കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. എന്‍.ഐ.എയുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം. കൈവെട്ട് കേസിന്റെ വിധി വന്ന ദിവസം കലൂരിലെ കോടതി പരിസരത്ത് ഒത്തുകൂടിയവരുടെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ട് ആക്രമണ രീതികളിലും സമാനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അഭിമന്യു വധക്കേസില്‍ കൈവെട്ട് കേസ് പ്രതികളുടെ പങ്ക് അന്വേഷിക്കുന്നത്.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 138 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നല്‍കിയ അപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസ് നിഗമനം. ചുമരെഴുത്തുമായി ബന്ധപ്പെട്ട് പെട്ടന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കേണ്ടതില്ലെന്ന് പൊലീസ് പറയുന്നു. ഒറ്റക്കുത്തിന് അഭിമന്യു കൊല്ലപ്പെട്ടതാണ് കൊലക്ക് പിന്നില്‍ പ്രൊഫഷനല്‍ സംഘമാണെന്ന് പൊലീസ് സംശയിക്കാന്‍ കാരണം. മുഖ്യപ്രതികളെ പിടികൂടിയാല്‍ മാത്രമേ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ.