Connect with us

Video Stories

ഡോക്ടര്‍മാരുടെ ഭീഷണികേരളത്തോടുതന്നെ

Published

on

തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നാല്‍പത്താറുകാരനായ കുടുംബനാഥന്‍ മുരുകന്‍ വാഹനാപകടത്തില്‍പെട്ട് മതിയായ ചികില്‍സ ലഭിക്കാതെ മരണപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും അദ്ദേഹത്തിനും കുടുംബത്തിനും നീതികിട്ടാന്‍ ഒരുവഴിയുമില്ലെന്ന അവസ്ഥ കേരളത്തെ സംബന്ധിച്ച് തികച്ചും വേദനാജനകം തന്നെ. കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചിട്ടും വെന്റിലേറ്ററില്ലെന്ന കാരണം പറഞ്ഞ് മൃതപ്രായനായ മുരുകനെ ആസ്പത്രിയിലെ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ തിരിച്ചയച്ചതാണ് മണിക്കൂറുകള്‍ വേദന തിന്നശേഷം മരണത്തിന് കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്. അടുത്തകാലത്ത് ആരോഗ്യ മേഖലയില്‍ കേരളം ഇതുപോലെ ചര്‍ച്ച ചെയ്ത വിഷയം വേറെയുണ്ടാകില്ല. ഇതുസംബന്ധിച്ച പരാതികള്‍ക്കും പൊതുധാരണകള്‍ക്കും നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ഡോക്ടര്‍മാര്‍ പറയുന്ന മറുപടി ഏറെ കൗതുകകരവും സങ്കടജനകവുമായിരിക്കുന്നു.
പൊലീസ ്അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്രിമ ശ്വാസം നല്‍കുന്നതിനുള്ള വെന്റിലേറ്റര്‍ സംവിധാനം ഒഴിവില്ലെന്ന കാരണം പറഞ്ഞും തങ്ങളുടെ കൃത്യബോധം മറന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുരുകനെ മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ റസിഡന്റ് ഡോക്ടര്‍, പി.ജി ഡോക്ടര്‍ എന്നിവര്‍ക്ക് പിഴവ് സംഭവിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവികമായും ഗുരുതരമായ കുറ്റം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷനും പ്രതിഷേധ സ്വരവുമായും ഭീഷണിയുമായും രംഗത്തിറങ്ങിയിരിക്കയാണ്. ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവരാത്തതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. പൊലീസിന് ഈ റിപ്പോര്‍ട്ട് ലഭിച്ചാലേ അന്വേഷണത്തില്‍ കൂടുതലായി മുന്നോട്ടുപോകാനാകുകയുള്ളൂ.
രണ്ടു കുട്ടികളുടെ പിതാവായ തമിഴ്‌നാട് സ്വദേശിയുടെ ഭാര്യക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം അനുവദിക്കുകയും ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്ക് അര്‍ഹമായ ശിക്ഷ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇതുസംബന്ധിച്ച് നടപടികള്‍ പുരോഗമിക്കവെയാണ് ഡോക്ടര്‍മാര്‍ സംഘടിത ശക്തിയുപയോഗിച്ച് നിയമത്തെ വെല്ലുവിളിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്. രോഗിയുടെ ബന്ധുക്കളോട് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി എത്രയും പെട്ടെന്ന് ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കേണ്ടതിനുപകരം രോഗിയെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം. എന്നാല്‍ തങ്ങളുടെ പിഴവല്ലെന്നും സര്‍ക്കാര്‍ ആസ്പത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്തതക്ക് ആതുരസേവകരായ തങ്ങളുടെ അംഗങ്ങളെ ബലിയാടാക്കരുതെന്നുമാണ് ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാരെ അറസ്റ്റു ചെയ്താല്‍ പണിമുടക്കെന്ന ഭീഷണിയും സംഘടന ഉയര്‍ത്തിയിരിക്കയാണ്. സര്‍ക്കാരിന് അവര്‍ പണിമുടക്ക് മുന്നറിയിപ്പു നോട്ടീസും നല്‍കിക്കഴിഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത് അവരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് സംഘടനയുടെ പക്ഷം. രോഗികളുടെ ജീവനിട്ട് പന്താടുന്ന രീതിയിലുള്ള പണിമുടക്ക് സമരത്തിനാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരിക്കുന്നത്. എന്നാല്‍ ഇതിനെ പ്രബുദ്ധകേരളം പുച്ഛിച്ചുതള്ളുമെന്ന കാര്യം ഇവര്‍ എന്തുകൊണ്ടോ ഓര്‍ക്കാതെ പോകുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെയാണ് ഇതിനകം പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനിരിക്കവെയാണ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഭീഷണി. അതേസമയം തങ്ങള്‍ സ്വയം അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. പ്രതിതന്നെ കേസന്വേഷിച്ചാല്‍ ഉണ്ടായേക്കാവുന്ന റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പറയേണ്ടല്ലോ.
കൂണുകള്‍പോലെ ആസ്പത്രികള്‍ മുളച്ചുപൊന്തുന്ന നമ്മുടെ നാട്ടില്‍തന്നെയാണ് മുരുകന്മാര്‍ സൃഷ്ടിക്കപ്പെടുന്നത്. രാജ്യത്ത് വാഹനാപകടങ്ങളില്‍പെട്ട് മരണമടയുന്നവരുടെ സംഖ്യയില്‍ കൊച്ചു കേരളം ഇന്ന് അഞ്ചാം സ്ഥാനത്താണ്. പ്രതിദിനം 11 പേര്‍ റോഡപകടങ്ങളില്‍പെട്ട് സംസ്ഥാനത്ത് മരണമടയുന്നുണ്ട്. വെന്റിലേറ്ററിന് സ്വകാര്യ ആസ്പത്രികള്‍ കാല്‍ ലക്ഷം രൂപവരെയാണ് ദിവസം പ്രതി ഈടാക്കുന്നത്. ഇതിനാലാണ് സര്‍ക്കാര്‍ ആസ്പത്രികളിലേക്കുള്ള സാധാരണക്കാരുടെ നെട്ടോട്ടം. അടിയന്തിര ശുശ്രൂഷ ആവശ്യമുള്ളവര്‍ക്കെങ്കിലും അത് ലഭ്യമാക്കേണ്ട ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള ആസ്പത്രികള്‍ക്കുള്ളത്. പാലക്കാട്, കോട്ടയം പോലുള്ള മെഡിക്കല്‍ കോളജുകളില്‍ ഇന്ന് അത്യാധുനിക ഹൃദയശസ്ത്രക്രിയാസംവിധാനങ്ങള്‍ വരെയുണ്ട്. എന്നിട്ടും ഭിഷഗ്വരന്മാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള പെരുമാറ്റം തീര്‍ത്തും അരോചകമാകുന്ന അനുഭവമാണ് പൊതുവെയുള്ളത്. സര്‍ക്കാര്‍ ചെലവില്‍ പഠിച്ച് സാധാരണക്കാരന്റെ നികുതിപ്പണത്തില്‍നിന്ന് വേതനം പറ്റുന്നവര്‍ക്ക് സമൂഹത്തോടും പ്രത്യേകിച്ച് പാവപ്പെട്ടവരോടും കരുണയുണ്ടാകേണ്ടത് ധാര്‍മികമായി മാത്രമല്ല, സാങ്കേതികമായിത്തന്നെ അനിവാര്യതയാണ്. ഇത് പക്ഷേ അര്‍ഹമായതിന്റെ ഏഴയലത്തുപോലുമില്ലെന്നതിന്റെ തെളിവാണ് മുരുകന്റെ മരണവും അന്വേഷണത്തിന്റെ പേരിലുള്ള പണിമുടക്കുഭീഷണിയും.
അതേസമയം സര്‍ക്കാര്‍ ആരോഗ്യ രംഗത്തുനിന്ന് പിന്‍വാങ്ങുന്നതിനാല്‍ പലപ്പോഴും മതിയായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഉണ്ടാകുന്നില്ലെന്ന പരാതിക്കും ആഴമുണ്ട്. ഡോക്ടര്‍മാരുടെയും അനസ്തറ്റിസ്റ്റുകളുടെയും നഴ്‌സുമാരുടെയും നിരവധി ഒഴിവുകളാണ് എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലുമുള്ളത്. വാഹനാപകടങ്ങളില്‍പെടുന്ന രോഗികളെ തക്കസമയത്ത് ആസ്പത്രിയിലെത്തിച്ചാല്‍ മരണ സാധ്യത 85 ശതമാനമായി കുറയുമെന്ന് പഠനം പറയുന്നു. രക്തനഷ്ടമാണ് പൊടുന്നനെയുള്ള മരണത്തിന് കാരണമാകുന്നത്. ഇതിന് തക്കസംവിധാനങ്ങള്‍ ഉണ്ടായേ മതിയാകൂ. ഇതൊക്കെയാണെങ്കിലും സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും കാര്യത്തില്‍ ഡോക്ടര്‍മാരുടെ അനവധാനതാഭാവം ഒന്നുവേറെതന്നെയാണ്. ലക്ഷങ്ങള്‍ കൊടുത്ത് മെഡിക്കല്‍ സീറ്റ് വാങ്ങേണ്ടിവരുന്ന വിദ്യാര്‍ഥികളില്‍ നിന്ന് രോഗീപരിലാളനയും സാമാന്യമായ നൈതികതയും പ്രതീക്ഷിക്കുക വയ്യെന്നായിരിക്കുന്നു. കേരളം നേടിയെന്നഭിമാനിക്കുന്ന പ്രാഥമികാരോഗ്യ രംഗത്തെ നേട്ടങ്ങളെയെല്ലാം ഒറ്റരാത്രികൊണ്ട് തല്ലിയൊടിക്കുന്ന കാഴ്ചയാണ് മുരുകന്റെ കാര്യത്തില്‍ നാം കണ്ടത്. അതിലേറെ കഠിനമാണ് രോഗിയുടെ ജീവന് മറ്റെന്തിനേക്കാളും വില കല്‍പിക്കാന്‍ ഭരമേല്‍പിക്കപ്പെട്ടവരുടെ കാര്യത്തില്‍ നാമിപ്പോള്‍ കേട്ടും കണ്ടുമിരിക്കുന്നത്. ഹാ, കഷ്ടമെന്നേ പറയേണ്ടൂ.

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending