നടിയും ഭാര്യയുമായ സംയുക്തവാര്‍മ്മക്കൊപ്പം ഇനി അഭിനയിക്കാന്‍ കഴിയില്ലെന്ന് നടന്‍ ബിജുമേനോന്‍. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്ന സംയുക്തയുടെ തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കുമ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ മനസ്സു തുറന്നത്.

‘ബിജുവിന്റെ കൂടെ സിനിമ ഒരുമിച്ച് അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കാന്‍ വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകള്‍ പറയാനുണ്ടെങ്കില്‍ ചിരി വരും. വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയാണ് മേഘമല്‍ഹാര്‍. വളരെ സീരിയസ് ഡയലോഗുകള്‍ ആണ് സിനിമയിലേത്. അതിനിടക്ക് സംസാരിക്കുമ്പോഴും ഞങ്ങള്‍ക്ക് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാനും ആ ഒരു ബുദ്ധിമുട്ടാണ്ടാകും.’-ബിജു മേനോന്‍ പറഞ്ഞു. അടുത്തിടെ സിനിമയില്‍ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ബിജുമേനോന്‍ ചെയ്തിരുന്നു. ബിജുമേനോനുമായുള്ള അഭിമുഖങ്ങളിലെല്ലാം എല്ലാവരും ചോദിക്കുന്ന ചോദ്യം സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനെ കുറിച്ചാണ്. ആ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

കലാകാരന്‍ എന്ന നിലയില്‍ ആദ്യമായി ലഭിച്ച പ്രതിഫലം എഴുപത് രൂപയാണ്. ഓള്‍ ഇന്ത്യ റേഡിയോയില്‍ ഡ്രാമ ആര്‍ടിസ്റ്റ് ആയി ജോലി ചെയ്തതിന് ലഭിച്ചതാണ് എഴുപത് രൂപയെന്നും ബിജുമേനോന്‍ കൂട്ടിച്ചേര്‍ത്തു. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് സംയുക്ത വര്‍മ്മ.