Connect with us

Culture

കോട്ടയം കുടമാറ്റവും എല്‍.ഡി.എഫിലെ വെടിക്കെട്ടും

Published

on

 

തള്ളക്കോഴിയുടെ ചിറകുനല്‍കുന്ന സംരക്ഷണത്തില്‍നിന്നും കുതറിമാറി ഒറ്റക്ക് നില്‍ക്കുന്ന കോഴിക്കുഞ്ഞിനെ ഏത് പരുന്തും എപ്പോഴും റാഞ്ചിക്കൊണ്ടു പോകുന്നത് സ്വാഭാവികം മാത്രം. കോഴിക്കുഞ്ഞുപോലും തന്നെയാരെങ്കിലും റാഞ്ചിയിരുന്നെങ്കിലെന്ന് മോഹിക്കുക കൂടി ചെയ്താല്‍ പിന്നെ വല്ലതും പറയാനുണ്ടോ?. ”കോഴി തന്റെ ചിറകിന്‍കീഴില്‍ കുഞ്ഞുങ്ങളെ ചേര്‍ക്കുംപോലെ നിന്റെ മക്കളെ ചേര്‍ത്ത് കൊള്‍വാന്‍ എനിക്കെത്രവട്ടം മനസ്സായിരുന്നു. പക്ഷേ നിനക്കോ മനസ്സായില്ല. നിന്റെ ആത്മാവ് ശൂന്യമായി”യെന്ന് യേശു ജറുസലേം നഗരവാസികളെയോര്‍ത്ത് പരിതപിച്ചിട്ടുണ്ട്. ബൈബിള്‍ വചനങ്ങളില്‍ അത് കാണാം. ഇതൊന്നും മാണിസാറിന് അറിയാത്തതല്ലല്ലോ. ഒറ്റക്ക് നിന്നാലിതുതാന്‍ ഗതി.
യു.ഡി.എഫ് വിട്ട് സ്വതന്ത്രമായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയായിരുന്നു കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗം. മറ്റൊരു മുന്നണിയിലും പോകാതെ ആ നില്‍പ്പ് നില്‍ക്കുമ്പോഴും ആ പാര്‍ട്ടിയും മുന്നണിയും തിരിച്ചുവരുമെന്ന് യു.ഡു.എഫും, അതല്ല കാലക്രമത്തില്‍ എല്‍.ഡി.എഫിനോട് ചേരുമെന്ന് അവരും, എന്‍.ഡി.എ സഖ്യത്തോട് ചേര്‍ന്നേക്കാമെന്ന് ബി.ജെ.പിയും പ്രതീക്ഷിച്ചിരുന്നു. ഇതിലേതാണോ ലാഭകരവും സൗകര്യപ്രദമാകുന്നതും അത് സ്വീകരിക്കാമെന്ന് മാണിസാറും കരുതിയിരുന്നു. അതിനിടയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അവര്‍ ഒറ്റക്ക് മത്സരിച്ച് സി.പി.എം പിന്തുണയോടെ ജയിച്ചിരിക്കുന്നു. അതിനിത്ര കോലാഹലമെന്തിനെന്നാണ് മനസ്സിലാവാത്തത്. അതുവെറും പ്രാദേശിക വിഷയമാണെന്നും സംസ്ഥാന നേതൃത്വം ആ പ്രാദേശിക നേതാക്കളുടെ തീരുമാനം അംഗീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നുമാണ് മാണി പറയുന്നത്. തങ്ങള്‍ ഇടതുപക്ഷത്തേക്ക് പോയിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരും കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇടതുപക്ഷത്ത് സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എമ്മും അവരെ യെന്നല്ല ആരെയും പുതുതായി ഇടതുപക്ഷത്ത് ചേര്‍ക്കുകയില്ലെന്ന് സി.പി.ഐയും പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഇതില്‍ കൂടുതലെന്ത് വേണം. മാണിയും മറ്റും പ്രാദേശികമെന്ന് വിശദീകരിക്കുമ്പോഴും അത് ദേശീയ – സംസ്ഥാനതലത്തിലാണെന്ന് ആരോപിച്ചുകൊണ്ട് ആ പാര്‍ട്ടിയെ ഏത് വിധേനയും ഇടത്തോട്ട് ആട്ടിയോടിക്കുന്നത് നല്ലതാണോ? ഈ പരീക്ഷണം പരാജയപ്പെട്ടാല്‍ സൗകര്യപ്രദമായി തിരിച്ചുവരാന്‍ ഒരു ഇടം കാത്തു സൂക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്?
ഈ കൂടുമാറ്റവും കൂറുമാറ്റവും വാദപ്രതിവാദങ്ങളും കാരണം എന്തായാലും ആ പാര്‍ട്ടി വേണ്ടത്ര ക്ഷീണിക്കുമല്ലോ. രാഷ്ട്രീയരംഗത്ത് നിലയും വിലയും നഷ്ടപ്പെട്ട് നില്‍ക്കക്കള്ളിയില്ലാതെ യു.ഡി.എഫില്‍ വരികയാണെങ്കില്‍ ചെറിയ വിലകൊടുത്തുകൊണ്ട് സ്വീകരിക്കുവാന്‍ യു.ഡി.എഫിന് കഴിയുമല്ലോ. അതല്ലേ ബുദ്ധി. ഇപ്പോള്‍ നാല് ചീത്തവിളിക്കുന്നതുകൊണ്ട് ആര്‍ക്കാണ് ലാഭം? രാഷ്ട്രീയത്തിലെ മൂല്യനിലവാരം ഇന്നത്തെ ഇന്ത്യയില്‍ അത്ര ഉയര്‍ന്ന് നില്‍ക്കുന്നതൊന്നുമല്ലല്ലോ. വേറെയും ചില സ്ഥലങ്ങളിലെ തദ്ദേശസ്ഥാപനങ്ങളില്‍ പ്രാദേശികമായി ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്നണിക്കും പുറത്തും യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇപ്പോഴുമുണ്ടല്ലോ. അതെല്ലാം അവസാനിപ്പിക്കുവാന്‍ വൈകിയില്ലേ?
ഈ കുടമാറ്റം കാഴ്ചക്ക് നല്ലതായി തോന്നുന്നവരുമുണ്ടല്ലോ. ഇടതുമുന്നണിയില്‍ പാതി പ്രവേശിച്ച് കുടുങ്ങിക്കിടക്കുമ്പോള്‍ ആ മുന്നണിയില്‍ ഒരു കലാപമുണ്ടാക്കാന്‍ മാണിയുടെ ഈ തീരുമാനത്തിന് കഴിഞ്ഞാല്‍ അത് യു.ഡി.എഫിന് നല്ലതല്ലേ. മാണി ചെല്ലുന്ന മുന്നണിയിലെ പൊട്ടലും ചീറ്റലും ഈ പൂരക്കാലത്ത് സ്വാഗതാര്‍ഹമല്ലേ. രാഷ്ട്രീയത്തില്‍ ഒരു വാതിലും എന്നന്നേക്കുമായി ആരും കൊട്ടിയടക്കാറില്ല. ആകര്‍ഷണീയമായ ഓഫറുകളുമായി ഏത് സീസണുകളിലും രാഷ്ട്രീയവാതിലുകള്‍ തുറന്നുവെക്കുകയാണ് പതിവ്. ഇനി ഒരു ദിവസംമാത്രം എന്നൊക്കെ വെറുതെ പറയുന്നതല്ലേ. രാഷ്ട്രീയ മൂല്യനിരാസം അപലപനീയം തന്നെയാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം അനിവാര്യവുമാണ്. ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. മൂല്യങ്ങളെ വിലമതിക്കുവാനും രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ജീവിതത്തിന്റെ നിഖിലമേഖലകളിലും അത് വിലമതിക്കാനാവാത്തതാണ്. ഇവിടെ മിക്കവാറും പാര്‍ട്ടികളെല്ലാം വത്യസ്ത മുന്നണികള്‍ വത്യസ്ത കാലഘട്ടങ്ങളില്‍ വത്യസ്ത കാരണങ്ങളാല്‍ പരീക്ഷിച്ചിട്ടുള്ളവരാണ്. അവരവരുടെ നിലനില്‍പ്പും രാഷ്ട്രീയലാഭവും നോക്കി രാഷ്ട്രീയരംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കും കൂട്ടുകെട്ടുകള്‍ക്കും താത്വികവും മൂല്യാധിഷ്ഠിതവുമായ ഒരു അടിത്തറയില്ലാതെ വരുന്നതാണ് പ്രശ്‌നം.
മാണി ഇപ്പുറത്ത് നില്‍ക്കുമ്പോള്‍, ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഉണ്ടാക്കിയ മുറിവ് പച്ചയായിത്തന്നെ കേരളാ കോണ്‍ഗ്രസ്സിന്‌മേല്‍ നില്‍ക്കുമ്പോള്‍, ഇത്തരം ഒരു ബന്ധമുണ്ടാക്കുന്നതിന്റെ അസാംഗത്യമായിരിക്കാം ഈ വാദങ്ങള്‍ക്ക് കാരണം. മതിയായ കാരണങ്ങളില്ലാത്ത മാറ്റങ്ങള്‍ എപ്പോഴും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമല്ലോ. യു.ഡി.എഫ് വിട്ടുപോയി സ്വതന്ത്രരായി നിന്നതോടെ ആ പാര്‍ട്ടിക്ക് മറ്റൊരു നിലപാട് സ്വീകരിക്കാന്‍ എളുപ്പമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആത്മസംയമനം പാലിക്കുന്നതാണ് ഇരുമുന്നണികള്‍ക്കും മാണിക്കും ഒരുപോലെ നല്ലത്. കാര്യങ്ങള്‍ പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ല. ഇനിയും കാത്തിരിക്കേണ്ടതായിവരും. അതിന് വേണ്ടത്ര സമയവുമുണ്ട്. ഇടതുപക്ഷം വളരെവേഗം കേരളാകോണ്‍ഗ്രസ്സിനെ മുന്നണിയില്‍ ചേര്‍ക്കാന്‍ സാധ്യതയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അടുത്തുവരുമ്പോള്‍ മാത്രമേ അന്തിമതീരുമാനം ഉണ്ടാകുകയുള്ളൂ. തങ്ങള്‍ ഇടതുമുന്നണിയിലേക്ക് പോയി എന്നുപറയാന്‍ മാണിക്കോ മുന്നണിയോടൊപ്പം അവരെ ചേര്‍ത്തുവെന്ന് പറയാന്‍ ഇടതുമുന്നണിക്കോ ഇപ്പോള്‍ ധൈര്യമായിട്ടില്ല. അത് അത്രപെട്ടെന്ന് സാധ്യമാവുകയില്ല. മാണിയുടെ കേരളാ കോണ്‍ഗ്രസ്സിലും ഇടതുമുന്നണിയിലും പൊട്ടിതെറികള്‍ക്കുള്ള സാധ്യതകള്‍ ഉരുണ്ടുകൂടുകയാണ്. അതിന്റെ ഗതിവിഗതികള്‍ക്ക് കാത്തിരിക്കുകയാണ് രാഷ്ട്രീയ ഔചിത്യവും പക്വതയും ഒന്നും ബാക്കിവെക്കാതെ മാണിയെയും മകനേയും ആ പാര്‍ട്ടിയേയും എന്നെന്നേക്കുമായി ആട്ടിയകറ്റരുത്. യു.ഡി.എഫിലെ വരും തലമുറകള്‍ക്കെങ്കിലും മാണിയുടെ പാര്‍ട്ടി പ്രയോജനപ്പെട്ടെന്ന് വരാം. അതെല്ലാം രാഷ്ട്രീയത്തില്‍ വെറും സ്വാഭാവിക പ്രതിഭാസങ്ങള്‍ മാത്രമാണ്. അതുകൊണ്ട് പറയുമ്പോള്‍ കുറച്ച് ബാക്കിവെച്ചേക്കണം. മാണിയുടെ കോട്ടയം തീരുമാനം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് ആ പാര്‍ട്ടിയിലും എല്‍.ഡി.എഫിലുമാണ്. അത് യു.ഡി.എഫിന് ഗുണകരമാണ്. പിന്നെന്തിന് ആകാശത്ത്കൂടെ പറന്നുപോകുന്ന മാറാപ്പ് എന്തിന് പിടിക്കണം. സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങളിലും ചില പുതിയ സാധ്യതകള്‍ അന്തര്‍ലീനമാണ്. അത് പ്രയോജനപ്പെടുത്താന്‍ യു.ഡി.എഫ് ശാന്തമായി പദ്ധതികള്‍ ആവിഷ്‌കരിക്കണം.
പിണറായിയുടെ പൊലീസിനും ഭരണത്തിനും പറ്റിയ വീഴ്ചയെക്കാള്‍ വലിയ വീഴ്ചയാണിപ്പോള്‍ അവര്‍ക്ക് പറ്റിയിട്ടുള്ളത്. മാണിയുടെ പാര്‍ട്ടി മത്സരിച്ചിട്ടേയുള്ളൂ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ വോട്ട് ചെയ്തത് എല്‍.ഡി.എഫാണ്. കാര്യങ്ങള്‍ നന്നായി ചര്‍ച്ച ചെയ്യുന്ന സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി മുതല്‍ പോളിറ്റ്ബ്യൂറോ വരെ മാണിവിഷയം പുകയാന്‍ തുടങ്ങുകയാണെന്ന് മറക്കേണ്ട. കേരളാ കോണ്‍ഗ്രസ്സിലെ പുക ചെറുതായെങ്കിലും അതിനെ അതിജീവിക്കുവാന്‍ ആ പാര്‍ട്ടിക്ക് വലിയ ത്യാഗം വേണ്ടിവരും. ഇതെല്ലാം യു.ഡി.എഫ് അനുകൂല ഘടകങ്ങളാണ്. പിന്നെന്തിന് വേവലാതിപ്പെടണം. മാണിയും കൂട്ടരും പോയിട്ട് ഒരുപാട് നാളായില്ലേ. ഇപ്പോഴെന്തിനീ ബഹളമെന്ന് സംശയം തോന്നുന്നു. യു.ഡി.എഫ് നേതൃത്വം ആദ്യപ്രതികരണങ്ങള്‍ക്ക് ശേഷം വസ്തുതകള്‍ ശാന്തമായി വിലയിരുത്തുവാനും സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാനും മുന്നോട്ടുവരികയാണ് വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

ചിന്തന്‍ ശിബിരത്തിന്റേത് വലിയ രാഷ്ട്രീയ ലക്ഷ്യം

ചിന്തന്‍ ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിന് പിന്തുടര്‍ച്ച തേടുകയുമാണിത്. ചിന്തന്‍ ശിബിരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടുകള്‍ ചന്ദ്രികയുമായി പങ്കുവെക്കുന്നു.

Published

on

ഉമ്മന്‍ചാണ്ടി/ ഫിര്‍ദൗസ് കായല്‍പ്പുറം

ചിന്തന്‍ ശിബിരം കേവലമൊരു ക്യാമ്പ് ആയിരുന്നില്ല. അത് കോണ്‍ഗ്രസിന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതായി വിലയിരുത്തപ്പെടുന്നു. കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടിയുടെ ചരിത്രത്തിന് പിന്തുടര്‍ച്ച തേടുകയുമാണിത്. ചിന്തന്‍ ശിബിരത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാടുകള്‍ ചന്ദ്രികയുമായി പങ്കുവെക്കുന്നു.

? ചിന്തന്‍ ശിബിരം സി.പി.എം വിരുദ്ധ സമ്മേളനം എന്നാണ് ഇടതുനേതാക്കള്‍ ആരോപിക്കുന്നത്. എന്താണ് ശിബിരം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം

കോണ്‍ഗ്രസിന്റെ നയങ്ങളും പരിപാടികളും തീരുമാനിക്കുന്നതിനും അത് എങ്ങനെയെല്ലാം നടപ്പിലാക്കണമെന്നും മറ്റുമുള്ള ചര്‍ച്ചകളാണ് ചിന്തന്‍ ശിബിരത്തില്‍ നടന്നത്. അത് സി.പി.എമ്മിനെന്നല്ല, ഒരു പാര്‍ട്ടിക്കും എതിരെയായിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് സമയക്രമമനുസരിച്ച് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. രാജ്യവും കേരളവും വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കോണ്‍ഗ്രസ് എപ്പോഴും സമാധാനപരമായ രാഷ്ട്രീയത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ചിന്തന്‍ ശിബിരത്തിന്റെ രാഷ്ട്രീയലക്ഷ്യം വളരെ വലുതാണ്. അത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബോധ്യമായിട്ടുണ്ട്.

? അത്തരമൊരു ചര്‍ച്ച വന്നതുതന്നെ മുന്നണി വിപുലീകരിക്കും എന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനമാണ്. യു.ഡി.എഫിലേക്ക് വരാന്‍ ഏതെങ്കിലും പാര്‍ട്ടികള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടോ

ഞങ്ങള്‍ ആരെയും യു.ഡി.എഫിലേക്ക് ക്ഷണിച്ചിട്ടില്ല. ആരും ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ടുമില്ല. പക്ഷേ, ഇടതുമുന്നണിയില്‍നിന്ന് ചില കക്ഷികള്‍ യു.ഡി.എഫിലേക്ക് വരും. അത് ഏത് പാര്‍ട്ടിയാണെന്നോ, അവര്‍ എപ്പോള്‍ വരുമെന്നോ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇടതുപക്ഷത്ത് നില്‍ക്കുന്നവരില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാത്തവരായി ആരുമില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ മുന്നണിമാറ്റം ഒരു പാതകമായി ആരും കാണുന്നില്ല. അവിടെ അസംതൃപ്തരുണ്ട്. അവര്‍ വന്നാല്‍ യു.ഡി.എഫ് സ്വീകരിക്കും. മുന്‍കാലങ്ങളിലും മുന്നണി സ്വീകരിച്ചിട്ടുള്ളത് ഈ നിലപാടാണ്. വര്‍ഗീയ ശക്തികളെ അടുപ്പിക്കില്ല. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ക്കും യു.ഡി.എഫില്‍ സ്ഥാനമുണ്ടാവില്ല. ദേശീയതലത്തില്‍ ശക്തിപ്രാപിക്കുന്ന മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ സ്വാഭാവികമായും കേരളത്തിലും പ്രതിഫലിക്കും.

? കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയാണോ ഉദ്ദേശിച്ചത്. റോഷി അഗസ്റ്റിന്‍ പറഞ്ഞത് അവരെ യു.ഡി.എഫ് ചവിട്ടി പുറത്താക്കി എന്നാണ്. അത് ശരിയാണോ

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ എന്നല്ല, ഒരു കക്ഷിയെയും യു.ഡി.എഫ് ചവിട്ടി പുറത്താക്കിയിട്ടില്ല. അത് യു.ഡി.എഫിന്റെ ശൈലിയല്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് യു.ഡി.എഫിന്റെ രീതി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഒരു തീരുമാനമെടുത്ത് അപ്പുറത്തേക്ക് പോയതാണ്. അവരോടും യു.ഡി.എഫിന് വിദ്വേഷമില്ല. യു.ഡി.എഫിന്റെ വാതിലുകള്‍ ആര്‍ക്കുമുന്നിലും അടച്ചിട്ടില്ല. മുന്നണിയില്‍ ഇപ്പോഴുള്ള എല്ലാ കക്ഷികളും വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.

? കെ.എം മാണിയോട് ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം ചെയ്തതെല്ലാം നമുക്കുമുന്നിലുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇടതുമുന്നണിയില്‍ തുടരുകയാണ്. ജോസ് കെ മാണിയുടെ നിലപാട് ശരിയാണോ

