ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷനെ (യു.ജി.സി) പിരിച്ച് വിട്ടു രൂപീകരിക്കുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ഓഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ) ബില്ല് പാര്‍ലമെന്റിലെത്തും മുന്‍പേ പ്രതിഷേധം. ഇന്നലെ നടന്ന ലോക്‌സഭാ ചോദ്യോത്തര വേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം പ്രഫ. സുഗന്ധ ബോസ് ആണ് പുതിയ ബോര്‍ഡിനെ പറ്റി വിശദീകരണം ആവശ്യപ്പെട്ടത്.
യുജിസിയെക്കാള്‍ എങ്ങനെയാണ് പുതിയ കമ്മീഷന്‍ മികച്ചതാകുന്നതെന്ന് തൃണമൂല്‍ അംഗം ചോദിച്ചു. ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ബില്ല് ഉടന്‍ പാര്‍ലമെന്റിലെത്തുമെന്ന് മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ വ്യക്തമാക്കി. നിലവിലെ യു.ജി.സിയുടെ പോരായ്മകള്‍ നികത്തി അതു ശക്തിപ്പെടുത്തുന്നതിന് പകരമാണ് ഉന്നത വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയം നിര്‍ണയ, ഭരണാവകാശം നല്‍കാനും വിദ്യാഭാസ രംഗത്തിന്റെ സമഗ്ര വളര്‍ച്ചക്ക് പ്രോത്സാഹനം ലക്ഷ്യമിട്ടുമുള്ള ഹയര്‍ എഡ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്ന് മന്ത്രി വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസം സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും അടര്‍ത്തി മാറ്റി കേന്ദ്രത്തിന്റെ കൈകളിലെത്തിക്കുന്ന തന്ത്രമാണിതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ ആരോപിച്ചു. എംപി എന്ന നിലയിലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. പുതിയ സംവിധാനം നിലവില്‍ വരിക വഴി സാമ്പത്തിക കാര്യങ്ങളും കേന്ദ്രത്തിന്റെ കൈകളിലെത്തും. എന്തു കാരണത്താലാണ് യുജിസിയെ വിപുലപ്പെടുത്താത്തതെന്നും അദ്ദേഹം ആരോപിച്ചു.