Connect with us

Culture

കോട്ടയം കുടമാറ്റവും എല്‍.ഡി.എഫിലെ വെടിക്കെട്ടും

Published

on

 

തള്ളക്കോഴിയുടെ ചിറകുനല്‍കുന്ന സംരക്ഷണത്തില്‍നിന്നും കുതറിമാറി ഒറ്റക്ക് നില്‍ക്കുന്ന കോഴിക്കുഞ്ഞിനെ ഏത് പരുന്തും എപ്പോഴും റാഞ്ചിക്കൊണ്ടു പോകുന്നത് സ്വാഭാവികം മാത്രം. കോഴിക്കുഞ്ഞുപോലും തന്നെയാരെങ്കിലും റാഞ്ചിയിരുന്നെങ്കിലെന്ന് മോഹിക്കുക കൂടി ചെയ്താല്‍ പിന്നെ വല്ലതും പറയാനുണ്ടോ?. ”കോഴി തന്റെ ചിറകിന്‍കീഴില്‍ കുഞ്ഞുങ്ങളെ ചേര്‍ക്കുംപോലെ നിന്റെ മക്കളെ ചേര്‍ത്ത് കൊള്‍വാന്‍ എനിക്കെത്രവട്ടം മനസ്സായിരുന്നു. പക്ഷേ നിനക്കോ മനസ്സായില്ല. നിന്റെ ആത്മാവ് ശൂന്യമായി”യെന്ന് യേശു ജറുസലേം നഗരവാസികളെയോര്‍ത്ത് പരിതപിച്ചിട്ടുണ്ട്. ബൈബിള്‍ വചനങ്ങളില്‍ അത് കാണാം. ഇതൊന്നും മാണിസാറിന് അറിയാത്തതല്ലല്ലോ. ഒറ്റക്ക് നിന്നാലിതുതാന്‍ ഗതി.
യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയായിരുന്നു കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗം. മറ്റൊരു മുന്നണിയിലും പോകാതെ ആ നില്‍പ്പ് നില്‍ക്കുമ്പോഴും ആ പാര്‍ട്ടിയും മുന്നണിയും തിരിച്ചുവരുമെന്ന് യു.ഡു.എഫും, അതല്ല കാലക്രമത്തില്‍ എല്‍.ഡി.എഫിനോട് ചേരുമെന്ന് അവരും, എന്‍.ഡി.എ സഖ്യത്തോട് ചേര്‍ന്നേക്കാമെന്ന് ബി.ജെ.പിയും പ്രതീക്ഷിച്ചിരുന്നു. ഇതിലേതാണോ ലാഭകരവും സൗകര്യപ്രദമാകുന്നതും അത് സ്വീകരിക്കാമെന്ന് മാണിസാറും കരുതിയിരുന്നു. അതിനിടയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അവര്‍ ഒറ്റക്ക് മത്സരിച്ച് സി.പി.എം പിന്തുണയോടെ ജയിച്ചിരിക്കുന്നു. അതിനിത്ര കോലാഹലമെന്തിനെന്നാണ് മനസ്സിലാവാത്തത്. അതുവെറും പ്രാദേശിക വിഷയമാണെന്നും സംസ്ഥാന നേതൃത്വം ആ പ്രാദേശിക നേതാക്കളുടെ തീരുമാനം അംഗീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നുമാണ് മാണി പറയുന്നത്. തങ്ങള്‍ ഇടതുപക്ഷത്തേക്ക് പോയിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരും കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്ത് സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എമ്മും അവരെ യെന്നല്ല ആരെയും പുതുതായി ഇടതുപക്ഷത്ത് ചേര്‍ക്കുകയില്ലെന്ന് സി.പി.ഐയും പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇതില്‍ കൂടുതലെന്ത് വേണം. മാണിയും മറ്റും പ്രാദേശികമെന്ന് വിശദീകരിക്കുമ്പോഴും അത് ദേശീയ – സംസ്ഥാനതലത്തിലാണെന്ന് ആരോപിച്ചുകൊണ്ട് ആ പാര്‍ട്ടിയെ ഏത് വിധേനയും ഇടത്തോട്ട് ആട്ടിയോടിക്കുന്നത് നല്ലതാണോ? ഈ പരീക്ഷണം പരാജയപ്പെട്ടാല്‍ സൗകര്യപ്രദമായി തിരിച്ചുവരാന്‍ ഒരു ഇടം കാത്തു സൂക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്?
ഈ കൂടുമാറ്റവും കൂറുമാറ്റവും വാദപ്രതിവാദങ്ങളും കാരണം എന്തായാലും ആ പാര്‍ട്ടി വേണ്ടത്ര ക്ഷീണിക്കുമല്ലോ. രാഷ്ട്രീയരംഗത്ത് നിലയും വിലയും നഷ്ടപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതെ യു.ഡി.എഫില്‍ വരികയാണെങ്കില്‍ ചെറിയ വിലകൊടുത്തുകൊണ്ട് സ്വീകരിക്കുവാന്‍ യു.ഡി.എഫിന് കഴിയുമല്ലോ. അതല്ലേ ബുദ്ധി. ഇപ്പോള്‍ നാല് ചീത്തവിളിക്കുന്നതുകൊണ്ട് ആര്‍ക്കാണ് ലാഭം? രാഷ്ട്രീയത്തിലെ മൂല്യനിലവാരം ഇന്നത്തെ ഇന്ത്യയില്‍ അത്ര ഉയര്‍ന്ന് നില്‍ക്കുന്നതൊന്നുമല്ലല്ലോ. വേറെയും ചില സ്ഥലങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ പ്രാദേശികമായി ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്നണിക്കും പുറത്തും യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇപ്പോഴുമുണ്ടല്ലോ. അതെല്ലാം അവസാനിപ്പിക്കുവാന്‍ വൈകിയില്ലേ?
ഈ കുടമാറ്റം കാഴ്ചക്ക് നല്ലതായി തോന്നുന്നവരുമുണ്ടല്ലോ. ഇടതുമുന്നണിയില്‍ പാതി പ്രവേശിച്ച് കുടുങ്ങിക്കിടക്കുമ്പോള്‍ ആ മുന്നണിയില്‍ ഒരു കലാപമുണ്ടാക്കാന്‍ മാണിയുടെ ഈ തീരുമാനത്തിന് കഴിഞ്ഞാല്‍ അത് യു.ഡി.എഫിന് നല്ലതല്ലേ. മാണി ചെല്ലുന്ന മുന്നണിയിലെ പൊട്ടലും ചീറ്റലും ഈ പൂരക്കാലത്ത് സ്വാഗതാര്‍ഹമല്ലേ. രാഷ്ട്രീയത്തില്‍ ഒരു വാതിലും എന്നന്നേക്കുമായി ആരും കൊട്ടിയടക്കാറില്ല. ആകര്‍ഷണീയമായ ഓഫറുകളുമായി ഏത് സീസണുകളിലും രാഷ്ട്രീയവാതിലുകള്‍ തുറന്നുവെക്കുകയാണ് പതിവ്. ഇനി ഒരു ദിവസംമാത്രം എന്നൊക്കെ വെറുതെ പറയുന്നതല്ലേ. രാഷ്ട്രീയ മൂല്യനിരാസം അപലപനീയം തന്നെയാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം അനിവാര്യവുമാണ്. ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. മൂല്യങ്ങളെ വിലമതിക്കുവാനും രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ നിഖിലമേഖലകളിലും അത് വിലമതിക്കാനാവാത്തതാണ്. ഇവിടെ മിക്കവാറും പാര്‍ട്ടികളെല്ലാം വത്യസ്ത മുന്നണികള്‍ വത്യസ്ത കാലഘട്ടങ്ങളില്‍ വത്യസ്ത കാരണങ്ങളാല്‍ പരീക്ഷിച്ചിട്ടുള്ളവരാണ്. അവരവരുടെ നിലനില്‍പ്പും രാഷ്ട്രീയലാഭവും നോക്കി രാഷ്ട്രീയരംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കും കൂട്ടുകെട്ടുകള്‍ക്കും താത്വികവും മൂല്യാധിഷ്ഠിതവുമായ ഒരു അടിത്തറയില്ലാതെ വരുന്നതാണ് പ്രശ്‌നം.
മാണി ഇപ്പുറത്ത് നില്‍ക്കുമ്പോള്‍, ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഉണ്ടാക്കിയ മുറിവ് പച്ചയായിത്തന്നെ കേരളാ കോണ്‍ഗ്രസ്സിന്‌മേല്‍ നില്‍ക്കുമ്പോള്‍, ഇത്തരം ഒരു ബന്ധമുണ്ടാക്കുന്നതിന്റെ അസാംഗത്യമായിരിക്കാം ഈ വാദങ്ങള്‍ക്ക് കാരണം. മതിയായ കാരണങ്ങളില്ലാത്ത മാറ്റങ്ങള്‍ എപ്പോഴും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമല്ലോ. യു.ഡി.എഫ് വിട്ടുപോയി സ്വതന്ത്രരായി നിന്നതോടെ ആ പാര്‍ട്ടിക്ക് മറ്റൊരു നിലപാട് സ്വീകരിക്കാന്‍ എളുപ്പമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആത്മസംയമനം പാലിക്കുന്നതാണ് ഇരുമുന്നണികള്‍ക്കും മാണിക്കും ഒരുപോലെ നല്ലത്. കാര്യങ്ങള്‍ പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല. ഇനിയും കാത്തിരിക്കേണ്ടതായിവരും. അതിന് വേണ്ടത്ര സമയവുമുണ്ട്. ഇടതുപക്ഷം വളരെവേഗം കേരളാകോണ്‍ഗ്രസ്സിനെ മുന്നണിയില്‍ ചേര്‍ക്കാന്‍ സാധ്യതയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അടുത്തുവരുമ്പോള്‍ മാത്രമേ അന്തിമതീരുമാനം ഉണ്ടാകുകയുള്ളൂ. തങ്ങള്‍ ഇടതുമുന്നണിയിലേക്ക് പോയി എന്നുപറയാന്‍ മാണിക്കോ മുന്നണിയോടൊപ്പം അവരെ ചേര്‍ത്തുവെന്ന് പറയാന്‍ ഇടതുമുന്നണിക്കോ ഇപ്പോള്‍ ധൈര്യമായിട്ടില്ല. അത് അത്രപെട്ടെന്ന് സാധ്യമാവുകയില്ല. മാണിയുടെ കേരളാ കോണ്‍ഗ്രസ്സിലും ഇടതുമുന്നണിയിലും പൊട്ടിതെറികള്‍ക്കുള്ള സാധ്യതകള്‍ ഉരുണ്ടുകൂടുകയാണ്. അതിന്റെ ഗതിവിഗതികള്‍ക്ക് കാത്തിരിക്കുകയാണ് രാഷ്ട്രീയ ഔചിത്യവും പക്വതയും ഒന്നും ബാക്കിവെക്കാതെ മാണിയെയും മകനേയും ആ പാര്‍ട്ടിയേയും എന്നെന്നേക്കുമായി ആട്ടിയകറ്റരുത്. യു.ഡി.എഫിലെ വരും തലമുറകള്‍ക്കെങ്കിലും മാണിയുടെ പാര്‍ട്ടി പ്രയോജനപ്പെട്ടെന്ന് വരാം. അതെല്ലാം രാഷ്ട്രീയത്തില്‍ വെറും സ്വാഭാവിക പ്രതിഭാസങ്ങള്‍ മാത്രമാണ്. അതുകൊണ്ട് പറയുമ്പോള്‍ കുറച്ച് ബാക്കിവെച്ചേക്കണം. മാണിയുടെ കോട്ടയം തീരുമാനം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് ആ പാര്‍ട്ടിയിലും എല്‍.ഡി.എഫിലുമാണ്. അത് യു.ഡി.എഫിന് ഗുണകരമാണ്. പിന്നെന്തിന് ആകാശത്ത്കൂടെ പറന്നുപോകുന്ന മാറാപ്പ് എന്തിന് പിടിക്കണം. സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളിലും ചില പുതിയ സാധ്യതകള്‍ അന്തര്‍ലീനമാണ്. അത് പ്രയോജനപ്പെടുത്താന്‍ യു.ഡി.എഫ് ശാന്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണം.
പിണറായിയുടെ പൊലീസിനും ഭരണത്തിനും പറ്റിയ വീഴ്ചയെക്കാള്‍ വലിയ വീഴ്ചയാണിപ്പോള്‍ അവര്‍ക്ക് പറ്റിയിട്ടുള്ളത്. മാണിയുടെ പാര്‍ട്ടി മത്സരിച്ചിട്ടേയുള്ളൂ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ വോട്ട് ചെയ്തത് എല്‍.ഡി.എഫാണ്. കാര്യങ്ങള്‍ നന്നായി ചര്‍ച്ച ചെയ്യുന്ന സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി മുതല്‍ പോളിറ്റ്ബ്യൂറോ വരെ മാണിവിഷയം പുകയാന്‍ തുടങ്ങുകയാണെന്ന് മറക്കേണ്ട. കേരളാ കോണ്‍ഗ്രസ്സിലെ പുക ചെറുതായെങ്കിലും അതിനെ അതിജീവിക്കുവാന്‍ ആ പാര്‍ട്ടിക്ക് വലിയ ത്യാഗം വേണ്ടിവരും. ഇതെല്ലാം യു.ഡി.എഫ് അനുകൂല ഘടകങ്ങളാണ്. പിന്നെന്തിന് വേവലാതിപ്പെടണം. മാണിയും കൂട്ടരും പോയിട്ട് ഒരുപാട് നാളായില്ലേ. ഇപ്പോഴെന്തിനീ ബഹളമെന്ന് സംശയം തോന്നുന്നു. യു.ഡി.എഫ് നേതൃത്വം ആദ്യപ്രതികരണങ്ങള്‍ക്ക് ശേഷം വസ്തുതകള്‍ ശാന്തമായി വിലയിരുത്തുവാനും സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനും മുന്നോട്ടുവരികയാണ് വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending