News
ട്രംപ് T1 മൊബൈല്‍ അവതരിപ്പിച്ചു: മുന്‍കൂര്‍ ബുക്കിങ്ങില്‍ വെബ്സൈറ്റ് തകര്‍ന്ന് തെറ്റായ നിരക്കുകള്‍ ഈടാക്കുന്നതായി റിപ്പോര്‍ട്ട്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ്സ് സാമ്രാജ്യം ട്രംപ് മൊബൈലിന്റെ T1 സ്മാര്‍ട്ട്ഫോണിന്റെ സമാരംഭത്തോടെ ടെലികമ്മ്യൂണിക്കേഷനിലേക്ക് വികസിച്ചു, മൂന്ന് പ്രധാന യുഎസ് വയര്‍ലെസ് ദാതാക്കളില്‍ നിന്ന് നെറ്റ്വര്‍ക്ക് കപ്പാസിറ്റി വാങ്ങുന്ന ഒരു മൊബൈല്‍ വെര്‍ച്വല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായി ഈ സേവനം പ്രവര്‍ത്തിക്കും.
499 ഡോളര്‍ വിലയുള്ള സ്വര്‍ണ്ണ നിറത്തിലുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണാണ് ട്രംപിന്റെ T1 മൊബൈല്‍. 6.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120Hz പുതുക്കല്‍ നിരക്ക്, 50എംപി പ്രധാന ക്യാമറ, 5000എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 15 പ്രവര്‍ത്തിക്കുന്നു. 12ജിബി റാം, 256ജിബി എക്സ്പാന്‍ഡബിള്‍ സ്റ്റോറേജ്, ഫിംഗര്‍പ്രിന്റ്, എഐ ഫെയ്സ് അണ്‍ലോക്ക് സുരക്ഷ എന്നിവയും ഈ ഉപകരണത്തിന്റെ സവിശേഷതകളാണ്.
ഡൊണാള്‍ഡ് ട്രംപിന്റെ ‘ദി 47 പ്ലാന്‍’ അണ്‍ലിമിറ്റഡ് കോളിംഗ്, ടെക്സ്റ്റ്, ഡാറ്റ, സൗജന്യ അന്താരാഷ്ട്ര കോളിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
ട്രംപിന്റെ 47-ാമത് പ്രസിഡന്റായി പരാമര്‍ശിച്ചുകൊണ്ട്, ട്രമ്പ് മൊബൈല്‍ പറയുന്ന സേവന പ്ലാനിന് പ്രതിമാസം 47.45 ഡോളര്‍ (ഏകദേശം 4,0787 രൂപ) ആണ്. കരാറുകളോ ക്രെഡിറ്റ് പരിശോധനകളോ ഇല്ലാത്ത അണ്‍ലിമിറ്റഡ് ടോക്ക്, ടെക്സ്റ്റ്, ഡാറ്റ എന്നിവ ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നു. അധിക ആനുകൂല്യങ്ങള്‍ 24/7 റോഡ്സൈഡ് അസിസ്റ്റന്‍സ്, ടെലിഹെല്‍ത്ത് സേവനങ്ങള്‍, ഉപകരണ സംരക്ഷണം, 100-ലധികം രാജ്യങ്ങളിലേക്ക് സൗജന്യ അന്താരാഷ്ട്ര കോളിംഗ് എന്നിവ ഉള്‍ക്കൊള്ളുന്നു. വിദേശ താവളങ്ങളിലേക്ക് സൗജന്യ ദീര്‍ഘദൂര കോളുകളുള്ള സൈനിക കുടുംബങ്ങള്‍ക്ക് ഈ സേവനം ഊന്നല്‍ നല്കുന്നു. ഓട്ടോമേറ്റഡ് സംവിധാനങ്ങളല്ല, യഥാര്‍ത്ഥ ആളുകളാല്‍ പ്രവര്‍ത്തിക്കുന്ന 250 സീറ്റുകളുള്ള ഒരു ഉപഭോക്തൃ സേവന കേന്ദ്രം യുണൈറ്റഡ് സ്റ്റേറ്റ്സില്‍ നിന്ന് 24/7 പ്രവര്‍ത്തിക്കും.
അതേസമയം മുന്‍കൂര്‍ ബുക്കിങ്ങില്‍ വെബ്സൈറ്റ് തകര്‍ന്ന് തെറ്റായ നിരക്കുകള്‍ ഈടാക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നു. ഈ ആഴ്ച T1 ഫോണും മൊബൈല്‍ സേവന പ്ലാനും അനാച്ഛാദനം ചെയ്ത ട്രംപ് ഓര്‍ഗനൈസേഷന്റെ പുതിയ സംരംഭമായ ട്രംപ് മൊബൈല്‍, വെബ്സൈറ്റ് ക്രാഷുകള്‍, തെറ്റായ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന ഓര്‍ഡര്‍ പ്രോസസ്സ് എന്നിവ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതിനകം തന്നെ തിരിച്ചടി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
News
ഇംഗ്ലണ്ട് 247 റണ്‍സിന് ഓള്‍ഔട്ട്; ഇന്ത്യയ്ക്ക് മികച്ച തുടക്കം
അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 247 റണ്‍സില്‍ ഓള് ഔട്ടാക്കി.

ഓവല്‍ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെമികച്ച പ്രകടനം. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 247 റണ്‍സില്‍ ഓള് ഔട്ടാക്കി. ഇംഗ്ലണ്ടിന് 23 റണ്‍സ് മാത്രമാണ് ലീഡ് പിടിക്കാനായത്. രണ്ടാം ദിനത്തിന്റെ മൂന്നാം സെഷനില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ബാറ്റിങും ആരംഭിച്ചു. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സ് എന്ന നിലയിലാണ്. 28 പന്തില്‍ ഏഴു റണ്‍സുമായി കെ.എല്‍. രാഹുലാണ് പുറത്തായത്. അതേസമയം ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ ശൈലിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കി ഓപ്പണര്‍ യശസ്വി ജയ്സ്വാളും (31 പന്തില്‍ 38) സായ് സുദര്‍ശനും (0) ക്രീസിലുണ്ട്. ഒന്‍പതു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യയ്ക്ക് 23 റണ്‍സിന്റെ ലീഡുണ്ട്.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 224 റണ്‍സ് പിന്തുടര്ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 247 റണ്‍സിന് പുറത്തായിരുന്നു. ക്രിസ് വോക്സ് പരുക്കേറ്റ് പുറത്തായതോടെ ബാറ്റിങ്ങിന് ഇറങ്ങിയില്ല. ഓപ്പണര്‍ സാക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ക്രൗലി 57 പന്തില്‍ 14 ഫോറുകളോടെ 64 റണ്‍സെടുത്തു. ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി അര്‍ധസെഞ്ചറി നേടി. ബ്രൂക്ക് 64 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 53 റണ്‍സെടുത്തു.ബെന്‍ ഡക്കറ്റ് 38 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 43 റണ്‍സെടുത്തു.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. ഇരുവരും നാലു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യ നേടിയ ആദ്യ വിക്കറ്റ് ആകാശ്ദീപും സ്വന്തമാക്കി. മുഹമ്മദ് സിറാജ് 16.2 ഓവറില്‍ 86 റണ്‍സ് വഴങ്ങിയും പ്രസിദ്ധ് കൃഷ്ണ 16 ഓവറില്‍ 62 റണ്‍സ് വഴങ്ങിയുമാണ് നാലു വിക്കറ്റ് വീതം വീഴ്ത്തിയത്. ആകാശ്ദീപ് 17 ഓവറില്‍ 80 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.
kerala
ദി കേരള സ്റ്റോറിക്ക് പുരസ്കാരം നല്‍കിയത് അംഗീകരിക്കാനാകില്ല; ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിന്: വി ഡി സതീശന്
ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്കുന്ന സംഘ്പരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്കാരത്തെയും രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണെന്നും സതീശന് പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ കാമ്പയിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മത വിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പുരസ്കാരം നല്‍കിയത്. ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നല്കുന്ന സംഘ്പരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്കാരത്തെയും രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണെന്നും സതീശന് പറഞ്ഞു. വിഭജനത്തിന്റെ രാഷ്ട്രീയം നടപ്പാക്കുന്ന ബി.ജെ.പിയും സംഘ്പരിവാറും കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
ശിഹാബ് തങ്ങള്‍ അപൂര്‍വ്വ മനുഷ്യന്; ഓര്‍മ്മ ദിനത്തില്‍ തങ്ങളെ അനുസ്മരിച്ച് പ്രശസ്ത എഴുത്തുകാരി സുധ മേനോന്
‘ബാബറിമസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം ശിഹാബ് തങ്ങള്‍ തടഞ്ഞു. ‘

കോഴിക്കോട്- ഓര്‍മ്മ ദിനത്തില്‍ ശിഹാബ് തങ്ങളെ അനുസ്മരിച്ച് പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ സുധ മേനോന്. 1975 മുതല്‍ 2009 വരെ മുസ്ലിം ലീഗ് എന്ന രാഷ്ട്ട്രീയപാര്‍ട്ടി സംസ്ഥാന അധ്യക്ഷനായും ആത്മീയ നേതാവായും, മികച്ച സാമൂഹ്യപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ച ശിഹാബ് തങ്ങളുടെ സംഭാവനകളെ കുറിച്ചും കേരള സമൂഹത്തിലെ ലീഗിന്റെ സംഭാവനകളെ കുറിച്ചും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുകയായിരുന്നു എഴുത്തുകാരി.
ബാബറിമസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം ശിഹാബ് തങ്ങള്‍ തടഞ്ഞു. വിഭിന്ന മതവിശ്വാസികള്‍ ജീവിക്കുന്ന നാട്ടില്‍, രാഷ്ട്രീയ-സാമൂദായിക നേതാക്കള്‍ തൊടുത്തു വിടുന്ന അപ്രിയകരമായ ഒരൊറ്റ വാക്ക് പോലും അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന ദീര്‍ഘദര്‍ശിത്വവും ആത്മസംയമനവും ശിഹാബ് തങ്ങള്‍ക്കുണ്ടായിരുന്നെന്നും സുധ മേനോന് പറഞ്ഞു. ഉത്തരേന്ത്യയില്‍ പലയിടത്തും കലാപങ്ങള്‍ ഉണ്ടായപ്പോഴും കേരളം സമാധാനത്തിന്റെ ഒറ്റനക്ഷത്രമായി വെളിച്ചം നല്‍കിയത് അതുകൊണ്ടുതന്നെയാണെന്നും അവര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വൈവിധ്യങ്ങളെയും മതസ്വത്വങ്ങളെയും പരസ്പരം ആദരിക്കുന്ന സഹജീവിതമാണ് ഏതൊരു ബഹുസ്വരസമൂഹത്തിന്റെയും നിലനില്‍പ്പിന് അനിവാര്യം. അയല്‍ക്കാരനെ ‘അപരനായി’ കാണാന്‍ തുടങ്ങുന്നതോടെയാണ് അവിശ്വാസത്തിന്റെയും, അന്യവല്‍ക്കരണത്തിന്റെയും, വെറുപ്പിന്റെയും വിത്തുകള്‍ മനുഷ്യര്‍ക്കിടയില്‍ മുള പൊട്ടുന്നത്. ആ വിത്തുകള്‍ പിന്നീട് വലിയ വര്‍ഗീയകലാപങ്ങളായി മാറുന്നു. മുറിവുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണ്. പഴുത്തു വ്രണമായാല്‍ ചികിത്സ എളുപ്പമല്ല.
ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം ഇപ്പോഴും അനന്യമായ ഒരു ചെറുതുരുത്തായി നിലനില്ക്കുന്നതിന്റെ കാരണം മുറിവുകള്‍ പഴുത്ത് വ്രണമാകാതിരിക്കാന്‍ ശ്രദ്ധാപൂര്‍വ്വം ഉണര്‍ന്നു പ്രവര്‍ത്തിച്ച വിവേകശാലികളായ രാഷ്ട്രീയ-സാമൂദായിക നേതാക്കള്‍ ഇന്നാട്ടില് ഉണ്ടായിരുന്നതുകൊണ്ടാണ്. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍’ എന്ന് കുമാരനാശാന് എഴുതിയതും ഇതുപോലുള്ള മനുഷ്യരെക്കുറിച്ചാണ്. പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അങ്ങനെയുള്ള ഒരപൂര്‍വ മനുഷ്യനായിരുന്നു.
നിരവധി അടരുകള്‍ ഉള്ള വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളുടേത് . 1975 മുതല്‍ 2009 വരെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു. അദ്ദേഹം ഒരേ സമയം ആത്മീയനേതാവും, എഴുത്തുകാരനും, ബഹുഭാഷാ പണ്ഡിതനും, മികച്ച സാമൂഹ്യപ്രവര്‍ത്തകനും ആയിരുന്നു. ദിവസേന വിദൂരദിക്കുകളില്‍ നിന്നു പോലും തങ്ങളെ തേടിവരുന്ന സാധാരണ മനുഷ്യര്‍ക്ക് അദ്ദേഹം എന്നും അഭയവും, വഴിവിളക്കുമായി. പേരറിയാത്ത ആ മനുഷ്യര്‍ക്ക് വേണ്ടി കൊടപ്പനക്കല്‍ തറവാട്ടിലെ ഗേറ്റുകള്‍ എന്നും തുറന്നിട്ടു. കാറ്റും കോളും നിറഞ്ഞ മുന്നണി രാഷ്ട്രീയത്തില്‍ പൊട്ടിത്തെറിക്കുകയോ ആക്രോശിക്കുകയോ ചെയ്യാതെ തന്നെ, സൌമ്യമായും പക്വമായും സ്വന്തം പാര്‍ട്ടിയുടെയും ഐക്യമുന്നണിയുടെയും താല്പര്യങ്ങള് സംരക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലെ മുസ്ലിങ്ങള്‍ സാമൂഹ്യമായും വിദ്യാഭ്യാസപരമായും, സാംസ്കാരികമായും ഉയര്‍ന്നു നില്‍ക്കുന്നതിനുള്ള ചാലകശക്തിയായി ലീഗിനെ പരിവര്‍ത്തനപ്പെടുത്തുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ചു.
പക്ഷെ, സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മനുഷ്യനെ ആധുനിക കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടത് ഈ സംഭാവനകള്‍ കാരണം മാത്രമല്ല. ഏറ്റവും സ്ഫോടനാത്മകമായ ഒരു പ്രതിസന്ധിഘട്ടത്തില്‍ അദ്ദേഹം കാണിച്ച സംയമനത്തിന്റെയും വിവേകത്തിന്റേയും ഉദാത്തമായ മതേതര മാനവികതയുടെയും കൂടി പേരിലാണ്. ബാബറിമസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം അദ്ദേഹം തടഞ്ഞു. വിഭിന്ന മതവിശ്വാസികള്‍ ജീവിക്കുന്ന ഒരു നാട്ടില്‍, രാഷ്ട്രീയ-സാമൂദായിക നേതാക്കള്‍ തൊടുത്തു വിടുന്ന അപ്രിയകരമായ ഒരൊറ്റ വാക്ക് പോലും അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന ദീര്‍ഘദര്‍ശിത്വവും ആത്മസംയമനവും ശിഹാബ് തങ്ങള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയില്‍ പലയിടത്തും കലാപങ്ങള്‍ ഉണ്ടായപ്പോഴും കേരളം സമാധാനത്തിന്റെ ഒറ്റനക്ഷത്രമായി വെളിച്ചം നല്കി. തീവ്രവാദങ്ങള്‍ക്ക് നേരെ അദ്ദേഹം അതിശക്തമായ പ്രതിരോധമുയര്‍ത്തി. അതുകൊണ്ടാണ് ശിഹാബ് തങ്ങള്‍ ഈ ലോകത്തോട് വിട പറഞ്ഞ ദിവസം- 2009 ആഗസ്റ്റ് ഒന്നാം തിയതി- ഇന്ത്യന്‍ എക്സ്പ്രസ് പത്രം എഴുതിയ മുഖപ്രസംഗത്തില്‍ അദ്ദേഹത്തെ ‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ പ്രവാചകന്’ എന്ന് മനോഹരമായി വിശേഷിപ്പിച്ചത്.
അക്കാലത്ത് തങ്ങള്‍ പ്രഖ്യാപിച്ചത് അതുപോലെ അനുസരിച്ച അദ്ദേഹത്തിന്റെ അനുയായികള്‍ സഹോദരസമുദായങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നേരെ ഒരൊറ്റ കല്ല് പോലും എറിഞ്ഞില്ല. ശിഹാബ് തങ്ങളുടെ പക്വമായ ഇടപെടലും, കഠിനാധ്വാനവും, ഊര്‍ജ്ജവും ആണ് ലീഗിനെയും ഐക്യ ജനാധിപത്യ മുന്നണിയെയും ആ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചത്. പിന്നീട്, 2007ല്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപുറത്ത് തളി മഹാദേവക്ഷേത്രത്തിന്റെ ഗോപുരവാതില്‍ സാമൂഹ്യവിരുദ്ധര്‍ അഗ്നിക്കിരയാക്കിയപ്പോള്‍, ആ തീ സമൂഹത്തിലേക്ക് പടര്‍ന്നു പിടിക്കാതെ കെടുത്താന്‍ പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്‍ അതിവേഗം മുന്നിട്ടിറങ്ങി. തകര്‍ന്നുപോയ ഗോപുരവാതിലിന്റെ പുനരുദ്ധാരണത്തിന് ആദ്യത്തെ സംഭാവന നല്കിയതും തങ്ങള്‍ ആയിരുന്നു.
ബഹുസ്വര-മതേതര ജനാധിപത്യത്തിന്റെ വഴികള്‍ നേര്‍രേഖ പോലെ തെളിഞ്ഞതല്ലെന്നും, മുന്നില്‍ ഇരുട്ട് നിറയുമ്പോള്‍ തിരിച്ചറിവിന്റെ വിളക്ക് കത്തിച്ചുകൊണ്ട് വീണ്ടും വഴി കണ്ടുപിടിക്കേണ്ടത് പൌരന്മാരും, സമുദായങ്ങളും, വിവിധ രാഷ്ട്രീയപാര്‍ട്ടികളും,മാധ്യമങ്ങളും, പൊതുസമൂഹവും ഒന്നിച്ചു നിന്നു കൊണ്ടാണ് എന്നും അദ്ദേഹം ജീവിതകാലം മുഴുവന്‍ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ സഹജീവനത്തിന്റെ സാധ്യതകളെ ശിഹാബ് തങ്ങള്‍ എപ്പോഴും ശക്തിപ്പെടുത്തി.
ശിഹാബ് തങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസിലേക്ക് കടന്നു വരുന്നത് മഹാകവി അക്കിത്തത്തിന്റെ വരികളാണ്..
‘ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റുള്ളവര്‍ക്കായ്ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിര്‍മ്മലപൗര്‍ണ്ണമി…’
രാഷ്ട്രീയത്തിലും, സാമൂഹ്യപ്രവര്‍ത്തനത്തിലും ആത്മീയതയുടെയും, സ്നേഹത്തിന്റെയും മാനവികതയുടെയും നിലാവ് പടര്‍ത്തിയ ആദരണീയനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ ദീപ്ത സ്മരണങ്ങള്‍ക്ക് മുന്നില്‍ പ്രണമിക്കാം
-
kerala3 days ago
മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം; മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു
-
News3 days ago
റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി
-
kerala3 days ago
സമാനതകളില്ലാത്ത ഭാഷാസമരം
-
Video Stories2 days ago
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
-
kerala3 days ago
‘ഉമ്മ ഞാന്‍ മരിക്കുകയാണ്, അല്ലെങ്കില്‍ ഇവര്‍ എന്നെ കൊല്ലും’; തൃശൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കി
-
kerala2 days ago
സ്കൂള്‍ അവധിക്കാലം ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റിയാലോ?; ചര്‍ച്ചക്ക് തുടക്കമിട്ട് മന്ത്രി വി ശിവന്‍കുട്ടി
-
india2 days ago
മാലേഗാവ് സ്ഫോടനം: പ്രജ്ഞാ സിങ് അടക്കം മുഴുവന്‍ പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു
-
kerala2 days ago
തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നത് നീട്ടിവെക്കണം; ഹൈക്കോടതി