Connect with us

Video Stories

ക്വിറ്റ് ഇന്ത്യന്‍ ഫാസിസം

Published

on

 
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും നിര്‍ണായക സമരമായിരുന്നു 1942ലെ ക്വിറ്റ് ഇന്ത്യാ സമരം. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75-ാം വാര്‍ഷികമാണ് നാം ആചരിക്കുന്നത്. ഇന്ന് രാജ്യത്തെ ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ജനിച്ചവരാണ്. ചരിത്രവും പാരമ്പര്യവും പൈതൃകവും വ്യക്തിയുടെ, സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ ശക്തിയും അഭിമാനവും പ്രചോദനവുമാണ് എന്ന വസ്തുത മറുന്നുകൂടാ.
കോണ്‍ഗ്രസിന്റെ ചില സമ്മേളനങ്ങള്‍ വളരെയേറെ ചരിത്രപ്രാധാന്യമുള്ളവയായിരുന്നു. 1920ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് നിസ്സഹകരണ പ്രസ്ഥാനം പ്രഖ്യാപിച്ചത്. 1929ലെ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് പൂര്‍ണ സ്വരാജ് പ്രഖ്യാപിച്ചത്. പ്രസ്തുത സമ്മേളനത്തിലാണ് ജവഹര്‍ലാല്‍ നെഹ്‌റു ആദ്യമായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേല്‍ക്കുന്നത്. 1939-ല്‍ മൗലാനാ അബ്ദുല്‍ കലാം ആസാദ് കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അതിനു മുമ്പ് 1923ല്‍ 35-ാം വയസില്‍ ആസാദ് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു ആസാദ്. സുഭാഷ് ചന്ദ്രബോസിന്റെ രാജിക്ക്‌ശേഷം പ്രവര്‍ത്തക സമിതികളില്‍ നിന്നും വിട്ടുനിന്നിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് കൊണ്ടുവന്നത് ആസാദായിരുന്നു. രാജഗോപാലാചാരി, ആസഫ് അലി തുടങ്ങിയ നേതാക്കളെയും ആസാദ് പ്രവര്‍ത്തക സമിതിയിലേക്ക് കൊണ്ടുവന്നു. 1942-ല്‍, സ്വാതന്ത്ര്യസമരപ്പോരാട്ടത്തിലെ നിര്‍ണ്ണായകസമരമായ ക്വിറ്റ് ഇന്ത്യ സമരത്തിന് കോണ്‍ഗ്രസ് തീരുമാനമെടുത്തത് ആസാദിന്റെ അധ്യക്ഷതയിലായിരുന്നു.
1939ല്‍ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രിട്ടന്‍ ഇന്ത്യയെ സഖ്യശക്തികകളുടെ ഭാഗമാക്കിമാറ്റി. 1935ല്‍ ബ്രിട്ടീഷ് പാര്‍ലിമെന്റ് പാസ്സാക്കിയ നിയമമനുസരിച്ച് ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്താനും സംസ്ഥാന നിയമസഭകള്‍ക്ക് ഭരണച്ചുമതലകള്‍ നല്‍കാനും തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് 8 സംസ്ഥാനങ്ങളില്‍ മന്ത്രിസഭകളുണ്ടാക്കി. എന്നാല്‍ ഈ ജനകീയ മന്ത്രിസഭയോടോ കോണ്‍ഗ്രസ് നേതാക്കളോടോ ആലോചിക്കാതെയാണ് ബ്രിട്ടന്‍ ഇന്ത്യയെ യുദ്ധത്തില്‍ പങ്കാളിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവെക്കുകയും ചെയ്തു.
രണ്ടാം ലോക യുദ്ധത്തില്‍ ജപ്പാന്‍ ജര്‍മ്മനിയോടൊപ്പം ചേര്‍ന്ന് അമേരിക്കന്‍ നാവികതാവളങ്ങളില്‍ ബോംബാക്രമണം നടത്തി. ജപ്പാന്‍ ബര്‍മ ആക്രമിച്ച് കീഴടക്കി. അവരുടെ സൈന്യം ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കുകയും താവളമുറപ്പിക്കുകയും ചെയ്തു. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് കടുത്ത ഭീക്ഷണിയായി മാറി. ഇന്ത്യക്കാരുടെ സഹായം ബ്രിട്ടന് അത്യാവശ്യമായി. ഈ ഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ്‌വെല്‍റ്റ് ബ്രിട്ടീഷ് ഗവണ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തി ഇന്ത്യന്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ നിര്‍ദ്ദേശിച്ചു. 1942 മാര്‍ച്ചില്‍ ബ്രിട്ടന്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സിനെ ദൂതനായി ഇന്ത്യയിലേക്ക് അയച്ചു. ക്രിപ്‌സ് ആസാദുമായും മറ്റും ചര്‍ച്ച നടത്തി. പൂര്‍ണ്ണസ്വാതന്ത്ര്യത്തെക്കുറിച്ചോ അധികാര കൈമാറ്റത്തെക്കുറിച്ചോ ഉറപ്പ് നല്‍കാത്തതിനാല്‍ ക്രിപ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ കോണ്‍ഗ്രസ് തള്ളി.
1942 ആഗസ്റ്റ് 5ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ക്വിറ്റ് ഇന്ത്യ പ്രമേയത്തിന്റെ കരടു തയ്യാറാക്കി. ആഗസ്ത് 8ന് കോണ്‍ഗ്രസ് പാര്‍ട്ടി ബോംബെയില്‍ സമ്മേളിച്ച് ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം ഉടന്‍ അവസാനിപ്പിക്കുക, ബ്രിട്ടീഷ് ഭരണത്തിനെതിരെ സിവില്‍ ആജ്ഞാലംഘനപ്രസ്ഥാനം തുടങ്ങുക, സ്വതന്ത്ര ഇന്ത്യയെ സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരെ പൊരുതാന്‍ സജ്ജമാക്കുക തുടങ്ങിയവയായിരുന്നു പ്രമേയത്തിലെ പ്രധാന വിഷയങ്ങള്‍. മഹാത്മാഗാന്ധിയെ സമരനായകനായും തെരഞ്ഞെടുത്തു. എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഗാന്ധിജി അഭ്യര്‍ത്ഥിച്ചു. ചരിത്രപ്രസിദ്ധമായ തന്റെ പ്രസംഗത്തില്‍ ഗാന്ധിജി പറഞ്ഞു: ‘ഇന്നത്തെ ഈ അടിമത്തം നിലനിര്‍ത്താനാണോ നമ്മള്‍ ഇവിടെ ജീവിക്കേണ്ടത്? ഈ നാടിനെ അടിമത്തത്തിന്റെ ചങ്ങലകളില്‍നിന്നു മോചിപ്പിക്കാനാകുന്നില്ലെങ്കില്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസുകാര്‍ ദൃഢനിശ്ചയം ചെയ്യണം. ഇതായിരിക്കട്ടെ നമ്മുടെ പ്രതിജ്ഞ. സ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടുന്നതിനായി ആവശ്യമായി വന്നാല്‍ പ്രാണന്‍ ത്യജിക്കാന്‍പോലും നാം സന്നദ്ധരാകണം. കുറച്ചുകൂടി ക്ഷമിച്ചിരിക്കൂ എന്ന് നിങ്ങളോട് എനിക്ക് പറയാനാവില്ല. സ്ഥിതിഗതികള്‍ ക്ഷമിക്കാവുന്നതിനും അപ്പുറത്തെത്തിയിരിക്കുന്നു. കോണ്‍ഗ്രസിന് മുന്നില്‍ ഇപ്പോള്‍ വേറൊരു പോംവഴിയുമില്ല. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നിങ്ങള്‍ക്കൊരു കൊച്ചു മന്ത്രം ഓതിത്തരാം. ഇത് നിങ്ങളുടെ ഹൃദയത്തില്‍ പതിച്ചിടണം. നിങ്ങളുടെ ഓരോ ശ്വാസത്തിലും അതിന്റെ ഒച്ച പുറത്ത് വരണം-പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക- ഇതാണ് ആ മന്ത്രം. ഒന്നുകില്‍ ഇന്ത്യയെ സ്വതന്ത്രയാക്കും, അല്ലെങ്കില്‍ ഈ ഉദ്യമത്തിനിടയില്‍ ഞാന്‍ രാജ്യത്തിന് വേണ്ടി ജീവാര്‍പ്പണം നടത്തും’.’’
ആഗസ്റ്റ് 9ന് രാത്രിതന്നെ നേതാക്കളെ ജയിലിലടച്ചു. ഗാന്ധിജി, നെഹ്‌റു, ആസാദ്, സരോജിനി നായിഡു, ആസഫ് അലി തുടങ്ങി മുഴുവന്‍ നേതാക്കളേയും അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചു. ഗാന്ധിജിയേയും സരോജിനി നായിഡുവിനേയും പൂനെയിലെ ആഗാഖാന്‍ കൊട്ടാരത്തിലും നെഹ്‌റുവിനെയും ആസാദിനേയും മറ്റും അഹമ്മദ് നഗര്‍ കോട്ടയിലും പാര്‍പ്പിച്ചു. മൂന്നു വര്‍ഷത്തോളം നെഹ്‌റുവും ആസാദും മറ്റു നേതാക്കളും അഹമ്മദ് നഗര്‍ കോട്ടയിലെ ജയിലില്‍ കഴിഞ്ഞു. നെഹ്‌റുവിന്റെ സുപ്രസിദ്ധ കൃതി ‘ഡിസ്‌ക്കവറി ഓഫ് ഇന്ത്യ’ ഈ ജയില്‍വാസത്തിലെഴുതിയതാണ്. ആസാദ് അഹമ്മദ് നഗര്‍ കോട്ട ജയിലില്‍ കഴിയുമ്പോഴാണ് പ്രിയ പത്‌നി സുലൈഖ ബീഗം മരണമടയുന്നത്. മഹത്തായ ഒരു ലക്ഷ്യത്തിന് വേണ്ടി ജയില്‍വാസമനുഷ്ഠിക്കുന്ന ആസാദ് ജയിലധികൃതരുടെ ഔദാര്യത്തില്‍ ഭാര്യയെ അവസാനമായി കാണാന്‍ ആഗ്രഹിച്ചില്ല. ആ ധീരദേശാഭിമാനി തലകുനിച്ചില്ല. ജയിലില്‍ കിടന്ന് തന്നെ ആസാദ് പ്രിയപത്‌നിക്ക് യാത്രാമൊഴി ചൊല്ലി.
എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ സജീവസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായിരുന്നു ക്വിറ്റ് ഇന്ത്യ സമരം. വെടിവെപ്പുകളില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകള്‍ തടങ്കലിലായി. ക്വിറ്റ് ഇന്ത്യ സമരത്തെ എതിര്‍ത്തവരും ഒറ്റുകൊടുത്തവരും ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുന്നത് ഭ്രാന്താണെന്ന് പറഞ്ഞവരും അക്കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നു. മറക്കാനാവാത്ത, പൊറുക്കാനാവാത്ത ഒരു അപരാധം തന്നെയാണത്.
1945-ഓടെ രണ്ടാം ലോക യുദ്ധം അവസാനിച്ചു. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നു. 1948 ജൂണ്‍ 30നകം അധികാര കൈമാറ്റമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അങ്ങിനെ 1947 ആഗസ്റ്റ് 14ന് പാക്കിസ്താനും ആഗസ്റ്റ് 15ന് സ്വതന്ത്ര ഇന്ത്യയും പിറവിയെടുത്തു.
ദീര്‍ഘകാലത്തെ അടിമത്വത്തില്‍നിന്നുള്ള മോചനത്തിന് വേണ്ടി, സ്വാതന്ത്ര്യത്തിന്‌വേണ്ടി ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മന്ത്രം നാം നെഞ്ചിലേറ്റി. ക്വിറ്റ് ഇന്ത്യ സമരം ലക്ഷ്യം നേടി. പക്ഷേ മൂന്നു പതിറ്റാണ്ടിലേറെക്കാലം സ്വാതന്ത്ര്യസമരത്തെ മുന്നില്‍നിന്ന് നയിച്ച മഹാത്മാവിന് ആറു മാസക്കാലം പോലും സ്വതന്ത്ര ഭാരതത്തില്‍ ജീവിക്കാനായില്ല. ബ്രിട്ടീഷുകാരന്‍ ചെയ്യാന്‍ മടിച്ച കൃത്യം ഒരിന്ത്യക്കാരന്‍ ചെയ്തു. അഹിംസയുടെ ആചാര്യന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചു.
ജാതിമത വ്യത്യാസമില്ലതെ ഒട്ടനവധി പേരുടെ രക്തസാക്ഷിത്വത്തിലൂടെ, ത്യാഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. രാഷ്ട്രത്തിന്റെ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനാധിപത്യവും മതേതരത്വവും ആക്രമിക്കപ്പെടുന്നു. അസഹിഷ്ണുതയുടെ കൊലവിളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഉയരുകയാണ്. പ്രൊഫസര്‍ കല്‍ബുര്‍ഗി മുതല്‍ ജുനൈദ് വരെയുള്ളവര്‍ അസഹിഷ്ണുതയുടെ രക്തസാക്ഷികളായി. അരുണാചല്‍പ്രദേശ്, മിസോറാം, ഗോവ, ബീഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ജനാധിപത്യം ചോദ്യചിഹ്നമായി മാറുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമെഴുതിയത് സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയും നവ ഭാരതശില്‍പിയും യുഗപ്രഭാവനുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. ‘ഭരണഘടനയുടെ ആത്മാവ്’ എന്നാണ് ആമുഖത്തെ നെഹ്‌റു വിശേഷിപ്പിച്ചത്. 1976ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം എന്ന പദം കൂട്ടിച്ചേര്‍ത്തത് ധീര രക്തസാക്ഷി ഇന്ദിരാജിയാണ്. ഭരണഘടനയുടെ ആമുഖവും മാറ്റിയെഴുതപ്പെടുമോ എന്ന ആശങ്ക ഇപ്പോള്‍ ജനങ്ങളില്‍ വളരുകയാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധത്തെപോലും വെള്ളപൂശാനുള്ള ഗൂഢനീക്കങ്ങള്‍ നടക്കുന്നു. രാഷ്ട്രപിതാവിന്റെ സ്ഥാനത്ത് പിതൃഘാതകന്റെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്നു. ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെടുന്നു. 1942ലെ ക്വിറ്റ് ഇന്ത്യ പ്രമേയത്തില്‍ സ്വതന്ത്ര ഇന്ത്യയെ ഫാസിസത്തിനെതിരെ പൊരുതാന്‍ സജ്ജമാക്കുക എന്നൊരു ലക്ഷ്യമുണ്ടായിരുന്നു. 1942ല്‍ മഹാത്മാവ് നമുക്ക് ഓതിത്തന്ന ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്ന മന്ത്രം സ്വാതന്ത്ര്യത്തിന്റെ സപ്തതി വേളയില്‍ നെഞ്ചോട് ചേര്‍ക്കേണ്ടിയിരിക്കുന്നു.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending