കൊച്ചി: സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ (ഡിആര്‍ഐ) പ്രോസിക്യൂട്ടറെന്ന് പറഞ്ഞ് കാറില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും വ്യാജ നെയിംബോര്‍ഡും ഉപയോഗിച്ച അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിആര്‍ഐയുടെ പരാതിയെത്തുടര്‍ന്ന് എളന്തിക്കര ലലന നിലയത്തില്‍ അഡ്വ. എന്‍ജെ പ്രിന്‍സിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഇന്നോവ കാറും വ്യാജ ബോര്‍ഡുകളും പുത്തന്‍വേലിക്കര പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പറവൂര്‍ കോടതിയിലെ അഭിഭാഷകനായ പ്രിന്‍സ് ഒമ്പത് മാസമായി ഡിആര്‍ഐയുടെ പ്രോസിക്യൂട്ടറെന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും വച്ചാണ് സഞ്ചരിച്ചിരുന്നത്. സംശയം തോന്നിയതിനെത്തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് വ്യാജ നെയിംബോര്‍ഡ് കണ്ടെത്തിയത്. തുടര്‍ന്ന് വടക്കേക്കര സിഐക്ക് പരാതി നല്‍കുകയായിരുന്നു. സി.ഐ മുരളിയുടെ നേതൃത്വത്തില്‍ എളന്തിക്കരയിലെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, റവന്യു ഇന്റലിജന്റ്‌സ്, കേരള ആന്റ് ലക്ഷദ്വീപ്(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) എന്ന ബോര്‍ഡാണ് ഇന്നോവ കാറിന്റെ മുന്നിലും പിന്നിലും സ്ഥാപിച്ചിരുന്നത്. ഇതേ മാതൃകയില്‍ വീടിന് മുന്നിലെ മതിലിലും ബോര്‍ഡ് വച്ചിട്ടുണ്ട്.
സീനിയര്‍ അഭിഭാഷകന്‍ സി.പി ഉദയഭാനുവാണ് 1996 മുതല്‍ ഡിആര്‍ഐ പ്രോസിക്യൂട്ടര്‍. ബോര്‍ഡ് വച്ച് പ്രിന്‍സ് കോടതിയിലെത്തുന്നത് ശ്രദ്ധിച്ച മറ്റ് അഭിഭാഷകര്‍ ഇക്കാര്യം ഉദയഭാനുവിനെ അറിയിച്ചു. തുടര്‍ന്ന് ഡിആര്‍ഐക്ക് വിവരം കൈമാറി.നിരവധി കക്ഷികളോട് താന്‍ ഡിആര്‍ഐയുടെ പ്രോസിക്യൂട്ടറാണെന്ന് അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു പ്രിന്‍സ്. സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടില്ലെങ്കിലും ഡിആര്‍ഐയുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ വക്കാലത്ത് ലഭിച്ചിട്ടുണ്ടെന്നാണ സൂചന. റിയല്‍ എസ്റ്റേറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട് പ്രിന്‍സിനെതിരെ നിരവധി പരാതികള്‍ വിവിധ സ്റ്റേഷനുകളിലുണ്ട്. ആള്‍മാറാട്ടം, വഞ്ചന, നിയമ വിരുദ്ധമായി ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഡിആര്‍ഐയുടെ ബോര്‍ഡ് വച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് സിഐ എംകെ മുരളി പറഞ്ഞു.