അതിന് മറുപടി പറയാന്‍ ഞാനില്ല. അത് തീരുമാനിക്കേണ്ടത് അവരുടെ പാര്‍ട്ടിയാണ്. പക്ഷേ, കെ.എം മാണി ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കപ്പെട്ടയാളാണ്. എന്റെ ഇത്രകാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ ഇപ്പോഴും വേദനയുളവാക്കുന്നത് മാണിയില്‍നിന്ന് രാജി എഴുതിവാങ്ങേണ്ടിവന്ന സന്ദര്‍ഭമാണ്. അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. യു.ഡി.എഫിന്റെ സമയത്തെ അന്വേഷണ റിപ്പോര്‍ട്ട് എല്‍.ഡി.എഫ് വന്നശേഷവും പരിശോധിച്ചു. എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഉദാഹരണത്തിന് പൊന്‍കുന്നത്തുനിന്നാണ് ഒരാള്‍ മാണിക്ക് പണം കൊണ്ടുകൊടുത്തതെന്ന് മൊബൈല്‍ ടവര്‍ നോക്കി കണ്ടെത്തിയിരുന്നു. 55 മിനുട്ടുകൊണ്ട് പൊന്‍കുന്നത്തുനിന്ന് മാണിയുടെ വീട്ടില്‍ പോയി മടങ്ങിയെത്തിയെന്നും വാദമുണ്ടായി. ഏറ്റവും വേഗത്തില്‍ ബൈക്കും കാറും ഓടിക്കുന്ന പൊലീസുകാരെ ഉപയോഗിച്ച് ഇത്രയും ദൂരം സഞ്ചരിപ്പിച്ചു നോക്കി. ഒരിക്കലും ഈ സമയത്തിനകത്ത് പോയ്‌വരാന്‍ കഴിയില്ലെന്ന് ഉറപ്പാക്കി. പണം കൊടുക്കുന്നത് കാര്‍ ഡ്രൈവര്‍ കണ്ടെന്നായിരുന്നു മറ്റൊരു മൊഴി. കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തുനിന്നാല്‍ പണം കൈമാറിയെന്ന് പറയപ്പെടുന്ന സ്ഥലം കാണാനാവില്ലെന്നും വ്യക്തമാക്കി. അത്രത്തോളം ചൂഴ്ന്ന് പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. ഒരു നിരപരാധിയെയാണ് അവര്‍ ക്രൂരമായി ആക്ഷേപിച്ചത്.

? അതിന്റെ തുടര്‍ച്ചയായിരുന്നല്ലോ നിയമസഭ അടിച്ചുതകര്‍ത്ത സംഭവം. മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ സെപ്തംബര്‍ 18ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

അന്നത്തെ പ്രതിപക്ഷത്തിന്റെ ആവശ്യം കെ.എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് മാത്രമായിരുന്നു. #ോറില്‍ ബഹളമുണ്ടാകുന്ന സമയത്തുപോലും മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതില്‍ കുഴപ്പമില്ലെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. വളരെ നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു അന്നത്തേത്. അതില്‍ മാണിക്ക് വലിയ വിഷമമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കേസ് അതിന്റെ വഴിക്ക് നടക്കട്ടെ.

? കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ലോക്‌സഭയിലും രാജ്യസഭയിലും എം.പിമാരെ സസ്‌പെന്റ് ചെയ്യുകയാണ്. പ്രതിഷേധിച്ചാല്‍ സസ്‌പെന്‍ഷന്‍. ഇ.ഡി വിഷയത്തില്‍ പുറത്ത് പ്രതിഷേധിച്ച എം.പിമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് ജനാധിപത്യം എങ്ങോട്ടാണ് പോകുന്നത്

പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണ്. അതിനോട് അസഹിഷ്ണുത കാട്ടേണ്ടതില്ല. ജനപ്രതിനിധികളുടെ സ്വാതന്ത്ര്യം കയ്യേറുന്നു. എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും ആവിഷ്‌കാര സ്വാതന്ത്ര്യം തടയുന്നു. ഇതെല്ലാം രാജ്യത്തിന് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ്. ജവഹര്‍വാല്‍ നെഹ്‌റുവിന്റെ കാലത്ത് പ്രതിപക്ഷത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. അതെല്ലാം തിരിച്ചുകൊണ്ടുവരണം. അതിനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. പ്രതാപനെയും രമ്യയെയുമൊക്കെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് തളരില്ല.

? കേരളത്തിലെ പ്രതിപക്ഷം എത്രത്തോളം ശക്തമാണ്, പ്രത്യേകിച്ച് വി.ഡി സതീശന്റെ പ്രവര്‍ത്തനം, ശൈലി

കേരളത്തിലേത് മികച്ച പ്രതിപക്ഷമാണ്. അടുത്ത കാലത്ത് പ്രതിപക്ഷം നിയസഭയിലും പുറത്തും ഉന്നയിച്ച വിഷയങ്ങളിലെല്ലാം വിജയമുണ്ടായി. വഖഫും ബഫര്‍സോണും ഉള്‍പെടെയുള്ളവ ഉദാഹരണം. വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹം ഡിബേറ്റുകള്‍ ഇഷ്ടപ്പെടുന്ന ആളാണ്. വിശദമായി പഠിച്ച് പറയുന്നതുകൊണ്ട് പല വിഷയങ്ങളിലും നല്ല നിലയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നു. സഭക്കുള്ളിലെ പ്രതിഷേധങ്ങളില്‍ ഞങ്ങള്‍ക്ക് സി.പി.എമ്മിനെ പോലെ ഏതറ്റംവരെയും പോകാനാവില്ല. അത് ഞങ്ങളുടെ ശൈലിയല്ല. വെളിയിലിറങ്ങുകയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്യുന്നതിനപ്പുറം അവരെ പോലെ കടുത്ത നിലപാട് ഞങ്ങള്‍ സ്വീകരിക്കില്ല. സംസ്ഥാനത്ത് പ്രതിപക്ഷം അതിന്റെ ധര്‍മം ഒട്ടും വീഴ്ചയില്ലാതെ തന്നെ ചെയ്യുന്നുണ്ട്.

? കേരളത്തിലെ ഒരു പത്രം നിരോധിക്കാന്‍ കെ.ടി ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചത് വലിയ വിവാദമായി മാറിയിട്ടുണ്ട്. ജലീലിന്റെ നടപടിയെ എങ്ങനെ കാണുന്നു

കെ.ടി ജലീല്‍ ചെയ്തത് തെറ്റാണ്. അദ്ദേഹത്തിനുമേല്‍ ഒരുപാട് ആരോപണങ്ങളുണ്ടല്ലോ. ഓരോ വിഷയത്തെയും സമീപിക്കുമ്പോള്‍ പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും അതിന്റെ വരുംവരായ്കകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.

? ചിന്തന്‍ ശിബിരത്തിലൂടെ കോണ്‍ഗ്രസ് എന്നതുപോലെ യു.ഡി.എഫിലെ എല്ലാ കക്ഷികളും ശക്തിപ്പെടേണ്ട സാഹചര്യമല്ലേ

കോണ്‍ഗ്രസും മുസ്‌ലിംലീഗും അടക്കമുള്ള എല്ലാ യു.ഡി.എഫ് കക്ഷികളും ശക്തമായി തന്നെയാണ് മുന്നോട്ടുപോകുന്നത്. ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ ഏതെങ്കിലും ദൗര്‍ബല്യം തീര്‍ക്കാനാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. ചില കാര്യങ്ങള്‍ ചിട്ടയോടെ നടപ്പിലാക്കാനാണ് ശിബിരത്തിലെ പദ്ധതികള്‍. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ എന്നും ഭദ്രമാണ്. അവരുടെ പരിപാടികള്‍ തന്നെ വ്യത്യസ്തവും ആകര്‍ഷകവുമാണ്. മുസ്‌ലിം ലീഗും അതിന്റെ നേതാക്കളും യു.ഡി.എഫിന് നല്‍കുന്നത് വലിയ സംഭാവനകള്‍ തന്നെയാണ്.

? പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് ഇനി വരുന്ന വലിയ വെല്ലുവിളി. കേരളത്തില്‍ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും രാജ്യത്താകെ കോണ്‍ഗ്രസ് ഉയിര്‍ത്തെണീക്കേണ്ടതുണ്ട്. അത്തരം ചര്‍ച്ചകള്‍ എ.ഐ.സി.സി തലത്തില്‍ ആരംഭിച്ചിട്ടുണ്ടോ

2024 പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിടുന്നത് പൂര്‍ണ സജ്ജമായി തന്നെയാകും. അതിനു മുന്നോടിയായി ചില തീരുമാനങ്ങളുണ്ടാകും. എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയും സമാനചിന്തക്കാരായ കക്ഷികളും ഒരുമിച്ചുപോകും. അതിന്റെ വിശദാംശങ്ങള്‍ വൈകാതെ നിങ്ങളെ അറിയിക്കും.

Continue Reading

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Trending