ന്യൂഡല്‍ഹി: അധികാരത്തിന്റെ ശീതളച്ഛായയില്‍ സവര്‍ണ അധികാര ശക്തികള്‍ ദളിതുകള്‍ക്കും മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടത്തുന്ന നിഷ്ടൂരമായ കൊലപാതകങ്ങള്‍ക്കും അക്രമ-ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ താക്കീതായി ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിംലീഗിന്റെ അത്യുജ്ജ്വല പാര്‍ലമെന്റ് മാര്‍ച്ച്. രാജ്യമുടനീളം നടന്ന ക്യാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന മാര്‍ച്ച് രാജ്യത്തെ പീഢിപ്പിക്കപ്പെടുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് പുതിയ ആത്മവിശ്വാസവും ഫാഷിസത്തിനെതിരായ പ്രതിരോധത്തിനായി മനുഷ്യമതില്‍ തീര്‍ത്ത് അണിചേരാനുള്ള ആഹ്വാനവുമായി. മുസ്്‌ലിംലീഗ് ചരിത്രത്തിലെ തന്നെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരെയും വന്‍തോതില്‍ പങ്കെടുപ്പിച്ച് നടത്തിയ മാര്‍ച്ച് പാര്‍ട്ടി ചരിത്രത്തില്‍ പുതിയ അധ്യായവും മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ദിശബോധം പകരുന്ന മുന്നേറ്റത്തിന് വഴികാട്ടുന്നതുമായി.
വ്യാപകമായികൊണ്ടിരിക്കുന്ന ന്യൂനപക്ഷ ദളിത് വേട്ടക്കെതിരായ പ്രതിഷേധ ക്യാമ്പയിന്റെ സമാപനമായി അരങ്ങേറിയ പാര്‍ലമെന്റ് മാര്‍ച്ച് മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദര്‍ മൊയ്ദീന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതയുടെ പേരിലുള്ള കൊലപാതകങ്ങളും അതിക്രമങ്ങളും നിത്യസംഭവമായി മാറുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായി മുസ്്‌ലിംലീഗ് പിന്നാക്ക-ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൂട്ടുപിടി്ച്ച് ഇന്ത്യയെ രക്ഷിക്കാനുള്ള ശ്രമമാണ് മുസ്്‌ലിംലീഗ് നടത്തുന്നതെന്ന്് പ്രൊഫ. ഖാദര്‍മൊയ്തീന്‍ പറഞ്ഞു. വര്‍ഗീയ അക്രമങ്ങള്‍ക്കെതിരെ ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളും,കേന്ദ്ര സര്‍ക്കാരും തുടരുന്ന കുറ്റകരമായ അനാസ്ഥ ഇനിയു വെച്ചുപൊറുപ്പിക്കാനാവില്ലെന്ന്് അദ്ദേഹം പറഞ്ഞു. ഗോരക്ഷയല്ല രാജ്യത്തു നടക്കുന്നതെന്നും പൈശാചികതയാണ് അരങ്ങുവാഴുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനായി. രാജ്യത്ത്് നടന്നുവരുന്ന വര്‍ഗീയമായ കൊലപാതകങ്ങളെ ഭരണകക്ഷി പ്രോത്സാഹിപ്പിക്കുകയാണെന്ന്് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയന്ത്രിക്കപ്പെടണം. ഇക്കാര്യത്തില്‍ ഭരണകൂടത്തിന് വലിയ ഉത്തരവാദിത്തങ്ങളുണ്ട്്. രാജ്യത്ത് പ്രതിപക്ഷ കക്ഷികളുടെ ശക്തമായ നിര ഇതിനെതിരെ ഉയര്‍ന്നുവരികയാണ്. അതിനെ ശക്തിപ്പെടുത്താന്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഹരിയാനയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബാഗങ്ങളും, ഗ്രാമനിവാസികളും മാര്‍ച്ചില്‍ പങ്കെടുത്തു. ജാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ കൊല്ലപ്പെട്ട അലിമുദീന്റെ ഭാര്യ മര്‍യം ഖാത്തൂന്‍, ഡല്‍ഹിയില്‍ കാണാതായ നജീബിന്റെ മാതാവ് തുടങ്ങി മറ്റു ഇരകളുടെ കുടുംബാംഗങ്ങളും പാര്‍ലമെന്ററി മാര്‍ച്ചില്‍ അണിനിരന്നു.
രാജ്യത്ത് പശുവിന്റെ പേരില്‍ അക്രമമഴിച്ചുവിടുന്നത് ഭരണകൂടത്തിന്റെ മുതലെടുപ്പിനാണെന്നും പശു സ്‌നേഹത്തിന്‍രെ പേരിലല്ലെന്നു മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ദേശീയ ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം.പി, മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കേരള നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍, ആള്‍ ഇന്ത്യാ മജ്്‌ലിസെ മുശാവറ നേതാവ് നവേദ് അഹ്്മദ്്്, എംകെ രാഘവന്‍ എംപി, കെസി വേണുഗോപാല്‍ എംപകേരള സംസ്ഥാന മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ദേശീയ സെക്രട്ടറി ഖുര്‍റം അനിസ് ഉമര്‍, മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ സംസാരിച്ചു.
കാലത്ത് പതിനൊന്ന്് മണിക്ക് മണ്ടിഹൗസ് പരിസരത്തു നിന്നാരംഭിച്ച റാലിക്ക് വിവിധ ദേശീയ ഭാരവാഹികള്‍, വിവിധ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി. അക്രമങ്ങള്‍ നിര്‍ത്താനും രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരാനും ആഹ്വാനംചെയ്യുന്ന മുദ്രാവാക്യങ്ങള്‍ കൊണ്ടു അന്തരീക്ഷം പ്രകമ്പനം കൊള്ളിച്ചു ഉത്തരേന്ത്യയില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ റാലിയുടെ മുന്‍നിരയില്‍ അണിനിരന്നു.