ന്യൂഡല്‍ഹി: റോഡപകടത്തില്‍ മരിച്ചയാളെ തിരിഞ്ഞുനോക്കാതെ മന്ത്രി സഞ്ചരിച്ച വാഹനം കടന്നുപോയത് വിവാദമാകുന്നു. ന്യൂഡല്‍ഹിയിലെ ജയശങ്കര്‍ ഭൂലാപ്പള്ളി ജില്ലയിലാണ് സംഭവം. ആദിവാസി ക്ഷേമവകുപ്പ് മന്ത്രി അസ്മീറ ചന്തുലാലാണ് അപകടത്തില്‍പ്പെട്ടയാളെ തിരിഞ്ഞു നോക്കാതെ കടന്നുപോയത്. സംഭവത്തിന്‍രെ ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. തദൂനി മധുസൂദനചാരിയെന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇയാളുടെ സൈക്കിളില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. മധുസൂദന സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. അപകടത്തില്‍പ്പെട്ടവരെ ആസ്പത്രിയില്‍ എത്തിക്കുന്നതിനായി പ്രദേശവാസികള്‍ സമീപത്ത് കൂടി കടന്നുപോകുന്ന മന്ത്രിയുടെ വാഹനത്തിനു കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. ഔദ്യോഗിക വാഹനത്തിന്റെ മുന്‍ സീറ്റില്‍ തന്നെ മന്ത്രിയുണ്ടായിരുന്നു. എന്നാല്‍ അപകടം കണ്ടിട്ടും കാര്‍ നിര്‍ത്താന്‍ തയാറായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്വന്തം മണ്ഡലമായ മുളുഗു നിയോജകമണ്ഡലത്തിലൂടെയുള്ള യാത്രക്കിടെയാണ് മന്ത്രി ഇത്തരമൊരു സമീപനം സ്വീകരിച്ചത്. പൊലീസ് എത്തിയ ശേഷമാണ് പരിക്കേറ്റവരെയും മരിച്ചയാളുടെ മൃതദേഹവും ആസ്പത്രിയിലെത്തിച്ചത്. അതേസമയം സംഭവസമയം താന്‍ തിരക്കിലായിരുന്നുവെന്നും ബന്ധുവിനെ കാണാന്‍ പോകുകയായിരുന്നുവെന്നും തിരക്കിലല്ലായിരുന്നെങ്കില്‍ വാഹനം നിര്‍ത്തുമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.