മുന്നറി യിപ്പുകൂടിയാണ് ഇത്തരം ദുരന്തങ്ങള്‍ നല്‍കുന്നു പാഠം

Continue Reading

Article

ജി.എസ്.ടി ആനുകൂല്യവും പ്രായോഗികതയും

EDITORIAL

Published

on

കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടി നിരക്കിളവ് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് സര്‍ക്കാറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്നതെങ്കിലും അതിന്റെ ആനുകൂല്യങ്ങള്‍ അവരിലേക്കെത്താന്‍ കടമ്പകള്‍ ഏറെയുണ്ടെന്നതാണ്, നിയമം പ്രായോഗികപദത്തിലെത്തിയപ്പോഴുള്ള വിലയിരുത്തല്‍. നാല് സ്ലാബുകളുണ്ടായിരുന്ന ജി.എസ്.ടി രണ്ടു സ്ലാബുകളായി പുനസംഘടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. 5, 12, 18, 28 എന്നിങ്ങനെയായിരുന്നു നേരത്തെ എങ്കില്‍ ഇനി മുതല്‍ ഇതില്‍ 12, 28 സ്ലാബുകള്‍ ക്ക് പകരം നാല്, 18 സ്ലാബുകളിലായിരിക്കും നികുതി കണക്കാക്കുക. ഭൂരിഭാഗം പാക് ചെയ്ത ഭക്ഷ്യോത്പന്നങ്ങളുടെയും തീരുവ അഞ്ചു ശതമാനമാവുമെന്നതാണ് വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്യ്, പനീര്‍, ഭട്ടര്‍, കെച്ചപ്പ്, ജാം, ഡ്രൈ ഫ്രൂട്ട്‌സ്, കോഫി, ഐസ്‌ക്രീം എന്നിവ ഈ പട്ടികയില്‍ വരും. കൂടാതെ ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങി ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സുകള്‍ക്കും (എഫ്.എം.സി.ജി) വില കുറയുമെന്നായിരുന്നു സര്‍ക്കാറിന്റെ അവകാശവാദം. മരുന്നുകുള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവയുടെ തീരുവയും കുറയുന്നുണ്ട്. കാറുകളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമായാണ് കുറച്ചത്. അതേസമയം ആഢംബര ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം എന്ന പ്രത്യേക സ്ലാബ് നിശ്ചയിച്ചിട്ടുണ്ട്. ആഢംബര ഉത്പന്നങ്ങള്‍ക്ക് നേരത്തെ 28 ശതമാനം ജി.എസ്.ടിക്കു പുറമെ പ്രത്യേക സെസ് ആണ് ഏര്‍പ്പെടുത്തിയിരുന്നത്.

നിരക്കിളവ് ജനങ്ങളിലേക്കെത്തുമോയെന്ന ആശങ്കകള്‍ക്ക് അടിവരയിടുന്നതാണ് തുടക്കത്തില്‍ തന്നെ വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. വിലകുറയുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അവശ്യ സാധനങ്ങളില്‍ പലതിനും ഇപ്പോഴും വിലയില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. ബേക്കറി ഉല്‍പന്നങ്ങള്‍, മസാല സാധനങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍, ഇരുമ്പു സാധനങ്ങള്‍ തുടങ്ങിയവക്കെല്ലാം പഴയ വിലതന്നെയാണ് നിലവിലുള്ളത്. മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെട്ടുതുടങ്ങിയിട്ടില്ല. തങ്ങളുടെ കൈവശമുള്ള സ്‌റ്റോക്കുകള്‍ പഴയ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് കമ്പനികള്‍ തിരിച്ചെടുക്കാത്തതിനാലാണ് വിലയില്‍ മാറ്റംവരുത്താന്‍ കഴിയാത്തതെന്നുമാണ് വ്യാപാരികളുടെ പക്ഷം. പഴയ സംവിധാനത്തില്‍ 12, 18 ശതമാനം നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ പുതിയ രീതിയനുസരിച്ച് അഞ്ചുശതമാനം നിരക്കില്‍ വിറ്റയിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം ആരു നികത്തുമെന്ന ചോദ്യം ന്യായവും ഭരണകൂടം ഉത്തരം നല്‍കേണ്ടതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നേരത്തെയുള്ള സ്‌റ്റോക്കുകള്‍ കമ്പനികളിലേക്ക് തിരിച്ചയക്കണമെന്നും പകരം പുതിയ നികുതി നിരക്കില്‍ സാധന ങ്ങള്‍ ഇറക്കണമെന്നുമാണ് ഇതിനുള്ള അധികൃതരുടെ മറുപടി. അപ്പോള്‍ കമ്പനികള്‍ക്ക് വരുന്ന നഷ്ടം ആരു നികത്തുമെന്ന ചോദ്യത്തിന് സര്‍ക്കാറിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സാധനങ്ങളും വീട്ടുപകരണങ്ങളുമുള്‍പ്പെടെ ഏകദേശം 99 ശതമാനം വസ്തുക്കളും അഞ്ച്, 18 ശതമാനം നികുതിയിലേക്ക് മാറിയിട്ടും അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയിട്ടില്ലെന്നത് ഇതുമായ ബന്ധപ്പെട്ട് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ആശങ്കക്ക് അടിവരയിടുകയാണ്.

രാജ്യത്ത് ജി.എസ്.ടി കൊണ്ടുവന്ന ഘട്ടത്തില്‍ രൂപപ്പെട്ട അതേ അവ്യക്തത പുതിയ പരിശ്കാരത്തിലും തുടരുന്നുവെന്നത് വ്യക്തമാവുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പുമുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമാണിതെന്ന ആരോപണത്തെ സര്‍ക്കാര്‍ സമീപനം തന്നെ അടി വരയിടുന്നുണ്ട്. വേണ്ടത്ര പഠനങ്ങളോ ആലോചനകളോ ഇല്ലാത്തതിന്റെ പ്രയാസങ്ങള്‍ തുടക്കത്തില്‍ തന്നെ മുഴച്ചുനില്‍ക്കുകയാണ്. 500 ഓളം സാധനങ്ങളിലാണ് നിരക്കിളവ് ഉണ്ടാകേണ്ടത്. നാലുകോടിയോളം വരുന്ന ചില്ലറ വ്യാപാരികളിലൂടെയാണ് ഈ ഇളവ് ജനങ്ങളിലേക്കെത്തേണ്ടത്. അതുകൊണ്ടുതന്നെ ശക്തമായ നിരീക്ഷണം ഉണ്ടായിട്ടില്ലെങ്കില്‍ നേട്ടം ജനങ്ങളിലേക്കെത്തില്ലെന്നുറപ്പാണ്. തുടക്കത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയപടിയില്‍ തന്നെയായിരിക്കുമെന്നകാര്യത്തില്‍ സംശയത്തിനുപോലും ഇടയില്ല. കമ്പനികളും ഇടനിലക്കാരുമെല്ലാം ആനുകൂല്യങ്ങളുടെ പങ്ക് മുഴുവന്‍ പറ്റുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക. സംസ്ഥാനങ്ങള്‍ക്ക് കിട്ടേണ്ട വരുമാനവും വലിയതോതില്‍ കുറയുമെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ മറ്റൊരുവശം. 2017ല്‍ അവതരിപ്പിച്ച ജി.എസ്.ടി യുടെ സ്ലാബ് സ്ട്രക്ചര്‍ തന്നെ വലിയ ആശയക്കുഴപ്പത്തിനും അനീതിക്കും ഇടയാക്കിയിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെ വിഭജിച്ച നിരക്കുകള്‍, ആദ്യം തന്നെ ധനികര്‍ക്കു സൗകര്യവും സാധാരണക്കാര്‍ക്ക് ഭാരവും നല്‍കുന്ന രീതിയിലായിരുന്നു. ദിവസേന ആവശ്യമായ പല സാധനങ്ങളും 18% സ്ലാബിലേക്ക് കയറി. 28% വരെ എത്തിച്ച ചില ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാണ മേഖലയെയും അടിസ്ഥാന സൗകര്യ വികസനത്തെയും ബാധിച്ചു. എട്ട് വര്‍ഷമായി നികുതി കൊള്ളയിലൂടെ സമാഹരിച്ച പണം എവിടെ പോയി എന്ന ചോദ്യവും ഇവിടെ ഉയരുകയാണ്.

Continue Reading

Trending