കൊച്ചി: മഹേഷിന്റെ പ്രതികാരം ഉള്‍പ്പെടെ സിനിമകളിലൂടെ ശ്രദ്ധേയനായ പ്രശസ്ത സിനിമാ-നാടക നടന്‍ കെ.എല്‍.ആന്റണി (77)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

ദീലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് കെ.എല്‍. ആന്റണി സിനിമയിലേക്കെത്തുന്നത്. ചിത്രത്തിലെ ഫഹദിന്റെ അച്ഛനായുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഗപ്പി, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതി രൂപവത്കരിച്ചിട്ടുണ്ട്. 1979 ല്‍ ആന്റണിയുടെ കൊച്ചിന്‍ കലാകേന്ദ്രത്തില്‍ അഭിനയിക്കാനെത്തിയ പൂച്ചാക്കല്‍ സ്വദേശിനി ലീനയെ ആണ് ആന്റണി ജീവിത പങ്കാളിയാക്കിയത്. നാടക നടിയായ ലീന മഹേഷിന്റെ പ്രതികാരത്തിലുള്‍പ്പടെ ചില ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി എന്നിവരാണ് മക്കള്‍.