Connect with us

Video Stories

യാദവ ഭിന്നതയില്‍ കലങ്ങുന്ന യു.പി

Published

on

സമാജ് വാദി പാര്‍ട്ടിയില്‍ രൂക്ഷമായ മൂപ്പിളമത്തര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ സംഘടനയുടെ ജീവാത്മാവും പരമാത്മാവുമായ മുലായം സിങ് യാദവിന് ആയില്ലെങ്കില്‍ ഉത്തര്‍പ്രദേശിന്റെ സാമൂഹ്യ-രാഷ്ട്രീയ ഘടന തന്നെ അഴിച്ചുപണിക്കു വിധേയമാക്കേണ്ടിവരും. ദേശീയ രാഷ്ട്രീയത്തിലെ തന്നെ വലിയ ചലനങ്ങള്‍ക്ക് കാരണമാകുന്നതാണ് സമാജ് വാദി പാര്‍ട്ടിയിലെ ആഭ്യന്തര കലഹം. താല്‍ക്കാലികമായ വെടിനിര്‍ത്തലിന് ഉത്തര്‍പ്രദേശ് യാദവ രാഷ്ട്രീയത്തിലെ ഇരു പക്ഷവും തയാറായിട്ടുണ്ടെങ്കിലും ഈ പരസ്പര പോരില്‍ മുതലെടുപ്പിന് കാത്തിരിക്കുന്ന ശക്തികള്‍ വിശ്രമിക്കുന്നില്ല എന്ന് തിരിച്ചറിയണം. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് ഭരണകക്ഷിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. തിങ്കളാഴ്ച ലക്‌നൗവില്‍ ചേര്‍ന്ന പാര്‍ട്ടി യോഗം സഭ്യേതരവും വൈകാരികവുമായ രംഗങ്ങള്‍ക്കാണു സാക്ഷിയായത്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയും പാര്‍ട്ടിയുടെ പ്രഥമ കുടുംബം രണ്ട് ചേരിയിലായി പോര്‍വിളി നടത്തി. മുലായം സിങ്, ശിവ്പാല്‍ യാദവ്, പ്രതീക് യാദവ് തുടങ്ങിയവര്‍ ഒരു ഭാഗത്തും അഖിലേഷ് യാദവ്, രാംഗോപാല്‍ യാദവ്, ഡിംപിള്‍ യാദവ് തുടങ്ങിയവര്‍ മറുചേരിയിലും നിലയുറപ്പിച്ചു. തന്നോളം വളര്‍ന്ന മകനെ ശാസിച്ചും വിശ്വസ്തരുടെ താല്‍പര്യങ്ങള്‍ തൃപ്തിപ്പെടുത്തിയും പാര്‍ട്ടിയെ ഇത്തരമൊരു സന്ദിഗ്ധ ഘട്ടത്തില്‍ മുന്നോട്ട് കൊണ്ടുപോവുക മുലായം സിങ് യാദവിന് സാധ്യമാകുമോ എന്നാണ് രാഷ്ട്രീയ വിചക്ഷണര്‍ ഉറ്റുനോക്കുന്നത്. അച്ഛനും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുലായം സിങ് യാദവിനെ തള്ളിപ്പറഞ്ഞ് പുതിയ പാര്‍ട്ടിയുമായി താന്‍ രംഗത്ത് വരി െല്ലന്നും എന്നാല്‍ പാര്‍ട്ടിയെ നശിപ്പിക്കാനുള്ള ശക്തികളുടെ ശ്രമങ്ങളെ ചെറുത്ത് നില്‍ക്കുമെന്നും അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്.

1970 കളില്‍ ശക്തിപ്പെട്ട സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളില്‍ നിന്നാണ് യാദവ-ഒ.ബി.സി രാഷ്ട്രീയ നേതൃത്വങ്ങള്‍ മുഖ്യധാരയിലേക്ക് വരുന്നത്. മുലായം സിങ് യാദവും ലാലു യാദവുമൊക്കെ രാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടരായാണ് അവിഭക്ത ജനതാ രാഷ്ട്രീയത്തിന്റെ ഭാഗമാവുന്നത്. പിന്നീട് പിന്നാക്ക, യാദവ രാഷ്ട്രീയത്തിലേക്ക് പറിച്ച് നടപ്പെട്ടു. അനന്തരം പിന്നാക്കക്കാരിലെ മുന്നാക്ക രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവരായി ഇവര്‍ മാറുന്നതിനും കാലം സാക്ഷിയായി. 1992ല്‍ ജനതാദളിനെ പിളര്‍ത്തി മുലായം സിങ,് സമാജ് വാദി പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് സാമൂഹിക ക്രമം പിന്നാക്ക ജന വിഭാഗങ്ങളുടെ ശാക്തീകരണത്തിലൂടെ മാത്രമേ പ്രാവര്‍ത്തികമാക്കപ്പെടൂ എന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ പിന്നാക്കക്കാര്‍ എന്ന സാമൂഹ്യ വിഭാഗത്തെ കേവലം യാദവ ഉന്നമനവുമായി ചേര്‍ത്തികെട്ടിയാണ് മുലായം തന്റെ രാഷ്ട്രീയ സാമ്രാജ്യം കെട്ടിപ്പടുത്തത്. മറ്റ് പിന്നാക്ക വിഭാഗങ്ങളെ യാദവ രാഷ്ട്രീയവുമായി ചേര്‍ത്ത് നിര്‍ത്തി പുതിയ സോഷ്യല്‍ എന്‍ജിനിയറിങിന്് മുലായം നേതൃത്വം നല്‍കി. യാദവ, കുര്‍മ്മി വിഭാഗങ്ങളെയും മുസ്‌ലിംകളിലെ പിന്നാക്കക്കാരായ ഖുറേഷി, കസായി, അന്‍സാരി, ബിഷ്ത്തി തുടങ്ങിയ വിഭാഗങ്ങളെയും ഒരുമിപ്പിച്ചു നിര്‍ത്തി സ്വന്തമായ രാഷ്ട്രീയ മണ്ഡലം വികസിപ്പിച്ചെടുക്കുന്നതില്‍ മുലായം സിങ് യാദവും പാര്‍ട്ടിയും വിജയിക്കുകയുണ്ടായി.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ് യാദവ സമുദായം രാജ്യ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടത്. ഐതിഹ്യങ്ങളിലും പുരാണങ്ങളിലും വലിയ സ്ഥാനങ്ങള്‍ കല്‍പ്പിക്കപെട്ടു പോരുന്നുണ്ടങ്കിലും സാമൂഹികക്രമത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗമായിരുന്നു യാദവര്‍. സമുദായ വോട്ടു ബാങ്കിന്റെ ബലത്തില്‍ അവഗണിക്കപ്പെടാനാവാത്ത ശക്തിയായി മുലായം സിങ് യാദവും പാര്‍ട്ടിയും പിന്നീട് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിച്ചു.
1990ല്‍ മുലായം മുഖ്യമന്ത്രിയായിരിക്കെ ഹിന്ദുത്വ വര്‍ഗീയതയുടെ ഫണം വിടര്‍ത്തി സംഘപരിവാര്‍ ബാബരി മസ്ജിദിലേക്ക് ശൗര്യദിവസ് സംഘടിപ്പിക്കുകയും പള്ളി പൊളിക്കുമെന്നാക്രോശിക്കുകയും ചെയ്തപ്പോള്‍ അക്രമികള്‍ക്കെതിരെ മുലായത്തിന്റെ പൊലീസ് വെടിയുതിര്‍ക്കുകയും പതിനാറോളം പേര്‍ കൊല്ലപ്പെടുകയുമുണ്ടായി. ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള ഇത്തരം ശക്തമായ നിലപാട് മുസ്‌ലിം ജന വിഭാഗങ്ങളെ സമാജ് വാദി പാര്‍ട്ടിയിലേക്കടുപ്പിച്ചു. മുലായം സിങിന്റെ സംഘ് വിരുദ്ധ സമീപനം ആര്‍.എസ്.എസുകാര്‍ ‘മുല്ലാ മുലായം’ എന്ന് വിളിപ്പേര് നല്‍കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചു. എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റുന്നതില്‍ വിജയം കണ്ട മുലായം യാദവര്‍കൊപ്പം മുസ്‌ലിംകളെയും തന്റെ രാഷ്ട്രീയ മണ്ഡലത്തിന്റെ ഭാഗമാക്കിത്തീര്‍ത്തു. പരമ്പരാഗതമായി കോണ്‍ഗ്രസിനു വോട്ടു നല്‍കിവന്ന മുസ്‌ലിം ജനവിഭാഗം മുലായം സിങിനു പിന്നില്‍ അണിനിരന്നത് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിന് പുതിയ മാനങ്ങള്‍ നല്‍കി.

രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് 2012ല്‍ മകന്‍ അഖിലേഷ് യാദവിനെ മുലായം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. തന്റെ പ്രവര്‍ത്തനമണ്ഡലം ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയ മുലായം അഖിലേഷിനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായും നിയമിച്ചു. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ ഒരു മാറ്റത്തെ ഏറെക്കുറെ പ്രശ്‌നമുക്തമായതെന്നാണ് വിലയിരുത്തിയത്. എന്നാല്‍ ഭരണത്തിന്റെ അവസാനഘട്ടത്തില്‍ എല്ലാ സീമകളെയും ലംഘിച്ചുകൊണ്ട് പാര്‍ട്ടി കുടുംബവഴക്ക് പാരമ്യതയില്‍ എത്തിനില്‍ക്കുകയാണ്. അഖിലേഷ് യാദവ് മുലായം സിങ് യാദവിന് ആദ്യ ഭാര്യ മാള്‍ട്ടിദേവിയിലുണ്ടായ മകനാണ്. ആദ്യ ഭാര്യയുടെ മരണ ശേഷം മുലായം തന്റെ നിയമപരമല്ലാത്ത പങ്കാളിയെ ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. കുടുംബ ഘടനയിലുണ്ടായ മാറ്റം പിന്നീട് രാഷ്ട്രീയ നീക്കങ്ങളെ ചെറിയ തോതില്‍ സ്വാധീനം ചെലുത്തുകയുമുണ്ടായി. രണ്ടാനമ്മയിലുള്ള മകന്‍ പ്രതീക് യാദവാണ് മുലായം കുടുംബത്തിന്റെ ഭൂമി ഇടപാടുകള്‍ നോക്കി നടത്തുന്നത്. ബിസിനസ് താല്‍പര്യങ്ങള്‍ പ്രതീകിനെ റിയല്‍ എസ്റ്റേറ്റിലെ വമ്പന്‍ സ്രാവുകളുമായി ചങ്ങാത്തത്തിലാക്കുന്നതിലേക്കും ഗായത്രി പ്രജാപതി പോലുള്ളവര്‍ പിന്‍വാതില്‍ വഴി പാര്‍ട്ടിയുടെയും ഗവണ്‍മെന്റിന്റെയും ഉന്നത സ്ഥാനങ്ങളിലെത്തുന്നതിനും കാരണമായി. അതിനിടെ അഖിലേഷ് യാദവിന്റെ സ്ഥാനാരോഹണം തൊട്ടേയുള്ള പടല പിണക്കങ്ങളുടെ പരിണാമം ശിവ്പാല്‍ യാദവ്- അഖിലേഷ് തര്‍ക്കത്തിലേക്കും നയിച്ചു.

പാര്‍ട്ടിയില്‍ തനിക്കാണോ അതല്ല ഇളമുറക്കാരനായ അഖിലേഷ് യാദവിനാണോ സ്ഥാനമെന്ന മൂപ്പിളമ പ്രശ്‌നമാണ് മുലായം സിങ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവുയര്‍ത്തുന്നത്. പ്രശ്‌നങ്ങളുടെ ഗതിവേഗം കൂട്ടിയത് സമാജ് വാദി മുന്‍ ജനറല്‍ സെക്രട്ടറിയായിരിക്കുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്ത അമര്‍സിങിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതും മാഫിയാ രാഷ്ട്രീയക്കാരന്‍ മുക്താര്‍ അന്‍സാരിയുടെ കൗമി ഏക്ദാ ദളിനെ സമാജ് വാദിയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ അഖിലേഷ് യാദവ് ഏതിര്‍ത്തതുമാണ്. ഇതില്‍ തന്നെ അമര്‍സിങിന്റെ കരങ്ങളാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നാണ് അഖിലേഷ് വിഭാഗം ആരോപിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ സ്വന്തമായൊരു പാര്‍ട്ടിയുണ്ടാക്കുകയും ശേഷം അത് പിരിച്ചുവിടുകയും പിന്നീട് രാഷ്ട്രീയ ലോക്ദളില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മല്‍സരിച്ച് പരാജയപെടുകയും ചെയ്ത ശേഷമാണ് സമാജ് വാദി പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത്. അമര്‍സിങിനെ അഴിമതി രാഷ്ട്രീയത്തിന്റെ വക്താവായാണ് പാര്‍ട്ടിയിലെ പുതുതലമുറ കാണുന്നത്. എന്നാല്‍ ‘അമര്‍സിങിനെയും ശിവ്പാല്‍ യാദവിനെയും കൈവിടാന്‍ താന്‍ ഒരുക്കമല്ല’ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മുലായം. ലക്‌നൗവില്‍ നടന്ന യോഗത്തില്‍ ‘അമര്‍സിങിന്റെ കാലിനടിയിലെ ചേറിന്റ വില പോലും തനിക്കൊന്നുമില്ല’ എന്നാണ് ശിവ്പാല്‍ യാദവ് അഖിലേഷിനോട് ആക്രോശിച്ചത്. കുടുംബ വഴക്കില്‍ രണ്ടാനമ്മ സാധന ഗുപ്ത അഖിലേഷ് വിരുദ്ധ ചേരിയിലാണെന്ന് ഏറക്കുറെ വ്യക്തമാണ്. പാര്‍ട്ടിയുടെ സമുന്നത നേതാവും അഖിലേഷ് പക്ഷക്കാരനുമായ ഉദയ്‌വീര്‍ സിങ് മുലായത്തിനയച്ച കത്തില്‍ സാധന ഗുപ്തയാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ആരോപിക്കുന്നുണ്ട്.

ഉദയ് വീറിനെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയാണ് മുലായം കത്തിനോട് പ്രതികരിച്ചത്. പ്രശ്‌നങ്ങളൊന്നുമില്ല എന്ന് മുലായം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടുംബ കലഹം ഇനിയും തലപൊക്കാതിരിക്കണമെങ്കില്‍ കടുത്ത നടപടി വേണ്ടിവരും. ഉത്തര്‍ പ്രദേശിലെ പിന്നാക്ക യാദവ – മുസ്‌ലിം രാഷ്ട്രീയ ഐക്യം സമാജ് വാദി പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ആശ്രയിച്ചാണുള്ളത്. ഭരണ വീഴ്ചകളും സംഘടനാ ദൗര്‍ബല്യങ്ങളുമൊക്കെ സമാജ് വാദി പാര്‍ട്ടി മറികടക്കാറുള്ളത് പിന്നാക്ക-ജാതി- സ്വത്വ രാഷ്ട്രീയത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത യാദവ – മുസ്‌ലിം പിന്തുണയിലൂടെയാണ്. അഖിലേഷ് ഭരണ കാലത്തെ നിരന്തര കലാപങ്ങളും അക്രമങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളെ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നുമകറ്റിയതായി കരുതുന്നവരുണ്ട്. അങ്ങനെയാെണങ്കില്‍ കുടുംബ കലഹത്തിലൂടെ യാദവ വോട്ടുകള്‍ അനിശ്ചിതത്വത്തിലാക്കിയ പാര്‍ട്ടിക്ക് മറ്റൊരു ശക്തിദുര്‍ഗം കൂടി നഷ്ടമാവാനുള്ള സാധ്യതകളേറെയാണ്. ഇത് ഫലത്തില്‍ പ്രധാന പ്രതിപക്ഷമായ ബി.എസ്.പിക്ക്് അനുകൂലമാവും എന്നാണ് നിരീക്ഷണമെങ്കിലും സംഘ്പരിവാര്‍ തന്ത്രം ഫലിച്ചാല്‍ സ്ഥിതിഗതികള്‍ മാറിമറിയും. ദേശീയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ദലിത്-മുസ്‌ലിം ഐക്യപ്പെടലിന്റെ സാധ്യത സജീവമായി നിലനില്‍ക്കുന്നുണ്ട്. അത്തരമൊരു ഘട്ടത്തില്‍ യാദവ വോട്ടുകള്‍ ഭിന്നിക്കുന്നത് പരിവാര്‍ പ്രതീക്ഷകള്‍ക്കാകും കരുത്തു പകരുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി

ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Published

on

ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ വാസസ്ഥാനങ്ങൾ തകർത്തുകൊണ്ടും ആസാമിൽ നടന്ന സംഭവവികാസങ്ങൾ അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനമാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. അവിടെ പാർക്കുന്ന ജനങ്ങളെ രാജ്യമില്ലാത്തവരും വോട്ടവകാശം ഇല്ലാത്തവരുമാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ള ഈ നടപടി ഏറെ അധിക്ഷേപാർഹമാണ്. അവർക്ക് ഭരണഘടനാപരമായ നീതി ഉറപ്പുവരുത്തിക്കൊണ്ട് അടിയന്തിരമായ പുനരധിവാസവും ദുരിതാശ്വാസ സഹായങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള ഉപക്ഷേപത്തിലൂടെ വിഷയമുന്നയിച്ചുകൊണ്ട് സമദാനി ആവശ്യപ്പെട്ടു.
ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനോ അവരുടെ പ്രയാസങ്ങളിൽ ആശ്വാസം നൽകാനോ ഒരു നടപടിയുമെടുക്കാതെയാണ് ഇത്രയേറെ കുടുംബങ്ങളുടെ പാർപ്പിടങ്ങൾ ഒറ്റയടിക്ക് തകർത്തുകളഞ്ഞത്. പകരം വാസസ്ഥാനങ്ങൾക്കോ ദുരിതാശ്വാസത്തിനോ നഷ്ടപരിഹാരത്തിനോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെയായിരുന്നു ഇത്. മസ്ജിദ് കെട്ടിടങ്ങളും സ്കൂളുകളുമെല്ലാം തകർത്ത് നിരപ്പാക്കി. കനത്ത മഴക്കിടയിലും ഈ നടപടി തുടർന്നു. ഇതിലൂടെ അവരുടെ ജീവിതങ്ങൾ പിഴുതെറിയപ്പെടുകയും അഭിമാനം തകർക്കപ്പെടുകയുമാണ് ചെയ്തതെന്ന് സമദാനി കുറ്റപ്പെടുത്തി. ബംഗാളി മുസ്ലിം കുടുംബങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ നടപടിയെന്നത് കൂടുതൽ ആശങ്കാജനകമാണ്. വർഷങ്ങളായി ബന്ധപ്പെട്ട രേഖകളോടെ അവിടെ പാർത്തുവരുന്നവരാണവർ.
സുപ്രീംകോടതി നൽകിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പൂർണമായി ലംഘിച്ചുകൊണ്ടാണ് ആസാമിലെ ഈ ഒഴിപ്പിക്കലും തകർക്കലും നടന്നത്. കുടിയൊഴിപ്പിക്കുന്ന പ്രക്രിയക്ക് മുൻകൂട്ടിയുള്ള ഷോക്കോസ് നോട്ടീസും പതിനഞ്ച് ദിവസത്തെ പ്രതികരണജാലകവും ഈ മാർഗ്ഗനിർദ്ദേശങ്ങളിലുണ്ട്. എന്നാൽ ഒന്നോ രണ്ടോ നോട്ടീസ് മാത്രം നൽകി ബന്ധപ്പെട്ടവരുടെ പരാതി കേൾക്കാനോ മറ്റു നടപടികൾക്കോ ഒന്നും അവസരമൊരുക്കാതെ ഒഴിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയും ജനങ്ങൾക്ക് പുനരധിവാസവും ഭരണഘടനാപരമായ നീതിയും ഉറപ്പുവരുത്താനാവശ്യപ്പെട്ടുകൊണ്ടും സുപ്രീംകോടതി അധികൃതർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.
പാവപ്പെട്ട മനുഷ്യരുടെ കൈവശമുള്ളതെല്ലാം ഒറ്റരാത്രികൊണ്ട് ഇടിച്ചുനിരപ്പാകുന്നത് ഭരണമല്ലെന്ന് പറഞ്ഞ സമദാനി ഇത് പരിഹരിക്കാൻ അടിയന്തിര നടപടികളെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
Continue Reading

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

Trending