കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി മലയാള സിനിമാ ലോകം. ഇനിയൊരിക്കലും ഒരാള്‍ക്കും ഇത്തരത്തിലൊരു അനുഭവമുണ്ടാകരുതെന്ന് ദിലീപ് പറഞ്ഞു. കൊച്ചിയില്‍ നടന്ന സിനിമാ താരങ്ങളുടെ സംഘടനായായ അമ്മയുടെ പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്.

താരത്തിനെതിരായ ആക്രമണം സ്വന്തം വീട്ടിന് അകത്ത് തന്നെ നോക്കാന്‍ പ്രേരിപ്പിക്കുകയാണ്.
സിനിമാ രംഗത്തെ ഒരാള്‍ക്ക് നടന്നുവെന്നതിലുപരിയായ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത് സംഭവിച്ചു എന്നതാണ് കൂടുതല്‍ വിഷമകരമെന്നും ദിലീപ് പറഞ്ഞു. സംഭവത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയാണെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജുവാര്യര്‍ പറഞ്ഞു. അത് പുറത്തുകൊണ്ടുവരണമെന്നും മഞ്ജു ആവശ്യപ്പെട്ടു. ആക്രണം മറച്ചുവെക്കാതെ പുറത്തുപറഞ്ഞ അവള്‍ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് മമ്മുട്ടി പറഞ്ഞു. പ്രതിരോധത്തിന്റെ നാളം ഞങ്ങള്‍ ഓരോരുത്തരും ഏറ്റുവാങ്ങുകയാണ്. പൗരുഷം എന്നത് സത്രീകളെ കീഴ്‌പ്പെടുത്തുന്നതിലല്ല, മറിച്ച് അവളെ സംരക്ഷിക്കുന്നതിലാണെന്നും മമ്മുട്ടി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ ദര്‍ബാള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു. അമ്മ സംഘടനക്കൊപ്പം ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, മാക്ട തുടങ്ങി എല്ലാ സംഘടനകളുടെയും പങ്കാളിത്തത്തോടെയായിരുന്നു പരിപാടി.