Connect with us

kerala

കൈതോലപ്പായ വെളിപ്പെടുത്തലില്‍ കേസെടുക്കാത്തതെന്തുകൊണ്ട്?; പിണറായി വിജയന്റേത് ഇരട്ടനീതി: വി.ഡി സതീശന്‍.

കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ പൊലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കയാണ്.

Published

on

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റേത് ഇരട്ടനീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോപണം അടിവരയിടുന്ന നടപടികളാണ് അടുത്തിടെയുണ്ടായ എല്ലാ സംഭവങ്ങളിലുമുണ്ടാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ പുറത്തുവിട്ട കൈതോലപ്പായ ആരോപണത്തില്‍ കേസെടുക്കാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കെതിരായ ഗുരുതര ആരോപണത്തില്‍ ബെന്നി ബഹ്നാന്‍ എം.പി ഡി.ജിപിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും അന്വേഷണത്തിന് തയാറായില്ല. എ.ഐ ക്യാമറ, കെ ഫോണ്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രിക്ക് ബന്ധമുള്ള കമ്പനികളെ സംബന്ധിച്ചുള്ള ആരോപണങ്ങളിലും കേസെടുത്തില്ല. കോവിഡ് മഹാമാരി കാലത്ത് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ പര്‍ച്ചേസ് കൊള്ളയിലും കേസില്ല. മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്സോ കേസിലെ പെണ്‍കുട്ടി സുധാകരനെതിരെ മൊഴി നല്‍കിയെന്ന വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെയോ അത് ആവര്‍ത്തിച്ച എം.വി ഗോവിന്ദനെതിരെയോ പരാതി നല്‍കിയിട്ടും കേസില്ല. മാതൃഭൂമിയിലെ റിപ്പോര്‍ട്ടര്‍മാരോട് സംസ്ഥാനത്തെ ഉന്നതനായ ഉദ്യോഗസ്ഥന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചതായി എല്‍.ഡി.എഫ് ഘടകകക്ഷി നേതാവ് കൂടിയായ ശ്രേയാംസ് കുമാര്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. അതേസമയം ദേശാഭിമാനി വാര്‍ത്തയെ അടിസ്ഥാനമാക്കി ആലപ്പുഴയിലെ കെ.എസ്.യു നേതാവിനെതിരെ കേസെടുത്തു. വ്യാജ വാര്‍ത്തക്കെതിരെ കെ.എസ്.യു നേതാവ് നല്‍കിയ പരാതിയില്‍ കേസില്ല. സമരം ചെയ്ത എം.എസ്.എഫ് നേതാക്കള്‍ക്ക് പൊലീസ് കൈവിലങ്ങണിയിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന് അറസ്റ്റിലായ എസ്.എഫ്.ഐ നേതാവിന് പൊലീസ് കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളോട് സംസാരിക്കാന്‍ അവസരമൊരുക്കിക്കൊടുത്തു. എഴുതാത്ത പരീക്ഷ ജയിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നല്‍കിയ പരാതിയില്‍ വനിതാ മാധ്യമ പ്രവര്‍ത്തക ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. സി.പി.എം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ നിരന്തര വെളിപ്പെടുത്തലുണ്ടായിട്ടും കേസെടുത്തില്ല. ഇത് ഇരട്ടനീതിയാണ് അദ്ദേഹം തുറന്നടിച്ചു.

സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി രൂപ വാങ്ങിയ ഇ.പി. ജയരാജനാണ് കൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ വരുന്നത്. ഇ.പി. ജയരാജന്റെ ചരിത്രമൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്. പഴയ ദേശാഭിമാനി പത്രത്തിനു വേണ്ടി, ലോട്ടറി മാഫിയ രാജാവായിരുന്ന സാന്റിയാഗോ മാര്‍ട്ടിന്റെ കയ്യില്‍നിന്ന് ഡ്രാഫ്റ്റ് വാങ്ങിച്ചതാണ്, രണ്ടു കോടി രൂപയുടെ ഡ്രാഫ്റ്റ്. എന്നിട്ടാണ് കൈതോലപ്പായയില്‍ പൊതിഞ്ഞ് പണം കൊണ്ടുപോയതിനെ ന്യായീകരിക്കാന്‍ അതേ ജയരാജന്‍ വരുന്നത്. പാര്‍ട്ടി വേദിയില്‍വെച്ചാണ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ജയരാജനെതിരേ ഗുരുതര ആരോപണമുണ്ടായത്. ആ ജയരാജനാണ് ഞങ്ങള്‍ക്കെതിരേ ആക്ഷേപം ഉന്നയിക്കുന്നത്.

കേരളത്തില്‍ ഇതുവരെ കാണാത്ത തരത്തില്‍ പൊലീസിന്റെ കയ്യും കാലും കെട്ടിയിട്ടിരിക്കയാണ്. പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് ഒരു സംഘം, അവര്‍ക്കെതിരായ വരുന്ന കേസുകളെല്ലാം ഒഴിവാക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരായി വ്യാജകേസുകള്‍ കെട്ടിച്ചമയ്ക്കുന്നു. ഇതാണ് കേരളത്തിലെ സ്ഥിതി. ഇതിനെതിരായി രാഷ്ട്രീയമായും നിയമപരമായും പോരാടും. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

മുന്‍ ഡ്രൈവറുടെ മൊഴിയില്‍ കെ. സുധാകരനെതിരെ കേസെടുക്കുന്നവര്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് 2.35 കോടി രൂപ പിണറായി വിജയന്‍ കാറില്‍ കൊണ്ടു പോയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും സന്തതസഹചാരിയുമായിരുന്ന ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? ഡ്രൈവറുടെ മൊഴിയേക്കാള്‍ എത്രയോ വിശ്വസനീയമാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍.

വെളിപ്പെടുത്തലില്‍ കേസെടുക്കാതെ ശക്തിധരനെതിരെ സൈബര്‍ ആക്രമണം നടത്തുകയാണ്. ഹീനമായ സൈബര്‍ ആക്രമണമാണ് എല്ലാവര്‍ക്കും എതിരെ നടത്തുന്നത്. മുഖ്യമന്ത്രിക്കെതിരെ എന്ത് പറഞ്ഞാലും അപ്പോള്‍ കേസെടുക്കും. ദേശാഭിമാനി പത്രം എല്ലാദിവസവും എനിക്ക് വേണ്ടി പ്രത്യേകമായി പേജ് മാറ്റിവച്ചിരിക്കുകയാണ്. ദുബായിലെ ഹോട്ടലില്‍ നിക്ഷേപമുണ്ടെന്നും ഖത്തറിലെ വ്യവസായിയുമായും ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇവരുമായൊക്കെ എന്നേക്കാള്‍ കൂടുതല്‍ ബന്ധം പിണറായി വിജയനും എം.വി ഗോവിന്ദനുമുണ്ട്. ഒരു ബന്ധവുമില്ലെന്ന് ദേശാഭിമാനി പറഞ്ഞാല്‍ അതിന് തെളിവ് തരാം. അവരെയൊന്നും ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. ഹോട്ടലില്‍ ഓഹരി ഉണ്ടെന്ന് തെളിയിച്ചാല്‍ ആ പണം മുഴുവന്‍ ദേശാഭിമാനിക്ക് നല്‍കും. വാര്‍ത്തയെ നിയമപരമായി നേരിടാന്‍ ഉദേശിക്കുന്നില്ല. ഒരാള്‍ മൊഴി കൊടുത്തെന്ന രീതിയിലുള്ള വാര്‍ത്തയില്‍ എന്ത് ചെയ്യാന്‍ കഴിയും? അദ്ദേഹം ചോദിച്ചു.

സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ഒരു കര്‍ഷകരുമില്ല. നാളീകേര സംഭരണം മുടങ്ങി. നെല്‍ കര്‍ഷകര്‍ക്ക് ആയിരം കോടി രൂപ കൊടുക്കാനുണ്ട്. റേഷന്‍ വിതരണം സ്തംഭിച്ചിട്ട് രണ്ട് വര്‍ഷമായി. കൊള്ളസംഘങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കു വേണ്ടിയുള്ള ഈ സര്‍ക്കാര്‍ മോദിയെ അനുകരിക്കുകയാണ്. ഇതൊരു തീവ്രവലതുപക്ഷ സര്‍ക്കാരാണ്.

മെയ് മൂന്ന് മുതല്‍ നിരന്തര സംഘര്‍ഷം നടക്കുന്ന മണിപ്പൂരില്‍ സമാധാനത്തിന്റെ സന്ദേശവുമായി എത്തിയ രാഹുല്‍ ഗാന്ധിയെ തടയാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ശ്രമത്തെ അപലപിക്കുന്നു. ഒരു സംസ്ഥാനം കത്തിയെരിയുമ്പോള്‍ അതേപ്പറ്റി പ്രതികരിക്കാന്‍ പോലും തയാറാകാത്ത പ്രധാനമന്ത്രിയാണ് സമാധനത്തിന്റെ സന്ദേശവുമായെത്തിയ രാഹുല്‍ ഗാന്ധിയെ തടയുകയും അദ്ദേഹത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചതും. ജനങ്ങളെ ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് രാഹുല്‍ മണിപ്പൂരിലെത്തിയത്. ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് ഇനിയും തുടരും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചന്ദ്രിക എജ്യൂ എക്‌സല്‍ വരവേറ്റ് തിരൂര്‍

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു

Published

on

തിരൂര്‍: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്ന് ആഘോഷമാക്കി തിരൂര്‍. ഇന്ന് രാവിലെ 9.30യോടെ തിരൂരിലെ തുഞ്ചന്‍പറമ്പ് മെമ്മോറിയല്‍ ഹാളിലാണ് പരിപാടി നടന്നത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരുപാടി ഡോ: എം.പി അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

പത്താം ക്ലാസ്, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിജയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറ വില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഈ മാസം കഴിഞ്ഞ ശനിയാഴ്ച മഞ്ചേരിയിലായിരുന്നു ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന്റെ തുടക്കം. ഇന്ന് തിരൂരിലും പിന്നീട് കണ്ണൂര്‍, വയനാട്, പട്ടാമ്പി, കൊല്ലം, ആലുവ എന്നിവടങ്ങളിലായി അടുത്ത ദിവസങ്ങളിലും പരിപാടി നടക്കും.

Continue Reading

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending