Connect with us

More

പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു

Published

on

ന്യൂഡല്‍ഹി: പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, കര്‍ഷക ആത്മഹത്യ, ദളിത് വേട്ട തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ആദ്യദിനം അന്തരിച്ച അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞ സഭ ഇന്നലെ നടപടികളിലേക്ക് കടക്കാന്‍ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തുകയായിരുന്നു. ലോക്‌സഭ രണ്ടു തവണയും രാജ്യസഭ മൂന്നു തവണയും നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം നടപടികളിലേക്ക് കടക്കാനായില്ല. ഇതേതുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു.
ഗോരക്ഷയുടെ മറവില്‍ രാജ്യത്ത് ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന ആക്രമണത്തിനെതിരെ രൂക്ഷമായ കടന്നാക്രമണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നു വ്യക്തമാക്കിയ പ്രതിപക്ഷ അംഗങ്ങള്‍ കര്‍ഷക വിരുദ്ധ സര്‍ക്കാര്‍, ദളിത് വിരുദ്ധ സര്‍ക്കാര്‍ തുടങ്ങിയ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, അരുണ്‍ ജെയ്റ്റ്‌ലി, പ്രകാശ് ജാവദേക്കള്‍ എന്നിവര്‍ ഇരുസഭകളിലും അറിയിച്ചു. മുദ്രാവാക്യം വിളികളുമായി സഭ തടസ്സപ്പെടുത്തി പ്രതിപക്ഷം ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയാണെന്നായിരുന്നു ജാവദേക്കറിന്റെ ആരോപണം.
അതേസമയം ഈ വാദത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ദെരക് ഒബ്രിയാന്‍ ഖണ്ഡിച്ചു. കാലത്ത് സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നില്ല. വിവിധ പ്രതിപക്ഷ അംഗങ്ങള്‍ പശുവിന്റെ പേരിലുള്ള ആക്രമണം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 12 നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. ഇത് ചര്‍ച്ചക്കെടുക്കാന്‍ എന്തുകൊണ്ട് തയ്യാറായില്ലെന്ന് അദ്ദേഹം ചോദിച്ചു. രാവും പകലും ഇരുന്ന് ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ പ്രതിപക്ഷം സഹകരിച്ചിട്ടും കഴിഞ്ഞ സെഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ദളിത് വേട്ട ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെന്ന് എസ്.പി അംഗം നരേഷ് അഗര്‍വാളും കുറ്റപ്പെടുത്തി.
കാലത്ത് 11 മണിക്ക് രാജ്യസഭ സമ്മേളിച്ചപ്പോള്‍ തന്നെ ലക്ഷദ്വീപ് വികസനം, ഗതാഗതം, ടൂറിസം, സാംസ്‌കാരികം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്ത് വെച്ചു. നീറ്റ് വിഷയം ഉന്നയിച്ച് തമിഴ്‌നാട്ടിലെ അംഗങ്ങളും ദളിത് വേട്ട ഉന്നയിച്ച് ബി.എസ്.പി നേതാവ് മായാവതിയുമാണ് ആദ്യം രംഗത്തെത്തിയത്. മായാവതിയെ സംസാരിക്കാന്‍ ചെയറിലുണ്ടായിരുന്ന പി.ജെ കുര്യന്‍ അനുവദിച്ചു. മതത്തിന്റെയും ജാതിയുടേയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറുമെന്ന് മായാവതി ആരോപിച്ചു. അംബേദ്കര്‍ ദിനത്തില്‍പോലും ദളിതുകള്‍ക്ക് റാലി നടത്താന്‍ അനുമതി നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇതിനിടെ മായാവതിക്ക് അനുവദിച്ച സമയം ഡപ്യൂട്ടി സ്പീക്കര്‍ വെട്ടിക്കുറച്ചു. ഇതില്‍ പ്രതിഷേധിച്ച് മായാവതി രാജിഭീഷണി മുഴക്കിയെങ്കിലും ഫലമുണ്ടായില്ല. വൈകീട്ടോടെ മായാവതി രാജ്യസഭാ ചെയര്‍മാന് രാജിക്കത്ത് കൈമാറുകയും ചെയ്തു.
ഇതിനിടെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി. 11.25നും 12.03നും രണ്ടു മണിക്കും സഭ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം നടപടികളിലേക്ക് കടക്കാനായില്ല. ഇതേതുടര്‍ന്ന് സഭ ഇന്നലത്തേക്ക് പിരിയുകയായിരുന്നു. ലോക്‌സഭയിലെ സ്ഥിതിയും സമാനമായിരുന്നു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് ഉച്ചവരെ സഭ നിര്‍ത്തിവെക്കുന്നതായി 11.10ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. 12 മണിക്ക് വീണ്ടും സമ്മേളിച്ചെങ്കിലും 12.10ന് ബഹളം കാരണം നടപടികളിലേക്ക് കടക്കാതെ ഇന്നലത്തേക്ക് പിരിയുകയായിരുന്നു.

kerala

‘സ്ഥാനാര്‍ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു’; സിപിഎം ഗുണ്ടായിസമെന്ന് വി ഡി സതീശന്‍

Published

on

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി നാമ നിര്‍ദ്ദേശപത്രിക തള്ളാനും പിന്‍വലിപ്പിക്കാനും ശ്രമിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. സിപിഎമ്മിന്റേത് വിചിത്രമായ സമീപനമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

സംസ്ഥാനത്ത് ഇതുവരെയും കാണാത്ത രീതികളാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി സ്വന്തമാണെന്ന് പറഞ്ഞിട്ട് പോലും റിട്ടേണിംഗ് ഓഫീസര്‍ എതിര്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂക്ഷ്മ പരിശോധനയില്‍ നിയമവിരുദ്ധമായി തള്ളാന്‍ സിപിഎം ഫ്രാക്ഷന്‍ പോലെ ഒരു സംഘം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഫാസിസത്തില്‍ നിന്നും സിപിഎമ്മും വ്യത്യസ്തമല്ലെന്നും സിപിഎം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറുകയാണെന്നും സതീശന്‍ ആരോപിച്ചു.

‘സിപിഎം ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയുള്ള കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്തും കണ്ണപുരത്തും ആന്തൂരിലും ഇത് വ്യക്തമായിരുന്നു. മലപ്പട്ടം പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളാന്‍ വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ഥി ഇട്ട ഒപ്പ് വ്യാജമാണെന്ന വിചിത്രമായ കണ്ടെത്തലാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി.

പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഖാദി ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരായ നാല് സിപിഎം സ്ഥാനാര്‍ഥികളുടെ പത്രിക അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്‍ എറാണകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ പത്രിക ഖാദി ബോര്‍ഡ് താല്‍ക്കാലിക ജീവനക്കാരിയാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പക്ഷപാതപരമായ നടപടിയെ യുഡിഎഫ് നിയമപരമായി നേരിടും’ വി.ഡി.സതീശന്‍ പറഞ്ഞു. നാമ നിര്‍ദ്ദേശപത്രികകള്‍ തള്ളിയതിനെതിരെ യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Cricket

പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്

Published

on

കൊളംബോ: വനിതകളുടെ പ്രഥമ ബ്ലൈൻഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ ഏഴു വിക്കറ്റുകൾക്കു തോൽപിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത നേപ്പാള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തപ്പോൾ, മറുപടിയിൽ ഇന്ത്യ 12 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ 44 റൺസടിച്ചു പുറത്താകാതെ നിന്ന ഫുല സറേനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഫൈനൽ പോരാട്ടത്തിലും ഇന്ത്യയുടെ സമ്പൂർണ ആധിപത്യമായിരുന്നു. നേപ്പാൾ ബാറ്റർമാർക്ക് ഒരു ബൗണ്ടറി മാത്രമാണ് ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശനിയാഴ്ച നടന്ന സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. അതേസമയം പാക്കിസ്ഥാനെ കീഴടക്കിയായിരുന്നു നേപ്പാളിന്റെ ഫൈനൽ പ്രവേശം.

പാക്കിസ്ഥാൻ താരം മെഹ്റീൻ അലിയാണു ടൂർണമെന്റിലെ ടോപ് സ്കോറർ. ടൂർണമെന്റിൽ 600 റൺസ് അടിച്ചെടുത്ത മെഹ്റീൻ, ശ്രീലങ്കയ്ക്കെതിരെ 78 പന്തിൽ 230 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ താരം സെഞ്ചറിയും (133) സ്വന്തമാക്കിയിരുന്നു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി നടത്തിയ ടൂർണമെന്റിന്റെ ഫൈനൽ, ശ്രീലങ്കയിലെ ആദ്യത്തെ ടെസ്റ്റ് വേദിയായ പി. സരവണമുത്തു സ്റ്റേഡിയത്തിലാണു നടന്നത്. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ചാണ് ബ്ലൈൻഡ് ക്രിക്കറ്റ് കളിക്കുന്നത്. താരങ്ങൾക്ക് പന്തിന്റെ വരവ് കേട്ടു മനസ്സിലാക്കുന്നതിനായി പന്തിനകത്ത് ചെറിയ ഉരുളകളും ഉണ്ടാകും.

ബാറ്ററോട് തയാറാണോ എന്നു ചോദിച്ച ശേഷം ബോളർ ‘പ്ലേ’ എന്നു പറഞ്ഞാണ് അണ്ടർ ആമായി പന്തെറിയുന്നത്. പന്ത് ഒരു തവണയെങ്കിലും ബൗണ്‍സ് ചെയ്യണമെന്നും നിർബന്ധമുണ്ട്. സാധാരണ ക്രിക്കറ്റിലേതു പോലെ ടീമിൽ 11 താരങ്ങളുണ്ടാകുമെങ്കിലും അതിൽ നാലു പേര്‍ കാഴ്ച പൂർണമായും നഷ്ടമായവരാകണം. കൂടാതെ കണ്ണു മറച്ചുവേണം എല്ലാവരും ഗ്രൗണ്ടിൽ ഇറങ്ങാൻ.

Continue Reading

Cricket

രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്‌ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

Published

on

മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്‌വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്‌ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്‌ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്‌ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.

മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.

Continue Reading

Trending