kerala
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടിയായി ; 136 അടി എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും , അവസാനം തുറന്നത് 2022ല്‍

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 135 അടിയാണ് അണക്കെട്ടില്‍ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാല്‍ സ്പില്‍വേ ഷട്ടര്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ സാധ്യത ഉണ്ടെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.
ഇടുക്കിയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം,ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 9 ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനാണ് സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്. കേരള-കര്‍ണ്ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. നാളെ വരെ മഴ ശക്തമായി തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
kerala
മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
വീടുകളുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു

മുസ്ലിംലീഗ് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. നിർമ്മാണത്തിന്റെ ഭാഗമായി കരാറുകാരെ നിയമിച്ചു. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്സ് എന്നിവർക്കാണ് നിർമ്മാണ ചുമതല. വീടുകളുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തത്തിൽ ദുരിതബാധിതരെ ചേർത്തുപിടിച്ച് അവർക്ക് പരമാവധി സഹായങ്ങൾ എത്തിച്ചാണ് മുസ്ലിംലീഗ് ഇതുവരെ മുന്നോട്ട് പോയത്. 105 പേർക്ക് വീടുകൾ എന്നതായിരുന്നു പുനരധിവാസ പദ്ധതിയുടെ ഭാഗമായ പ്രധാന പദ്ധതി. ഈ പദ്ധതി എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം.- സാദിഖലി തങ്ങൾ പറഞ്ഞു.
മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്. 8 സെന്റിൽ ആയിരം സ്‌ക്വയർഫീറ്റ് വീടുകളാണ് മുസ്ലിംലീഗ് നിർമ്മിക്കുന്നത്. ഇരുനില വീടുകൾ നിർമ്മിക്കാനാവശ്യമായ അടിത്തറയോട് കൂടിയായിരിക്കും ഭവന സമുച്ചയം ഒരുങ്ങുന്നത്. കോഴിക്കോട് സ്തപതിയാണ് ഭവനസമുച്ചയത്തിന്റെ രൂപകൽപന. നിർമ്മാൺ കൺസ്ട്രക്ഷനും മലബാർ ടെക് കോൺട്രാക്ടേഴ്സിനുമാണ് നിർമ്മാണ ചുമതല.
കരാറുകാരെ നിയമിക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ, പി.എം.എ സമീർ, നിർമ്മാൺ മുഹമ്മദലി, പ്രൊജക്ട് മാനേജർ വാസിദ് അലി, പ്രൊജക്ട് എഞ്ചിനീയർ സൈതലവി, മലബാർ ടെക് കൺസ്ട്രക്ഷൻസ് പ്രതിനിധികളായ കെ.എം അക്ബർ, അബ്ദുൽ റഫീഖ്, ഷബിൻ അക്ബർ സംബന്ധിച്ചു.
kerala
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ചുമതലാ കൈമാറ്റം: നടന്നുതീർത്ത വഴികളെക്കുറിച്ച് മുൻ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബുവിന്റെ വൈകാരിക കുറിപ്പ്

ദേശീയ അസി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ചുമതല കൈമാറിയതുമായി ബന്ധപ്പെട്ട് അഡ്വ. ഫൈസൽ ബാബുവിന്റെ വൈകാരിക കുറിപ്പ്:
ആസിഫ് അൻസാരിയും ഞാനും IUML National Asst. Secretary പദവിയിൽ തെരഞ്ഞെടുക്കപ്പെട്ട കാരണം യൂത്ത് ലീഗ് പ്രസിഡണ്ട്/ ജന. സെക്രട്ടറി പദവികൾ പുതിയ ടീമിന് ഔദ്യോഗികമായി കൈമാറി. 2017 ലാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഭാഗമാകുന്നത്. മുൻമാതൃകകൾ ഒന്നുമില്ലായിരുന്നു ഞങ്ങൾക്ക് മുന്നിൽ. കലുഷിതമായ ഒരു കാലമായിരുന്നു. അത്രമേൽ പരിമിതമായ വിഭവങ്ങളുമായി ഞങ്ങൾ നടന്നു തുടങ്ങി. സാബിർ ഗഫാറും സി കെ സുബൈറും നയിച്ച കമ്മിറ്റിയിലേക്ക് മലപ്പുറം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പദവി വിട്ട് ദേശീയ വൈസ് പ്രസിഡന്റ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് ദേശീയ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്തു.
മുസ്ലിം ലീഗിന് ശക്തമായ സാന്നിധ്യവും സ്വാധീനവും വിഭവങ്ങളും ഉള്ള കേരളത്തിലെ സംഘടന പ്രവർത്തന രീതികളൊന്നും പുതിയ മേഖലകളിൽ നടപ്പാക്കുവാൻ കഴിയുമായിരുന്നില്ല. ഒട്ടും കാത്തിരിക്കാനും കഴിയുമായിരുന്നില്ല. ക്രൂരമായ ആൾക്കൂട്ട കൊലപാതകങ്ങൾ നിത്യ സംഭവങ്ങളായ കാലം. ഫാസിസ്റ്റു ഭരണകൂടം അതിന്റെ വംശീയ നിയമ നിർമാണങ്ങൾ തുടർച്ചയായി നടത്തിയ കാലം. ബുൾഡൊസർ രാജിലൂടെ ആയിരങ്ങളെ തെരുവിലേക്കേറിഞ്ഞ കാലം.
അങ്ങനെയൊരു കാലത്ത് ഒരു യുവജന സംഘടനയെ നയിക്കുക എന്നത് ചെറിയ ഒരു ഉത്തരവാദിത്വമായിരുന്നില്ല.
അധികാരത്തിന്റെ യന്ത്രക്കൈകൾ പാവം മനുഷ്യ ജീവിതങ്ങൾക്ക് നേരെ ഉയർന്ന ഒരു സന്ദർഭത്തിലും നമ്മൾ നിശബ്ദരാ യില്ല. മൗനം പാലിച്ചില്ല. പ്രതിരോധത്തിന്റെ, കരുതലിന്റെ, സംരക്ഷണത്തിന്റെ, കവചമാകാൻ ആവുന്നത്ര നമ്മൾ ശ്രമിച്ചു. നിങ്ങളുടെ ഒക്കെ പ്രതിനിധിയായി അവിടെയൊക്കെ ഓടിയെത്തൻ ശ്രമിച്ചു.
എത്രയോ പതിറ്റാണ്ടു കാലം ജീവശ്വാസം പോലെകൊണ്ട് നടന്ന വികാരം. മുസ്ലിം യൂത്ത് ലീഗ്. യുവജന സംഘടന പ്രവർത്തനത്തിന്റെ ഒരു കാലം. മുസ്ലിം ലീഗ് ദേശീയ ഭാരവാഹി ആയി തിരഞ്ഞെടുക്കപ്പട്ടത് മുതൽ എത്രയും പെട്ടെന്ന് യുത്ത് ലീഗ് ചുമതല സഹപ്രവർത്തകർക്കു കൈമാറണം എന്നാഗ്രഹിച്ചിരുന്നു. പാർട്ടിയോട് അത് പറയുകയും ചെയ്തിരുന്നു. ഇന്നത്തോടെ ആ ദൗത്യം പൂർത്തിയാക്കുകയാണ്.
യൂത്ത് ലീഗിന്റെ ഉത്തരവാദിത്വങ്ങൾ പ്രിയ സഹപ്രവർത്തർക്ക് കൈ മാറിയിരിക്കുന്നു.
അന്ന് ഈ യാത്ര ആരംഭിച്ച കാലം മുതൽ കൂടെയുള്ളവർ. പ്രിയപ്പെട്ട സർഫറാസും, ടി പി അഷ്റഫലിയും, ഷിബു മീരാനും തന്നെയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയെ നയിക്കാനേത്തുന്നത് എന്നത് സ്വകാര്യമായ സന്തോഷമാവുകയാണ്. ഉത്തരേന്ത്യയിലേക്കുള്ള ഒരുപാടു യാത്രകളിലെ അനിശ്ചിതത്വങ്ങളും, ആശങ്കകളും, പ്രതിബന്ധങ്ങളും, പ്രയാസങ്ങളും ഒരുമിച്ചാനുഭവിച്ചവരാണ് ഞങ്ങൾ.
വിമാനത്തിൽ നിന്നുള്ള സെൽഫികൾ പോസ്റ്റ് ചെയ്ത് ആരംഭിച്ച യാത്രകൾ പലതും കൺഫേം ടിക്കറ്റ് ഇല്ലാത്ത ട്രെയിനുകളിലും, തിരക്കേറിയ പ്ലാറ്റഫോമുകളിലും, ഈ റിക്ഷകളിലും ഒക്കെയായി പുരോഗമിച്ചു ഒടുവിൽ മടങ്ങിയെത്തുമ്പഴേക്കും ശരീരം നന്നായി ക്ഷീണിച്ചുണ്ടാകും. പക്ഷെ ഒരിക്കൽ പോലും മനസ്സ് തളരാതെ അടുത്ത യാത്രക്ക് തയ്യാറെടുക്കാൻ എനിക്കും സി കെ സുബൈറിനും ഷിബുവിനുമൊക്കെ പ്രചോദനമായത് ഞങ്ങൾക്കിടയിലുണ്ടായിരുന്ന മനോഹരമായ സൗഹൃദമായിരുന്നു. അല്ല കറകളഞ്ഞ ബ്രദർഹുഡായിരുന്നു.
പ്രസിഡന്റ് ആയി വരുന്ന മീററ്റ് സ്വദേശി സർഫറാസും ഈ യാത്രകൾക്കിടയിൽ നമ്മൾ കണ്ടെത്തിയ സംഘടകനാണ് എന്നത് അഭിമാനകരമാണ്.
പ്രിയ സുഹൃത്തുക്കൾക്ക് എല്ല ആശംസകളും… ഇന്ന് വരെ കൂടെ നിന്ന ആസിഫ് അൻസാരിക്കും മറ്റു ഭാരവാഹികൾക്കും നന്ദി…. യാത്രകളൊന്നും അവസാനിക്കുന്നില്ല… തുടങ്ങി വച്ച സമരങ്ങളൊന്നും നിലക്കുന്നില്ല… ദൗത്യങ്ങളൊന്നും പാതിയിൽ ഉപേക്ഷിക്കുന്നുമില്ല… മുസ്ലിം ലീഗ് ദേശീയ ഭാരവാഹി എന്ന നിലയിൽ വരും നാളുകളിലും അതൊക്കെ തുടരും.. പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം തന്നെ.
…..
വികെ ഫൈസൽ ബാബു
ദേശീയ അസി. സെക്രട്ടറി
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
kerala
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കി. നാളെയും ഹര്‍ജിയില്‍ വാദം തുടരും.
വിവാഹ വാഗ്ദാനം നല്‍കി വേടന്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിക്കാരി കോടതിയില്‍ ആവര്‍ത്തിച്ചു. വേടന്‍ തന്നെ തെറ്റ് തുറന്നുസമ്മതിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മറുചോദ്യമാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സ്‌നേഹബന്ധത്തിലിരിക്കുന്ന സമയത്ത് നടന്ന ലൈംഗിക ബന്ധം വിള്ളലുണ്ടാകുമ്പോള്‍ എങ്ങനെ ബലാത്സംഗക്കുറ്റമാകുമെന്ന് കോടതി ചോദിച്ചു.
വേടനെതിരെ രണ്ടുസ്ത്രീകള്‍ കൂടി പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞപ്പോള്‍ സ്വന്തം കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന പരാതിക്കാരിയുടെ വാദം എങ്ങനെ അംഗീകരിക്കാനാകുമെന്നും കോടതി ചോദിച്ചു. വാദം കേള്‍ക്കുന്നതുവരെ വേടന്റെ അറസ്റ്റ്് ഹൈക്കോടതി തടഞ്ഞു.
-
india2 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര് പിടിയില്‍
-
Film11 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
kerala2 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
News2 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
kerala3 days ago
വനിതകള്‍ അമ്മയുടെ തലപ്പത്തേക്ക് വരണമെന്നത് നേരത്തെയുള്ള അഭിപ്രായമായിരുന്നു; ആസിഫ് അലി