Video Stories
ജന വികാരം തിരസ്‌ക്കരിക്കുന്ന നിസ്സഹകരണ ജനാധിപത്യം
ഇയാസ് മുഹമ്മദ്
കേരളത്തിന്റെ ബദല്‍ സമ്പദ് വ്യവസ്ഥയാണ് സഹകരണ മേഖല. കേരളം സഞ്ചരിച്ച നവോത്ഥാന വഴികളില്‍ കൂടെ കൂട്ടിയതാണ് സഹകരണ പ്രസ്ഥാനത്തെ. സമരത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും അതിശയിപ്പിക്കുന്ന ചരിത്രം ഓരോ സംഘത്തിന്റെയും പിന്നിലുണ്ട്. കേരളം ഇന്ന് കാണുന്ന പൊലിമയിലേക്ക് ചെന്നെത്തുന്നതിന് മുമ്പ്, കാര്‍ഷിക, ചെറുകച്ചവട മേഖലയില്‍ സാധാരണക്കാരന്റെയും കര്‍ഷകന്റേയും കൈത്താങ്ങായിരുന്നു, ലക്ഷക്കണക്കിന് മനുഷ്യര്‍ അണിചേര്‍ന്ന സഹകരണ പ്രസ്ഥാനം. ഇന്നും അത് അങ്ങനെയൊക്കെ തന്നെയാണ്. ദരിദ്രകര്‍ഷകനും, നിരക്ഷരനും തന്റെ കൂടി ഓഹരി ഉണ്ടെന്ന അഹങ്കാരത്തോടെ, തനിക്ക് കൂടി ഉടമസ്ഥതയുണ്ടെന്ന വിശ്വാസത്തോടെ ഓടിച്ചെല്ലാവുന്ന ബാങ്കിങ് മേഖല.
എയര്‍ കണ്ടീഷനിങിന്റെ തണുപ്പില്ലെങ്കിലും, ആത്മവിശ്വാസത്തിന്റെ കുളിരുകിട്ടും കര്‍ഷകനും സാധാരണക്കാരനും അവിടെ. ഇങ്ങനെ കേരളീയന്റെ ജീവല്‍പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നില്‍ക്കുന്ന ഒരു പ്രസ്ഥാനത്തെ മുച്ചൂടും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഭരണകൂടം കരുക്കള്‍ നീക്കുന്നതെന്ന് സംശയങ്ങള്‍ ഉയരുന്നു. കഴിഞ്ഞ എട്ടാം തീയതി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കൊണ്ട് രാജ്യത്തോട് പ്രസംഗിച്ചത്, ഈ നടപടി കള്ളപ്പണം കണ്ടെത്താനും രാജ്യത്തെ രക്ഷിക്കാനുമുള്ളതാണെന്ന്. കേട്ടവരെല്ലാം വിശ്വസിക്കുകയും ചെയ്തു. രാജ്യത്തെ കള്ളപ്പണം കണ്ടെത്തുകയും ഇല്ലായ്മ ചെയ്യുകയും ചെയ്യുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക, രാജ്യത്തെ സാധാരണക്കാരാണ്.
എന്നാല്‍ നടപടിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടി വന്നിരിക്കുന്നത് അവരായി മാറിയിരിക്കുന്നു. നടപടിയുടെ മറവില്‍ മറ്റൊന്നു കൂടി കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്നുണ്ട്. കേരള മോഡല്‍ സൃഷ്ടിച്ചെടുത്ത, കേരളത്തിന്റെ സ്വന്തം ബാങ്കിങ് ബദലായ സഹകരണ മേഖലയെ തകര്‍ക്കുകയെന്ന ഒളി അജണ്ടയാണ് നടപ്പില്‍ വരുത്തുന്നത്. അതിന് വേണ്ടി സഹകരണ മേഖലയെക്കുറിച്ച് വ്യാപകമായി നുണപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി കേരളത്തില്‍ ചെയ്യുന്നത്. വൈരനിര്യാതന ബുദ്ധിയോടെ സഹകരണ മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കപ്പുറം ജനജീവിതം ഉണ്ടെന്ന ബോധം തന്നെ നശിച്ച മട്ടില്‍ സഹകരണ മേഖലക്കെതിരെ ഉറഞ്ഞുതുള്ളുകയാണ് ആ പാര്‍ട്ടി.
സഹകരണ പ്രസ്ഥാനത്തെ സംശയത്തിന്റെ മുനമ്പില്‍ നിര്‍ത്തി, നവസ്വകാര്യ ബാങ്കുകള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ പോലും നിഷേധിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും. ഇതിന് കാരണമായി അവര്‍ പറയുന്ന ഒരു കാര്യം, പശ്ചിമ ബംഗാളില്‍ നിന്നുള്ള സി.പി.എം നേതാവ് നല്‍കിയ പരാതിയാണ്. പരാതി പരിശോധിക്കുന്നതിന് പകരം കേരളത്തിലെ മാത്രമല്ല, രാജ്യത്തെയാകെ സഹകരണ ബാങ്കുകളില്‍ നിന്നും നോട്ടുമാറ്റി എടുക്കാനുള്ള അവകാശം എടുത്തു മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
കോര്‍പറേറ്റുകളുടെ മേല്‍കയ്യില്‍ നടക്കുന്ന പുതുതലമുറ സ്വകാര്യ ബാങ്കുകള്‍ക്ക് നോട്ടുമാറാനുള്ള അവകാശം നല്‍കുകയും സഹകരണ മേഖലയെ മാറ്റിനിര്‍ത്തുകയും ചെയ്തതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. വരാനിരിക്കുന്ന അപകടം മുന്നില്‍ കണ്ടാണ്് കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്ത സര്‍വകക്ഷി യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്നത്. സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് കേരളത്തിന്റെ ഉത്കണ്ഠ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ പോകാന്‍ തീരുമാനിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി കേരളത്തിന്റെ സമ്പദ്ഘടനയെയും സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതത്തെയും നേരിട്ടു ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
കേരള നിയമസഭയും പ്രത്യേക യോഗം ചേര്‍ന്നു സഹകരണ മേഖല സംബന്ധിച്ച പ്രമേയം പാസ്സാക്കി. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണുമ്പോള്‍ നിയമസഭയുടെ പ്രമേയവും നല്‍കാന്‍ തീരുമാനിച്ചു. നിയമസഭയില്‍ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. ഐകകണ്‌ഠ്യേന പ്രമേയം പാസാക്കാന്‍ സഹകരിക്കണമെന്ന മറ്റു പാര്‍ട്ടികളുടെയെല്ലാം ആവശ്യത്തെ ബി.ജെ.പി നിയമസഭയില്‍ നിരാകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതിനെക്കാള്‍ ആശങ്കാ ജനകമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ച നിലപാട്. കേരളത്തിന്റെ വികാരം അറിയിക്കാനുള്ള സര്‍വകക്ഷി സംഘത്തെ കാണാനുള്ള അവസരം നിഷേധിക്കുകയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തത്.
ഇതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ താല്‍പര്യമാണെന്ന വാര്‍ത്തയാണ് തൊട്ടുപിറകെ പുറത്തുവന്നത്. സര്‍വ്വകക്ഷി സംഘത്തിന്റെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചത് ബിജെപി കേരള ഘടകത്തിന്റെ ആവശ്യപ്രകാരമാണെന്ന വാര്‍ത്ത വരുന്നതിനെ ഗൗരവത്തോടെ മാത്രമേ കാണാന്‍ കഴിയൂ. സര്‍വ്വകക്ഷി സംഘം പോകുന്നതിന് മുമ്പ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലെത്തി ബിജെപി നേതാക്കളെ കണ്ടിരുന്നു. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുമായും ബിജെപി നേതാക്കളുമായും കുമ്മനം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സര്‍വ്വ കക്ഷി സംഘത്തിന് അനുമതി നിഷേധിച്ചത്. ബി.ജെ.പിയുടെ കേരള ഘടകത്തിന്റെ താളത്തിനൊത്ത് തുള്ളുന്ന ഓഫീസായി പ്രധാനമന്ത്രിയുടെ കാര്യാലയം മാറുമ്പോള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനാണ് ക്ഷതമേല്‍ക്കുന്നത്.
ഇവിടെ പരിശോധിക്കപ്പെടേണ്ട ഒരു കാര്യമുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വ്യാജ പ്രചാരണമാണ് ബിജെപിയും ആര്‍ എസ് എസും നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ശരിയാണെന്ന് വാദത്തിന് വേണ്ടി സമ്മതിക്കുകയാണെങ്കില്‍ പോലും റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ ഇവ്വിധമാണോ കൈകാര്യം ചെയ്യേണ്ടത്? അല്ലെന്ന് എല്ലാവര്‍ക്കുമറിയാം.
സഹകരണ മേഖലയെ തകര്‍ക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് ഇപ്പോഴത്തെ പ്രചരണങ്ങളും നടപടിയും. ബാങ്കുകളുടെ നിക്ഷേപവും കണക്കും ലഭ്യമാക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെടുകയാണെങ്കില്‍ അതിന് അനുമതി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയ ശേഷവും അതനുസരിച്ചുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരോ ആദായ നികുതി വകുപ്പോ റിസര്‍വ്വ് ബാങ്കോ തയ്യാറായിട്ടില്ല. എന്നാല്‍, കര്‍ഷകരടക്കം സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളുടെ ഇടപാടുകള്‍ സ്തംഭിപ്പിച്ച് സഹകരണ ബാങ്കുകളുടെ മേലുള്ള നിയന്ത്രണം തുടരുകയുമാണ്.
ബിജെപിക്ക് സ്വാധീനമില്ലാത്തതുകൊണ്ടു മാത്രം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുകയും സഹകരണ പ്രസ്ഥാനത്തിന് പകരമായി പുതുതലമുറ സ്വകാര്യ ബാങ്കുകളെ പ്രതിഷ്ഠിക്കുകയും ചെയ്യുകയെന്ന അജണ്ടക്കാണ് പ്രധാനമന്ത്രിയുടെ ഓഫീസും കൂട്ടുനില്‍ക്കുന്നത്. ഏതെങ്കിലും പാര്‍ട്ടിയുടെ തിട്ടൂരമനുസരിച്ച് തുള്ളേണ്ട സ്ഥാപനമാണോ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിയോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്; ‘നിയമസഭയെ അംഗീകരിക്കുക, സംസ്ഥാനത്തെ അംഗീകരിക്കുക എന്നതൊക്കെ ജനാധിപത്യ മര്യാദയുടെ ഭാഗമാണ്.
ഹിറ്റ്‌ലറില്‍ നിന്നും മുസോളിനിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് നാസിസത്തിന്റെയും ഫാസിസത്തിന്റെയും നയങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്ന് വലിയ തോതിലുള്ള ജനാധിപത്യ മര്യാദ പ്രതീക്ഷിക്കുന്നില്ല.’ കേരളത്തിന്റെ വികാരത്തെ അംഗീകരിക്കാത്തതിലുള്ള പ്രതിഷേധം മാത്രമല്ല ഇത്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിലൂടെ കേരളത്തിന്റെ സമ്പദ് ഘടനയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തിന് പിന്നില്‍ ഫാസിസത്തിന്റെ താല്‍പര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന ഉത്തമ ബോധ്യത്തോടെ തന്നെയാവണം മുഖ്യമന്ത്രിയുടെ പ്രതികരണം.
രാജ്യം പിന്തുടരുന്ന ജനാധിപത്യ മൂല്യങ്ങള്‍ തനിക്ക് ബാധകമല്ലെന്ന നിലപാടിലേക്ക് പ്രധാനമന്ത്രി മുന്നേറുന്നത് രാജ്യത്തെ സംബന്ധിച്ച് ശുഭകരമല്ല. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട്, സ്വകാര്യ മുതലാളിത്തത്തിന് ലാഭം കൊയ്യാനുള്ള സാഹചര്യമൊരുക്കുകയാണ് മോദി ചെയ്യുന്നത്. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ത്ത് കോര്‍പറേറ്റുകളെ വാഴിക്കാനുള്ള നീക്കം കേരളം ഒരു നിലക്കും അംഗീകരിക്കാന്‍ പോകുന്നില്ല. കേരള ജനതയുടെ പൊതു വികാരത്തെ തിരസ്‌കാരത്തിലൂടെ ഏറെനാള്‍ അവഗണിക്കാന്‍ ഒരു പ്രധാനമന്ത്രിക്കും കഴിയില്ല.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala13 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

