Connect with us

india

രാജ്യത്തിന്റെ കണ്ണും കാതും കര്‍ണാടകയിലേക്ക്; എട്ടു മണി മുതല്‍ വോട്ടെണ്ണും

അന്തിമ ഫലപ്രഖ്യാപനം വൈകീട്ടോടെ മാത്രമേ പുറത്തുവരൂ.

Published

on

ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം. രാജ്യത്തിന്റെ കണ്ണും കാതും കര്‍ണാടകയിലേക്ക്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സജ്ജീരണങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഓരോ മണ്ഡലത്തിലേയും വോട്ടുകള്‍ ഓരോ കേന്ദ്രത്തില്‍ എന്ന ക്രമത്തിലാണ് എണ്ണുക.

224 നിയമസഭാ മണ്ഡലങ്ങള്‍ക്കായി അത്ര തന്നെ കൗണ്ടിങ് കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ കൗണ്ടിങ് കേന്ദ്രങ്ങളിലും 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിക്കുക. ഒരു ടാബുലേഷന്‍ ടേബിളുമുണ്ടാകും. വിവിധ ടേബിളുകളില്‍ എണ്ണുന്ന വോട്ടുകള്‍ കൂട്ടിച്ചേര്‍ത്ത് കൃത്യമായ ഭൂരിപക്ഷം കണക്കാക്കു ടാബുലേഷന്‍ ടേബിളിലാകും. രാവിലെ കൃത്യം എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

ഏഴു മണിക്കു തന്നെ ഉദ്യോഗസ്ഥരോട് കൗണ്ടിങ് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതീവ സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് മെഷീനുകള്‍ അതത് മണ്ഡലത്തിലെ വരണാധികാരിയുടെ സാന്നിധ്യത്തിലാകും പുറത്തെടുക്കുക. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ആദ്യ 10 മിനുട്ടില്‍ തന്നെ ഫലസൂചനകള്‍ വന്നു തുടങ്ങും. തുടര്‍ന്ന് ക്രമമനുസരിച്ച് ഇ.വി.എമ്മുകള്‍ എണ്ണിത്തിട്ടപ്പെടുത്തും. മുഴുവന്‍ ഇ.വി.എമ്മുകളും എണ്ണിത്തീര്‍ന്ന ശേഷം ഓരോ മണ്ഡലത്തിലും റാന്‍ഡം അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് രസീതുകള്‍ കൂടി എണ്ണിത്തിട്ടപ്പെടുത്തും.

ഇ.വി.എമ്മിലേയും വി.വി.പിറ്റ് രശീതിലേയും വോട്ടുകള്‍ തുല്യംചെയ്തു നോക്കി ക്രമക്കേട് നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമായിരിക്കും അന്തിമ ഫലപ്രഖ്യാപനം പുറത്തു വരിക. ആദ്യ മണിക്കൂറില്‍ തന്നെ സംസ്ഥാന രാഷ്ട്രീയം എങ്ങോട്ട് എന്നതിന്റെ സൂചനകള്‍ ലഭിക്കും. ഉച്ചയോടെ ഭരണം ആര്‍ക്ക് എന്നതു സംബന്ധിച്ച കൃത്യമായ ചിത്രം തെളിയും. അതേസമയം വി.വിപാറ്റ് എണ്ണാന്‍ താമസമെടുക്കുന്നതിനാല്‍ അന്തിമ ഫലപ്രഖ്യാപനം വൈകീട്ടോടെ മാത്രമേ പുറത്തുവരൂ. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് സമീപം സെക്ഷന്‍ 144 പ്രകാരമുള്ള നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

india

ഡിറ്റ് വാ ചുഴലിക്കാറ്റ്: തമിഴ്‌നാട്ആന്ധ്ര തീരത്ത് ശക്തമായ മഴ; നാല് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

Published

on

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാടിന്റെ തീരദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂര്‍ ജില്ലകളിലും കേന്ദ്ര ജല കമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്ന മുന്നറിയിപ്പും പുറത്തുവിട്ടു.

തുടര്‍ച്ചയായ മഴയില്‍ തമിഴ്‌നാട്ടില്‍ ഇതുവരെ നാല് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

ശക്തമായി ആഞ്ഞടിച്ച ശ്രീലങ്കയില്‍ ദുരന്തസ്ഥിതി തുടരുകയാണ്. അവിടെ 334 പേര്‍ മരിച്ചു, 370 പേര്‍ കാണാതായി, രാജ്യത്തെ 25 ജില്ലകളിലായി 11 ലക്ഷം പേര്‍ ചുഴലിക്കാറ്റിന്റെ ബാധിതരായി.

ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ഇരുരാജ്യങ്ങളിലും പുരോഗമിക്കുകയാണ്.

 

Continue Reading

india

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: ഏകോപിത അന്വേഷണം സി.ബി.ഐക്ക്

സംസ്ഥാനങ്ങള്‍ അന്വേഷണം അനുവദിക്കുമെന്നും പൂര്‍ണമായി സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമാകുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകേസുകളില്‍ ഏകോപിതവും സമഗ്രവുമായ അന്വേഷണം നടത്താനുള്ള ചുമതല സുപ്രീംകോടതി സി.ബി.ഐക്ക് നല്‍കി. സംസ്ഥാനങ്ങള്‍ അന്വേഷണം അനുവദിക്കുമെന്നും പൂര്‍ണമായി സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.

സൈബര്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതില്‍ എ.ഐയും മെഷീന്‍ ലേണിങ് സാങ്കേതികവിദ്യകളും ഉപയോഗിക്കാത്തതിനെ കുറിച്ച് റിസര്‍വ് ബാങ്കില്‍ നിന്ന് വിശദീകരണം തേടി കോടതി നോട്ടീസ് നല്‍കി. കൂടാതെ സംസ്ഥാന, റീജനല്‍ തലങ്ങളില്‍ സൈബര്‍ ക്രൈം കോആര്‍ഡിനേഷന്‍ സെന്ററുകള്‍ രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹരിയാനയിലെ മുതിര്‍ന്ന ദമ്പതികള്‍ ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. മുതിര്‍ന്ന പൗരന്മാരാണ് കൂടുതലും തട്ടിപ്പുകാര്‍ക്ക് ഇരയാകുന്നത് എന്ന കോടതി നിരീക്ഷണം ശ്രദ്ധേയമാണ്.

സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്നതിനായി സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് ബെഞ്ച് വ്യക്തമാക്കി. പല സിം കാര്‍ഡുകള്‍ ലഭ്യമാകുന്നത് തട്ടിപ്പിന് സഹായകരമാകുന്നതിനാല്‍ ടെലികോം വകുപ്പ് കര്‍ശന നിയന്ത്രണം ഉറപ്പാക്കണം എന്നും നിര്‍ദേശം നല്‍കി.

തട്ടിപ്പുകാര്‍ക്ക് വ്യാജ അക്കൗണ്ടുകള്‍ തുറക്കാന്‍ സഹായിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി. രാജ്യത്ത് 3000 കോടി രൂപയിലധികം സൈബര്‍ തട്ടിപ്പ് നടന്നതായി കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീംകോടതി കര്‍ശന ഇടപെടല്‍ പ്രഖ്യാപിച്ചത്.

ഡിജിറ്റല്‍ അറസ്റ്റ് കേസുകള്‍ ഉരുക്കുമുഷ്ടിയോടെ കൈകാര്യം ചെയ്യുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Continue Reading

india

‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

Published

on

ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.​ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.

‘തീരുമാനം തീർത്തും അന്യായമാണ്. ​ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.

Continue Reading

Trending