GULF
ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു റീട്ടെയ്ൽ; 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക്
7208 മില്യൺ രൂപയുടെ ഡിവിഡന്റ് പ്രഖ്യാപിച്ചു

മികച്ച വളർച്ചാനിരക്കാണ് രേഖപ്പെടുത്തുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി
അബുദാബി : അബുദാബിയിൽ നടന്ന ലുലു റീട്ടെയ്ലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിൽ നിക്ഷേപകർക്കായി ലുലുവിന്റെ വമ്പൻ പ്രഖ്യാപനം. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് നൽകും. 7208 മില്യൺ രൂപയുടെ (84.4 മില്യൺ ഡോളർ) ലാഭവിഹിതം പ്രഖ്യാപിച്ചു. 75 ശതമാനം ലാഭവിഹിതമെന്ന മുൻധാരണയേക്കാൾ പത്ത് ശതമാനം അധികം ലാഭവിഹിതമാണ് ഇതോടെ നിക്ഷേപകർക്ക് ലഭിക്കുക. 2024 സാമ്പത്തിക പാതത്തിലും ഏറ്റവും മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തിയത്.
നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകരുടെ സന്തോഷമാണ് വലുതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ലോങ്ങ് ടേം സ്റ്റ്രാറ്റജിയിലുള്ള മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തുന്നത്. വിപുലമായ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും നിക്ഷേപകർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും എം.എ യൂസഫലി വ്യക്തമാക്കി.
2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയ്ൽ 4.7 ശതമാനം വാർഷികവളർച്ച നേടി. 7.62 ബില്യൺ ഡോളർ വരുമാനത്തോടെ 12.6 ശതമാനം അധിക വളർച്ച. അറ്റാദായം (നെറ്റ് പ്രോഫിറ്റ് ) 216.2 മില്യൺ ഡോളറിലെത്തി. ജിസിസിയിൽ യുഎഇ സൗദി അറേബ്യ മാർക്കറ്റുകളിൽ ഏറ്റവും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ൽ നേടിയത്. നിലവിലെ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനൊപ്പം സുപ്രധാന വിപണികളിൽ കൂടുതൽ സ്റ്റോറുകൾ ലുലു തുറക്കും. ഓൺലൈൻ രംഗത്തും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ലിനുള്ളത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വിപുലമാക്കിയും ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കിയും ഉപഭോക്താകൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ൽ.
സുസ്ഥിരമായ വളർച്ചയിലൂടെ റീട്ടെയ്ൽ മേഖലയിൽ സുപ്രധാനമായ പങ്കാണ് ലുലു വഹിക്കുന്നതെന്നും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു.
ലുലു റീട്ടെയ്ലിന് നൽകി വരുന്ന മികച്ച പിന്തുണയ്ക്ക് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് (SCA) , അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനും ജനറൽ മീറ്റിങ്ങിൽ ബോർഡ് നന്ദി രേഖപ്പെടുത്തി
GULF
ഇറാന്റെ മിസൈല്‍ ആക്രമണം; നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കും: ഖത്തര്‍
ഇറാന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു.

ഇറാന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തര്‍ സുരക്ഷാ സേന മിസൈല്‍ തകര്‍ക്കുന്നതിനിടെ പല വസ്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം മിസൈല്‍ ഭാഗങ്ങള്‍ തെറിച്ചു വീണു നഷ്ടമുണ്ടായവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഖത്തറിലുള്ള അമേരിക്കന്‍ സൈനിക ക്യാമ്പിന് നേരെ കഴിഞ്ഞ മാസം 23ന് ആണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഈ മിസൈലുകള്‍ ആകാശത്ത് വെച്ച് തന്നെ ഖത്തര്‍ സൈന്യം തകര്‍ത്തിരുന്നു. എന്നാല്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ റോഡിലും സ്വകാര്യ സ്ഥലത്തുമായി ചിതറി വീണതോടെയാണ് വലിയ നാശനഷ്ടം സംഭവിച്ചത്.
നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചാല്‍ ഔദ്യോഗിക സംഘം സ്ഥലം സന്ദര്‍ശിക്കും. മിസൈല്‍ ആക്രമണത്തിന്റെ ഭാഗമാണെന്ന് ബോധ്യപ്പെട്ടാല്‍ അത് സാക്ഷ്യപ്പെടുത്തും. പിന്നീട് സിവില്‍ ഡിഫന്‍സ് കൗണ്‍സിലിനെ നഷ്ടപരിഹാരത്തിനായി ജനങ്ങള്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കി. അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ മെത്രാഷ് വഴി രണ്ടു ദിവസത്തിനകം അപേക്ഷ നല്‍കണമെന്നും അതിനു ശേഷം ലഭിക്കുന്നവ പരിഗണിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
GULF
വിപഞ്ചികയുടെ മരണം: ഭര്‍ത്താവ് നിതീഷിനെതിരെ കേസെടുത്തു

ഷാര്‍ജ: അല്‍ നഹ്ദയില്‍ ഒന്നര വയസുകാരിയായ പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി കൊല്ലം കേരളപുരം സ്വദേശിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. മരണപ്പെട്ട യുവതിയുടെ മാതാവിന്റെ പരാതിയില്‍ ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റാരോപിതര്‍ മൂന്നുപേരും നിലവില്‍ ഷാര്‍ജയിലാണ്. ഇവര്‍ നാട്ടില്‍ എത്തിയ ശേഷമാകും അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊലീസ് കടക്കുക. സ്ത്രീധനത്തെ ചൊല്ലി വിപഞ്ചികയെ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കേസില്‍ സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്. മരണ ശേഷം വിപഞ്ചികയുടെ സാമുഹ്യ മാധ്യമ പോസ്റ്റുകള്‍ അപ്രത്യക്ഷമായത് തെളിവ് നശിപ്പിക്കാനാണെന്ന നിഗമനത്തിലാണ് സൈബര്‍ സെല്ലിന്റെ പ്രത്യേക അന്വേഷണം.
കൊറ്റംകര കേരളപുരം രജിത ഭവനില്‍ വിപഞ്ചിക മണിയന്റെ(33) മരണത്തിലാണ് ഭര്‍ത്താവ് നിതീഷ്, ഇയാളുടെ സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരെ പ്രതിചേര്‍ത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് ഷാര്‍ജയില്‍ സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍ മാനേജറായിരുന്ന വിപഞ്ചികയും മകള്‍ ഒന്നര വയസുകാരി വൈഭവിയും ഷാര്‍ജയിലെ ഫഌറ്റില്‍ ജീവനൊടുക്കിയത്. മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവ് നിതീഷ് കോട്ടയം സ്വദേശിയാണ്. ഇയാള്‍ ഷാര്‍ജയില്‍ എഞ്ചിനീയറാണ്.
സ്ത്രീധനത്തിന്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തു എന്ന് പരാമര്‍ശിക്കുന്ന വിപഞ്ചികയുടെ ആറ് പേജുള്ള ആത്മഹത്യാ കുറിപ്പ് നേരത്തെ സാമൂഹ്യ മാധ്യമം വഴി പുറത്തുവന്നിരുന്നു. മരണത്തിന് ശേഷമാണ് ഇത് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. ടൈമര്‍ സെറ്റ് ചെയ്ത് വെച്ചായിരുന്നു അപ്‌ലോഡ് ചെയ്തത്. ഇതോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. വൈകാതെ ഫെയ്‌സ്ബുക്കിലെ കത്ത് അപ്രത്യക്ഷമായി. മരണപ്പെട്ട വിപഞ്ചികയുടെ ഫോണ്‍ കൈക്കലാക്കിയ ഭര്‍ത്താവ് നിതീഷ് മോഹനും സഹോദരിയും കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. കൊടിയ പീഡനമാണ് വിപഞ്ചിക ഭര്‍തൃവീട്ടില്‍ അനുഭവിച്ചതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. തന്റെ മരണത്തില്‍ നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവ് മോഹനന്‍. പിതാവ് അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും നിതീഷ് പ്രതികരിച്ചില്ല. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും കുറിപ്പില്‍ വെളിപ്പെടുത്തുന്നു. കല്യാണം ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്തു. കുഞ്ഞിനെ ഓര്‍ത്ത് തന്നെ വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ല. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി.
ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍നിന്ന് ഇറക്കിവിട്ടു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ നിതീഷ് തന്നെ തല്ലുമായിരുന്നുവെങ്കിലും കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു. എന്നെ അവര്‍ക്ക് ഒരു മാനസികരോഗിയാക്കണം. എന്റെ കൂട്ടുകാര്‍ക്കും ഓഫിസിലുള്ളവര്‍ക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. വിപഞ്ചികയുടെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നതോടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് വിപഞ്ചികയുടെ കുടുംബം യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. വിപഞ്ചിക ആത്മഹത്യ ചെയ്യില്ലെന്ന് ഉറച്ച് പറയുകയാണ് മാതാവും സഹോദരനും. ഭര്‍ത്താവായ നിതീഷിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ മാതാവ് ഷൈലജ ഉന്നയിക്കുന്നത്. ഭര്‍ത്താവിന്റെ സഹോദരിയാണ് എല്ലാത്തിനും കാരണമെന്ന് മാതാവ് ആരോപിച്ചു. മകള്‍ കൊടിയപീഡനത്തിനിരയായ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ ഇതൊന്നും താന്‍ അനുവദിക്കില്ലായിരുന്നുവെന്നും മാതാവ് പറഞ്ഞു.
വിപഞ്ചികയെ ഭര്‍തൃ പിതാവിനും ഭര്‍തൃ സഹോദരിക്കും ഇഷ്ടമല്ലായിരുന്നു.
കൊടിയപീഡനങ്ങളാണ് മകള്‍ അനുഭവിച്ചത്. താന്‍ വിഷമിക്കാതിരിക്കാനാണ് ഇതൊന്നും അറിയിക്കാതെയിരുന്നത്. ഇപ്പോള്‍ ഫോട്ടോയും വീഡിയോയും കാണുമ്പോഴാണ് മകള്‍ ഇത്രയും കൊടിയ പീഡനം സഹിച്ചിരുന്ന വിവരമറിയുന്നത്. ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു. നിതീഷിന്റെ പീഡനം കാരണമാണ് മകള്‍ മുടി മുറിച്ചതെന്നും മാതാവ് പറഞ്ഞു. വിപഞ്ചികയുടെ പിതാവ് മണിയന്‍ കുവൈത്തിലാണ്. നിയമക്കുരുക്കില്‍പ്പെട്ടതിനാല്‍ ഇദ്ദേഹം നാട്ടില്‍ എത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ സംസ്‌കരിക്കണമെന്നാണ് നിതീഷിന്റെ ആവശ്യം. ഇത് അനുവദിക്കരുതെന്നും മകളെയും കുഞ്ഞിനെയും മരണത്തിലേക്ക് തള്ളിവിട്ട അയാള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും മാതാവ് പറഞ്ഞു.
GULF
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ.

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും.
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അവസാന നിമിഷമെങ്കിലും കുടുംബവുമായി സമവായത്തിലെത്തിയാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് പ്രേമകുമാരി അപേക്ഷ നല്‍കിയത്.
പബ്ലിക് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി അധികൃതരും യെമനിലുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം പങ്കെടുത്തു. വധശിക്ഷ നടപ്പാക്കുന്നത് യെമന്‍ ഭരണകൂടം മാറ്റിവെയ്ക്കുമെന്നാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതീക്ഷ. ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
kerala2 days ago
ഭാസ്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് ജയില്‍ മോചിതയായി
-
kerala2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി
-
Education2 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും