ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ ജയം മോദി തരംഗമല്ല വോട്ടിംഗ് മെഷീന്‍ തരംഗമാണെന്ന് ആംആദ്മി പാര്‍ട്ടി. ബജെപി സര്‍ക്കാരിനെതിരെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ക്രമക്കേടാണ് ആംആദ്മി വീണ്ടും ആരോപിക്കുന്നത്.
രാജ്യമൊട്ടാകെ വോട്ടിംഗ് മെഷീന്‍ കൃത്രിമത്വത്തിനെതിരെ ശക്തമായ ക്യാമ്പെയ്ന്‍ നടത്തുമെന്ന് ആംആദ്മി പാര്‍ട്ടി പറഞ്ഞു. രാജ്യം ഒന്നടങ്കം ഈ വോട്ടിംഗ് മെഷീന്‍ തരംഗത്തെ കുറിച്ച് ചിന്തിക്കണമെന്നും ആപ് നേതാവ് ഗോപാല്‍ റായ് പറഞ്ഞു. ബിജെപിയുടെ ഈ മാജിക്കല്‍ വിജയം വോട്ടിംഗ് മെഷീന്‍ തരംഗം മാത്രമാണ്, അല്ലാതെ മോദി തരംഗമല്ല. രാജ്യമൊന്നടങ്കം ഈ തരംഗത്തില്‍ നിന്ന് രക്ഷപ്പെടുന്നതെങ്ങനെയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ആപ് വോട്ടിംഗ് മെഷീന്‍ ക്രമക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. പഞ്ചാബ്, ഗോവ നിയമസഭ തെരഞ്ഞെടുപ്പികുളിലും ബിജെപിക്ക് എതിരെ ഈ ആരോപണം ഉന്നയിച്ചിരുന്നു. അതേ സമയം ജനങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൈവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തിരിക്കുകയാണെന്ന് സ്വരാജ് ഇന്ത്യ സ്ഥാപകന്‍ യോഗേന്ദ്ര യാദവ് പറഞ്ഞു. കെജ്രിവാള്‍ സര്‍ക്കാരിനെതിരായ ജനങ്ങളുടെ രോഷമാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.