ക്വാന്‍തന്‍: ചൈനയെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി സെമിയിലെത്തി. ആകാശ്ദീപ് സിങ്, ജസ്ജിത് സിങ് കുലാര്‍ എന്നിവരുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് നീലപ്പട അയല്‍ക്കാരെ കശക്കിയെറിഞ്ഞത്. അഫാന്‍ യൂസുഫ്, രൂപിന്ദര്‍പാല്‍ സിങ്, നിക്കിം തിമ്മയ്യ, ലളിത് ഉപാധ്യായ്, ദേവിന്ദര്‍ വാല്‍മീകി എന്നിവരും ഇന്ത്യക്കു വേണ്ടി ഗോളുകള്‍ നേടി. സാങ്കേതികത്തികവില്‍ മുന്നിലുള്ള

ഇന്ത്യന്‍ ആക്രമണത്തിനു മുന്നില്‍ ചൈനക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ചൈനീസ് പോസ്റ്റിനു നേരെ 24 ഷോട്ടുകള്‍ തൊടുക്കപ്പെട്ടപ്പോള്‍, പി.ആര്‍ ശ്രീജേഷിന്റെ അഭാവത്തില്‍ ഇന്ത്യന്‍ വലകാത്ത ആകാഷ് ചിട്‌കെക്ക് ഏറെക്കുറെ വിശ്രമമായിരുന്നു.നാല് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റോടെ ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. റൗണ്ട് റോബിന്‍ ഘട്ടത്തിലെ അവസാന മത്സരത്തില്‍ ആതിഥേയരായ മലേഷ്യയാണ് ഇന്ത്യക്ക് എതിരാളി. ഒമ്പത് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ആതിഥേയര്‍.