Connect with us

kerala

സ്വപ്‌നങ്ങളെ സിദ്ധാന്തമാക്കിയ സി.എച്ച്: സാദിഖലി ശിഹാബ് തങ്ങള്‍

സി.എച്ച് വിടപറഞ്ഞിട്ട് 40 വര്‍ഷം

Published

on

സാദിഖലി ശിഹാബ് തങ്ങള്‍/ റവാസ് ആട്ടീരി

? നാല്‍പ്പതാണ്ടിനിപ്പുറം സി.എച്ചിനെ ഓര്‍ത്തെടുക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത്

= ‘സി.എച്ച്’ എന്ന് കേള്‍ക്കുമ്പോള്‍ ഇതിഹാസ പുരുഷനാണ് മനസില്‍ ആദ്യം തെളിഞ്ഞുവരുന്നത്. അത് ആലങ്കാരികമല്ല. സമുദായത്തിന്റെ ഓരോ നിശ്വാസത്തിലും അലിഞ്ഞുചേര്‍ന്ന സത്യമാണത്. സി.എച്ചാണ് കേരള മുസ്‌ലിംകളുടെ സ്വത്വബോധത്തെ വളര്‍ത്തി വലുതാക്കിയത്. അദ്ദേഹത്തിന്റെ സംഭാവനകളെ സാങ്കല്‍പികമായി ഒന്നു മാറ്റിനിര്‍ത്തി നോക്കൂ. എത്രമേല്‍ വലിയ ശൂന്യതയാകും ആ ഭാവനയില്‍ രൂപപ്പെടുക. ഏറെ കാലം പിന്നില്‍ നില്‍ക്കുന്ന സമൂഹത്തെയും നിങ്ങള്‍ക്ക് ആ കണ്ണാടിയില്‍ കാണാം. ‘ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്നായിരുന്നു സി.എച്ചിനെ വിശേഷിപ്പിച്ചിരുന്നത്. പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി ആയുഷ്‌കാലം മുഴുവന്‍ പോരാടിയ സി.എച്ചിനോട് ആ വിശേഷണം പൂര്‍ണമായും അര്‍ത്ഥം ചേര്‍ന്നുനിന്നു. മികച്ച ഭരണാധികാരി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, സാംസ്‌കാരിക നായകന്‍, സമുദായ സമുദ്ധാരകന്‍, സാഹിത്യ തേജസ്വി… ഇതെല്ലാം സമഞ്ജസമായി സമ്മേളിച്ച സി.എച്ചിനെ ‘ഇതിഹാസ’മായിട്ടല്ലാതെ മനസില്‍ സങ്കല്‍പിക്കാനാവില്ല.

? സി.എച്ചിന്റെ ദര്‍ശനങ്ങള്‍ എത്രമേല്‍ സ്വാധീനം ചെലുത്തി?

=കുട്ടിക്കാലത്തുതന്നെ സി.എച്ചിനോട് അടങ്ങാത്ത അഭിനിേവശമായിരുന്നു. വന്ദ്യപിതാവ് പൂക്കോയ തങ്ങളെ കാണാനും രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തുമ്പോള്‍ സി.എച്ചിനെ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. പലപ്പോഴും ഞങ്ങളെ ചേര്‍ത്തുപിടിച്ച് പഠനകാര്യങ്ങള്‍ ചോദിച്ചറിയുന്നത് ഇന്നും ഓര്‍മച്ചെപ്പിലുണ്ട്. ആ വേഷവും ഭാവവും സംസാരവും പെരുമാറ്റവുമെല്ലാം ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. കൂടുതല്‍ അടുത്തറിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ ചിന്തകളുടെ ആഴവും പരപ്പും ബോധ്യമായത്. സി.എച്ചിന്റെ സംസാരങ്ങളിലൊന്നും പാഴ്‌വാക്കുകളുണ്ടായിരുന്നില്ല. അര്‍ത്ഥതലങ്ങള്‍ അടങ്ങിയതല്ലാത്ത ഒരു വാക്കുപോലും അദ്ദേഹം ഉരുവിട്ടിട്ടില്ല. അത് ഗൗരവമുള്ളതാകാം, നര്‍മരസമുള്ളതാകാം, ആക്ഷേപഹാസ്യമാകാം. എല്ലാം ഔചിത്യത്തോടെ മാത്രം ഉപയോഗിച്ചു എന്നതാണ് സി.എച്ചിനെ വ്യതിരക്തനാക്കുന്നത്.

