ന്യൂഡല്‍ഹി: പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, കര്‍ഷക ആത്മഹത്യ, ദളിത് വേട്ട തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ആദ്യദിനം അന്തരിച്ച അംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞ സഭ ഇന്നലെ നടപടികളിലേക്ക് കടക്കാന്‍ നിശ്ചയിച്ചതായിരുന്നു. എന്നാല്‍ സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തുകയായിരുന്നു. ലോക്‌സഭ രണ്ടു തവണയും രാജ്യസഭ മൂന്നു തവണയും നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളം കാരണം നടപടികളിലേക്ക് കടക്കാനായില്ല. ഇതേതുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു.
ഗോരക്ഷയുടെ മറവില്‍ രാജ്യത്ത് ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന ആക്രമണത്തിനെതിരെ രൂക്ഷമായ കടന്നാക്രമണമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയത്. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്നു വ്യക്തമാക്കിയ പ്രതിപക്ഷ അംഗങ്ങള്‍ കര്‍ഷക വിരുദ്ധ സര്‍ക്കാര്‍, ദളിത് വിരുദ്ധ സര്‍ക്കാര്‍ തുടങ്ങിയ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദ, അരുണ്‍ ജെയ്റ്റ്‌ലി, പ്രകാശ് ജാവദേക്കള്‍ എന്നിവര്‍ ഇരുസഭകളിലും അറിയിച്ചു. മുദ്രാവാക്യം വിളികളുമായി സഭ തടസ്സപ്പെടുത്തി പ്രതിപക്ഷം ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുകയാണെന്നായിരുന്നു ജാവദേക്കറിന്റെ ആരോപണം.
അതേസമയം ഈ വാദത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ദെരക് ഒബ്രിയാന്‍ ഖണ്ഡിച്ചു. കാലത്ത് സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷം ബഹളമുണ്ടാക്കിയിരുന്നില്ല. വിവിധ പ്രതിപക്ഷ അംഗങ്ങള്‍ പശുവിന്റെ പേരിലുള്ള ആക്രമണം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 12 നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. ഇത് ചര്‍ച്ചക്കെടുക്കാന്‍ എന്തുകൊണ്ട് തയ്യാറായില്ലെന്ന് അദ്ദേഹം ചോദിച്ചു. രാവും പകലും ഇരുന്ന് ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ പ്രതിപക്ഷം സഹകരിച്ചിട്ടും കഴിഞ്ഞ സെഷനില്‍ കേന്ദ്ര സര്‍ക്കാര്‍ ദളിത് വേട്ട ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെന്ന് എസ്.പി അംഗം നരേഷ് അഗര്‍വാളും കുറ്റപ്പെടുത്തി.
കാലത്ത് 11 മണിക്ക് രാജ്യസഭ സമ്മേളിച്ചപ്പോള്‍ തന്നെ ലക്ഷദ്വീപ് വികസനം, ഗതാഗതം, ടൂറിസം, സാംസ്‌കാരികം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്ത് വെച്ചു. നീറ്റ് വിഷയം ഉന്നയിച്ച് തമിഴ്‌നാട്ടിലെ അംഗങ്ങളും ദളിത് വേട്ട ഉന്നയിച്ച് ബി.എസ്.പി നേതാവ് മായാവതിയുമാണ് ആദ്യം രംഗത്തെത്തിയത്. മായാവതിയെ സംസാരിക്കാന്‍ ചെയറിലുണ്ടായിരുന്ന പി.ജെ കുര്യന്‍ അനുവദിച്ചു. മതത്തിന്റെയും ജാതിയുടേയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറുമെന്ന് മായാവതി ആരോപിച്ചു. അംബേദ്കര്‍ ദിനത്തില്‍പോലും ദളിതുകള്‍ക്ക് റാലി നടത്താന്‍ അനുമതി നല്‍കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇതിനിടെ മായാവതിക്ക് അനുവദിച്ച സമയം ഡപ്യൂട്ടി സ്പീക്കര്‍ വെട്ടിക്കുറച്ചു. ഇതില്‍ പ്രതിഷേധിച്ച് മായാവതി രാജിഭീഷണി മുഴക്കിയെങ്കിലും ഫലമുണ്ടായില്ല. വൈകീട്ടോടെ മായാവതി രാജ്യസഭാ ചെയര്‍മാന് രാജിക്കത്ത് കൈമാറുകയും ചെയ്തു.
ഇതിനിടെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി. 11.25നും 12.03നും രണ്ടു മണിക്കും സഭ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം നടപടികളിലേക്ക് കടക്കാനായില്ല. ഇതേതുടര്‍ന്ന് സഭ ഇന്നലത്തേക്ക് പിരിയുകയായിരുന്നു. ലോക്‌സഭയിലെ സ്ഥിതിയും സമാനമായിരുന്നു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് ഉച്ചവരെ സഭ നിര്‍ത്തിവെക്കുന്നതായി 11.10ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ വ്യക്തമാക്കി. 12 മണിക്ക് വീണ്ടും സമ്മേളിച്ചെങ്കിലും 12.10ന് ബഹളം കാരണം നടപടികളിലേക്ക് കടക്കാതെ ഇന്നലത്തേക്ക് പിരിയുകയായിരുന്നു.