മകന് നല്‍കിയതായി പറയപ്പെടുന്ന മൊഴി സത്യമല്ലെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം. കൊറോണക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ബിസിനസ് പ്രതിസന്ധിയിലായെന്ന് റഹീം പറഞ്ഞു. അഫാനെ ഗള്‍ഫിലെത്തിച്ച് നല്ല ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വിചാരിച്ചതാണെന്നും എവിടെയാണ് മകന് പിഴച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കണ്ണീരോടെ പറഞ്ഞു.
കഫീലിന്റെ അടുത്തുനിന്ന് കട വാടകക്കെടുത്ത് നടത്തുകയായിരുന്നെന്നും മാസം 6000 റിയാല്‍ വീതം കഫീലിന് നല്‍കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. വലിയ വീട് വെച്ചു, വസ്തു വാങ്ങി, ബന്ധുക്കളുമായി നല്ല സഹവര്‍ത്തിത്വത്തില്‍ പോകുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കൊറോണക്കുശേഷം ബാധ്യതകള്‍ വന്നെന്നും തുടര്‍ന്ന് പലിശക്ക് പൈസയെടുത്ത് കച്ചവടം ചെയ്ത് ദിവസവും അടച്ചുകൊണ്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. കടയുടെ ലൈസന്‍സ്, ഇഖാമ തുടങ്ങിയ രേഖകളും ഒരു സാക്ഷിയെയും ഹാജരാക്കിയാണ് കാശ് വാങ്ങിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
30000 റിയാല്‍ എടുത്തിരുന്നെന്നും അതില്‍ കുറച്ച് അടച്ചെന്നും താന്‍ ജാമ്യംനിന്ന ഒരു പാലക്കാട്ടുകാരന്‍ പെട്ടെന്ന് നാട്ടില്‍ പോയപ്പോള്‍ ആ ബാധ്യത കൂടി തനിക്കായെന്നും അഫാന്റെ പിതാവ് പറഞ്ഞു. ഏകദേശം 28000 റിയാല്‍ ഈ യമനിക്ക് കൊടുക്കാനുള്ളതായി അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം നാട്ടില്‍ 65 ലക്ഷം രൂപ കടമുണ്ടെന്ന് അഫാന്‍ പൊലീസിന് മൊഴി കൊടുത്തത് സത്യമല്ലെന്നും നാട്ടില്‍ അഞ്ചുലക്ഷത്തോളം രൂപ കടവും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒരു ലോണുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീടുവില്‍ക്കാന്‍ ശ്രമിച്ചത് കടങ്ങള്‍ വീട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.