സി.എച്ചിന്റെ ദര്‍ശനങ്ങളാണ് ഇന്ന് മുസ്‌ലിം സമുദായത്തിന്റെ ഭാവിയെ ഭാസുരമാക്കിയത്. സമൂഹത്തിന് ഉന്നത വിദ്യാഭ്യാസ പ്രതലമൊരുക്കുക എന്നതായിരുന്നു സി.എച്ചിന്റെ ഏറ്റവും വലിയ സ്വപ്‌നം. അതിനുവേണ്ടി നാടുനീളെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. പല നാട്ടുകാരും സി.എച്ചിനെ സമീപിച്ചിട്ടുമുണ്ട്. തനിക്ക് അധികാരം ലഭിച്ചപ്പോഴെല്ലാം ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സി.എച്ചിനായിട്ടുണ്ട്. 1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. മാറ്റങ്ങളും പുരോഗമന പരിഷ്‌കാരങ്ങളുമായി വിദ്യാര്‍ഥികളില്‍ പുത്തനുണര്‍വ് സമ്മാനിച്ചതായിരുന്നു സി.എച്ചിന്റെ വിദ്യാഭ്യാസ മന്ത്രിക്കാലം. പിന്നാക്ക പ്രദേശങ്ങളിലും സമുദായങ്ങളിലും വൈജ്ഞാനിക ചിന്തകളെ പ്രസരണം ചെയ്യാനും അക്കാലം സി.എച്ചിന് സാധിച്ചിട്ടുണ്ട്. കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയായി ഇന്നും അദ്ദേഹം വാഴ്ത്തപ്പെടുന്നു.

പത്താം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് സി.എച്ചിന്റെ കാലത്താണല്ലൊ. അതേ കാലത്തുതന്നെയാണ് മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കിയതും. ഇന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യഭ്യാസ മേഖലയിലെ സുവര്‍ണ നക്ഷത്രങ്ങളാണ്. റാങ്കുകളും പദവികളുമെല്ലാം അവരെ തേടിവരുന്ന കാലമാണിത്. പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം എന്നത് സി.എച്ചിന്റെ നിറമുള്ള സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളിലും പ്രസംഗങ്ങളിലും അതൊരു സിദ്ധാന്തമായി സമുദായത്തെ പഠിപ്പിക്കുകയായിരുന്നു. ഇന്ന് ബഹിരാകാശ ഗവേഷണത്തോളം ഉയര്‍ന്നുനില്‍ക്കുകയാണ് മുസ്‌ലിം പെണ്‍കുട്ടികള്‍. ഉന്നത നേട്ടങ്ങള്‍ അവരെ തേടിയെത്തുമ്പോള്‍ നാം ‘സി.എച്ച് സ്വപ്‌നം കണ്ടത്’ എന്ന് അറിയാതെ വിശേഷിപ്പിച്ചു പോകുന്നതുതന്നെ സി.എച്ചിന്റെ ദാര്‍ശനികതയുടെ വിജയമാണ്. മുസ്‌ലിം സമുദായത്തെ ഭൗതിക വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം പ്രാഥമിക വിദ്യാലയങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കിയത്. എത്ര ബുദ്ധിപരമായ സമുദ്ധാരണ രീതിയായിരുന്നു അത്. സൂക്ഷ്മകാഴ്ചപ്പാട്‌കൊണ്ടും ക്രിയാത്മക പ്രവര്‍ത്തനംകൊണ്ടും വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവ പരിവര്‍ത്തനമായിരുന്നു സി.എച്ച് കാഴ്ച്ചവെച്ചത്. പ്രൈമറിതലം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെ സമുദായത്തിന് വിദ്യാഭ്യാസ വഴി വെട്ടിത്തെളിച്ചതില്‍ സി.എച്ചിന്റെ പങ്ക് നിസ്തുലമാണ്.

? ‘ബഹുസ്വരതയെ ബഹുമാനിച്ച സി.എച്ച്’ എങ്ങനെ വിലയിരുത്തുന്നു?

= സി.എച്ച് ഉയര്‍ത്തിപ്പിടിച്ച ഏറ്റവും വലിയ മൂല്യമായിരുന്നു ബഹുസ്വരത. അവകാശപ്പോരാട്ടങ്ങള്‍ അടിയറവെക്കാതെയായിരുന്നു സി.എച്ച് ബഹുസ്വര സമൂഹത്തെ തന്നിലേക്ക് ആകര്‍ഷിച്ചത്. വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം സംശയലേശമന്യേ സി.എച്ച് അത് തെളിയിച്ചു. ബഹുസ്വര സമൂഹത്തിലെ പൊതുരാഷ്ട്രീയ അമരക്കാരനായും ജനാധിപത്യ അവകാശ സംരക്ഷകനായുമാണ് സി.എച്ചിനെ വ്യാഖ്യാനിക്കപ്പെട്ടത്. സാമൂഹിക സഹവര്‍ത്തിത്തവും സാമുദായിക സൗഹാര്‍ദവും നിലനിന്നുകാണാനാണ് സി.എച്ച് പ്രവര്‍ത്തിച്ചത്. മറ്റു സമുദായങ്ങളുടെ അവകാശങ്ങളില്‍നിന്നു തലനാരിഴ പോലും തങ്ങള്‍ക്കുവേണ്ടെന്നു പറഞ്ഞാണ് തങ്ങളുടെ അവകാശങ്ങളില്‍ അണുമണിപോലും വിട്ടുതരികയില്ല എന്നു പ്രഖ്യാപിച്ചത്. ഇതൊരു നയപ്രഖ്യാപനംപോലെ ഇന്നും പ്രസക്തമായി നിലനില്‍ക്കുകയാണ്. തികഞ്ഞ മതവിശ്വാസിയായിരിക്കെതന്നെ കറകളഞ്ഞ മതേതരവാദിയാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മതേതരത്വം എന്നത് സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം തലമുറകളായി ജനങ്ങള്‍ നിലനിര്‍ത്തിപ്പോന്ന സാമുദായിക സൗഹൃദത്തിന്റെ രാഷ്ട്രീയ രൂപമാണെന്നായിരുന്നു സി.എച്ചിന്റെ പക്ഷം. അതിന്റെ അനിവാര്യത രാഷ്ട്രീയത്തിന്റേതും ഭരണക്രമത്തിന്റേതും മാത്രമല്ല, സമൂഹത്തിന്റേതും സംസ്‌കൃതിയുടേതുമാണെന്ന് അദ്ദേഹം എപ്പോഴും ഓര്‍മിപ്പിച്ചു.

കേരള മുസ്ലിം സമുദായത്തില്‍ പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിയിണക്കിയ വ്യക്തിയാണ് സി.എച്ച് എന്നു മുസ്ലിംസ് ഓഫ് കേരള എന്ന ഗവേഷണ ഗ്രന്ഥമെഴുതിയ ഡോ. റൊളാങ് ഇ മില്ലര്‍ അടയാളപ്പെടുത്തുന്നുണ്ട.് മുസ്ലിം സമുദായത്തെ മതേതര ജനാധിപത്യ മാര്‍ഗത്തില്‍ രാഷ്ട്രീയമായി സംഘടിപ്പിക്കാനും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി മറ്റു പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുമാണ് സി.എച്ച് പഠിപ്പിച്ചത്. സാമൂഹികമായ വ്യവഹാരങ്ങളുടെ ദിശ നിയന്ത്രിക്കുന്ന ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും പൂര്‍ണമായും മതേതരമായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയും സി.എച്ചിനുണ്ടായിരുന്നു. മതാനുഷ്ഠാനങ്ങള്‍ കണിശമായി നിര്‍വഹിക്കുന്ന യഥാര്‍ത്ഥ മുസ്ലിമായിരിക്കെതന്നെ മതനിരപേക്ഷ മേഖലകളില്‍നിന്ന് ആദരം നേടാന്‍ കഴിയുമെന്ന് സി.എച്ച് കാണിച്ചുതന്നു. ബഹുസ്വര സമൂഹത്തില്‍ നല്ല വ്യക്തിത്വം നിലനിറുത്തി മുഖ്യധാരയില്‍ നിലയുറപ്പിക്കാനുള്ള ദിശാബോധമാണ് സി.എച്ച് പകര്‍ന്നുനല്‍കിയത്.

? സാഹിത്യകാരനായ സി.എച്ച് അക്കാലത്തെ അലങ്കാരമല്ലേ?

= സി.എച്ചിന്റെ എഴുത്തും പ്രസംഗവും നര്‍മവുമെല്ലാം സമുദായത്തിന് ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. എത്രദൂരം താണ്ടിയും എത്രനേരം കാത്തിരുന്നും ആ വാക്കുകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തുമായിരുന്നു. അഭിസംബോധന കൊണ്ടുതന്നെ സദസിനെ ഇളക്കിമറിക്കുന്ന വാഗ്ധോരണിയില്‍ ആരും ലയിച്ചിരുന്നുപോകും. ഒരു വാചകത്തില്‍തന്നെ ശോകത്തിന്റെ നിഴല്‍ പരത്താനും ക്ഷോഭത്തിന്റെ കടലിരമ്പമുണ്ടാക്കാനും ഫലിതം ചേര്‍ത്ത് പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന അനുപമ സിദ്ധിയായിരുന്നു സി.എച്ചിന്. ഉറങ്ങിക്കിടന്ന മുസ്‌ലിം സമുദായത്തെ അദ്ദേഹം ഉണര്‍ത്തിച്ചിന്തിപ്പിച്ചത് ആ പ്രസംഗങ്ങളിലൂടെയാണ്. കാല്‍പ്പനികതയും സര്‍ഗാത്മകതയും സി.എച്ചിന്റെ കൂടപ്പിറപ്പുകളായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സി.എച്ചിന്റെ പ്രയോഗങ്ങളും ഉപമകളും ഇന്നും രാഷ്ട്രീയ വേദികളില്‍ മുഴങ്ങുന്നത് നാം കേള്‍ക്കുന്നു. ചിലപ്പോള്‍ പണ്ഡിതോചിതമാകും ആ പ്രഭാഷണം. മറ്റുചിലപ്പോള്‍ ആവേശ പ്രസംഗവും. രണ്ടിലും ആവശ്യത്തിന് നര്‍മവും കടന്നുവരും. ഏതുതരം പ്രസംഗമാണെങ്കിലും എല്ലാറ്റിലും അടങ്ങിയ കാതല്‍ നവോത്ഥാനമാകും. സമുദായത്തിനു വളരാനുതകുന്ന വളമിട്ടുനല്‍കുന്നതായിരുന്നു സി.എച്ചിന്റെ വാക്കുകളത്രയും. ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാനപരമായ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും നിലപാടുകളെയുമെല്ലാം സി.എച്ച് സമീപിച്ചത് സാംസ്‌കാരികപരമായ ഉള്‍ക്കാഴ്ചയോടെയായിരുന്നു. വാഗ്മിയായും പത്രാധിപരായും സഞ്ചാര സാഹിത്യകാരനായും ഭരണകര്‍ത്താവായും അറിയപ്പെട്ട സി. എച്ച് കേരളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാരുമായും ബുദ്ധിജീവികളുമായും പുലര്‍ത്തിയ വ്യക്തിബന്ധം നമുക്ക് അഭിമാനം പകരുന്നതാണ്. ചന്ദ്രികയുടെ പത്രാധിപരായി സാഹിത്യ നഭസ്സില്‍ ജ്വലിച്ചുനിന്ന സി.എച്ച് തന്റെ തൂലികത്തുമ്പും സമുദായ സമുദ്ധാരണത്തിന്റെ പടവാളാക്കുകയായിരുന്നു.

? സി.എച്ചിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ നേതൃഗുണമായിരുന്നോ?

= തീര്‍ച്ചയായും ഒരു നല്ല നേതാവിന്റെ എല്ലാ നേതൃഗുണങ്ങളും സി.എച്ചില്‍ സമ്മേളിച്ചിരുന്നു. ഖാഇദെ മില്ലത്തിന്റെ ആത്മാര്‍ത്ഥതയും സീതിസാഹിബിന്റെ ധൈഷണികതയും ബാഫഖി തങ്ങളുടെ ആര്‍ദ്രതയും അലിഞ്ഞുചേര്‍ന്ന വ്യക്തിത്വമായിരുന്നു സി.എച്ചിന്റേത്. മതം, രാഷ്ട്രീയം, സമുദായം, സമൂഹം, സംസ്‌കാരം, സാഹിത്യം, ധര്‍മം, നര്‍മം… ഇങ്ങനെ വിവിധ വിഷയങ്ങളില്‍ ആശയസമ്പുഷ്ടമായിരുന്നു സി.എച്ചിന്റെ ചിന്ത. അതുകൊണ്ടുതന്നെ നല്ല നേതാവിന്റെ പക്വത സി.എച്ചിന്റെ വാക്കുകളില്‍ മാത്രമായിരുന്നില്ല, പ്രവൃത്തികളിലും പ്രശോഭിച്ചു നിന്നു. ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും മാത്രം നിഴലിച്ച സി.എച്ചിന് മുന്നിലേക്ക് സ്ഥാനങ്ങള്‍ തേടിയെത്തുകയായിരുന്നു. അറിവിലൂടെ സമൂഹത്തെ മുന്നോട്ടുനടത്താനും അധികാരത്തിലൂടെ സമുദായത്തെ ശക്തിപ്പെടുത്താനുമുള്ള വിചാരപ്പെടലുകള്‍ സി.എച്ചിന്റെ ചിന്താമണ്ഡലത്തെ ഊതിക്കാച്ചിയെടുത്തു. മുസ്‌ലിംലീഗിന്റെ അമരത്തും മുന്നണി രാഷ്ട്രീയത്തിന്റെ മര്‍മത്തിലും സി.എച്ചിന്റെ നേതൃവൈഭവം കണ്ടു. സത്താര്‍ സേട്ട് സാഹിബിന്റേയും സീതിസാഹിബിന്റേയും പരിലാളനയില്‍ ബാഫഖി തങ്ങളുടെ അനുഗ്രഹാശിസുകളോടെ വളര്‍ന്ന സി.എച്ച് വളരെ ചെറുപ്പത്തിലേ മുസ്‌ലിംലീഗിന്റെ നേതൃനിരയിലെത്തി. മുപ്പതാം വയസ്സിലാണ് അദ്ദേഹം കേരള നിയമസഭയില്‍ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായത്. കക്ഷി നേതാവായും സ്പീക്കറായും മുഖ്യമന്ത്രിയായും നിയമസഭയില്‍ പ്രവര്‍ത്തിച്ച റെക്കോര്‍ഡ് സി.എച്ചിനു മാത്രമാണ്. നഗരസഭാംഗമായി തുടങ്ങിയ സി.എച്ച് രണ്ടുതവണ ലോക്സഭയിലുമെത്തിയത് അദ്ദേഹത്തിന്റെ നേതൃതലം അടയാളപ്പെടുത്തുന്നതാണ്.

അപകര്‍ഷബോധം അദ്ദേഹത്തെ തീരെ തൊട്ടുതീണ്ടിയിരുന്നില്ല. അണികളില്‍ അഭിമാനബോധമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചെങ്കോട്ടയും കുത്തബ്മിനാറും താജ്മഹലുമെല്ലാം ഉയര്‍ത്തിക്കാട്ടി പിന്നാക്കത്തിന്റെ കാവടി ഇറക്കിവെക്കാന്‍ അദ്ദേഹം സമുദായത്തോട് ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. വിദ്യാഭ്യാസംകൊണ്ട് അന്തസുള്ളവരാകാനും സംഘബോധം കൊണ്ട് ശക്തരാകാനും പഠിപ്പിച്ച നേതാവായിരുന്നു സി.എച്ച്. ആളിപ്പടരുന്ന തീനാളങ്ങള്‍ക്കിടയിലൂടെ കാലുഷ്യമില്ലാത്ത ഇടങ്ങള്‍ സൃഷ്ടിക്കാന്‍ സി.എച്ച് ഓടിനടന്നു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, കെ.എം സീതിസാഹിബ്, പാണക്കാട് പൂക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിനുകീഴില്‍ മുസ്‌ലിംലീഗിന്റെ മുന്നണിപ്പോരാളിയാകാനും സി.എച്ചിന് കഴിഞ്ഞു.

kerala

വരള്‍ച്ചയില്‍ കര്‍ഷകര്‍ക്ക് നഷ്ടം 500 കോടി സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് കെ.സുധാകരന്‍

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു

Published

on

തിരുവനന്തപുരം: കൊടും വരള്‍ച്ചയില്‍ 500 കോടി രൂപയുടെ കനത്ത നഷ്ടം ഉണ്ടായെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഇതില്‍ കാലതാമസം ഉണ്ടായാല്‍ പ്രക്ഷോഭത്തിലേക്കു നീങ്ങും.

കഴിഞ്ഞ മൂന്ന് മാസമായി കനത്ത ചൂടിലും വരള്‍ച്ചയിലും 47000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. ഏതാണ്ട് 257 കോടി രൂപയുടെ നഷ്ടമുണ്ടായിയെന്നാണ് കൃഷിവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. ഉത്പാദന നഷ്ടംകൂടി കണക്കാക്കുമ്പോള്‍ ഏതാണ്ട് 500 കോടിക്ക് മുകളിലായിരിക്കുമത്. വിദഗ്ധസമിതി കണക്ക് കൈമാറിയിട്ടും സര്‍ക്കാര്‍ അതിന്മേല്‍ അടയിരിക്കുകയാണ്.

വന്‍ തുക വായ്പയെടുത്ത് കൃഷിയിറക്കിയ ഏലം, നെല്ല്, വാഴ കര്‍ഷകരാണ് വരള്‍ച്ചയുടെ ദുരിതം കൂടുതല്‍ അനുഭവിക്കുന്നത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കാന്‍ കര്‍ഷകര്‍ക്കു കഴിയുന്നില്ല. ബാങ്കുകളുടെ ജപ്തി ഭീഷണിയും വന്യമൃഗശല്യവും കര്‍ഷകരെ വേട്ടയാടുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ തലതിരിഞ്ഞ കര്‍ഷകനയം കാരണം 43 ഓളം കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. കര്‍ഷകപെന്‍ഷന്‍ നിലച്ചിട്ട് നാളേറെയായി. ഇനിയും കര്‍ഷകരെ കുരുതി കൊടുക്കുന്നതിന് പകരം എത്രയും വേഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും ഞായറാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച ഓറഞ്ച് അലേർട്ടിന് സമാനമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Continue Reading

kerala

പൊന്നാനി ബോട്ടപകടം: സര്‍ക്കാറില്‍ നിന്ന് ധനസഹായം ആവശ്യപ്പെട്ട് ബോട്ടുടമ

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും

Published

on

മലപ്പുറം: സര്‍ക്കാരില്‍ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ട് ഉടമ നൈനാര്‍. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാര്‍ പറഞ്ഞു.

എട്ടുവര്‍ഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു എന്നും അപകടത്തില്‍ മരിച്ചവര്‍ ഏഴു വര്‍ഷമായി ബോട്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരാണന്നും അവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണന്നും ബോട്ടുടമ പറഞ്ഞു. അപകടം നടന്ന ദിവസം ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചിരുന്നു. അപകടത്തില്‍ അതെല്ലാം നഷ്ടമായി. അതിനാല്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും നൈനാര്‍ ആവശ്യപ്പെട്ടു.

പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് ബോട്ടപകടത്തില്‍ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും. ഡയറക്ടര്‍ ഓഫ് ജനറല്‍ ഷിപ്പിംഗിലെയും മെര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് പൊന്നാനിയില്‍ എത്തുക. അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ഇന്‍ഷുറന്‍സ് സഹായം നല്‍കുന്നതിനായി കപ്പല്‍ ഇന്‍ഷുറന്‍സ് സര്‍വേയറും എത്തിച്ചെരുന്നതാണ്.

Continue Reading

Trending