Connect with us

Video Stories

കണക്കെടുപ്പിലെ മതവും ജാതിയും അതിരുവിടുമ്പോള്‍

Published

on

വാസുദേവന്‍ കുപ്പാട്ട്

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിയും മതവും ഇല്ലാതെ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ പ്രവേശനം നേടിയെന്ന വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ നിയമസഭയിലെ വെളിപ്പെടുത്തല്‍ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ മതവിശ്വാസത്തെയും ജാതിയെയും നിരാകരിച്ചവരാണ് എന്ന വസ്തുതയാണല്ലോ മന്ത്രി പുറത്തുവിട്ടത്. അതിലെ നെല്ലും പതിരുമാണ് സമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. പറഞ്ഞത് അബദ്ധമായെന്ന് മന്ത്രിയും മന്ത്രിയുടെ പാര്‍ട്ടിയും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്. സോഫ്റ്റ് വെയര്‍ തകരാര്‍ കാരണം അങ്ങനെ സംഭവിച്ചതാണത്രെ. സോഫ്റ്റ് വെയറില്‍ കുട്ടികളുടെ ജാതിയും മതവും രേഖപ്പെടുത്തണമെന്നത് നിര്‍ബന്ധമല്ലാത്തതിനാല്‍ കണക്ക് തെറ്റാണെന്ന് പറഞ്ഞ് പല സ്‌കൂള്‍ അധികൃതരും രംഗത്തെത്തിയിരുന്നു. മതത്തിന്റെയും ജാതിയുടെയും കണക്ക് അവിടെ നില്‍ക്കട്ടെ. ഇത്തരമൊരു ചോദ്യം നിയമസഭയില്‍ വന്നതും അതിന് ‘അരിയെത്ര, പയറഞ്ഞാഴി’ എന്ന വിധത്തില്‍ മന്ത്രി മറുപടി നല്‍കിയതും യാദൃശ്ചികമാണോ എന്ന ചോദ്യം അവശേഷിക്കുന്നു. അതിന് തരമില്ല എന്നാണ് സൂചന.

മതത്തിന്റെ പേരില്‍ ചില പൊല്ലാപ്പുകള്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഉണ്ടാക്കുകയെന്നത് സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി ഭരിക്കുന്ന കാലത്തൊക്കെ ഉണ്ടായിട്ടുണ്ട്. എം.എ ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് വിവാദമുയര്‍ത്തിയ ഏഴാംക്ലാസിലെ സാമൂഹ്യപാഠം പുസ്തകത്തിലെ ‘മതമില്ലാത്ത ജീവന്‍’ ആരും മറന്നിട്ടുണ്ടാവില്ല. മതേതരത്വത്തിന്റെയും മതനിരപേക്ഷതയുടെയും പേരില്‍ മതനിരാസം കടത്തിവിടുകയായിരുന്നുവല്ലോ അന്ന് സ്വീകരിച്ച തന്ത്രം. എന്നാല്‍ അത് വിലപ്പോയില്ല. അത്തരമൊരു ഗൂഢനീക്കം തന്നെയാണ് മതവും ജാതിയും തെരഞ്ഞെടുക്കാത്ത കുട്ടികളുടെ കണക്കിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.

മതവും ജാതിയും നിരസിക്കപ്പെടുന്നതോടെ സമൂഹം കൂടുതല്‍ പരിഷ്‌കൃതമാകുമെന്നും സംസ്‌കരിക്കപ്പെടുമെന്നും ആരെങ്കിലും കരുതുന്നുണ്ടോ എന്നറിയില്ല. വിവിധ മതങ്ങള്‍ വിശ്വസിക്കുന്ന ആളുകള്‍ ഒന്നിച്ച് ജീവിക്കുന്ന നാടാണ് കേരളം. മതസ്പര്‍ധയുടെ പ്രശ്‌നങ്ങള്‍ ഇവിടെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ഒരേ പരിഗണന നല്‍കുന്ന ഭരണഘടനയാണ് ഇന്ത്യ എന്ന മഹാരാജ്യത്തിനുള്ളത്. അതിന്റെ ഭാഗമാണല്ലോ കേരളവും. അപ്പോള്‍ പിന്നെ മതവിശ്വാസത്തിന്റെ പേരില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍, മതത്തെ നിഷേധിക്കുന്നവരുടെ എണ്ണം കൂടുമ്പോള്‍ വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാവാം. കാരണം മതവിശ്വാസത്തിന്റെ ഭാഗമായി സമൂഹത്തില്‍ നിലകൊള്ളുന്ന ധാര്‍മികമൂല്യങ്ങളാണ് പലപ്പോഴും നമ്മെ സംരക്ഷിക്കുന്നത്.

മതവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇഹലോകജീവിതം മാത്രമല്ല ഉള്ളത്. അവര്‍ പരലോകജീവിതത്തിലും വിശ്വസിക്കുന്നു. മോക്ഷത്തില്‍ വിശ്വസിക്കുന്നു. അത് നഷ്ടപ്പെടുന്ന സാഹചര്യത്തെപറ്റി വിശ്വാസിക്ക് ആലോചിക്കാനേ പറ്റില്ല. വിശ്വാസമില്ലാത്തവനെ സംബന്ധിച്ചിടത്തോളം പരലോക ജീവിതം പ്രശ്‌നമല്ല. ഇവിടെ അടിച്ചുപൊളിച്ചു കഴിഞ്ഞാല്‍മതി. ചുരുക്കി പറഞ്ഞാല്‍ മതം നിരസിക്കുന്നവര്‍ക്ക് സമൂഹത്തിന്റെ മൂല്യബോധം കാക്കേണ്ട ബാധ്യതയുമില്ല. മതവിശ്വാസം പലതരത്തിലും സമൂഹത്തിന് ഗുണം ചെയ്യുന്നുണ്ട് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ പൊതുവെ ഭൗതികവാദികളാണ്. ഭൗതികമായി കാണാനും തെളിയിക്കാനും സാധിക്കുന്നതാണ് അവര്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് ആത്മീയതയില്‍ ഊന്നിയ മതത്തെയും മതവിശ്വാസത്തെയും അവര്‍ സംശയത്തോടെ നോക്കുന്നു. മതരഹിതമായ സമൂഹം എത്രയോ ഉജ്വലമാണ് എന്നവര്‍ സ്വപ്‌നം കാണുന്നു. എന്നാല്‍ അവരുടെ ചിന്ത ഏറ്റെടുക്കാനും പ്രചരിപ്പിക്കാനും അധികമാരും മുന്നോട്ടുവരുന്നില്ല. കാരണം മതം നല്‍കുന്ന സംരക്ഷണം ഭൗതികവാദത്തിന് ഇതുവരെ സാധിച്ചിട്ടില്ല. വിശ്വാസം തികച്ചും വൈയക്തികമാണ്. അതിന്റെ മുന്നില്‍ യുക്തിക്ക് വലിയ പ്രസക്തിയില്ല. കാരണങ്ങള്‍ക്ക് അപ്പുറമുള്ള ഒരു കാര്യമായി അത് നിലകൊള്ളുകയാണ്. അതുകൊണ്ട് മതമില്ലാത്തവരുടെ എണ്ണം കൂടുന്നു എന്ന് പ്രചരിപ്പിക്കുന്നതില്‍ വലിയ കാര്യമില്ല. സമൂഹത്തിന് അതുകൊണ്ട് വിശേഷിച്ച് എന്തെങ്കിലും നേട്ടമുണ്ടാകും എന്ന് കരുതാനാവില്ല. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് പറയുന്നതുപോലെ മനുഷ്യന്‍ യുക്തി കൊണ്ട് മാത്രമല്ല ചിന്തിക്കുന്നത്. യുക്തിക്ക് അപ്പുറമുള്ള ഒരു ലോകം അവന്റെ ചിന്തകളെയും സങ്കല്‍പങ്ങളെയും ആശ്ലേഷിക്കുന്നുണ്ട്. അത് ചരിത്രാതീതകാലം മുതല്‍ ഉള്ളതാണ്. റോമിലെയും മറ്റും ഉള്ള ദൈവസങ്കല്‍പങ്ങള്‍ തന്നെ അതിന് തെളിവാണ്. യുക്തിയെ അതിജീവിക്കുന്ന വിശ്വാസത്തിന് ധാരാളം തെളിവുകളുണ്ട്. മഹാകവി പൂന്താനം ഉടലോടെ സ്വര്‍ഗത്തില്‍ പോയി എന്നാണ് വിശ്വാസം. അത് നമുക്ക് വിശ്വസിക്കാം. കാരണം ‘ജ്ഞാനപ്പാന’ പോലുള്ള ഒരു കൃതി എഴുതിയ ആള്‍ക്ക് അങ്ങനെ സ്വര്‍ഗത്തില്‍ പോകാം എന്നതാണ് അതിലെ യുക്തി. ആ വിശ്വാസത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ശബരിമലയില്‍ മകരജ്യോതി തെളിയുമ്പോള്‍ ജ്വലിക്കുന്നത് വിശ്വാസിയുടെ ഹൃദയമാണ്. അവിടെ യുക്തിക്ക് സ്ഥാനമില്ല. യുക്തിവാദിസംഘം ചൂട്ടുമായി പൊന്നമ്പലമേട്ടിലേക്ക് ഓടേണ്ട കാര്യവുമില്ല.

മതവും ജാതിയും വിദ്യാലയ പ്രവേശനവും ബന്ധപ്പെടുത്തിയാണല്ലോ വിവാദം. ജാതിയുടെ പേരില്‍ ചില ആനുകൂല്യങ്ങള്‍ ഇപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്നുണ്ട്. പിന്നാക്കവിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിപ്പെടാന്‍ ഇങ്ങനെ ചില ആനുകൂല്യങ്ങള്‍ വേണമെന്ന് നേരത്തെ മുതല്‍ അനുവദിച്ചിട്ടുള്ളതാണ്. ജാതിയുടെ കോളം ഒഴിച്ചിടുമ്പോള്‍ ഇത്തരം ആനുകൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാകും എന്നതും പരിശോധിക്കേണ്ടതാണ്.
യഥാര്‍ത്ഥത്തില്‍ ജാതിയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാനാണ് ശ്രമം ഉണ്ടാവേണ്ടത്. ആദിവാസി യുവാവ് മധുവിന്റെ ജീവന്‍ നഷ്ടപ്പെട്ടത് ഇടതുഭരണത്തിലാണ് എന്ന കാര്യം അടിവരയിടേണ്ടതാണ്. മധുവിനെ നമുക്ക് രക്ഷിക്കാനായില്ല. ആദിവാസികള്‍ക്ക് നേരെ പലയിടത്തും അതിക്രമം നടക്കുന്നു.സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ ആക്രമണത്തിന് ഇരയാവുകയാണ്. മതനിരാസം കൊണ്ട് ഈ സാമൂഹികവിപത്തിനെ മറികടക്കാനാവുമോ? ഇല്ല തന്നെ.
മതവിശ്വാസമാണോ ഇവിടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. ആലോചിക്കേണ്ടതുണ്ട്. തീവ്രവാദവും വര്‍ഗീയതയും എതിര്‍ക്കപ്പെടണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. അത്തരക്കാതെ സംരക്ഷിക്കാന്‍ ആരും തയാറാവരുത്. എന്നാല്‍ യഥാര്‍ത്ഥ വിശ്വാസിയെ അവിശ്വസിക്കേണ്ട കാര്യവുമില്ല. മതവിശ്വാസികള്‍ കുറയുന്നു എന്ന് വരുത്തിതീര്‍ക്കേണ്ടത് ആരുടെ അജണ്ടയാണ്? അതില്‍ സി.പി.എമ്മിന്റെ പങ്കെന്താണ് എന്നത് അന്വേഷിക്കേണ്ടതാണ്. മതനിരാസത്തിന്റെ പെരുപ്പിച്ച കണക്കുകള്‍ അന്തരീക്ഷത്തില്‍ പാറി കളിക്കുന്നത് കേവലം വിനോദമായി കാണാനാവില്ല. അതിന്റെ പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടാവാം. അത് സി.പി.എമ്മും ഭരണകൂടവുമാണ് വ്യക്തമാക്കേണ്ടത്.
മലപ്പുറം ജില്ലയിലെ വിജയം കോപ്പിയടിച്ചിട്ടാണ് എന്ന വി.എസ് അച്യുതാനന്ദന്റെ പ്രചാരണം കേരളം മറന്നിട്ടില്ല. മതം തെരഞ്ഞെടുക്കാതെ സ്‌കൂളില്‍ പ്രവേശനം നേടിയവര്‍ കേവലം 1234 മാത്രമാണെന്ന് ഐ.ടി സ്‌കൂള്‍ ഡയറക്ടര്‍ വ്യക്തമാക്കുമ്പോള്‍ മന്ത്രിയുടെ പ്രസ്താവനക്ക് പിന്നിലെ ദുരൂഹത തുടരുകയാണ്. തെറ്റുണ്ടെങ്കില്‍ തിരുത്താം എന്ന മന്ത്രിയുടെ വാക്കുകള്‍ ലാഘവത്തോടെയുള്ളതാണ്. കേരളത്തിന്റെ മതനിരപേക്ഷതക്ക് മന്ത്രിയുടെ പ്രസ്താവന വരുത്തിയ പരിക്ക് എത്ര വലുതാണ് എന്ന് ആലോചിക്കേണ്ടതുണ്ട്.
വിവിധ സാഹചര്യങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും ലോകമാണ് സ്‌കൂളില്‍ കാണുന്നത്. അവിടെ മതത്തിന്റെയും മതമില്ലായ്മയുടെയും പേരില്‍ അതിര് തിരിക്കേണ്ടതുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending