Connect with us

Sports

സാങ്കേതികതയേ, നിനക്ക് നന്ദി

Published

on

കമാല്‍ വരദൂര്‍

ലോക ക്രിക്കറ്റിലെ വലിയ അഹങ്കാരികള്‍ ആരാണ്…? സദാസമയവും ചെവിയില്‍ ഇയര്‍ ഫോണും തിരുകി സംഗീതം ആസ്വദിച്ച് നടക്കുന്ന ഇന്ത്യന്‍ താരങ്ങളാണെന്നാണ് പതിവായി ലഭിക്കാറുള്ള മറുപടി. പക്ഷേ ലോക ക്രിക്കറ്റിലൂടെ ഒന്ന് സൂക്ഷ്മമായി കണ്ണോടിച്ചാല്‍ അഹങ്കാരത്തിന്റെ മൂര്‍ത്തിമത്ഭാവം ഓസ്‌ട്രേലിയക്കാരാണെന്ന് നിസ്സംശയം വ്യക്തമാവും. കളത്തിലും കളത്തിന് പുറത്തും ഒരു തരം ജന്മിത്വം പ്രകടിപ്പിക്കാറുണ്ടവര്‍. എല്ലാവരും തങ്ങളെക്കാള്‍ താഴെയെന്ന് വിശ്വസിക്കുന്ന ഭാവവവും പ്രവര്‍ത്തനവും. കേപ്ടൗണില്‍ ക്യാമറകള്‍ ഓസീസുകാരെ പിടികൂടിയില്ലായിരുന്നെങ്കില്‍ അവര്‍ തന്നെയായിരിക്കും മാന്യന്മാര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ പന്തയവിവാദം വേട്ടയാടിയപ്പോള്‍ പരിഹസിച്ചിരുന്നു ഓസ്‌ട്രേലിയക്കാര്‍. ഐ.പി.എല്ലിനെ കോഴ വിവാദം പിടികൂടിയപ്പോള്‍ ചിരിച്ചുനടന്നിരുന്നു അവര്‍. സിംബാബ്‌വെ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയവര്‍ക്കെതിരെ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല ഓസീസുകാര്‍. അവരെ മൂന്നാം കിടക്കാരായാണ് അവര്‍ കണ്ടിരുന്നത്. സൗരവ് ഗാംഗുലിയുടെ ഇന്ത്യ സ്റ്റീവ് വോയുടെ ഓസീസിന് വെല്ലുവിളിയായപ്പോള്‍ മൈതാനത്ത് കേട്ടത് തെറി വിളികള്‍ മാത്രമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്്മണ്, സൗരവ് തുടങ്ങിയവര്‍ ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന് പിറകില്‍ നിന്നും ആദം ഗില്‍ക്രൈസ്റ്റും സ്ലിപ്പില്‍ നിന്ന് മാത്യു ഹെയ്ഡനും ജസ്റ്റിന്‍ ലാംഗറുമെല്ലാം വിളിക്കുന്ന തെറി സ്റ്റംമ്പ് മൈക്രോഫോണ്‍ രേഖപ്പെടുത്താറുണ്ടായിരുന്നു. പക്ഷേ ഒരു നടപടിയുമുണ്ടായില്ല. സച്ചിനും രാഹുലുമെല്ലാം മഹാമാന്യന്മാരായതിനാല്‍ അവര്‍ പരാതിപ്പെട്ടതുമില്ല. ഓസ്‌ട്രേലിയയെ തൊടാന്‍ ഐ.സി.സി ഉള്‍പ്പെടെ എല്ലാവര്‍ക്കും പേടിയായിരുന്നു. ഷെയിന്‍ വോണ്‍ പന്തയവിവാദത്തില്‍ ആരോപണ വിധേയനായപ്പോള്‍ അദ്ദേഹത്തിനെതിരെ കാര്യമായ നടപടിയുണ്ടായിരുന്നില്ല.
കേപ്ടൗണിലെ മൈതാനത്ത് 32 ക്യാമറകളുണ്ടായിരുന്നു. അതും ഹൈ റെസൊലൂഷന്‍ ക്യാമറകള്‍. ഈ ക്യാമറകളാണല്ലോ അഹങ്കാരികളുടെ മുഖത്തടിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയക്കാര്‍ ഇപ്പോള്‍ പറയുന്നത് തങ്ങള്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തവരുണ്ടെങ്കില്‍ കാര്യമായ ശിക്ഷ ലഭിക്കുമെന്നുമാണ്. പക്ഷേ ക്യാമറകള്‍ സത്യം വിളിച്ച് പറയുമ്പോള്‍ എന്തിനാണ് മറ്റൊരു അന്വേഷണം. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്് എന്ന ഫീല്‍ഡര്‍ സ്വന്തം പാന്റ് പോക്കറ്റില്‍ നിന്നും മഞ്ഞ നിറത്തിലുള്ള ഉരകടലാസ് എടുക്കുന്നത് ക്യാമറയില്‍ വ്യക്തമാണ്. ആ കാഴ്ച്ച ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ പവിലിയനില്‍ നിന്നും കോച്ച് ഡാരന്‍ ലെഹ്മാന്‍ മൈക്രോഫോണ്‍ എടുക്കുന്നതും വ്യക്തം. കോച്ച് പന്ത്രണ്ടാമനുമായി മൈക്രോഫോണില്‍ സംസാരിക്കുന്നതും ആ സംസാരത്തിന് ശേഷം പന്ത്രണ്ടാമന്‍ മൈതാനത്ത് വരുന്നതും ബാന്‍ക്രോഫ്റ്റിനോട് സംസാരിക്കുന്നതും ക്യാമറയില്‍ വ്യക്തം. ആ സംസാരത്തിന് ശേഷം പോക്കറ്റില്‍ നിന്നും മഞ്ഞ ഉരകടലാസ് എടുത്ത് ട്രൗസറിനുള്ളിലേക്ക് മാറ്റുന്നതും പിന്നെ അമ്പയര്‍മാരുടെ അരികിലേക്ക് പോയി തന്റെ ടവല്‍ എടുത്ത് കാണിച്ച് അയ്യോ ഞാന്‍ ഒന്നും ചെയ്തില്ല എന്ന് പറയുന്നതും ക്യാമറയില്‍ വ്യക്തം. സംഭവദിവസം വൈകീട്ട് വാര്‍ത്താ സമ്മേളനം വിളിച്ച് ബാന്‍ക്രോഫ്റ്റും പിന്നെ നായകനും തെറ്റ് സമ്മതിക്കുന്നതും വ്യക്തം. സത്യങ്ങള്‍ ഇങ്ങനെ ജീവനോടെ സംസാരിക്കുമ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ എന്ത് അന്വേഷണം നടത്താനാണ്…? ഇതിലും വലിയ തെളിവ് അവര്‍ക്ക് ഇനി ലഭിക്കാനുണ്ടോ….?
അഹങ്കാരികളായ കങ്കാരുക്കളുടെ തനിനിറം ലോകത്തിന് മുന്നില്‍ പരസ്യമാക്കിയ സാങ്കേതികതക്കാണ് നന്ദി… സ്മിത്ത് കുറ്റസമ്മതം നടത്താന്‍ കാരണം സാങ്കേതികതയാണ്. നുണ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയതും രാജി നല്‍കിയതും. രാജിക്ക് മുമ്പ് തന്നെ പിടിച്ചുനില്‍ക്കാന്‍ എല്ലാ ശ്രമവും അദ്ദേഹം നടത്തി. ഓസീസ് പ്രധാനമന്ത്രിയുടെ ഇടപെടലിന് ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇനി രക്ഷയില്ല എന്ന സൂചന നല്‍കിയ ശേഷമാണ് അദ്ദേഹം രാജി നല്‍കിയത്. വലിയ മാനസിക സമ്മര്‍ദ്ദം താരങ്ങളെ ബാധിച്ചത് കൊണ്ടാണ് കേപ്ടൗണ്‍ ടെസ്റ്റിന്റെ നാലാം ദിനം തന്നെ അവര്‍ 322 റണ്‍സിന് പരാജയം ഏറ്റുവാങ്ങിയതും. ഓസ്‌ട്രേലിയക്കാര്‍ക്ക് ലഭിച്ച ഈ ആഘാതം എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും പാഠമാണ്. നിങ്ങള്‍ പൂര്‍ണസമയം ക്യാമറാ നിരീക്ഷണത്തിലാണ്…ജാഗ്രതൈ…!
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും ഈ കാര്യത്തില്‍ റോളുണ്ട്. സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഐ.പി.എല്ലില്‍ കളിക്കാന്‍ അനുമതി നല്‍കരുത്. ഐ.പി.എല്‍ കച്ചവടമാണ്. കച്ചവടത്തില്‍ ഇടപെടില്ല എന്നതായിരിക്കാം ബി.സി.സി.ഐ നിലപാട്. പക്ഷേ ശ്രീശാന്തിനെ പോലുള്ളവരെ ഇതേ കച്ചവട ക്രിക്കറ്റില്‍ പിടിച്ച് പുറത്താക്കിയതിനാല്‍ അല്‍പ്പം വിശ്വാസ്യത ബി.സി.സി.ഐ നിലനിര്‍ത്തണം. കച്ചവടത്തിന്റെ തലതൊട്ടപ്പനായ ലളിത് മോഡി തുടങ്ങിയതാണ് ഐ.പി.എല്‍ എന്നത് നാട്ടുകാര്‍ക്കറിയാം. ആ മോഡിയെ ബി.സി.സി.ഐ ഇത് വരെ തള്ളിപറഞ്ഞിട്ടില്ല എന്ന സത്യവും മാലോകര്‍ക്കറിയാം. ക്രിക്കറ്റിനെ സത്യത്തില്‍ നന്നാക്കണമെങ്കില്‍ ഇനി ക്യാമറകള്‍ അധികാരകേന്ദ്രങ്ങളിലും സ്ഥാപിക്കണം. അവരുടെ കളികളും കാണികള്‍ക്ക് തല്‍സമയം കാണാമല്ലോ…

Cricket

ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്; 110 റണ്‍സിന്റെ ജയം

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു.

Published

on

കേരള ക്രിക്കറ്റ് ലീഗില്‍ അവസാന സ്ഥാനം ലഭിച്ചവര്‍ തമ്മിലുള്ള മത്സരത്തില്‍ ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്. 110 റണ്‍സിനാണ് ആലപ്പിയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സിന് 17 ഓവറില്‍ 98 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

നാലോവറില്‍ 18 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത അഭിജിത്ത് പ്രവീണിന്റെ ബൗളിങ്ങാണ് ആലപ്പിയുടെ പ്രതീക്ഷ തകര്‍ത്തത്. റോയല്‍സിനോട് ആലപ്പി തോറ്റതോടെ 10 പോയന്റുള്ള കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും കൊച്ചിക്കൊപ്പം സെമിയില്‍ കയറി.

ലീഗിലെ അവസാന മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് കൃഷ്ണപ്രസാദ്-വിഷ്ണുരാജ് സഖ്യം നല്ല തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സെടുത്തു. 16 ാം ഓവറില്‍ സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ കൃഷ്ണപ്രസാദിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ശ്രീഹരി എസ് നായരാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ വിഷ്ണുരാജിനെ രാഹുല്‍ ചന്ദ്രനും മടക്കിയതോടെ രണ്ടിന് 155 എന്ന നിലയിലായി റോയല്‍സ്.

ആലപ്പിക്കായി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിജിത്ത് പ്രവീണാണ് കളിയിലെ താരം.

മുഹമ്മദ് അസറുദ്ദീന്റെ അഭാവത്തില്‍ എ കെ ആകര്‍ഷായിരുന്നു ജലജ് സക്‌സേനയ്‌ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്‌സ് തുറന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ജലജ് സക്‌സേന റണ്ണൌട്ടായത് ടീമിന് തിരിച്ചടിയായി.

Continue Reading

News

കേരള ക്രിക്കറ്റ് ലീഗ്; കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി കൊച്ചി

45 റണ്‍സെടുത്ത കൊച്ചിയുടെ ജിഷ്ണുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

Published

on

കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കാലിക്കറ്റിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനായി. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ കൊച്ചി അവസാന ഓവറില്‍ ലക്ഷ്യത്തിലേക്കെത്തുകയായിരുന്നു.
45 റണ്‍സെടുത്ത കൊച്ചിയുടെ ജിഷ്ണുവാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

കാലിക്കറ്റിന് വേണ്ടി അമീര്‍ ഷായും അഭിറാമും കൊച്ചിയ്ക്കായി ജിഷ്ണുവും അനൂപും അവസാന ഇലവനില്‍ സ്ഥാനം പിടിച്ചു. രോഹന്‍ കുന്നുമ്മലിനൊപ്പം ഇന്നിങ്സ് തുറന്ന അമീര്‍ഷാ ടീമിന് മികച്ച തുടക്കം സമ്മാനിക്കുകയും ചെയ്തു. മറുവശത്ത് രോഹനും തകര്‍ത്തടിച്ചു. മൂന്നാം ഓവറില്‍ തുടരെ മൂന്ന് ഫോറുകള്‍ നേടിയ രോഹന്‍ അടുത്ത ഓവറില്‍ നാല് പന്തുകള്‍ അതിര്‍ത്തി കടത്തി. നാലാം ഓവറില്‍ തന്നെ കാലിക്കറ്റ് സ്‌കോര്‍ 50 പിന്നിട്ടു.

എന്നാല്‍ സ്‌കോര്‍ 64ല്‍ നില്ക്കെ മൂന്ന് വിക്കറ്റുകള്‍ വീണത് കാലിക്കറ്റിന് തിരിച്ചടിയായി. അമീര്‍ഷാ (28), രോഹന്‍ (36) റണ്‍സ് നേടി. തുടര്‍ന്നെത്തിയ അഖില്‍ സ്‌കറിയ ആദ്യ പന്തില്‍ തന്നെ പുറത്തായി. 13 പന്തുകളില്‍ നിന്നായിരുന്നു രോഹന്‍ 36 റണ്‍സ് നേടിയത്. അഞ്ചാം വിക്കറ്റില്‍ അജ്നാസും അന്‍ഫലും ചേര്‍ന്ന് നേടിയ 50 റണ്‍സാണ് കാലിക്കറ്റിന് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

സഞ്ജുവിന്റെ അഭാവത്തില്‍ വിനൂപ് മനോഹരനൊപ്പം ജിഷ്ണുവാണ് കൊച്ചിയുടെ ഇന്നിങ്സ് തുറന്നത്. 14 പന്തുകളില്‍ 30 റണ്‍സുമായി വിനൂപ് മനോഹരന്‍ മടങ്ങി. എന്നാല്‍ മറുവശത്ത് ബാറ്റിങ് തുടര്‍ന്ന ജിഷ്ണു മികച്ച ഇന്നിങ്സ് കാഴ്ചവച്ചു. 29 പന്തുകളില്‍ 45 റണ്‍സ് നേടിയാണ് ജിഷ്ണു മടങ്ങിയത്.

Continue Reading

Sports

അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക്

അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്

Published

on

അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ടെസ്റ്റ് ക്രിക്കറ്റാണ് തനിക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന എന്നും അതില്‍ കൂടുതല്‍ കേന്ദ്രീകരിക്കാനാണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് താരം വ്യക്തമാക്കി.

ഇന്ത്യയുടെ വിദേശ ടെസ്റ്റ് പര്യടനവും ആഷസും 2027-ലെ ഏകദിന ലോകകപ്പും മുന്നില്‍ കണ്ട് ഉന്മേഷത്തോടെയും ഫിറ്റ്‌നസോടെയും തുടരാനാണ് ശ്രമമെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ‘ടെസ്റ്റ് ക്രിക്കറ്റാണ് എപ്പോഴും എന്റെ പ്രധാന മുന്‍ഗണന. ഓസ്‌ട്രേലിയയ്ക്കുവേണ്ടി കളിച്ച ഓരോ ടി-20 മത്സരവും ഞാന്‍ ആസ്വദിച്ചു. പ്രത്യേകിച്ച് 2021 ലോകകപ്പ് വിജയം എന്റെ കരിയറിലെ ഏറ്റവും ഓര്‍മ്മയില്‍ നില്‍ക്കുന്ന നിമിഷങ്ങളില്‍ ഒന്നാണ്,’ അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ക്ക് 65 ടി-20 മത്സരങ്ങള്‍ കളിച്ചു. 79 വിക്കറ്റുകള്‍ നേടിയ താരം 4/20 എന്ന മികച്ച ബൗളിങ് പ്രകടനമാണ് കൈവരിച്ചത്. 7.74 എന്ന എക്കോണമിയിലും 23.8 എന്ന ശരാശരിയിലും താരം തിളങ്ങി. ഫോര്‍മാറ്റില്‍ ഒരു ഫോര്‍ഫര്‍ നേട്ടവും സ്വന്തമാക്കി.

ഐ.പി.എല്ലില്‍ ഇതുവരെ 52 മത്സരങ്ങളില്‍ കളിച്ച സ്റ്റാര്‍ക്ക്, 65 വിക്കറ്റുകള്‍ നേടി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡേവിഡ് വാര്‍ണര്‍ എല്ലാ ഫോര്‍മാറ്റുകളിലും നിന്ന് വിരമിച്ചതിന് പിന്നാലെ സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവര്‍ ഏകദിനങ്ങളില്‍ നിന്ന് വിട പറഞ്ഞിരുന്നു. എന്നാല്‍ ടി-20യില്‍ സ്റ്റാര്‍ക്കിന്റെ ഒഴിവ് ഓസീസിന് നിറയ്ക്കാനാവാത്തതാണ്.

Continue Reading

Trending