Connect with us

Video Stories

സൗഭാഗ്യപൂര്‍ണമായ ജീവിതത്തിന് ഭക്തിയുടെ ചൈതന്യം അനിവാര്യം

Published

on

 
മഹത്തായ മനുഷ്യജീവിതത്തിന് ലക്ഷ്യബോധം നല്‍കി അതിനെ ചൈതന്യവത്തും ആദര്‍ശനിഷ്ഠവുമാക്കുന്ന ശക്തിയാണ് ‘തഖ്‌വാ’ അഥവാ ദൈവഭക്തി. ജീവിതത്തിന്റെ രഹസ്യവും പരസ്യവുമായ എല്ലാ മണ്ഡലങ്ങളിലുമുള്ള മനുഷ്യന്റെ ചലനങ്ങളും മനസിലെ വിചാര വികാരങ്ങളും ദൈവം അറിയുകയും കാണുകയും ചെയ്യുമെന്ന വിചാരത്തോടെ അവനെ സൂക്ഷിച്ചു ജീവിക്കുന്നതാണ് തഖ്‌വാ. പക്ഷേ, ഭക്തി സംബന്ധിച്ചു സമൂഹത്തില്‍ പ്രചരിച്ച ചില തെറ്റായ ധാരണകള്‍ മനുഷ്യപുരോഗതിക്ക് തടസ്സമായി എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ ഭൗതിക ജീവിതവും ഇവിടുത്തെ എണ്ണിയാല്‍ ഒടുങ്ങാത്ത വസ്തുക്കളുമെല്ലാം ദൈവം സൃഷ്ടിച്ചത് മനുഷ്യന് അനുഭവിക്കാനും ആസ്വദിക്കാനും വേണ്ടിയാണ്. ഇവയില്‍ നിന്ന് കഴിയുന്നത്ര അകന്നുനിന്ന് ആത്മീയ ജീവിതത്തില്‍ മുഴുകുന്നതാണ് ഭക്തിമാര്‍ഗം എന്ന് സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെട്ടത് വലിയ അപകടം വരുത്തിവെച്ചു. യഥാര്‍ത്ഥത്തില്‍ ദൈവം നിശ്ചയിച്ച പരിധിക്കുള്ളില്‍ നിലകൊണ്ട് അവന്റെ രഹസ്യനിരീക്ഷണത്തിലാണ് താന്‍ എന്ന ബോധത്തോടെ ഈ ഭൗതിക ജീവിതത്തിലെ സുഖഭോഗങ്ങള്‍ അനുഭവിക്കുകയും പുരോഗതിക്ക് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുക എന്നതാണ് ഭക്തി.
ഭക്തനായ വിശ്വാസിയുടെ മാതൃക പ്രവാചകനും അനുയായികളും ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭക്തിയെപ്പറ്റിയുള്ള തെറ്റായ ധാരണ വെച്ചു പുലര്‍ത്തിയ മൂന്നു പേരുടെ കഥ പ്രസിദ്ധമാണ്. ഒരാള്‍ ഉറങ്ങാതെ രാത്രി മുഴുവന്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. രണ്ടാമത്തവന്‍ എന്നും നോമ്പനുഷ്ഠിക്കാന്‍ തീരുമാനിച്ചു. മൂന്നാമത്തെ ആള്‍ ഭാര്യയുമായുള്ള ശാരീരിക ബന്ധം വിഛേദിച്ചു. ഭാര്യമാരുടെ പരാതിയെ തുടര്‍ന്ന് ഇവരെ പ്രവാചകന്‍ വിളിച്ചുവരുത്തി ശാസിച്ചു. അദ്ദേഹം പ്രസ്താവിച്ചതിങ്ങനെ: ‘ഞാനാണ് നിങ്ങളേക്കാള്‍ കൂടുതല്‍ ഭക്തിയുള്ളവന്‍. എന്നാല്‍ നോമ്പെടുക്കുന്നു; നോമ്പ് ഒഴിവാക്കുന്നു. നമസ്‌കരിക്കുന്നു, ഉറങ്ങുന്നു. സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തുന്നു. ഇവയൊക്കെയാണ് എന്റെ ചര്യ. ഇത് ഇഷ്ടപ്പെടാത്തവന്‍ എന്റെ കൂട്ടത്തില്‍പ്പെട്ടവനല്ല’ ഫലിതവും തമാശയും പറയുന്ന, ചിരിയില്‍ മുഴുകുന്ന, വീട്ടുകാരുമൊത്ത് വിനോദത്തിലേര്‍പ്പെടുന്ന, വീട്ടുവേലകള്‍ ചെയ്യുന്ന ഒരു ഭക്തനെയാണ് പ്രവാചകനില്‍ ദര്‍ശിക്കാന്‍ കഴിയുക.
ഭക്തിയും തൊഴിലും സമന്വയിപ്പിച്ചവരായിരുന്നു പ്രവാചക ശിഷ്യന്മാര്‍. ഉപജീവനത്തിനായി കച്ചവടം, കൃഷി, ആശാരിപ്പണി, കൊല്ലന്‍വേല, ആട് മേയ്ക്കല്‍ തുടങ്ങിയ പല ജോലികളും അവര്‍ ചെയ്തു. കര്‍ഷകര്‍ വരുമാനത്തെ മൂന്നായി വിഭജിക്കുമായിരുന്നു. ഒരു ഭാഗം കുടുംബം പോറ്റാന്‍, രണ്ടാമത്തെ ഭാഗം സാധുക്കള്‍ക്ക്, മൂന്നാമത്തെ ഭാഗം കൃഷി പുഷ്ടിപ്പെടുത്താനും. ഭക്തി ധനം സമ്പാദിക്കുന്നതിനോ, പണക്കാരനാകുന്നതിനോ തടസ്സമായില്ല. ഉസ്മാന്‍ (റ) അബ്ദുറഹ്മാനുബ്‌നു ഔഫ്, ലൈസ് തുടങ്ങിയവരൊക്കെ അക്കാലത്തെ സമ്പന്നരില്‍ ഉള്‍പ്പെടുമായിരുന്നു. മത നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടു തന്നെ ധനികരാകാന്‍ അവര്‍ക്ക് കഴിഞ്ഞു. ഉസ്മാന്‍ (റ) ജനങ്ങള്‍ക്ക് രാജകീയ ഭക്ഷണം നല്‍കും. സ്വന്തം വീട്ടില്‍ പരുക്കന്‍ ആഹാരമായിരുന്നു. ആത്മാര്‍ത്ഥതയാണ് ഭക്തനായ വിശ്വാസിയുടെ മുഖമുദ്ര. ആരാധനയാകട്ടെ, തൊഴിലാകട്ടെ, എന്ത് നല്ല പ്രവൃത്തിയാകട്ടെ അതില്‍ മികവ് പുലര്‍ത്തുകയും സത്യസന്ധതയും കൃത്യതയും പാലിക്കുകയും ചെയ്യാന്‍ ഭക്തന്‍ ബാധ്യസ്ഥനാണ്. കാരണം താന്‍ സദാ ദൈവത്തിന്റെ നിരീക്ഷണത്തിലാണെന്ന ബോധം അവനെ അതിന് നിര്‍ബന്ധിക്കുന്നു. ഒരു ഉദ്യോഗമോ ഉത്തരവാദിത്വമോ ഏറ്റെടുത്താല്‍ അതിനെ ഒരു അമാനത്തായി അവന്‍ കണക്കാക്കുന്നു. കൃത്യവിലോപം അമാനത്തില്‍ വഞ്ചന കാണിക്കലായി ഗണിക്കുകയും ചെയ്യും. ഏത് പ്രവൃത്തി ചെയ്യുമ്പോഴും- തിന്നുന്നതോ കുടിക്കുന്നതോ, ജോലി ചെയ്യുന്നതോ, ഭാര്യയുമൊത്ത് ശയിക്കുന്നതോ എന്താവട്ടെ, ദൈവസാമീപ്യം കരസ്ഥമാക്കുക എന്ന നിയ്യത്ത് അഥവാ ലക്ഷ്യബോധം അതിന് പിന്നിലുണ്ടായിരിക്കണം.
മനുഷ്യന്റെ എല്ലാ കാര്യത്തിലും വൃത്തിയും സൗന്ദര്യവും അടുക്കും ചിട്ടയും പുലര്‍ത്താന്‍ ഭക്തി പ്രേരിപ്പിക്കുന്നു. വൃത്തി, വിശ്വാസത്തിന്റെ പകുതിയാണ്; ‘അല്ലാഹു സുന്ദരനാണ്; അവന്‍ സൗന്ദര്യം ഇഷ്ടപ്പെടുന്നു; ‘അല്ലാഹു അവന്റെ ദാസന്മാര്‍ക്ക് ഒരുക്കി കൊടുത്ത അലങ്കാരത്തെയും നല്ല ആഹാരത്തെയും ആരാണ് നിരോധിക്കുന്നത്’ എന്നീ ഖുര്‍ആന്‍ പ്രവാചക വചനങ്ങളെല്ലാം സൗന്ദര്യബോധം ഭക്തനായ വിശ്വാസിയുടെ മുഖമുദ്രയാണെന്ന് വ്യക്തമാക്കുന്നു. വേഷം പോലെത്തന്നെ വീടും പരിസരവുമെല്ലാം വൃത്തിയും സൗന്ദര്യവും സ്ഫുരിക്കുന്നതായിരിക്കണം. ഇതുപോലെ ഭക്തന്റെ പെരുമാറ്റവും സ്വഭാവവും സമീപനവുമെല്ലാം ഹൃദ്യമായിരിക്കും. നല്ല വാക്കുകളേ അവന്റെ നാവില്‍ നിന്ന് പുറത്തുവരികയുള്ളു. ‘നല്ലത് മാത്രം സംസാരിക്കുക. അല്ലെങ്കില്‍ മിണ്ടാതിരിക്കുക’ പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നു. നല്ലത് പറയുന്നതിനെ പുണ്യകര്‍മ്മമായി അദ്ദേഹം വിശേഷിപ്പിക്കുന്നു.
മറ്റുള്ളവരുടെ മുമ്പില്‍ വായ് പിളര്‍ത്തി കോട്ട് വായ്പുറത്ത് വിടുകയും അപശബ്ദം മുഴക്കുകയും ചെയ്യുമ്പോള്‍ ആ രംഗം എത്ര വൃത്തിഹീനമാണ്. എന്നാല്‍ പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നതിങ്ങനെ: ‘നിങ്ങള്‍ കോട്ട്‌വായ് പുറത്തുവിടുമ്പോള്‍ കൈകൊണ്ട് അല്ലെങ്കില്‍ വസ്ത്രം കൊണ്ട് വായ് പൊത്തുക’. തുമ്മുമ്പോഴും മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ കഴിവതും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ബാഹ്യ മോടിയേക്കാള്‍ ഉപരി ആന്തരികമായ മോടിയും വിശുദ്ധിയും പാലിക്കാന്‍ ശ്രദ്ധാലുവായിരിക്കും ഭക്തനായ വിശ്വാസി. അവന്റെ മനസ് സദാ ദൈവവിശ്വാസവും പരലോക ചിന്തയും കൊണ്ട് നനവാര്‍ന്നതായിരിക്കും. ഭയം, നിരാശ, ഉത്കണ്ഠ, അശുഭ ചിന്ത, അസൂയ, കോപം, അഹങ്കാരം, വൈരാഗ്യം തുടങ്ങിയ മാലിന്യങ്ങളില്‍ നിന്നെല്ലാം മനസ് മുക്തമായിരിക്കും.
ആരാധനയിലും പ്രാര്‍ത്ഥനയിലും അധിഷ്ഠിതവും സംശുദ്ധത മുറ്റുന്നതുമായ വ്യക്തിജീവിതം നയിച്ചത് കൊണ്ടുമാത്രം ഒരാള്‍ ഭക്തനായ വിശ്വാസിയെന്ന് വിശേഷിപ്പിക്കപ്പെടാന്‍ അര്‍ഹനാകുമോ? സമൂഹത്തിന് അയാളെകൊണ്ട് എന്തു പ്രയോജനം ലഭിക്കുന്നു എന്നതും ഭക്തിനിര്‍ണയത്തിനുള്ള മാനദണ്ഡമാണ്. ആരാധനകള്‍ പോലെത്തന്നെ ഒരു വിശ്വാസിയുടെ ബാധ്യതയാണ് സമൂഹത്തോടുള്ള കടമകള്‍ നിറവേറ്റുന്നതും. നല്ലത് കല്‍പിക്കുക, ചീത്ത നിരോധിക്കുക, സാധുക്കളുടേയും കഷ്ടപ്പാട് അനുഭവിക്കുന്നവരുടേയും പ്രയാസങ്ങള്‍ അകറ്റാന്‍ വേണ്ടി പ്രവര്‍ത്തിക്കുക, ജനങ്ങള്‍ക്ക് ക്ഷേമവും പുരോഗതിയും കൈവരിക്കാനുള്ള സേവനങ്ങളിലേര്‍പ്പെടുക തുടങ്ങി എല്ലാ സാമൂഹ്യപ്രവര്‍ത്തനങ്ങളും പുണ്യകര്‍മ്മങ്ങളത്രെ. സാധുക്കള്‍, വിധവകള്‍, അനാഥര്‍ തുടങ്ങിയവരുടെ വിഷമതകള്‍ അകറ്റാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ രാത്രി എഴുന്നേറ്റ് പ്രാര്‍ത്ഥനയില്‍ മുഴുകുന്നവനെപ്പോലെയോ ദൈവ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവനെയോ പോലെയാണെന്ന് പ്രവാചകന്‍ ഉണര്‍ത്തുന്നു. ആരോഗ്യം, സമയം എന്നീ രണ്ടു അനുഗ്രഹങ്ങളെയും ഇഹലോകത്തെയും പരലോകത്തെയും സൗഭാഗ്യ ലബ്ധിയുടെ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നവനാണ് യഥാര്‍ത്ഥ ഭക്തന്‍.
ഭക്തന്റെ വേഷമണിഞ്ഞ് സമൂഹത്തെ ചൂഷണം ചെയ്യുന്നവര്‍ വിലസുന്ന കാലഘട്ടമാണിത്. മത നേതാക്കളില്‍ ഭക്തിക്ക് മാതൃക കാണാതെ ജനം അമ്പരക്കുന്നു. ദൈവ ഭയം കാരണം വിവരമില്ലാത്ത സാധാരണക്കാര്‍ പോലും ചെയ്യാന്‍ ഭയക്കുന്ന പ്രവൃത്തികളും സ്വഭാവ പെരുമാറ്റങ്ങളും പണ്ഡിതന്മാരില്‍ ദൃശ്യമാകുന്നുവെങ്കില്‍ അവരുടെ ഉപദേശങ്ങളും പ്രബോധനങ്ങളും യുവ തലമുറയില്‍ സ്വാധീനം ചെലുത്താത്തതിന്റെ കാരണം വ്യക്തമാണ്. ഉള്ളില്‍ സംശുദ്ധവും ശക്തവുമായ ഭക്തിയുണ്ടെങ്കില്‍ അതിന്റെ പുറത്തെ പ്രകടനവും ആ ഗുണം സ്ഫുരിക്കുന്നതായിരിക്കും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending