india

എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച സംഭവം; പ്രതി അറസ്റ്റില്‍

By Lubna Sherin K P

April 19, 2025

മേദാന്ത ഹോസ്പിറ്റലില്‍ വച്ച് 46 കാരിയായ എയര്‍ ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ടെക്‌നീഷ്യനെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പ്രതി കഴിഞ്ഞ അഞ്ച് മാസമായി ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

800 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്ത് വിവിധ വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബധൗലി ഗ്രാമത്തില്‍ നിന്നുള്ള 25 കാരനായ ദീപക്, ഇപ്പോള്‍ ഗുരുഗ്രാമില്‍ താമസിക്കുന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ താന്‍ അവിവാഹിതനാണെന്നും പോണ്‍ വീഡിയോകള്‍ക്ക് അടിമയാണെന്നും പ്രതി വെളിപ്പെടുത്തി. ബിഎസ്സി, ഒടിടി (ഓപ്പറേഷന്‍ തിയറ്റര്‍ ടെക്നോളജി) കോഴ്സിന് ശേഷം മേദാന്തയില്‍ ടെക്നീഷ്യനായി ചേര്‍ന്നു.

കഴിഞ്ഞ അഞ്ച് മാസമായി ഐസിയുവില്‍ ട്രീറ്റ്മെന്റ് മെഷീന്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് വക്താവ് പറഞ്ഞു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

കേസന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഇന്നലെ ആശുപത്രിയിലെത്തി 50ലധികം ജീവനക്കാരെയും ചില ഡോക്ടര്‍മാരെയും ചോദ്യം ചെയ്യുകയും 800ലധികം സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയും ചെയ്തു. മൈക്രോ ലെവലില്‍ ഒന്നിലധികം വിശകലനങ്ങള്‍ നടത്തി മാനുഷിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്ന് സദര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എയര്‍ഹോസ്റ്റസ് ഐസിയുവില്‍ വെന്റിലേറ്ററിലിരിക്കെയാണ് മര്‍ദ്ദനമേറ്റത്.