ജയ്പൂര്‍: രാജസ്ഥാനിലെ ഒരു ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന 68 പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. രാജ്‌സമന്ദ് ജില്ലയിലെ ഹോട്ടലില്‍ പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്.

അഞ്ചിനും 16നും ഇടയില്‍ പ്രായമുള്ളവരാണ് പെണ്‍കുട്ടികള്‍. നേപ്പാള്‍, ബീഹാര്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സ്വയം പ്രഖ്യാപിത ആള്‍ദൈവം ദാതി മഹാരാജിന്റെ ആശ്രമത്തിന് കീഴിലുള്ളവരാണ് കുട്ടികളെന്ന് സംശയിക്കുന്നു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.