kerala

‘ഗുണ്ടകള്‍ ആണെന്ന് കരുതിയാണ് ഓടിയത്’; ഷൈന്‍ ടോം ചാക്കോയുടെ മൊഴി

By Lubna Sherin K P

April 19, 2025

ഡാന്‍സാഫ് സംഘത്തെ കണ്ട് ഗുണ്ടകളാമെന്ന് തെറ്റിദ്ധരിച്ച് ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങി ഓടിയതാമെന്ന് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. ചോദ്യം ചെയ്യലിനിടെയാണ് ഷൈന്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ അപ്രതീക്ഷിതമായി പൊലീസിനെ കണ്ടപ്പോള്‍ ഭയന്നുവെന്നും ഷൈന്‍ പറയുന്നു.

 

അതേസമയം രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ സംശയാസ്പദമായി ഒന്നും ലഭിച്ചില്ല. ഷൈനിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്. ഷൈനിന്റെ ഫോണ്‍ പരിശോധിക്കാന്‍ സൈബര്‍ വിദഗ്ധരും ഒപ്പമുണ്ട്. കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്ട് എസിപി മാരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ഷൈനിനെതിരെ കേസടുക്കുകയുളളൂ എന്നാണ് പൊലീസിന്റെ തീരുമാനം. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.

നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈന്‍ ഹാജരായത്. സ്റ്റേഷനില്‍ ഹാജരായ ഷൈനിനോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിച്ചില്ല. അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരിക്കൊപ്പം കാറിലാണ് ഷൈന്‍ സ്റ്റേഷനിലെത്തിയത്.

നടിയുടെ പരാതിയില്‍ ഷൈന്‍ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’ മെയില്‍ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു. വിന്‍സി അലോഷ്യസില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം.