സിനിമയില്‍ ഇനി അഭിനയിക്കില്ലെന്നുള്ള വാര്‍ത്തക്കെതിരെ നടി താരകല്യാണ്‍ രംഗത്ത്. ഫേസ്ബുക്കിലാണ് അഭിനയം നിര്‍ത്തിയെന്നുള്ള തരത്തിലുള്ള വാര്‍ത്തക്ക് വിശദീകരണവുമായി താര എത്തിയിരിക്കുന്നത്.

താന്‍ അഭിനയം നിര്‍ത്തിയത് കൊണ്ട് ആര്‍ക്ക്, എന്ത് ലാഭമാണ് ലഭിക്കുന്നതെന്ന് നടി ചോദിക്കുന്നു. താരയുടെ മകളാണ് അമ്മ സംസാരിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി അമ്മ വേഷങ്ങള്‍ ചെയ്ത് മടുത്തു. തന്റെ പ്രായത്തേക്കാള്‍ മൂന്നിരട്ടി പ്രായക്കൂടുതലുള്ളവരുടെ അമ്മ വേഷമാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ അഭിനയം നിര്‍ത്തുകയാണ് എന്ന രീതിയിലായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് താര പറഞ്ഞു. താന്‍ അത്ര വലിയ നടിയൊന്നുമല്ല. ഇങ്ങനെയൊക്കെ പ്രചരിപ്പിച്ച് ആര്‍ക്ക്, എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്നും അറിയില്ല. അഭിനയം നിര്‍ത്തുന്നു എന്ന രീതിയിലുള്ള ഒരു തീരുമാനം ഇതുവരെ താനെടുത്തിട്ടില്ലെന്നും താര കല്യാണ്‍ വ്യക്തമാക്കി.

കയ്യില്‍ ഒരു സര്‍ജറി നടന്നതുമായി ബന്ധപ്പെട്ട് ആസ്പത്രിയില്‍ അവര്‍ ചികിത്സയിലാണ്. വീഡിയോയില്‍ ഇക്കാര്യവും അവര്‍ വ്യക്തമാക്കുന്നുണ്ട്. അഭിനയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉണ്ടെങ്കില്‍ മാധ്യമങ്ങളുമായി പങ്കുവെക്കുമെന്നും താര പറയുന്നു.