സിദ്ധീഖ് വൈദ്യരങ്ങാടി
ഇന്ന് ലോക ഭിന്നശേഷി ദിനം (ഡിസംബർ 3). പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിൻ്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിവസം. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള് സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടാനും വേണ്ടിയാണ് 1992 മുതൽ നാം ഈ ദിനം ആചരിക്കുന്നത്. ‘സമൂഹത്തിൽ അവർ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്ത് അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക’ എന്ന ലക്ഷ്യം ഈ ദിനാചരണത്തിനുണ്ട്.
യു.എൻ പൊതുസഭയുടെ ആഹ്വാനപ്രകാരം ആരംഭിച്ച ഈ ദിനാചരണം, പുനരധിവാസം, തുല്യ അവസരം, അവകാശ സംരക്ഷണം എന്നിവ ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്നു. 21 വർഷങ്ങൾക്കുശേഷം 2016-ൽ പുതുക്കിയ Rights of Persons with Disabilities Act 2016 നിയമപ്രകാരം 21 തരം ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു. വികലാംഗ പെൻഷൻ, ശ്രുതിതരംഗം, ആശ്വാസകിരണം, വിദ്യാകിരണം, വിദ്യാജ്യോതി, പരിണയം തുടങ്ങി നിരവധി ക്ഷേമപദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്നുണ്ട്.
ജീനിയസുകളായ ആൽബർട്ട് ഐൻസ്റ്റീനും ഐസക് ന്യൂട്ടണും ഓട്ടിസം ബാധിച്ചവരായിരുന്നു എന്നത് നമുക്കൊരു പ്രചോദനമാണ്. അന്ധയും മൂകയും ബധിരയുമായിരുന്ന ഹെലൻ കെല്ലർ സ്വപ്രയത്നം കൊണ്ട് ലോകത്തിന് സംഭാവനകൾ നൽകി. ലോക ജനസംഖ്യയുടെ 15 ശതമാനം ജനങ്ങൾ ഭിന്നശേഷിക്കാരാണെന്നാണ് കണക്ക്. എന്നാൽ ഈ ദിനത്തിൽ, ആചരണങ്ങൾക്കും പ്രഖ്യാപനങ്ങൾക്കുമപ്പുറം ഒരു ചോദ്യം! ‘പൂർണ്ണ പങ്കാളിത്തം, അവകാശ സംരക്ഷണം, തുല്യ അവസരം’ എന്ന് നിയമം പറയുകയും വിദ്യാകിരണം, വിദ്യാജ്യോതി തുടങ്ങിയ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുമ്പോൾ, പഠനത്തിനുള്ള ഏറ്റവും അടിസ്ഥാനപരമായ അവകാശം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? 100% കാഴ്ചയില്ലാത്ത, ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന എൻ്റെ മകൾ ആയിഷ സമീഹ HSS ക്ലാസ്സിൽ എത്തിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അവൾക്ക് പഠിക്കാനുള്ള പാഠപുസ്തകക്ക ഇനിയും ലഭിച്ചിട്ടില്ല. ഒരു ഭിന്നശേഷി വിദ്യാർത്ഥിയോടുള്ള ഈ നിസ്സംഗത തികഞ്ഞ അനീതിയാണ്!
അവകാശങ്ങൾ ഉറപ്പാക്കാനുള്ള നിയമങ്ങൾ കടലാസിൽ ഉറങ്ങുമ്പോൾ, നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ കഴിയാതെ പോകുന്നത് ഈ ദിനാചരണത്തിൻ്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നു.
‘DISABLED’ അല്ല, ‘ഡിഫറെന്റലി ഏബിൾഡ്’ (Differently Abled) ആണ് അവർ എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. നമ്മുടെ സഹജീവികൾക്ക് കൈത്താങ്ങ് ആയി അവരെ കൂടെ നിർത്തേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിന് ആദ്യം വേണ്ടത്, അവർക്ക് ലഭിക്കേണ്ട അടിസ്ഥാനപരമായ അവകാശങ്ങൾ കൃത്യസമയത്ത്, ഒരു ഒഴികഴിവുമില്ലാതെ ഉറപ്പുവരുത്തുക എന്നതാണ്.
നീതിക്കായി ശബ്ദമുയർത്തുക!