നസീര്‍ മണ്ണഞ്ചേരി
മൂന്ന് ജില്ലകൡലായി വ്യാപിച്ചു കിടക്കുന്ന ഏഴ് നിയമസഭ മണ്ഡലങ്ങള്‍, വ്യത്യസ്തമായ ഭൂമി ശാസ്ത്രവും സംസ്‌ക്കാരവും ജീവിത രീതിയും പിന്തുടരുന്ന ജനത, കുട്ടനാടിന്റെയും അപ്പര്‍കുട്ടനാടിന്റെയും ഓണാട്ടുകരയുടെയും കാര്‍ഷിക സംസ്‌കാരങ്ങളും കശുവണ്ടി ഫാക്ടറി തൊഴിലാളികളുടെ അധ്വാനത്തിന്റെ മഹത്വവും സംയോജിച്ച മണ്ണ്. വ്യത്യസ്തകള്‍ നിറഞ്ഞ ജനവിഭാഗത്തെ ഒരുമിപ്പിക്കുന്നതാണ് മാവേലിക്കര ലോക്‌സഭ മണ്ഡലം. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കൊല്ലം ജില്ലയിലെ കൊട്ടാരക്കര, കുന്നത്തൂര്‍, പത്തനാപുരം, കോട്ടയം ജില്ലയിലെ ചങ്ങനാശേരിയും ചേര്‍ന്നതാണ് മാവേലിക്കരയെന്ന സംവരണ മണ്ഡലം.
മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷം അടൂര്‍ സംവരണ മണ്ഡലത്തിന് പകരം നിലവില്‍ വന്നതാണ് മാവേലിക്കര. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത്പക്ഷ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന മണ്ഡലം പക്ഷെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിശ്വസ്ത മണ്ഡലമായി മാറും. നിലവില്‍ ചങ്ങനാശ്ശേരി ഒഴിച്ചുള്ള ആറ് മണ്ഡലങ്ങളില്‍ ഇടത്പക്ഷത്തിന്റെ എംഎല്‍എമാരാണ്. 2009ല്‍ സംവരണ മണ്ഡലമായി മാറിയതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും മണ്ഡലം യുഡിഎഫിനൊപ്പം ഉറപ്പിച്ചു നിര്‍ത്തിയ കൊടിക്കുന്നില്‍ സുരേഷ് മൂന്നാം അങ്കത്തിന് ഇറങ്ങുമ്പോള്‍ യുഡിഎഫ് ക്യാമ്പില്‍ പ്രതീക്ഷകള്‍ വാനോളമാണ്.
മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ യുഡിഎഫ് വ്യക്തമായ മുന്‍തൂക്കം നല്‍കിയിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തിന് ആശ്വാസ വിജയങ്ങളും മണ്ഡലം സമ്മാനിച്ചിട്ടുണ്ട്. 1951ലും ഐക്യകേരളത്തിന്റെ പിറവിക്ക് ശേഷം നടന്ന 1957ലും തിരുവല്ല, അടൂര്‍ മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുകയായിരുന്നു മാവേലിക്കര ലോക്‌സഭ മണ്ഡലം. 1962ലാണ് പഴയ മാവേലിക്കര മണ്ഡലം പിറവിയെടുക്കുന്നത്. തിരുവല്ല മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ചേര്‍ത്തായിരുന്നു മാവേലിക്കര രൂപീകരിച്ചത്.
1962ല്‍ എസ്.സി സംവരണ സീറ്റില്‍ കോണ്‍ഗ്രസിലെ അച്യുതനാണ് മാവേലിക്കരയില്‍ നിന്നും ആദ്യമായി ലോക്‌സഭയിലേക്ക് പോകുന്നത്. 1967ല്‍ ജനറല്‍ സീറ്റായ മാറിയ മാവേലിക്കരയില്‍ നിന്നും എസ്എസ്പിയിലെ ജി.പി മംഗലത്തുമഠം വിജയിച്ചുകയറി. 1971 കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച കെ.ഇ.സിയിലെ ആര്‍. ബാലകൃഷ്ണപിള്ള സിപിഎമ്മിലെ എസ്. രാമചന്ദ്രന്‍പിള്ളയെ 55527വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പാര്‍ലമെന്റിലേക്ക് പോയി. 1980ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മത്സരിച്ച പി ജെ കുര്യന്‍ വിജയിച്ചപ്പോള്‍ 1984ല്‍ ജനതാദളിലെ തമ്പാന്‍തോമസിനെ ഇറക്കി മണ്ഡലത്തില്‍ ഇടതുപക്ഷം അട്ടമറി വിജയവും കരസ്ഥമാക്കി. പിന്നീടുള്ള നാല് തെരഞ്ഞെടുപ്പുകളില്‍ പി. ജെ കുര്യന്റെ ജൈത്രയാത്രക്കാണ് മണ്ഡലം സാക്ഷ്യംവഹിച്ചത്. 1989,1991,1996,1998 തെരഞ്ഞെടുപ്പുകളില്‍ പി. ജെ കുര്യന്‍ മണ്ഡലത്തില്‍ യുഡിഎഫിനായി വിജയക്കൊടി നാട്ടി. 1999ല്‍ പി. ജെ കുര്യന് പകരമെത്തിയ രമേശ് ചെന്നത്തില വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 2004ല്‍ ചെന്നിത്തലയെ പരാജയപ്പെടുത്തി സിപിഎമ്മിലെ സി.എസ് സുജാത മണ്ഡലത്തെ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇത് പക്ഷത്തേക്ക് എത്തിച്ചു.
2009ല്‍ മണ്ഡലം പുനര്‍ നിര്‍ണയത്തോടെ വീണ്ടും സംവരണ മണ്ഡലമായി മാറിയ മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് യുഡിഎഫിനായി മണ്ഡലത്തിലെ തിരിച്ചു പിടിച്ചു. 2014ല്‍ കൊടിക്കുന്നില്‍ വീണ്ടും വിജയം ആവര്‍ത്തിച്ചതോടെ യുഡിഎഫിന്റെ വിശ്വസ്ത മണ്ഡലമെന്ന ഖ്യാതിയിലേക്ക് മാവേലിക്കര ഉയര്‍ന്നു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപാകുമാറിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമമാണ് സിപിഐ നടത്തുന്നത്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ ബിഡിജെഎസിന് എന്‍ഡിഎയിലെ ധാരണപ്രകാരം സീറ്റ് നല്‍കിയിരിക്കുന്നത്.
ജനുവരി 30ലെ കണക്കനുസരിച്ച് മാവേലിക്കരയില്‍ 12,72,751 വോട്ടര്‍മാരുമുണ്ട്. 6,01,410 പുരുഷ വോട്ടര്‍മാരും 6,71,339 വനിതാ വോട്ടര്‍മാരുമാരും രണ്ട് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരും മാവേലിക്കര മണ്ഡലത്തിലുണ്ട്.
കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്ത് ഏറ്റവും അധികം ദുരിതങ്ങള്‍ നേരിട്ട കുട്ടനാട്, ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മാവേലിക്കരയില്‍ പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് തെരഞ്ഞെടുപ്പുകാലത്തും പ്രധാന ചര്‍ച്ച. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ വീഴ്ചക്കെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഹെക്ടര്‍ കണക്കിന് നെല്‍കൃഷി ക്കുണ്ടായ നഷ്ടങ്ങളും താറാവ് കര്‍ഷകര്‍ക്കുണ്ടായ ഭീമമായ ബാധ്യതകളും ഇനിയും പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
കൃഷിക്കും വീടുകള്‍ക്കുമായി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് പോലും ഇപ്പോഴും 10,000രൂപയുടെ സാമ്പത്തിക സഹായം മാത്രമാണ് ലഭിച്ചത്. 10,000 രൂപ പോലും ലഭിക്കാത്ത ദുരിത ബാധിതരും ഇപ്പോഴുമുണ്ട്. കൊല്ലജില്ലയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളില്‍ നേരിടുന്ന പ്രശ്‌നങ്ങളും , കുട്ടനാട്ടിലെയും ഓണാട്ടുകരയിലേയും കാര്‍ഷിക പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് രംഗത്തെ സജീവ ചര്‍ച്ചകളാണ്.
Be the first to write a comment.