അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് നാലാം ട്വന്റ്ി 20 യില്‍ സൂര്യകുമാര്‍ യാദവിന്റെ പുറത്താവലിലേക്ക് നയിച്ച തേര്‍ഡ് അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് മുന്‍ ക്രിക്കറ്റ് താരങ്ങള്‍. സോഫ്റ്റ് സിഗ്‌നല്‍ നിയമത്തില്‍ മാറ്റം വേണമെന്ന് വിവിഎസ് ലക്ഷ്മണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചൂണ്ടിക്കാണിച്ചു.

ഇതെങ്ങനെയാണ് ഔട്ട് ആവുന്നത്. വലിയ നിലവാരത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്രയധികം റിപ്ലേകള്‍ കണ്ടിട്ടും പന്ത് ഗ്രൗണ്ടില്‍ കുത്തിയോ എന്ന് ഉറപ്പ് വരാതെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്‌നലിനൊപ്പം പോവുന്നു. ഈ നിയമങ്ങള്‍ മാറ്റേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, ലക്ഷ്മണ്‍ ട്വിറ്ററില്‍ കുറിച്ചു.

ട്രോളുമായിട്ടാണ് സെവാഗ് എത്തിയത്. ഡേവിഡ് മലന്‍ ക്യാച്ച് എടുക്കുന്ന ഫോട്ടോയ്‌ക്കൊപ്പം കണ്ണ് കെട്ടി നില്‍ക്കുന്ന കുട്ടിയുടെ ചിത്രമാണ് സെവാഗ് പങ്കുവെക്കുന്നത്. തേര്‍ഡ് അമ്പയര്‍ തീരുമാനമെടക്കുന്ന സമയം ഇങ്ങനെയാവും എന്നാണ് സെവാഗ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.

31 പന്തില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സ് എടുത്ത് നില്‍ക്കെയാണ് സൂര്യകുമാറിന്റെ വിവാദ പുറത്താവല്‍. സാം കറന്റെ ഡെലിവറിയില്‍ ഡേവിഡ് മലന്‍ എടുത്ത ക്യാച്ചില്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചോ എന്നത് വ്യക്തമല്ലെന്നായിരുന്നു തേര്‍ഡ് അമ്പയറുടെ നിലപാട്. ഇതോടെ ഓണ്‍ഫീല്‍ഡ് അമ്പയറുടെ സോഫ്റ്റ് സിഗ്‌നലിനൊപ്പം തേര്‍ഡ് അമ്പയറുടെ വിധി വന്നു.