തിരുവനന്തപുരം: അഭയക്കേസില്‍ അവസാനം നീതികിട്ടിയതില്‍ ദൈവത്തിന് നന്ദി അറിയിച്ച് സിസ്റ്റര്‍ അഭയയുടെ സഹോദരന്‍. ഇത് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവില്‍ നീതി കിട്ടി. കേസ് തെളിയില്ലെന്ന് നാട്ടില്‍ പലരും കരുതിയിരുന്നു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത് . നീതിക്ക് വേണ്ടി സഭയക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച നിരവധി പേരുണ്ട് . അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണെന്നും ബിജു പറഞ്ഞു. അവസാന നിമിഷം വരെ പെങ്ങള്‍ക്ക് നീതികിട്ടുമോ എന്ന ആശങ്ക മനസിലുണ്ടായിരുന്നു. കടന്ന് പോന്ന വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ അതായിരുന്നു എന്നും ബിജു പ്രതികരിച്ചു.

കേസില്‍ പ്രതികളായ ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും.

ഫാ. തോമസ് എം കോട്ടൂര്‍ ഒന്നാം പ്രതിയും സിസ്റ്റര്‍ സ്റ്റെഫി മൂന്നാം പ്രതിയുമാണ്. അഭയയെ കൊലപ്പെടുത്തിയത് ഇവരാണെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.

1992 മാര്‍ച്ച് 27നാണു കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടത്. ലോക്കല്‍ പോലീസ് 17 ദിവസവും ്രൈകംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച് 29 ന് സിബിഐ ഏറ്റെടുത്തു. അന്ന് എസ്പിയായിരുന്ന കെ.ടി.മൈക്കിളിനായിരുന്നു അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല.

ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.